Wednesday 02 February 2022 03:56 PM IST

ആയുർവേദ ഡോക്ടറായി ജോലി തുടങ്ങിയ ശേഷം സ്ത്രീയായി മാറി: കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ഡോ. പ്രിയയുടെ അനുഭവം വായിക്കാം

Asha Thomas

Senior Sub Editor, Manorama Arogyam

ewrwer43

ഉടൽ പുരുഷന്റേതാണെങ്കിലും ഉള്ള് സ്ത്രീയുടെ മൃദുലഭാവങ്ങളാൽ നിറയുക...പക്ഷേ, സമൂഹത്തിന്റെ വിധികൽപനകളെ പേടിച്ച് അതു മറച്ചുവച്ച് പ്രഫഷനൽ പഠനം ഉൾപ്പെടെ പൂർത്തിയാക്കുക. ഒരു ഡോക്ടറായി വിജയകരമായി മുന്നോട്ടുപോവുമ്പോൾ തന്റെ പുരുഷവ്യക്തിത്വത്തിന്റെ അടരുകളെല്ലാം മാറ്റി ഉള്ളിലെ സ്ത്രീയെ പുറത്തുകൊണ്ടുവരുവാൻ തീരുമാനിക്കുക...കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടറായ വി. എസ് .പ്രിയയുടെ ജീവിതം നമുക്കൊക്കെ ഈഹിക്കാവുന്നതിലും അപ്പുറം ട്വിസ്റ്റുകൾ നിറഞ്ഞതാണ്...

‘‘അന്ന് എന്റെ മുൻപിലിരുന്ന രോഗിയോട് ‘ഇനി നിങ്ങൾ വരുമ്പോൾ എന്നെ കാണുന്നത് ഒരു സ്ത്രീ ഡോക്ടറായിട്ടാകും.’ എന്ന് പറഞ്ഞപ്പോൾ അവിശ്വസനീയതയോടെ അയാൾ നോക്കിയ നോട്ടം ഇന്നും മനസ്സിലുണ്ട്. സ്ത്രീയായുള്ള പരിവർത്തനത്തിന്റെ ഒാരോ ഘട്ടവും ഇത്തരം കൗതുകക്കാഴ്ചകൾ നിറഞ്ഞതായിരുന്നു. അതൊക്കെ ആസ്വദിക്കുമ്പോഴും ആശുപത്രി വിടുമ്പോൾ തിരിച്ചൊരു വരവ് സാധിക്കുമോ എന്നൊരു ആശങ്ക ഉള്ളിൽ നിഴൽ പരത്തിയിരുന്നുവെന്നത് സത്യം .പക്ഷേ, ഭയന്നതുപോലൊന്നും ഉണ്ടായില്ല. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ‍േഡാക്ടർ എന്ന് മാധ്യമ വാർത്തകൾ വന്ന ശേഷം സമൂഹം പൊസിറ്റീവായി അതുൾക്കൊണ്ടു. അതോടെ കുടുംബത്തിലുള്ളവരുടെ ആശങ്കകളും മാറി. ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയാണ്. ’’ പ്രിയ തന്റെ ജീവിതം പറഞ്ഞുതുടങ്ങി.

ഒളിവു ജീവിതത്തിന്റെ തുടക്കം

‘‘ മറ്റു കുട്ടികളിൽ നിന്ന് ഞാൻ തികച്ചും വ്യത്യസ്തനാണെന്ന് ചെറുപ്പത്തിലേ തോന്നിയിരുന്നു.സമൂഹം കൽപിച്ചു നൽകിയിരിക്കുന്ന െജൻഡർ റോളുകളിൽ ഫിറ്റ് ആകുന്നില്ല എന്ന തോന്നൽ ശക്തമായിരുന്നു. അന്നേ എന്റെ മനസ്സിലെ ലിംഗവ്യക്തിത്വം സ്ത്രീ അല്ലെങ്കിൽ പെൺകുട്ടി എന്നതു തന്നെയായിരുന്നു. പക്ഷേ, ജന്മനാ ലഭിച്ചതും സമൂഹം കൽപിച്ചതും പുരുഷന്റെ വ്യക്തിത്വവും.

