Wednesday 08 February 2023 03:25 PM IST

ഒഴുക്കുനീന്തി പള്ളിയിലെത്തും, സുബ്ഹിക്ക് നേതൃത്വം നൽകും: കാഴ്ച മങ്ങിയെങ്കിലും ഖുർആൻ ഹൃദിസ്ഥം’: എരുമേലിയിലെ ഉസ്താദ്

V R Jyothish

Chief Sub Editor

erumeli-usthad

താഴത്തുവീട്ടിൽ ടി. എസ്. അബ്ദുൽ കരീം മൗലവി നൂറ്റിരണ്ടാം വയസ്സിേലക്കു കടക്കുന്നു!– എരുമേലി മഹല്ലാ മുസ്‌ലിം ജമാഅത്തിന്റെ ചീഫ് ഇമാം.

പള്ളിയുടെ നിത്യ പ്രാർത്ഥനയിൽ നൂറു വയസ്സുവരെ സജീവമായിരുന്നു അബ്ദുൽ കരീം മൗലവി. കോവിഡ് കാലം നൽകിയ വിശ്രമം ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയെങ്കിലും ഇപ്പോഴും സജീവമാണ് കരീം മൗലവിയുടെ ഓർമകൾ. സംഭവബഹുലമായ ഒരു നൂറ്റാണ്ടിനൊപ്പം കടന്നുവരുന്നത് ആരോഗ്യരഹസ്യങ്ങളും ജീവിതചര്യകളും കൂടിയാണ്. ചുരുക്കത്തിൽ ഈ ദൈവദാസന്റെ ജീവിതം അനന്തമായ പ്രാർഥനയാകുന്നു. വിശ്വാസവും പ്രതീക്ഷയും നാഥനിലർപ്പിച്ച് അദ്ദേഹം കർമം തുടരുന്നു.

അഞ്ചു നേരം നിസ്കാരം

എന്താണ് ആരോഗ്യരഹസ്യമെന്നു ചോദിച്ചപ്പോൾ കരീം മൗലവി ചിരിച്ചു. ‘അഞ്ചു നേരം നിസ്കാരം, പിന്നെ പടച്ചവന്റെ അനുഗ്രഹം.’ എപ്പോഴും ‘റബ്ബേ....’ എന്ന നാമമുണ്ട് ചുണ്ടിൽ.

രാവിലെ മൂന്നുമണിക്ക് ഉണരും. നല്ല തണുത്ത വെള്ളത്തിൽ കുളിക്കും. പിന്നെ നേരെ നടക്കും പള്ളിയിലേക്ക്. പള്ളിക്ക് അടുത്താണ് താഴത്തുവീടെങ്കിലും തോട് കടന്നാണു യാത്ര. അന്നു പാലമില്ല. മഴക്കാലത്തു തോട്ടിൽ നല്ല ഒഴുക്കായിരിക്കും. ഒഴുക്കു നീന്തി പള്ളിയിലെത്തും. സുബ്ഹി നമസ്കാരത്തിനു നേ തൃത്വം കൊടുക്കും. ഏഴുമണിയോെട ഒരു ചായ കുടിക്കും. പിന്നെ പത്രപാരായണം. ആദ്യം വായിക്കുന്ന പത്രം മനോരമ തന്നെ. എഴുപത്തിയഞ്ചു വർഷമായി മുടങ്ങാത്ത ഒരു ശീലമാണിത്. കഴിഞ്ഞ വർഷം

കാഴ്ച മങ്ങിയതോടെയാണ് പത്രം വായന മുടങ്ങിയത്. പത്രപാരായണത്തിനുശേഷം വീട്ടിലെത്തും. പിന്നെ പ്രഭാതഭക്ഷണം. ഇഡ്‌ലിയും ദോശയും പത്തിരിയുമൊക്കെതന്നെയാണ് ഇഷ്ടവിഭവങ്ങൾ. പ്രത്യേകം നിർബന്ധങ്ങളൊന്നുമില്ല. വീട്ടുകാർ ഉണ്ടാക്കുന്നതു കഴിക്കും. ഭക്ഷണത്തിനുശേഷം പറമ്പിലേക്കിറങ്ങും.

