Thursday 16 February 2023 12:01 PM IST : By മനോരമ ആരോഗ്യം ആർകൈവ്

ഭക്ഷണശേഷം ഉടനെ പേസ്റ്റ് കൊണ്ടു പല്ലു തേയ്ക്കരുത്; പേസ്റ്റ് ശരിക്കും പല്ല് വെളുപ്പിക്കുമോ?: അറിയേണ്ടതെല്ലാം

paste-usage

പേസ്റ്റ് എത്രയോ വർഷങ്ങളായി നമ്മുടെ ദിനചര്യയിലെ ഒഴിവാക്കാനാകാത്ത ഘടകമാണ്. കാലത്തെഴുന്നേറ്റാൽ പേസ്റ്റ് പതപ്പിച്ച് പല്ലുതേച്ചില്ലെങ്കിൽ അന്നാകെ ഒരു അസ്വസ്ഥതയാണ് പലർക്കും. ഈജിപ്റ്റുകാരാണ് പല്ലു വൃത്തിയാക്കാൻ പേസ്റ്റ് ഉപയോഗിച്ചുതുടങ്ങിയതെന്നു പറയപ്പെടുന്നു. അതും ബ്രഷ് കണ്ടുപിടിക്കുന്നതിനും മുൻപേ. എന്തായാലും 1940 കളിലാണ് പേസ്റ്റ് വ്യാപകമായി തുടങ്ങിയത്.

അതിനു മുൻപ് പൽപ്പൊടികളായിരുന്നു ഉണ്ടായിരുന്നത്. ചില പ്രത്യേകതരം മത്സ്യങ്ങളുടെ തോട് പൊടിച്ചത്, ബേക്കിങ് സോഡ, കാത്സ്യം കാർബണേറ്റ്, ചാർക്കോൾ, കർപ്പൂരം, സുഗന്ധ എണ്ണകൾ എന്നിവയൊക്കെ ചേർന്നതായിരുന്നു അന്നത്തെ ദന്തചൂർണങ്ങൾ. കേരളത്തിന്റെ തനതുവൈദ്യമായ ആയുർവേദത്തിലും ദന്തചൂർണങ്ങളാണ് നിർദേശിച്ചിട്ടുള്ളത്. ഇമിക്കരിയോ ഉപ്പും കുരുമുളകും ഗ്രാംപൂവും പൊടിച്ചതോ ഒക്കെയാണ് പണ്ട് മലയാളികൾ പല്ലുതേയ്ക്കാൻ ഉപയോഗിച്ചിരുന്നത്.

പല്ലിട വൃത്തിയാക്കാൻ ചെറിയ ടൂത്ത്പിക്കുകൾ ഉപയോഗിച്ചിരുന്നു. ഈ എല്ലാ സവിശേഷതകളും ചേർന്നതെന്ന പുതുമയോടെയാണ് ബ്രഷും പേസ്റ്റും കടന്നുവന്നത്. പല്ലു ദ്രവിപ്പിക്കുന്ന ബാക്ടീരിയയെ നീക്കുമെന്നായിരുന്നു പേസ്റ്റുകളുടെ ആദ്യകാല പരസ്യങ്ങളെങ്കിൽ ഇന്ന് ആത്മവിശ്വാസത്തോടെ അടുത്തുവരാനും വെണ്മയുള്ള പുഞ്ചിരിക്കുമൊക്കെ ടൂത്ത്പേസ്റ്റുകൾ കൂടിയേതീരൂ എന്ന മട്ടിലാണ് കാര്യങ്ങൾ. എന്നാൽ, ബ്രഷിലേക്ക് നീളത്തിൽ പേസ്റ്റ് എടുത്ത് പതപ്പിച്ചു തേയ്ക്കുന്നതിനു മുൻപ് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

എന്താണ് പേസ്റ്റ്?

