Thursday 27 April 2023 12:37 PM IST

‘ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് അധികനാളായില്ല, നേരെ പോയത് സിനിമ സെറ്റിലേക്ക്’: കണ്ടുപഠിക്കണം, ഇതായിരുന്നു മാമുക്കോയ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

mamukkoya-story-file-arogyam

സൗഹൃദങ്ങളിൽ ടെൻഷൻ മറന്ന്...

ജീവിതത്തിൽ നൂറു ശതമാനവും സന്തോഷവാനാണെന്നു പറയുന്നു മലയാളിയുടെ പ്രിയ നടൻ മാമുക്കോയ.

( മാമുക്കോയ 2014 സെപ്‌റ്റംബർ ലക്കം മനോരമ ആരോഗ്യത്തിനു നൽകിയ അഭിമുഖത്തിൽ നിന്ന് )

‘ഗഫൂർ കാ ദോസ്ത്’ എന്ന് കേൾക്കുമ്പോൾ മലയാളികളായ മലയാളികളുടെയെല്ലാം ചുണ്ടിലൊരു ചിരി പൊട്ടും. കാലിഫോർണിയയിലേക്കു പോകുന്ന തന്റെ ഉരു ദാസനും വിജയനും വേണ്ടി മാത്രം ദുബായ് കടപ്പുറം വഴി തിരിച്ചു വിടുന്ന ഗഫൂറിന്റെ ‘സ്നേഹം’ മലയാളിയെ എത്ര ചിരിപ്പിച്ചതാണ്. ‘കോഴിക്കോടൻ മാപ്പിള സംസാരശൈലി’ യുമായി മാമുക്ക എന്ന മാമുക്കോയ പ്രേക്ഷകരുടെ മനസ്സിൽ പണ്ടേ തന്റെ സ്ഥാനം ഉറപ്പിച്ചതാണ്. ഇന്ന് 69-ാം വയസിലും അഭിനയത്തെ അതേ തീവ്രതയോടെ അദ്ദേഹം നെഞ്ചോടു ചേർക്കുന്നു.

കല്ലായിക്കൂപ്പിലെ തടി അളവുകാരനായി ജീവിതം തുടങ്ങിയ മാമുക്ക ആദ്യം നാടക നടനായി, തുടർന്ന് സിനിമയിലും. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. 35-ലേറെ വർഷങ്ങൾ. 450–ലേറെ സിനിമകൾ. ഹാസ്യനടനുള്ള ആദ്യ സംസ്ഥാന അവാർഡും നേടി. ശ്രീകുമാരൻ തമ്പിയുടെ ‘അമ്മയ്ക്കൊരു താരാട്ട്’ എന്ന സിനിമയുടെ ലോക്കേഷനിൽ നിന്ന് മനസ്സു തുറക്കുകയാണ് മലയാളികളുടെ പ്രിയ ഹാസ്യപ്രതിഭ. നല്ല ആരോഗ്യ ചിന്തകളും വേറിട്ട ജീവിതശൈലിയും വീക്ഷണങ്ങളും വായനയുമെല്ലാം ഈ കലാകാരനെ ഏറെ വ്യത്യസ്തനാക്കുന്നു.

∙ ചിരിപ്പിക്കല്‍ കൊണ്ട് എന്തു നേട്ടമുണ്ടായി?

സത്യത്തിൽ ചിരിക്കുന്നവർക്കാണ് ആരോഗ്യമുണ്ടാകുന്നത്. ചിരിപ്പിക്കുന്നവർക്കല്ല (ചിരിക്കുന്നു). ചിരിപ്പിക്കുന്നവർ അവരുടെ ആരോഗ്യം കളഞ്ഞു ചിരിപ്പിക്കുകയാണ്. പിന്നെ ആരോഗ്യം എന്നാൽ നല്ല ഭക്ഷണം, നല്ല വായു, നല്ല വെള്ളം ഇതൊക്കെയുണ്ടെങ്കിലേ ഉണ്ടാകൂ. നമ്മുടെ പരിസരം എപ്പോഴും മലിനീകരിക്കപ്പെടുന്നു. അത് അനാരോഗ്യത്തിനു കാരണമാകുന്നു.

∙ വ്യായാമം ചെയ്യാറുണ്ടോ?