സ്വദേശം തൃശൂരാണെങ്കിലും അച്ഛന്റെ ബിസിനസ് സംബന്ധമായി സ്കൂൾ പഠനം കൊല്ലത്തായിരുന്നു. അ ന്ന് അച്ഛനമ്മമാരോടും കൂടെ പഠിക്കുന്നവരോടുമൊക്കെ എന്റെ ഈ തോന്നലിനേക്കുറിച്ച് തുറന്നു പറയുമായിരുന്നു. ഒരു കുട്ടിയുടെ നിഷ്ങ്കളങ്കതയോടെ തുറന്നുപറയുന്നതാണ്. അതുപക്ഷേ, കടുത്ത പരിഹാസത്തിനും ഒറ്റപ്പെടുത്തലിനുമൊക്കെ ഇടയാക്കുമെന്ന് ചിന്തിച്ചിരുന്നേയില്ല. പക്ഷേ, ദുരിതപൂർണമായിരുന്നു പിന്നെയുള്ള സ്കൂൾപഠനകാലം.

പ്ലസ്ടു കഴിഞ്ഞ് മെഡിക്കൽ എൻട്രൻസിനായുള്ള പരിശീലനം തുടങ്ങിയപ്പോൾ ഒരു കാര്യം ഉറപ്പിച്ചു. സ്കൂളിൽ നേരിട്ടിട്ടുള്ള തരം കളിയാക്കലുകൾക്കും ഒറ്റപ്പെടലിനും ഇനി ഇടവരരുത്. അതുകൊണ്ട് ആ ഒരുവർഷം സ്ത്രൈണഭാവങ്ങളെല്ലാം അകമേ ഒളിപ്പിച്ച് പുറമേ സാധാരണ ഒരു ആൺകുട്ടിയെ പോലെ കഴിയുന്നത്ര സ്വാഭാവികമായി തന്നെ പെരുമാറാൻ ശീലിച്ചു. തൃശൂർ വൈദ്യരത്നം ആയുർവേദ കോളജിലായിരുന്നു തുടർപഠനം. ആദ്യ ഒന്നു രണ്ടുവർഷങ്ങൾ എന്റെ ശരിയായ ലിംഗവ്യക്തിത്വം മറച്ചുവയ്ക്കാൻ നന്നേ പ്രയാസപ്പെട്ടു. ഭാഗ്യവശാൽ, കോളജിൽ ആരും എന്റെയുള്ളിലെ ഈ പോരാട്ടം തിരിച്ചറിഞ്ഞില്ല. ഏറ്റവും അടുത്ത സുഹൃത്തുക്കളോടു പോലും ഞാനിക്കാര്യം മറച്ചുവച്ചു. സ്കൂളിൽ അനുഭവിച്ചത് ഒാർക്കുമ്പോൾ തുറന്നുപറയാൻ ധൈര്യമുണ്ടായിരുന്നില്ല എന്നതാണ് സത്യം. ജീവിതം ഇങ്ങനെയങ്ങു തീരട്ടെ എന്നായിരുന്നു ചിന്ത. ബിരുദപഠനം കഴിഞ്ഞ് എംഡി കോഴ്സും ഇതേ രീതിയിൽ തന്നെ പൂർത്തിയാക്കി. തുടർന്ന് ഗസ്റ്റ് ലക്ചററും ജനറൽ ഫിസിഷനുമൊക്കെയായി പലയിടത്തും ജോലി ചെയ്തു.

ആ സമയത്ത് പുറമേ നിന്ന് നോക്കുമ്പോൾ എനിക്ക് ഒരു കുറവുമില്ല. നല്ല ജോലിയുണ്ട്, സ്നേഹമുള്ള കുടുംബമുണ്ട്, സുഹൃത്തുക്കളുണ്ട്, സമൂഹത്തിൽ ഡോക്ടറെന്ന പദവിയുണ്ട്, അംഗീകാരമുണ്ട്. പക്ഷേ, ഒന്നും എന്നെ സന്തോഷിപ്പിച്ചിരുന്നില്ല. ഉള്ള് എരിഞ്ഞുതീരുകയാണ്. ഒപ്പം പഠിച്ചവരെല്ലാം കുടുംബജീവിതവും കരിയർ മുന്നേറ്റങ്ങളുമൊക്കെയായി മുന്നേറുകയാണ്. പക്ഷേ, എനിക്കുമാത്രം ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ല. എന്തിനാണ് ജീവിക്കുന്നതെന്നു പോലും നിശ്ചയമില്ല.

അകത്തേക്കോ പുറത്തേക്കോ?