കാപ്പിയും കുരുമുളകും കപ്പയും ചേനയും ചേമ്പുമെല്ലാം സമൃദ്ധമായി വിളയുന്ന പറമ്പാണ് താഴത്തുവീട്ടിലേത്. സുഹർ നമസ്കാരത്തിന്റെ സമയം വരെ ഈ പണി തുടരും. പിന്നെ വീണ്ടും പള്ളിയിലേക്ക്. തിരിച്ചുവന്നാണ് ഉച്ചഭക്ഷണം. മീൻ ഉറപ്പായും ഉണ്ടാവും. ആഴ്ചയിൽ ഒരിക്കൽ ആട്ടിറച്ചിയും. കറികൾക്ക് അധികം എരിവു പാടില്ലെന്നു പറയും. അതുപോ

െല അമിതമായ പുളിയും പാടില്ല. ഒരു നൂറ്റാണ്ടു ജീവിതത്തിനിടയിൽ തീരെ കഴിച്ചിട്ടില്ലാത്ത ഒന്ന് മുട്ടയാണ്. അതുപോലെ ബീഫും. ഉച്ചഭക്ഷണം കഴിഞ്ഞാൽ ചെറുതായൊന്നു മയങ്ങും. അപ്പോഴേക്കും അസർബാങ്കിനു സമയമാവും.

ഇശാഅ് നമസ്കരിച്ച ശേഷം വീട്ടിലെത്തുമ്പോഴേക്കും ഒൻപതു മണിയായിട്ടുണ്ടാവും. അത്താഴം മിക്കപ്പോഴും വളരെ മിതമായേ കഴിക്കു. പത്തു മണിക്കു മുൻപേ ഉറങ്ങിയിരിക്കും. അതായിരുന്നു ശീലം. ഒരുദിവസം കൃത്യസമയത്ത് ഉറങ്ങിയില്ലെങ്കിൽ പിറ്റേന്നു വലിയ ക്ഷീണമായിരിക്കുമെന്നു കരീം മൗലവിയുടെ അനുഭവം. അതുകൊണ്ടു കൃത്യസമയത്തു തന്നെ ഉറങ്ങാൻ ശ്രമിക്കും. ഹജ്ജിനുപോയ സമയത്തു മാത്രമാണ് ഈ പതിവുകൾ മുടങ്ങിയത്.

ഓർമയിൽ നൂറു വയസ്സുവരെ കരീം മൗലവി റമസാൻ വ്രതമെടുത്തിട്ടുണ്ട്. ‘ഇതൊന്നുമല്ലാതെ ഇത്രയും കാലം ജീവിച്ചിരിക്കാൻ ഞാൻ മറ്റു കാരണങ്ങളൊന്നും കാണുന്നില്ല.’ കരീം മൗലവി കുട്ടികളെപ്പോലെ നിഷ്കളങ്കമായി ചിരിക്കുന്നു. നാവി

െന നിയന്ത്രിക്കുന്നവനാണ് യഥാർഥ ഭക്തൻ. മിതമായ സംസാരമാണ് കരീം മൗലവിയുടെ മറ്റൊരു പ്രത്യേകത. പഴയകഥകൾ പറയുമ്പോഴുമുണ്ട് ഈ മിതത്വം.

28 കിലോമീറ്റർ ഓട്ടം

എരുമേലിയിൽ അന്ന് ഒരു ലോവർ പ്രൈമറി സ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. നാലാം ക്ലാസുവരെ. അന്ന് ഒട്ടുമിക്ക കുട്ടികളുടെയും വിദ്യാഭ്യാസം നാലാംക്ലാസിൽ അവസാനിച്ചിരുന്നു. എന്നാൽ നാലാം ക്ലാസിൽ പഠനം നിർത്താൻ കരീം മൗലവിക്കു മനസ്സുവന്നില്ല. മകന്റെ ആഗ്രഹം പോലെ നടക്കട്ടെയെന്ന് അദ്ദേഹത്തിന്റെ പിതാവ് സൈനുദ്ദീൻ ലബ്ബയ്ക്കു തോന്നി. അങ്ങനെയാണ് അഞ്ചാം ക്ലാസിൽ പഠിക്കാൻ വേണ്ടി പതിനാലു കിലോമീറ്റർ അകലെയുള്ള കാഞ്ഞിരപ്പള്ളി സെന്റ് തോമസ് സ്കൂളിലേക്ക് പോകുന്നത്.