നടപ്പാണ് പ്രധാന വ്യായാമം. വീട്ടിലാണെങ്കിൽ റോഡിലൂടെ അരമുക്കാൽ മണിക്കൂറോളം നടക്കും. ലൊക്കേഷനിലും സാധിക്കുമ്പോഴൊക്കെ നടക്കാറുണ്ട്. ചെറിയ തോതിൽ യോഗയും പ്രാണയാമവും ചെയ്യും.

∙ ആരോഗ്യകാര്യങ്ങൾ?

മൂന്നു വർഷം മുമ്പ് എനിക്ക് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതാണ്. അതിനുശേഷം മാംസം കഴിക്കാറില്ല. മീൻ വല്ലപ്പോഴും കഴിക്കും. എണ്ണയിൽ വറുത്തു പൊരിച്ചവയെല്ലാം ഒഴിവാക്കി. പ്രമേഹം ഇല്ല. പിന്നെ രക്താതിസമ്മർദവും കൊളസ്ട്രോളും അൽപസ്വൽപം ഉണ്ട്. അതിനെപ്പറ്റി അങ്ങനെയധികം ആകുലപ്പെടാറില്ല. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ ഡോക്ടർ നിർദേശിച്ച കുറച്ചു മരുന്നുകൾ കഴിക്കുന്നുണ്ട്. ലേക്േഷാർ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ്, അഞ്ചാറു ദിവസം വിശ്രമിച്ചശേഷം ഞാൻ നേരെ സിനിമാസെറ്റിലേക്കാണു പോയത്. രണ്ടു ദിവസത്തെ ഷൂട്ടിങ്ങുണ്ടായിരുന്നു. പിന്തുണയേകി ഭാര്യയും കൂടെ വന്നു. ഷൂട്ടിങ്ങ് കഴിഞ്ഞു വീട്ടിൽ പോയി വിശ്രമിച്ചു.

∙ ആഹാരകാര്യങ്ങൾ എങ്ങനെ?

രാവിലെ പുട്ട്, പത്തിരി, ഇഡ്‌ലി ഇവയൊക്കെയാണു പതിവ്. കറിയായി കടല, ഗ്രീൻപീസ്, ചെറുപയർ എന്നിവയും. ഉച്ചയ്ക്കു ചപ്പാത്തിയും വെജിറ്റബിൾ കറിയും. ചിലപ്പോൾ മത്തി അല്ലെങ്കിൽ നത്തോലിക്കറി. രാത്രിയിൽ കഞ്ഞിയോ ചപ്പാത്തിയോ. മീൻകറിയോ, വെജിറ്റബിൾ കറിയോ ഒപ്പം കഴിക്കും.

∙ വിനോദങ്ങൾ?

വായിക്കാൻ ഒരുപാടിഷ്ടമാണ്. എല്ലാത്തരം പുസ്തകങ്ങളും വായിക്കും. വായന മനസ്സിന് ഏറെ ഊർജ്ജം നൽകുന്നുണ്ട്. ഇപ്പോൾ ഒരു ഡോക്ടർ എഴുതിയ ആരോഗ്യസംബന്ധിയായ പുസ്തകം വായിക്കുകയാണ്.

∙ സമ്മർദങ്ങളെ എങ്ങനെയാണ് അതിജീവിക്കുന്നത്?

സത്യം പറയാമല്ലോ? സമ്മർദം എന്നെ ബാധിക്കാറില്ല. ഞാൻ ടെൻഷനടിക്കുന്ന പ്രകൃതവുമല്ല. നാട്ടിലാണെങ്കിൽ ഒഴിവുസമയങ്ങളിൽ ക്ലബ്ബിൽ പോകും. സുഹൃത്തുക്കളെ കാണും. അവരോടു സംസാരിക്കുമ്പോൾ അറിയും പലർക്കും എന്നെക്കാളും സമ്മർദങ്ങളും ടെൻഷനുമുണ്ടെന്ന്. അപ്പോൾ എന്റെ ടെൻഷനൊക്കെ നിസ്സാരമാണെന്നു മനസ്സിലാകും. സുഹൃത്തുക്കളുടെ നാടക റിഹേഴ്സലുകൾ കാണാറുണ്ട്. എല്ലാത്തരം സംഗീതവും ഇഷ്ടവുമാണ്. ചിലപ്പോൾ ഗസലുകൾ കേട്ടിരിക്കും. വീട്ടിൽ കുറച്ചു മീനുകളെയും കിളികളേയെുമൊക്കെ വളർത്തുന്നുണ്ട്. അവയുടെ അരികിലും അൽപ നേരമിരിക്കും. ജീവിതത്തിൽ ഒന്നിനെയും വലിയ ഗൗരവത്തോടെ കാണാറില്ല. അതുകൊണ്ടാകാം ടെൻഷൻ എന്നെ ബാധിക്കുന്നേയില്ല.

