Friday 22 December 2023 04:52 PM IST

മീൻ പതിവായി ഉപയോഗിച്ചാല്‍ ചർമ്മം വരണ്ടുണങ്ങില്ല, മത്സ്യത്തിലെ കൊഴുപ്പ് മുടി വളരാന്‍ നല്ലത് ...

Preethi R Nair

fish23432

മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ് മത്സ്യം. വളരെ രുചികരമായ മത്സ്യം പോഷകങ്ങൾകൊണ്ട് സമ്പുഷ്ടമാണ്. പ്രോട്ടീൻ, അയഡിൻ, വിറ്റമിൻ ഡി, വിവിധതരത്തിലുള്ള വിറ്റമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയാണിത്. ആഴ്ചയിൽ ചുരുങ്ങിയത് രണ്ട് പ്രാവശ്യമെങ്കിലും മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മീനും മീനെണ്ണയും നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിരവധി രോഗങ്ങളെ തടഞ്ഞു നിർത്താൻ സാധിക്കും.

തലച്ചോർ വികസനത്തിന്

ശരീരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ഒമേേഗ 3 ഫാറ്റി ആസിഡ് പ്രധാന പങ്കു വഹിക്കുന്നു. തലച്ചോറിന്റെ വികാസത്തിനാവശ്യമായ ഡിഎച്ച് എ മീനിൽ കൂടുതലായി കാണപ്പെടുന്നു. മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റമിൻ ഡിയും അടങ്ങിയിട്ടുണ്ട്.

മത്സ്യം സ്ഥിരമായി കഴിക്കുന്നവരിൽ മറവിരോഗങ്ങൾ കുറയുന്നതായി പഠനങ്ങൾ തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് തലച്ചോറിന്റെ പ്രവർത്തനം കുറഞ്ഞു വരുന്നു. ഓർമകളെ കാത്തു സൂക്ഷിക്കുന്ന തലച്ചോറിലെ ഗ്രേമാറ്ററിനെ ശക്തിപ്പെടുത്തുന്നതിന് ദൈനംദിന ഭക്ഷണക്രമത്തിൽ മത്സ്യങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്.

ഒമേഗ 3 ഫാറ്റി ആസിഡുകൾ വിഷാദരോഗത്തെ നിയന്ത്രിച്ചു നിർത്തുന്നു. നമ്മുടെ ഉള്ളിലെ വിഷാദം കുറച്ച് സന്തോഷകരമായ ഒരു ജീവിതം നയിക്കാൻ സാധിക്കും. ബൈപോളാർ ഡിസോഡർ പോലുള്ള മാനസികരോഗങ്ങളെ കുറയ്ക്കുന്നതിനും ഒമേഗ 3 ഫാറ്റി ആസിഡുകൾ സഹായിക്കുന്നു. പ്രസവശേഷം സ്ത്രീകൾക്കുണ്ടാകുന്ന വിഷാദാവസ്ഥ തടയാനും മത്സ്യം നല്ലതാണ്.

സൗന്ദര്യത്തിനും

ആരോഗ്യത്തിനൊപ്പം സൗന്ദര്യ സംരക്ഷണത്തിനും മത്സ്യം ഉപയോഗിക്കുന്നത് നല്ലതാണ്. ചെറിയ മത്സ്യങ്ങൾ കാൽസ്യത്തിന്റേയും ഫോസ്ഫറസിന്റേയും ഉറവിടമാകയാൽ എല്ലുകൾക്കും പല്ലുകൾക്കും നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റമിൻ ഡി കാൽസ്യം, ഫോസ്ഫറസ് എന്നിവയെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

മത്സ്യത്തിൽ ബി വിറ്റമിനുകളായ തയമിൻ, നിയാസിൻ, ഫോളിക് ആസിഡ്, കൊബാളമീൻ, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധ തടയുന്നു. സിങ്ക് ആരോഗ്യകരമായ ത്വക്കിനും തലച്ചോറിന്റെ പ്രവർത്തനത്തിനും സഹായിക്കുന്നു. ഇത് കുട്ടികൾക്ക് വിശപ്പ് വർദ്ധിപ്പിച്ച് വിളർച്ച തടയുന്നു. വിറ്റമിൻ എ യുടെ പ്രധാന ഉറവിടം കൂടിയാണിത്. കടൽ മത്സ്യസങ്ങളിൽ അടങ്ങിയിരിക്കുന്ന ടോറിൻ എന്ന അമിനോ ആസിഡ് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഗ്ലൂക്കോമ, മാക്യുലാർ ഡീജനറേഷൻ, ഡ്രൈ ഐ തുടങ്ങിയ രോഗങ്ങൾ തടഞ്ഞ് കാഴ്ച ശക്തി കൂടുന്നതിന് മത്സ്യങ്ങൾ സഹായിക്കും.