1937-ലാണ് ഈ സംഭവങ്ങൾ നടക്കുന്നത്. ഇന്നത്തെപ്പോലെ തലങ്ങും വിലങ്ങും ബസ് ഓടുന്ന കാലമല്ല. എരുമേലി മലബാർ കവല കഴി‍ഞ്ഞാൽ പിന്നെ കാടാണ്. കാടിനു നടുവിലാണ് വഴി. എരുമേലിയിൽ നിന്ന് മണ്ണാറക്കയം വഴി ഒരോട്ടമാണ് സ്കൂളിലേക്ക്. സഹപാഠികളുണ്ടെങ്കിലും പലപ്പോഴും ഒറ്റയ്ക്കായിരിക്കും യാത്ര. വേറൊരു വഴിയും ഇല്ലാത്തതുകൊണ്ടാണ് ദിവസവും ഇരുപത്തിയെട്ടു കിലോമീറ്റർ ഓടിയിരുന്നതെന്നു പറയുമ്പോഴും കരീം മൗലവിയുടെ മുഖത്ത് നിസ്സംഗത. അസാധാരണമായിട്ടൊന്നും ചെയ്തിട്ടില്ലെന്ന ഭാവം. ഈ ഓട്ടം പിന്നെയും ആറുവർഷം കൂടി നീണ്ടു. ഹൈസ്കൂൾ പഠനം നല്ല മാർക്കോടെ പൂർത്തിയാക്കിയതിനുശേഷമാണ് കരീം മൗലവി തമിഴ്നാട്ടിെല പ്രശസ്തമായ വെല്ലൂർ ബാഖിയാത്തു സ്വലിഹാത്ത് അറബി കോളജിൽ എം.എഫ്.ബി. ബിരുദത്തിനു ചേരുന്നത്. മൂന്നു വർഷത്തെ കോഴ്സായിരുന്നു. അതിനുശേഷമാണ് അദ്ദേഹം എരുമേലിയിൽ തിരിച്ചെത്തുന്നതും എരുമേലി ടൗൺ നൈനാർ മസ്ജിദിന്റെ ഇമാമായി പ്രവർത്തിച്ചു തുടങ്ങുന്നതും.

കൊച്ചമ്പലത്തിനു മുൻപിലെ പള്ളി

മണ്ഡലക്കാലത്തെ വ്രതവും തന്റെ ആയുസ്സിനും ആരോഗ്യത്തിനും കാരണമായിട്ടുണ്ടെന്ന് കരീം മൗലവി പറയുന്നു. നാൽപത്തിയൊന്നു ദിവസത്തെ കഠിനവ്രതമെടുത്താണ് അന്നൊക്കെ അയ്യപ്പന്മാർ ശബരിമലയിൽ എത്തിയിരുന്നത്. ഒരു വർഷത്തെ ആരോഗ്യസംരക്ഷണത്തിനുള്ള ഒറ്റമൂലി കൂടിയായിരുന്നു അത്. ആ സമയത്ത് പള്ളിയുമായി ബന്ധപ്പെട്ടവരും വ്രതത്തിലായിരിക്കും. മാംസാഹാരം പാടേ ഉപേക്ഷിക്കും. അതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. മണ്ഡലക്കാലം തുടങ്ങിയാൽ പിന്നെ എരുമേലിയിലേക്കു മീൻവണ്ടികൾ വരാതാവും. കശാപ്പും നിലയ്ക്കും. അങ്ങനെയൊരു കാലവും എരുമേലിയിലുണ്ടായിരുന്നു.