ഏറ്റവും ലളിതമായി പറഞ്ഞാൽ മെഴുക്കു കളയാൻ തുണി സോപ്പിട്ട് അലിയിക്കുന്നതുപോലെ പല്ലിനു പുറമേയുള്ള പ്ലാക്കിൽ ഒട്ടിയിരിക്കുന്ന ബാക്ടീരിയയെ നീക്കാനും പല്ലുകൾക്കിടയിൽ പറ്റിപ്പിടിച്ച അവശിഷ്ടങ്ങളെ നീക്കാനുമൊക്കെ പേസ്റ്റ് സഹായിക്കും. പേസ്റ്റിൽ പ്രധാനമായും രണ്ടുതരത്തിലുള്ള ഘടകങ്ങളാണുള്ളത്. ആക്ടീവായതും അല്ലാത്തതും. ആക്ടീവ് ഘടകങ്ങളെ അടിസ്ഥാനമാക്കിയാകും പേസ്റ്റ് അറിയപ്പെടുക. അത് ഫ്ളൂറൈഡോ സെൻസിറ്റിവിറ്റി കുറയ്ക്കുന്ന പദാർഥങ്ങളോ ട്രൈക്ലോസാൻ പോലുള്ള ആന്റി മൈക്രോബിയൽ ഘടകങ്ങളോ ആകാം. പല്ലിലെ കറകൾ നീക്കാൻ പെറോക്സൈഡും ചേർക്കാറുണ്ട്. പിന്നെ പ്രധാനമായും വരുന്നത് അബ്രേസീവ് ഏജന്റുകളാണ്. കാത്സ്യം കാർബണേറ്റ്, സിലിക്ക ജെൽ, ഹൈഡ്രേറ്റഡ് അലൂമിനിയം ഒാക്സൈഡ് എന്നിവ ഉദാഹരണം. പേസ്റ്റിലെ അബ്രേസീവ് ഘടകങ്ങൾ പോടുകളിലും മറ്റും കുടുങ്ങിക്കിടക്കുന്ന ഭക്ഷ്യമിച്ചത്തെ ഉരച്ചുനീക്കും. പല്ലിന്റെ ഉപരിതലം ഒട്ടൊന്നു മിനുസപ്പെടുത്തും. ഭക്ഷണക്കറകളെ നീക്കും. സോഡിയം ലോറേൽ സൾഫേറ്റ് പോലുള്ളവയാണ് പേസ്റ്റിനു പത നൽകുന്നത്. ഇത് പ്ലാക്കിനെയും മറ്റും ലയിപ്പിച്ച് പല്ലിൽ നിന്നും നീക്കാൻ എളുപ്പമാക്കും. പേസ്റ്റിന് ഹൃദ്യമായ മണവും രുചിയും നൽകാൻ പലതരം ഫ്ളേവറുകളും കൃത്രിമമധുരങ്ങളും ചേർക്കുന്നു. ജലാംശം നഷ്ടപ്പെട്ട് വരണ്ടുപോകാതെ തടയുന്നത് പേസ്റ്റിലെ ഗ്ലിസറോൾ, പ്രോപ്പിലിൻ ഗ്ലൈക്കോൾ പോലുള്ളവയാണ്. പേസ്റ്റിനെ അങ്ങനെ തന്നെ നിലനിർത്താൻ പലതരം തിക്കനിങ് ഏജന്റുകളും മറ്റും ചേർക്കാറുണ്ട്.