എന്റെ മുൻപിൽ രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകിൽ ഈ ഒളിവുജീവിതത്തിന് പൂർണവിരാമമിടുക. അല്ലെങ്കിൽ ഞാനായിത്തന്നെ ജീവിക്കുക. പക്ഷേ, ഒരു ഡോക്ടറായിരുന്നിട്ടു പോലും ട്രാൻസ്ജെൻഡർ ജീവിതത്തെക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നു. സ്കൂൾ കാലത്തെ പീഡനങ്ങളുടെ മുറിവുകൾ മൂലം അത്തരം കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാനോ വായിക്കാനോ പോലും ഭയന്നിരുന്നു. ഫാമിലി പേഴ്സൺ ആയി നിന്നിരുന്നതുകൊണ്ട് ട്രാൻസ്ജെൻഡർ കമ്യൂണിറ്റികളുമായി ബന്ധപ്പെടാൻ അവസരമില്ലായിരുന്നു.

പക്ഷേ, എന്റെ സ്വകാര്യതയിൽ ഞാൻ ഞാനായിത്തന്നെ ആയിരിക്കാൻ ശ്രമിച്ചിരുന്നു. വീട്ടിൽ ഒറ്റയ്ക്കുള്ള സമയത്തൊക്കെ സാരി ഉടുത്തും സ്ത്രീയെ പോലെ മേക്ക് അപ്പിട്ടുമൊക്കെ ആനന്ദിച്ചിരുന്നു.

വീട്ടിൽ നിന്നും പോയിവരാവുന്ന അകലത്തിലാണ് സീതാറാം ആയുർവേദ ഹോസ്പിറ്റൽ. അവിടെ ജോയിൻ ചെയ്തപ്പോൾ വായിക്കാനും ചിന്തിക്കാനുമൊക്കെ കൂടുതൽ സമയവും സൗകര്യവും ലഭിച്ചു. ട്രാൻസ്ജെൻഡർ വിഷയത്തെക്കുറിച്ച് കൂടുതൽ വായിക്കുന്നതും പഠിക്കുന്നതുമൊക്കെ അപ്പോഴാണ്. രണ്ടു മൂന്നു വർഷത്തോളം ഈ വിഷയത്തിൽ ഒരു ഗവേഷണം തന്നെ നടത്തി.

ആ സമയത്ത് വീട്ടിൽ തിരക്കിട്ട് കല്യാണാലോചനകൾ നടക്കുകയാണ്. അതുകൊണ്ട് അധികം വൈകിക്കാതെ ഒരു ദിവസം വീട്ടുകാരോട് എന്റെ അവസ്ഥയെക്കുറിച്ച് തുറന്നു സംസാരിച്ചു. അതവർക്ക് ഞെട്ടിക്കുന്ന വെളിപാടൊന്നുമായിരുന്നില്ല. കാരണം ചെറുപ്പത്തിലേ എന്റെ ഡയറിക്കുറിപ്പുകളൊക്കെ വായിച്ച് അവർക്ക് വ്യത്യസ്തനായ ഒരു കുട്ടിയാണ് ഞാനെന്നു തോന്നിയിരുന്നു. പിന്നെ, ഞാനിപ്പോൾ പഴയ സ്കൂൾ കുട്ടിയല്ലല്ലൊ. പക്വതയുള്ള, ജീവിതം കണ്ട ഒരു ഡോക്ടറാണ്. മാത്രമല്ല, എന്റെ അവസ്ഥയെക്കുറിച്ച് വ്യക്തമായി അവർക്ക് മനസ്സിലാക്കിക്കൊടുക്കാനും സാധിച്ചു.

എങ്കിലും ആദ്യപ്രതികരണം ഒരു ഷോക്ക് തന്നെയായിരുന്നു. ഇനി ജോലിയിൽ തുടരാൻ പറ്റുമോ? നിന്റെ ജീവിതം എങ്ങനെയാകും? എന്നിങ്ങനെ ഒരുപാട് ആവലാതികളും വിഷമങ്ങളുമുണ്ടായിരുന്നു അമ്മയ്ക്ക്. ‘എനിക്ക് പ്രഫഷനൽ ജീവിതത്തേക്കാൾ പ്രധാനം ജീവൻ നിലനിർത്തുന്നതാണ്. ഞാനായിത്തന്നെ ജീവിക്കാൻ പറ്റിയില്ലെങ്കിൽ എന്തുചെയ്യുമെന്ന് എനിക്കു തന്നെ അറിയില്ല.’ എന്നു ഞാൻ അമ്മയോടു തുറന്നുപറഞ്ഞു. ഭാഗ്യവശാൽ അമ്മയ്ക്ക് എന്റെ ഉള്ള് കാണാനായി. ‘നിന്റെ കൂടെ ആരുമില്ലെങ്കിലും ഞാനുണ്ട്’ എന്ന് ഉറപ്പും തന്നു.