ക്ഷേത്രകാര്യങ്ങളിൽ പള്ളിക്കമ്മിറ്റിയും പള്ളിക്കാര്യങ്ങളി ൽ ക്ഷേത്രക്കമ്മിറ്റിയും ഇടപെടുന്ന അപൂർവത. അത് എരുമേലിയുടെ മാത്രം പ്രത്യേകതയാണ്. കൊച്ചമ്പലത്തിനു മുൻപിലാണ് പള്ളി. കൊച്ചമ്പലത്തിൽ നിന്ന് പേട്ട കെട്ടിയിറങ്ങുന്ന അയ്യപ്പന്മാർ വാവര് പള്ളി വലംവച്ചാണ് വലിയമ്പലത്തിലേക്കു പോകുന്നത്. ആദ്യകാലത്ത് എരുമേലിയിൽ വരുന്ന അയ്യപ്പന്മാർ കാൽനടയായിട്ടായിരുന്നു വന്നുകൊണ്ടിരുന്നത്. അന്ന് എരുമേലിയിൽ കൊരട്ടിപ്പാലമില്ല. കൊരട്ടി വരെ വന്നാൽ പിന്നെ വള്ളത്തിൽ ആറു കടക്കണം. 1956-ൽ ഇങ്ങനെയായിരുന്നു അവസ്ഥ. അയ്യപ്പന്മാർ കാൽനടയായി വരുന്നതിന് പ്രധാനകാരണം ഇതായിരുന്നു. മഴക്കാലത്ത് തോടു കടക്കാൻ ബുദ്ധിമുട്ടായതോടെ തടിപ്പാലത്തെക്കുറിച്ച് നാട്ടുകാർ ചിന്തിച്ചു. അങ്ങനെയാണ് ആദ്യം ചൂണ്ടപ്പന വെട്ടിക്കൊണ്ടുവന്ന് പാലമാക്കിയത്. ഇപ്പോഴിത് വലിയ പാലമാണ്.

അന്ന് എല്ലാമാസവും ഒന്നാം തീയതി ശബരിമല നട തുറക്കാറില്ല. അതുകൊണ്ട് വൃശ്ചികം ഒന്നുമുതൽ മകരവിളക്കു കഴിഞ്ഞു നട അടയ്ക്കുന്നതുവരെയാണ് ഉത്സവം. ധനുമാസം ഇരുപത്തിയാറിനും ഇരുപത്തിയേഴിനുമാണ് പ്രധാന ഉത്സവം. ചന്ദനക്കുടവും പേട്ടതുള്ളലുമാണ് എരുമേലിയുടെ ദേശീയ ഉത്സവങ്ങൾ. എരുമേലി പേട്ടതുള്ളലിനു മുന്നോടിയായി അമ്പലപ്പുഴ സംഘം കരീം മൗലവിയെ സന്ദർശിക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. കരീം മൗലവിയുടെ കുട്ടിക്കാലത്ത് എരുമേലിപ്പള്ളി പുല്ല് മേഞ്ഞ പള്ളിയായിരുന്നു. പിന്നീടത് ഓട് പാകി. അന്നും എരുമേലിയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിനു കുറവൊന്നുമുണ്ടായിട്ടില്ല. ഇന്നു നിർമ്മാണ ഭംഗി കൊണ്ടും വലുപ്പം കൊണ്ടും കേരളത്തിലെ തന്നെ പ്രശസ്തമായ പള്ളികളിലൊന്നാണിത്. ശബരിമല തീർഥാടകർക്കു വലംവയ്ക്കാനായി ഇവിടെ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.

abdul-karim-usthad-1

മൂന്നുതലമുറയുടെ പുണ്യം

കരീം മൗലവിയുെട പിതാവും പിതാവിന്റെ പിതാവും എരുമേലി പള്ളിയിലെ ഇമാമായിരുന്നു. മൂന്നു തലമുറകളിലായി ഏകദേശം ഒന്നര നൂറ്റാണ്ടിലേറെയായി എരുമേലി പള്ളിയുടെ ഇമാം സ്ഥാനം താഴത്തുവീടിനു സ്വന്തം. ഇമാം ആയിരിക്കുമ്പോൾ തന്നെ മദ്രസാ അധ്യാപകൻ കൂടിയായിരുന്നു കരീം മൗലവി. ഖുർആൻ വെളിച്ചം പകർന്നത് നാലു തലമുറയിലെ കുഞ്ഞുങ്ങൾക്ക്.