പേസ്റ്റിൽ ഉപയോഗിക്കുന്ന രാസപദാർഥങ്ങളെ ചുറ്റിപ്പറ്റി പല ഊഹാപോഹങ്ങളും വ്യാപകമാണ്. അവയിൽ പ്രധാനമാണ് ഇതിലുപയോഗിക്കുന്ന ട്രൈക്ലോസാനും എസ്എൽഎസും അർബുദത്തിനു കാരണമാകുന്നുവെന്ന ചിലരുടെ വാദം. എന്നാൽ അമേരിക്കൻ കാൻസർ അസോസിയേഷൻ ഉൾപ്പെടെയുള്ള മിക്കവാറും എല്ലാ സംഘടനകളും ഇതിനു മതിയായ തെളിവില്ല എന്ന നിലപാടിലാണ്. അർബുദമുണ്ടാക്കുന്നുവെന്നു വാദിക്കുന്നവർക്ക് അതു സ്ഥാപിക്കാൻ പോന്ന ദീർഘകാല പഠനങ്ങളുമില്ല. മാത്രമല്ല, മരുന്നുകളുടെ നിർമാണം സംബന്ധിച്ച് നിയമങ്ങളുള്ളതുപോലെ പേസ്റ്റിൽ ഏതൊക്കെ ഘടകങ്ങൾ എത്ര അളവിൽ ചേർക്കണമെന്നതിന് ഒരു സുരക്ഷാമാനദണ്ഡമൊക്കെയുണ്ട്. വിദേശങ്ങളിലൊക്കെ ഇതു കർശനമായി നിരീക്ഷിക്കുന്നുമുണ്ട്. എന്നാൽ, നമ്മുടെ നാട്ടിൽ പ്രാദേശികമായും മറ്റും ഉണ്ടാക്കുന്ന പേസ്റ്റുകളിൽ ഇതെത്രമാത്രം പാലിക്കപ്പെടുന്നു എന്നു സംശയിക്കണം. അനുവദനീയമായ അളവിൽ രാസപദാർഥങ്ങൾ ചേർത്തുണ്ടാക്കുന്ന പേസ്റ്റുകൾ പൊതുവേ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ല എന്നാണ് സങ്കൽപം.

ഇത്തിരിനേരം പല്ലു തേയ്ച്ചു തുപ്പിക്കളയുന്ന ഒരു സാധനത്തെ ചൊല്ലി ഇത്ര ആശങ്ക വേണോ എന്നു ന്യായമായും തോന്നും. എന്നാൽ നമ്മുടെ വായ എന്നത് ആഗിരണശേഷി ഏറ്റവും കൂടുതലുള്ള സ്ഥലമാണ്. അതിനാലാണ് ജീവൻരക്ഷയ്ക്കായി നാവിനടിയിലിട്ട് അലിയിക്കാൻ ഗുളികകൾ നൽകുന്നത്. അതുകൊണ്ട് ദിവസവും രണ്ടുനേരമെങ്കിലും വച്ച് പതിവായി ഉപയോഗിക്കുന്ന പേസ്റ്റിന്റെ കാര്യത്തിൽ ചില സുരക്ഷിതരീതകൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

സുരക്ഷിത ഉപയോഗം എങ്ങനെ?

പരസ്യത്തിൽ കാണുന്നപോലെ നല്ല നീളത്തിൽ പേസ്റ്റ് എടുക്കേണ്ടതില്ല. പരമാവധി 10 മി.മീ മതിയാകും. അതായത് ഒരു നിലക്കടലയുടെ അത്ര വലുപ്പത്തിൽ പേസ്റ്റ് എടുക്കുക. രണ്ടു മിനിറ്റ് കൊണ്ട് പല്ലു തേച്ചു തീർക്കുക. ഉടൻ വായ വൃത്തിയായി കഴുകുക. ഇതാണു ശരിയായ രീതി. പേസ്റ്റ് അധികസമയം വായിൽവയ്ക്കുന്നതും വിഴുങ്ങുന്നതുമൊക്കെ വഴി അനാവശ്യ രാസവസ്തുക്കൾ ശരീരത്തിൽ കുമിഞ്ഞുകൂടാൻ ഇടയാക്കാം. പേസ്റ്റ് കൊണ്ട് ഏറെനേരം അമർത്തിയുരച്ച് തേക്കുന്നതും ദോഷമാണ്. ഒരു കാരണവശാലും രണ്ടു മിനിറ്റിൽ കൂടുതൽ തേയ്ക്കരുത്. പേസ്റ്റിലെ ഉരയ്ക്കൽ ഘടകങ്ങൾ ഇനാമലിനെ തേച്ചുരച്ച് കളയും. എത്രമാത്രം ഉരയ്ക്കൽ ഘടകങ്ങൾ ആകാമെന്നതിന് റിലേറ്റീവ് ഡെന്റിൻ അബ്രേസിറ്റി (ആർഡിഎ) എന്നൊരു കണക്കുണ്ട്. ഇത് 250–ഒാ അതിനു താഴെയോ ഉള്ള പേസ്റ്റാണ് സുരക്ഷിതം. ഫ്ളേവറുകൾക്കും നിറത്തിനും ചേർക്കുന്ന ഘടകങ്ങൾക്കും അനുവദനീയമായ പരിധിയുണ്ട്. അതിൽ കൂടിയാൽ അപകടം തന്നെ. അതുകൊണ്ട് വെളുത്ത നിറമുള്ള, പ്രത്യേകിച്ച് ഫ്ളേവറുകളൊന്നും ചേർക്കാത്ത സാധാരണ ടൂത്ത്പേസ്റ്റ് ഉപയോഗിക്കുന്നതാണ് ഉത്തമം.