സഹോദരൻ ഡോക്ടറാണ്. ഇത്രനാൾ പുരുഷസ്വത്വത്തിൽ നിന്നയാൾ സ്ത്രീ ആകുമ്പോൾ ഉണ്ടാകാവുന്ന കൊടുങ്കാറ്റുകളെക്കുറിച്ച് ആധിയുണ്ടായിരുന്നെങ്കിലും അ തു പുറത്തുകാട്ടാതെ ചേട്ടനും ഏടത്തിയമ്മയും സ്നേഹപൂർവം കൂടെനിന്നു. എന്റെ ലിംഗവ്യക്തിത്വത്തെക്കാൾ അവർ പ്രാധാന്യം കൊടുത്തത് ഞാനെന്ന വ്യക്തിക്കാണ്.

മൂന്നു വർഷത്തോളമെടുത്തു പുരുഷനിൽ നിന്നു സ്ത്രീയായുള്ള മാറ്റത്തിന്. സൈക്യാട്രിക് കൗൺസലിങ് നടത്തുകയാണ് ആദ്യം ചെയ്യുന്നത്. അതായത് നമ്മൾ ഒരു ട്രാൻസ്ജെൻഡർ ആണെന്ന കൺഫർമേഷൻ നമുക്കുണ്ടാകണം. ചിലർക്ക് അതിന് ഒരു ആഴ്ച മതിയാകും. ചിലരിൽ മാസങ്ങളെടുക്കും. ചിലർക്ക് ഒരു വർഷത്തോളം കൗൺസലിങ് വേണ്ടിവരും.

സൈക്യാട്രിക് അസസ്മെന്റ് പൂർത്തിയായാൽ ഹോർമോൺ ചികിത്സ തുടങ്ങാം. ഏകദേശം ഒരു വർഷം ഹോർമോണുകൾ എടുത്ത ശേഷം മാത്രമേ സെക്സ് റീ അസൈനിങ് സർജറി പോലെ തിരുത്താനാകാത്ത എന്തെങ്കിലും മാറ്റങ്ങൾ ശരീരത്തിൽ വരുത്താവൂ. ഹോർമോൺ ട്രീറ്റ്മെന്റിന്റെ സമയത്ത് വസ്ത്രധാരണ രീതി മാറ്റുക പോലുള്ള സാമൂഹിക പരിവർത്തനങ്ങളും നടത്തണം. ലേസർ ഹെയർ റിമൂവൽ പോലുള്ള സൗന്ദര്യചികിത്സകൾ ഈ സമയത്തു നടത്താം.

ശസ്ത്രക്രിയയ്ക്കല്ലാതെ ഞാൻ ആശുപത്രിയിൽ നിന്ന് അവധിയെടുത്തിരുന്നില്ല. ഹോർമോൺ ചികിത്സയെടുക്കുന്ന സമയത്ത് ഏകദേശം ഒൻപത് മാസത്തോളം ശരീരത്തിൽ വരുന്ന മാറ്റങ്ങളൊക്കെ മറച്ചുവച്ച് ജോലിക്കുപോയി. ആശുപത്രിയുടെ മാനേജർ അടുത്ത സുഹൃത്തായിരുന്നു. അവരോട് മാത്രം ഞാൻ ഇങ്ങനെയൊരു മാറ്റത്തിന്റെ കാര്യം പറഞ്ഞു. മറ്റാരും അറിഞ്ഞതേയില്ല. ഡ്യൂട്ടിക്ക് വരുമ്പോൾ ഷർട്ടും ജീൻസും ധരിക്കും. അല്ലാത്ത സമയത്ത് യുണിസെക്സ് ഡ്രസ്സുകളാണ് ധരിച്ചിരുന്നത്.