ഈ രംഗങ്ങളിൽ മാത്രമല്ല രാഷ്ട്രീയത്തിലും കരീം മൗലവിയുെട സാന്നിധ്യമുണ്ടായിരുന്നു. അന്നും ഇന്നും തൂവെള്ള വസ്ത്രം മാത്രമേ ധരിക്കാറുള്ളു. ആദ്യകാലത്ത് അത് ഖദർ വസ്ത്രമായിരുന്നു. ഗാന്ധിജിയോടും കോൺഗ്രസിനോടുമുള്ള ആരാധന. സ്കൂൾ പഠനകാലത്തേ കോൺഗ്രസ് അനുഭാവിയും പ്രവർത്തകനുമായിരുന്നു. ചിത്തിര തിരുനാൾ മഹാരാജാവിന്റെ ജന്മദിനങ്ങൾക്ക് സ്കൂളിൽ നിന്ന് അവലും പഴവും കിട്ടിയിരുന്നത് ഇദ്ദേഹത്തിന്റെ മറ്റൊരു ഓർമ. തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി. പി. രാമസ്വാമി അയ്യരെ വെട്ടി പരുക്കേൽപ്പിച്ച സംഭവം നടന്നത് കരീം മൗലവി സ്കൂളിൽ പഠിക്കുന്ന കാലത്താണ്.

കരീം മൗലവിയുടെ പിതാവ് സൈനുദ്ദീൻ മഹദൂബ് ലബ്ബയും സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. ഗാന്ധിത്തൊപ്പിയും ധരിച്ച് എന്തുമാത്രം നടന്നിരിക്കുന്നു മഹദൂബ് ലബ്ബ. അദ്ദേഹത്തിന്റെ കാലശേഷം മകൻ കരീം മൗലവി ആ ദൗത്യം ഏറ്റെടുത്തു. പട്ടം താണുപിള്ള, സി. കേശവൻ, ടി. എം. വർഗീസ് അങ്ങനെ എത്രയോ നേതാക്കൾ എരുമേലിയിൽ വന്നതും സമരപരിപാടികൾ സംഘടിപ്പിച്ചതുമൊക്കെ ചരിത്രം. പൊതുമുതൽ നശിപ്പിച്ചുകൊണ്ടുള്ള സമരമായിരുന്നില്ല അന്ന്. സഹനവും അഹിംസയുമൊക്കെ കൈമുതലാക്കിയുള്ള പ്രതിഷേധമായിരുന്നു. അതു ഗാന്ധിജിയുടെ സ്വാധീനം കൊണ്ടാണെന്ന് കരീം മൗലവി അന്നും ഇന്നും വിശ്വസിക്കുന്നു.

ഇന്ന് ജീവിച്ചിരിക്കുന്ന അപൂർവം സ്വാതന്ത്ര്യസമരഭടന്മാരിൽ ഒരാളാണ് കരീം മൗലവി. എങ്കിലും അദ്ദേഹത്തിനു സ്വാതന്ത്ര്യസമര പെൻഷൻ കിട്ടുന്നില്ല. ‘അതിനൊന്നും ശ്രമിച്ചില്ല. അങ്ങനെയൊന്നും തോന്നിയില്ല. ഗാന്ധിജിയും അങ്ങനെയല്ലേ പറഞ്ഞത്.’ കരീം മൗലവി ഒരു നിമിഷം നിശബ്ദനായി.

1954–ലായിരുന്നു കരീം മൗലവിയുടെയും സൈനബയുടെയും വിവാഹം. ഭാര്യ സൈനബാ ബീവി തൊണ്ണൂറിലേക്ക് അടുക്കുന്നു. മൂത്തമകൻ റഹ്മത്തുള്ളയ്ക്ക് ഇപ്പോൾ അറുപത്തിയാറു വയസ്സുണ്ട്. ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ താഴത്തുവീട്ടിലാണു താമസം. രണ്ടാമത്തെ മകൾ സക്കീന സകുടുംബം കോട്ടയത്ത് അതിരമ്പുഴയിൽ. ഹിബീബയാണു റഹ്മത്തുള്ളയുടെ ഭാര്യ. സക്കീനയുടെ ഭർത്താവ് അൻസാരി.

