Friday 05 August 2022 10:22 AM IST

‘പൊലീസ് ഉദ്യോഗസ്ഥൻ അയാളുടെ ലൈംഗികാവയവത്തില്‍ തൊട്ടു കാണിച്ചു, പ്രതികരിച്ചത് ഇങ്ങനെ’: എക്സിബിഷനിസം കൂടുന്നോ?

Shyama

Sub Editor

exhibitionism

കുട്ടികളുെട മുന്നില്‍ നഗ്നത കാട്ടി എന്ന കുറ്റത്തിന് പ്രമുഖ സിനിമാ നടനെ െപാലീസ് അറസ്റ്റ് െചയ്തതോെട നഗ്നതാ പ്രദര്‍ശനം വാര്‍ത്തകളില്‍ നിറയുകയാണ്. െപാലീസ് പറയുന്നത് ഇങ്ങനെ. തൃശൂര്‍ എസ്.എന്‍.പാര്‍ക്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലിരിക്കുകയായിരുന്നു നടന്‍. പതിെനാന്നും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികള്‍ അരികിലൂെട കടന്നു പോകവേ ആയിരുന്നു നഗ്നതാ പ്രദര്‍ശനം. കുട്ടികള്‍ മാതാപിതാക്കളോടു പറഞ്ഞു. െപാലീസിലും പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആളെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.

ഫ്ലാഷിങ് എന്നറിയപ്പെടുന്ന നഗ്നതാ പ്രദര്‍ശനം നമ്മുടെ നാട്ടിലും ഉണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി സോഷ്യൽമീഡിയയിലൂടെ പറഞ്ഞത് മാസങ്ങള്‍ക്കു മുന്‍പാണ്. പക്ഷേ, മിക്ക പുരുഷന്മാര്‍ക്കും പറഞ്ഞതത്ര ഇഷ്ടപ്പെട്ടില്ല. ‘ഏതു നൂറ്റാണ്ടിലെ കാര്യമാണ് സുഹൃത്തേ, ഈ പ റയുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോഴതൊന്നും ഇല്ല’ എന്നുള്ള എതിര്‍പ്പുമായെത്തി.

സ്ത്രീകള്‍ പറയുന്നതു മറിച്ചാണ്. ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ‘വനിത’യുെട ചോദ്യത്തിന് ബഹുഭൂരിപക്ഷം സ്ത്രീകളും രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം പറഞ്ഞു, ‘ഉണ്ട്’ കാലാകാലങ്ങളായി സഹിച്ചിട്ടും പരാതിപ്പെട്ടിട്ടും പോരാടിയിട്ടും ഇ തൊക്കെ ആവർത്തിക്കപ്പെടുന്നതിന്റെ രോഷമുണ്ട് ഓരോ പെൺശബ്ദത്തിലും...

നേരിട്ടും അല്ലാതെയും– ശീതള്‍ ശ്യാം, സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം, തൃശൂർ

ട്രാൻസ് മനുഷ്യരെ ലൈംഗിക ഉപകരണമായാണ് സമൂഹത്തിലെ വലിയൊരു വിഭാഗം നോക്കിക്കാണുന്നത്, പ്രത്യേകിച്ചും ആണുങ്ങൾ. ഞങ്ങൾ രാത്രി തനിച്ചു പുറത്തിറങ്ങിയാല്‍ ഉടന്‍ സമൂഹം വിചാരിക്കുന്നത് ‘ഒരേയൊരു’ കാര്യത്തിന് വേണ്ടി മാത്രം എന്നാണ്. ഫ്ലാഷിങ് പോലുള്ള അനുഭവങ്ങളിലൂടെ ധാരാളം കടന്നു പോയിട്ടുണ്ട്.

ഒരിക്കൽ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു. അധികം ആളുകൾ ഇല്ല. എതിരെയിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അയാളുടെ െെലംഗികാവയവത്തില്‍ തൊട്ടു കാണിച്ചു. ആദ്യം പ്രതികരിച്ചില്ല. അൽപനേരം കഴിഞ്ഞ് അതെന്റെ ദേഹത്തു കൊണ്ടുവന്നു മുട്ടിച്ചു. െെകവീശി ഞാന്‍ നല്ല അടി െകാടുത്തു. നിമിഷങ്ങള്‍ക്കുള്ളിൽ അയാൾ അവിടുന്ന് എഴുന്നേറ്റ് ഒാടിപ്പോയി.

സമൂഹം ഒരുപാട് മാറിയിട്ടും ഇത്തരം െെവകൃതങ്ങൾ കൂടി എന്നേ ഞാൻ പറയൂ. തെറ്റേത് ശരിയേത് എന്നു പ റഞ്ഞുകൊടുക്കുന്ന സംവിധാനങ്ങളില്ല.

നേരിട്ട് മാത്രമല്ല എക്സിബിഷനിസം നടക്കുന്നത്. സോഷ്യൽ മീഡിയ ഇൻബോക്സിലൂടെ അറിയാവുന്നവരും അല്ലാത്തവരും അവയവപ്രദർശനം നടത്താറുണ്ട്. കുറേയൊക്കെ സോഷ്യൽമീഡിയയിൽ തന്നെ പോസ്റ്റ് ചെയ്യും, കുറേ പരാതിപ്പെടും. ചിലത് ബ്ലോക് ചെയ്യും.

നാട് വികസിച്ചു എന്നൊക്കെ എല്ലാവരും പറയും. ഇ പ്പോഴും പൊതുനിരത്തിൽ മൂത്രമൊഴിക്കുന്ന പുരുഷന്മാരെ കാണാം. പൊതു ഇടത്തിൽ ആവശ്യത്തിന് മൂത്രപ്പുരകളില്ലാത്തതും വലിയ പ്രശ്നം തന്നെയാണ്.

പുരുഷൻ എന്നാൽ അധികാരം വേണം, എന്തും കാണിക്കാം എന്നൊരു ചിന്തയുണ്ട്. കാരുണ്യം പോലുള്ള വികാരങ്ങൾ പൗരുഷത്തിന് കോട്ടം വരുത്തും എന്ന് വിചാരിക്കുന്ന പഴകിയ ചിന്തകൾ ഇപ്പോഴും നിലനിൽക്കുന്നു. ചുരുക്കം ചില പുരുഷന്മാരെങ്കിലും മാറി ചിന്തിക്കുന്നത് പ്രതീക്ഷാവഹമാണ്.