തുറന്നുപറയുന്നു

ഒൻപതു മാസത്തിനു ശേഷം ഞാൻ ആശുപത്രിയിലെ ഒാ രോ ജീവനക്കാരെയായി നേരിട്ടു വിളിച്ച് എന്റെ മാറ്റത്തേക്കുറിച്ച് ഒരു ബോധവൽക്കരണം നൽകി. ശസ്ത്രക്രിയയ്ക്കു നീണ്ട അവധിയെടുക്കുന്നതിനു മുൻപ് ആശുപത്രിയിൽ പൊതുവായ മീറ്റിങ് വിളിച്ച് ഞാൻ ഒരു ട്രാൻസ് വുമണാണെന്നും ശസ്ത്രക്രിയയ്ക്കുശേഷം എന്റെ യഥാർഥ സ്ത്രീസ്വത്വത്തിലാകും എത്തുക എന്നും തുറന്നുപറഞ്ഞു. പതിവായി വരുന്ന രോഗികളുടെയടുത്തും ജെൻഡർ സെൻസിറ്റൈസേഷൻ നടത്തി. ഇനി നിങ്ങൾ ജിനു ഡോക്ടറെ (എന്റെ നേരത്തേയുള്ള പേര്) അന്വേഷിച്ചു വരുമ്പോൾ ഒരു സ്ത്രീ ഡോക്ടറെയാകും കാണുക. അതുകണ്ട് പരിഭ്രമിക്കുകയൊന്നും വേണ്ട. ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എന്നു വ്യക്തമായ ഒരു ചിത്രം നൽകി. പലർക്കും അതൊരു ഷോക്കായിരുന്നു. ഇങ്ങനെയൊക്കെ പറ്റുമോ എന്ന് സംശയിച്ചവരുണ്ട്.

ഹോർമോൺ ട്രാൻസിഷന്റെ സമയം വല്ലാത്തൊരു സന്നിഗ്ധ ഘട്ടമാണ്. പുരുഷനല്ല, പക്ഷേ, പൂർണമായി സ്ത്രീയായിട്ടില്ല താനും. അതുകൊണ്ട് ജോലിക്കായല്ലാതെയുള്ള പുറംയാത്രകൾ കുറച്ചു. ആദ്യ സർജറി കഴിഞ്ഞ് ആറു മാസത്തിനു ശേഷമാണ് പുറത്തേക്കിറങ്ങി തുടങ്ങിയത്. അപ്പോഴേക്കും മുഖം സ്‌ത്രൈണമാക്കാനുള്ള (ഫെയ്സ് ഫെമിനൈസേഷൻ) സർജറി ഏകദേശം കഴിഞ്ഞിരുന്നു. വീണ്ടും ജോലിക്കു വന്നുതുടങ്ങിയത് കോവിഡ് സമയത്തായിരുന്നു. മാസ്ക് ധരിച്ചിരുന്നതുകൊണ്ടു തന്നെ സ്ത്രീയായുള്ള മാറ്റം അത്ര പെട്ടെന്നു മനസ്സിലാവില്ലായിരുന്നു. ശേഷം വീണ്ടും അവധിയെടുത്ത് ചില ശസ്ത്രക്രിയകളും കൂടി പൂർത്തിയാക്കി. വോയിസ് ട്രാൻസിഷൻ നടത്തിയിട്ടില്ല. ശബ്ദം അത്ര പരുക്കനല്ലാത്തതിനാൽ മാറ്റേണ്ട എന്നാണ് ഇപ്പോഴത്തെ തീരുമാനം.

പുരുഷനായിരുന്ന സമയത്ത് അർധരാത്രി സെക്കൻഡ് ഷോയ്ക്ക് ഒക്കെ തനിച്ചു പോകുമായിരുന്നു. ഇപ്പോൾ രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കുമ്പോൾ ഒരു അരക്ഷിതാവസ്ഥ തോന്നാറുണ്ട്. എങ്കിലും, ഈ മാറ്റത്തിൽ സന്തോഷമേയുള്ളു.പണ്ട് ഒരു വള വാങ്ങാനോ സാരി വാങ്ങാനോ നൂറു കള്ളത്തിന്റെ കൂട്ടുപിടിച്ചാണ് കടയിൽ കയറുക. കൂട്ടുകാരിക്കെന്നോ സഹോദരിക്കെന്നോ ഒക്കെയാണ് പറയുക. ഇപ്പോൾ എനിക്കിഷ്ടപ്പെട്ട എന്തും, ഏതു വേഷവും നേരേ പോയി വാങ്ങാം, ഉള്ളിലെ എന്നെത്തന്നെ പുറ ത്തേക്കു കാട്ടാം.

കാഴ്ചയിൽ തികച്ചും സ്ത്രീയാണെങ്കിലും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ട്രാൻസ് വുമൺ എന്നു തന്നെയാണു വയ്ക്കാറ്. ‘വി എസ് പ്രിയ സിഗ്നേച്ചേഴ്സ്’ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഉണ്ട്. അതിലൂടെ ജെൻഡർ സെൻസിറ്റൈസേഷൻ ടോക് ഉൾപ്പെടെയുള്ള കാര്യങ്ങളും ചെയ്യുന്നു.