‘‘പണ്ട് എരുമേലിയിലും പരിസരങ്ങളിലും കഠിനമായ തണുപ്പായിരുന്നു. പ്രത്യേകിച്ചും വൃശ്ചികം, ധനു, മകരം മാസങ്ങളിൽ. ഇപ്പോൾ തണുപ്പു തീരെ കുറവാണ്. അതുകൊണ്ടു രണ്ടു വർഷമായി ഞാനൊരു ഷർട്ട് ഇട്ടിട്ട്. വീടിനു പുറത്തു പോകാത്തതുകൊണ്ട് ഷർട്ട് ഇടാറില്ല.’’ ഫോട്ടോ എടുക്കാൻ വേണ്ടി ഷർട്ട് ഇടുന്നതിനിടയിൽ കരീം മൗലവിയുടെ വാക്കുകൾ. ‘കുട്ടികളുെട ബാപ്പ’യെന്നും ‘കുട്ടികളുെട ഉമ്മ’െയന്നും പരസ്പരം വിളിച്ചിരുന്നു ഈ ദമ്പതികൾ. കുട്ടികൾ മുതിർന്നിട്ടും ഈ വിളി മാറിയില്ല. ഇപ്പോൾ പക്ഷേ ‘കുട്ടികളെ’ ഒഴിവാക്കി പരസ്പരം ഉമ്മയെന്നും ബാപ്പയെന്നും വിളിക്കുന്നു.

കോവി‍ഡ് കാലത്തെ വീട്ടിലിരിപ്പാണ് തന്റെ ഇപ്പോഴത്തെ അവശതകൾക്കു കാരണമെന്ന് കരീം മൗലവിയുടെ പരാതി. എങ്കിലും ഒരു അസുഖവുമില്ല. ഒരു അസുഖത്തിനും മരുന്ന് കഴിക്കുന്നുമില്ല. കൂടെക്കൂടെ ചൂടു വെള്ളം കുടിക്കും. അതിനുവേണ്ടി ഫ്ലാസ്കിൽ വെള്ളം ചൂടാക്കി അടുത്തു വച്ചിട്ടുണ്ട്. അഞ്ചു നേരത്തെ നിസ്കാരത്തിന് ഇപ്പോഴും മുടക്കമില്ല. കസേരയിൽ ഇരുന്നാണ് നിസ്കരിക്കുന്നതെന്നു മാത്രം. ‘നിങ്ങൾ നിസ്കാരത്തെ ഒരുഭാരമായി എടുക്കരുത്. കാരണം നിസ്കാരം എന്നതു നിങ്ങളെ അന്ധകാരത്തിൽ നിന്നു വെളിച്ചത്തിലേക്കു നയിക്കുന്നു.’ ഈ വചനങ്ങൾ ഇപ്പോഴും കരീം മൗലവിയെ നയിച്ചുകൊണ്ടിരിക്കുന്നു.

ഏകദേശം നാൽപതു വർഷം മുൻപു തൊടിയിലെ അടയ്ക്കാമരം മുറിച്ചിട്ടപ്പോൾ കാൽമുട്ടിലൊരു പരുക്കുണ്ടായി. അതിന്റെ വേദന ഇപ്പോഴും കാലിനുണ്ടെന്നു മാത്രം. ഇപ്പോൾ കാഴ്ച തീരെ കുറവാണ്. അതുകൊണ്ട് പത്രങ്ങൾ വായിക്കാറില്ല. എങ്കിലും ഖുർആൻ ചൊല്ലാറുണ്ട്. പതിറ്റാണ്ടുകൾ വായിച്ച് ഹൃദിസ്ഥമാക്കിയ പരിശുദ്ധ ഖുർആൻ വീണ്ടും വീണ്ടും ഓർമയിൽ നിന്നു ചൊല്ലും. എന്താണ് ഈ ആയുസ്സിന്റെ രഹസ്യമെന്നു ചോദിച്ചപ്പോൾ കരീം മൗലവി ഹൃദ്യമായി ചിരിച്ചു. അതുകണ്ടപ്പോൾ സൈനബ ബീവി പറഞ്ഞു;

‘‘ഈ ചിരിയാണ് ഇദ്ദേഹത്തിന്റെ ആരോഗ്യരഹസ്യം’’

വി. ആർ. ജ്യോതിഷ്

ഫോട്ടോ: സന്തിപ് സെബാസ്റ്റ്യൻ