∙ സുഖ ചികിത്സ ചെയ്യാറുണ്ടോ?

ഇല്ല. മുട്ടുവേദന വന്നപ്പോൾ ഒരു തിരുമ്മൽ ചികിത്സ നടത്തിയിരുന്നു. ഇപ്പോൾ മുട്ടുവേദനയ്ക്ക് അലോപ്പതി ചികിത്സയിലാണ്.

∙ പ്രാർഥന എങ്ങനെ?

ഞാൻ ദൈവവിശ്വാസിയാണ്. നിസ്ക്കാരവും നോമ്പും സാധിക്കുന്നത്ര ചെയ്യാറുമുണ്ട്. ഈ പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്ന, ജീവിതത്തിനും അന്ത്യത്തിനും അപ്പുറത്തുള്ള ഒരു ശക്തിയുണ്ട് എന്നു വിശ്വസിക്കുന്നു. ആ വിശ്വാസം കരുത്തു പകരുന്നുമുണ്ട്.

∙ ഉറക്കത്തിനു ചിട്ടയുണ്ടോ?

രാവിലെ അഞ്ചരയ്ക്ക് ഉണരും. രാത്രി കിടക്കുന്നത് പത്തു പതിനൊന്നു മണിയോടെയാണ്. ഉച്ചമയക്കം പതിവില്ല. വീട്ടിലാണെങ്കിൽ ഉച്ചയ്ക്ക് അര മണിക്കൂറോ മറ്റോ കിടക്കും എന്നേയുള്ളൂ.

∙ ജീവിതം എന്താണു പഠിപ്പിച്ചത്?

വിവിധങ്ങളായ അനുഭവങ്ങളിലൂടെ നാം കടന്നു പോവുകയാണ്. ഞാൻ ജീവിതത്തെ അറിഞ്ഞും ആസ്വദിച്ചും മുമ്പോട്ടു പോകുമ്പോൾ പുതുതായി ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കുന്നു. അങ്ങനെ ജീവിതത്തെ പഠിച്ചുകൊണ്ടിരിക്കുകയാണ്.

∙ യഥാർഥ സന്തോഷം?

ശാരീരികമായും മാനസികമായും സാമ്പത്തികമായും സുരക്ഷിതരായിരിക്കുമ്പോഴാണു യഥാർഥ സന്തോഷമുണ്ടാകുന്നത്. പക്ഷേ പണമല്ല, സന്തോഷത്തിന്റെ അടിസ്ഥാനം. പണം ധാരാളമുണ്ടായിട്ടും ഉറങ്ങാനാകാത്തവരില്ലേ. ഒരു കൂലിപ്പണിക്കാരനാകട്ടെ സമാധാനമായി ഉറങ്ങാനാകും. എന്നാൽ ജീവിക്കാൻ പണം ആവശ്യമാണു താനും.

ശാരീരികമായി സുരക്ഷിതരാകുന്നത് പ്രഷറും ഷുഗറും കൊളസ്ട്രോളും രോഗങ്ങളും ഇല്ലാത്തപ്പോഴാണ്. ഓരോരുത്തരും നിലവിലുള്ള ജീവിതസാഹചര്യങ്ങളമായി പൊരുത്തപ്പെടുമ്പോൾ തന്നെ സന്തോഷമുണ്ടാകും. കുടുംബത്തിന്റെ പിന്തുണ എനിക്ക് ഏറെ സന്തോഷം നൽകുന്നുണ്ട്. ഭാര്യ സുഹ്റാബീവിയും നാലു മക്കളും നാലു മരുമക്കളും ഏഴു പേരക്കുട്ടികളും. എല്ലാവരും അടുത്തൊക്കെയാണു താമസവും. സംതൃപ്ത കുടുംബം. ഞാൻ നൂറു ശതമാനവും ഹാപ്പിയാണ്.