മത്സ്യം കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. കുട്ടികളിൽ വളരെ നേരത്തേ പ്രമേഹം വരാനുള്ള സാധ്യത തടയപ്പെടുകയും മുതിർന്നവരിൽ പ്രമേഹത്തെ ഒരു പരിധി വരെ തടയാനും കഴിയും. മീനെണ്ണയിലുള്ള ചില ഘടകങ്ങൾ കുഞ്ഞുങ്ങളുടെ നാഡീ വികാസത്തിന് സഹായിക്കുന്നതിനാൽ ഗർഭിണികളായ സ്ത്രീകളും പെൺകുട്ടികളും മീൻ കഴിക്കുന്നത് ഉത്തമമാണ്.

ഹൃദ്രോഗികൾക്കു കഴിക്കാം

ഹൃദ്രോഗികളുടെ ഭക്ഷണത്തിൽ മത്സ്യങ്ങൾ സ്ഥിരമായി ഉൾപ്പെടുത്തുന്നത് അവരുടെ ആയുർദൈർഘ്യം കൂട്ടുന്നതിന് സഹായിക്കും. രക്തകുഴലുകളുടെ ഉൾവ്യാസം കുറയുന്നത് തടയാൻ മീനെണ്ണയ്ക്ക് സാധിക്കും. മീനുള്ള ഒമോഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിന് ദോഷം ചെയ്യുന്ന ട്രൈഗ്ലിസറൈഡ്സ് കുറച്ച് നല്ല കൊളസ്ട്രോൾ (HDL) വർദ്ധിപ്പിക്കുകയും ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

മത്സ്യം വിറ്റമിൻ ഡിയുടെ ഒരു കലവറയാണ്. ഇത് ഉറക്കകുറവ് തടയുന്നതിന് സഹായകമാണ്. മീൻ പതിവായി ഉപയോഗിക്കുന്നവരുടെ ചർമ്മം വരണ്ടുണങ്ങുന്നില്ല. മത്സ്യത്തിലെ കൊഴുപ്പ് മുടി സമൃദ്ധമായി വളരുന്നതിന് സഹായിക്കും. ഹോർമോണുകളുടെ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരു അകറ്റാൻ മത്സ്യത്തിന് സാധിക്കും.

മത്സ്യം കൂടുതലായി കഴിക്കുന്നവരിൽ കാൻസർ സാധ്യത കുറഞ്ഞുവരുന്നതായി കാണാം.

നല്ല ഉറക്കം ലഭിക്കുന്നതിന് മത്സ്യങ്ങളുടെ പങ്ക് വലുതാണ്. ശരീരത്തിലെ ഫാറ്റ് സെൽസിനെ ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കുന്നതിന് മത്സ്യങ്ങൾ സഹായിക്കും. പച്ചക്കറികളിൽ നിന്ന് മാത്രം ലഭിച്ചിരുന്ന ആന്റി ഓക്സിഡന്റുകൾ മീനെണ്ണയിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പുകളുടെ ദൂഷ്യ വശങ്ങൾ ഇല്ലാതെ ശരീരവളർച്ചയെ സഹായിക്കുന്ന ഗുണമേന്മയുള്ള മാംസ്യങ്ങൾ മത്സ്യങ്ങളിൽ അടങ്ങിയിട്ടുണ്ട്.

മത്സ്യത്തിന്റെ ആരോഗ്യഗുണം മുഴുവനായി ലഭിക്കുന്നതിന് ഇതിന്റെ പാചകത്തിലും പ്രത്യേകം ശ്രദ്ധവേണം. വറുത്തമീനിന്റെ ഉപയോഗം രക്തത്തിലെ കൊളസ്ട്രോളിന്റെ തോത് വർദ്ധിപ്പിക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്നു. അതിനാൽ കറിയാക്കിയോ, ബേക്ക്, ഗ്രിൽ വഴികളിലൂടെയോ ഇത് ഉപയോഗിക്കുന്നതാണ് നല്ലത്.

മത്സ്യത്തിലെ പോഷകങ്ങൾ (100 ഗ്രാം)

പോഷകങ്ങൾ അളവ്

ഊർജ്ജം 195 കിലോ കലോറി

കൊഴുപ്പ് 15.3 ഗ്രാം

പൂരിത കോഴുപ്പ് 3.2 ഗ്രാം

അപൂരിത കൊഴുപ്പ് 4.4 ഗ്രാം

മാംസ്യം 13. ഗ്രാം

കൊളസ്ട്രോൾ 49 മില്ലി ഗ്രാം

സോഡിയം 56 മില്ലി ഗ്രാം

പൊട്ടാസ്യം 384 മില്ലിഗ്രാം

തയാറാക്കിയത്

പ്രീതി. ആർ. നായർ

ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റ്

എസ്‌യുടി ഹോസ്പിറ്റൽ, തിരുവനന്തപുരം

Tags:
  • Manorama Arogyam