ഭക്ഷണം കഴിഞ്ഞാലുടനെ പേസ്റ്റ് കൊണ്ട് പല്ലു തേയ്ക്കുന്നത് അബദ്ധം തന്നെ. ഭക്ഷണ– പാനീയങ്ങൾ കഴിച്ചയുടനെ പല്ലിന്റെ പുറമേയുള്ള പാളികൾ മൃദുവായിരിക്കും. ഈ സമയത്ത് ബ്രഷ് ചെയ്താൽ ദഹനാമ്ലം ഇനാമലിലുരസുന്നതു മൂലം പല്ലിനു കൂടുതൽ തേയ്മാനം വരും. ഒരു മണിക്കൂർ കഴിഞ്ഞാണു തേയ്ക്കുന്നതെങ്കിൽ പ്രശ്നമില്ല.

അണുനാശകഘടകങ്ങൾ അടങ്ങിയ ടൂത്ത്പേസ്റ്റുകൾ വായ്നാറ്റമുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു. മിന്റ് പോലുള്ള ഫ്ളേവറുകൾ വായ്ക്കു ഹൃദ്യമായ സുഗന്ധം നൽകുന്നു. പക്ഷേ, പരസ്യങ്ങളിൽ പറയുന്നതുപോലെ രാവിലെ പല്ലു തേച്ചാൽ രാത്രിയാകും വരെ വായ ഫ്രഷ് ആയിരിക്കുമെന്നു പറയുന്നത് അതിശയോക്തിയാകും. കാരണം ഒാരോ പ്രാവശ്യവും ഭക്ഷണം കഴിക്കുമ്പോഴും ഭക്ഷണാവശിഷ്ടങ്ങൾ പല്ലിലും മോണയിലും തങ്ങിനിന്ന് വീണ്ടും വായ്നാറ്റത്തിനിടയാക്കാം.

പേസ്റ്റു കൊണ്ടു തേച്ചാൽ പല്ലു വെളുക്കുമോ?

പല്ലു വെളുപ്പിക്കാനുള്ള ചികിത്സയേക്കാൾ രണ്ടിരട്ടി മെച്ചം പേസ്റ്റ് ഉപയോഗിച്ചാൽ ലഭിക്കും എന്നൊക്കെയുള്ള പരസ്യങ്ങളുണ്ട്. പെറോക്സൈഡ് എന്ന ഘടകമാണ് പല്ലു വെണ്മയുള്ളതാക്കാനുള്ള ചികിത്സയിൽ ഉപയോഗിക്കുന്നത്. എന്നാൽ, മിക്കവാറും വൈറ്റനിങ് ടൂത്ത്പേസ്റ്റുകളിൽ പെറോക്സൈഡ് ഇല്ല. അപ്പോൾ പേസ്റ്റിലെ മറ്റ് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചില അനുമാനങ്ങളാണുള്ളത്. പല്ലിനു പുറമേയുള്ള പാളിയിലെ കറകളെ ഉരച്ചുനീക്കുന്നതുകൊണ്ട് ഒരു ചെറിയ വെണ്മയുടേതായ പരിവേഷം ലഭിക്കുന്നുണ്ടാകാം എന്നതാണ് ഒരു അനുമാനം. ഇത്തരം ചില പേസ്റ്റുകളിൽ കോവാറിൻ എന്ന രാസപദാർഥം ഉണ്ടെന്നും അത് പല്ലിന്റെ പുറംപാളിയിൽ പറ്റിപ്പിടിച്ച് പല്ലിന്റെ മഞ്ഞപ്പ് കുറഞ്ഞതായുള്ള ഒരുതരം ദൃശ്യഭ്രമം (Optical illusion) സൃഷ്ടിക്കുമെന്നാണ് രണ്ടാമത്തെ അനുമാനം. എന്തായാലും വൈറ്റനിങ് ടൂത്ത്പേസ്റ്റ് കൊണ്ടു പല്ലു തേച്ചാൽ പല്ലിന്റെ സ്വാഭാവിക നിറം മാറി വെണ്മയുള്ളതാകുമെന്നോ ആഴത്തിലുള്ള കറകൾ നീങ്ങുമെന്നോ പറയാൻ ശാസ്ത്രീയമായ യാതൊരു തെളിവുമില്ല. ചില വൈറ്റനിങ് ടൂത്ത്പേസ്റ്റുകളിൽ ഹൈഡ്രജൻ പെറോക്സൈഡിനൊപ്പം ബേക്കിങ് സോഡയും ചേർത്തുകാണുന്നു.

പേസ്റ്റ് അലർജിയുണ്ടാക്കുമോ?

വളരെ അപൂർവമായി പേസ്റ്റിലെ ചില ഘടകങ്ങൾ കോണ്ടാക്റ്റ് ഡെർമറ്റൈറ്റിസ് അലർജിക്ക് കാരണമാകാറുണ്ട്. ട്രൈക്ലോസാൻ, സോഡിയം ലോറേൽ സൾഫേറ്റ്, പോളിപ്രോപ്പിലിൻ ഗ്ലൈക്കോൾ, പാരബിൻ എന്നീ ഘടകങ്ങളൊക്കെ അലർജിയുണ്ടാക്കാൻ സാധ്യതയുള്ളവയാണ്. നീര്, വായിലെ തൊലി പാളിയായി ഇളകിപ്പോരുക, മോണയിലും നാവിലും ശ്ലേഷ്മസ്തരത്തിലും വ്രണങ്ങൾ, ചർമത്തിന് ചുവപ്പ് എന്നിവയാണ് ലക്ഷണങ്ങൾ.

പല്ലു തേയ്ക്കുന്നതിൽ പ്രധാന റോൾ ബ്രഷിനു തന്നെയാണ്. ബ്രഷ്, പല്ലിൽ രൂപപ്പെടുന്ന ബാക്ടീരിയൽ പാളിയെ നീക്കുന്നു, ഭക്ഷണമിച്ചത്തെ പല്ലിടകളിൽ നിന്നു തോണ്ടിയെടുക്കുന്നു. പേസ്റ്റാകട്ടെ ഈ പ്രവർത്തനത്തിനു കുറച്ചുകൂടി ബലം നൽകുന്നു എന്നുമാത്രം. ചില പ്രത്യേക സാഹചര്യങ്ങളിൽ മോണയ്ക്കോ പല്ലിനോ രോഗബധയുള്ളപ്പോൾ ദന്തരോഗവിദഗ്ധർ മെഡിക്കേറ്റഡ് പേസ്റ്റുകൾ നിർദേശിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളൊഴിച്ചാൽ പേസ്റ്റ് നിർബന്ധമല്ല, വ്യക്തിപരമായ തിരഞ്ഞെടുക്കലാണെന്നു പറയാം.

Tags:
  • Daily Life
  • Manorama Arogyam