രുചിയോടെ കഴിക്കാവുന്ന ഐ സ്ക്രീം കപ്പുകൾ നമുക്കറിയാം. എന്നാൽ ഭക്ഷണം വിളമ്പുന്ന പ്ലേറ്റ് തന്നെ കഴിക്കാവുന്നതാണെങ്കിലോ. അതാണ് തൂശൻ പ്ലേറ്റ്. ഭക്ഷ്യയോഗ്യമായ ഈ പ്ലേറ്റ് നിർമിക്കാൻ ഇടയായതിനു പിന്നിൽ ഒരു അപമാനത്തിന്റെ കഥയുണ്ടെന്ന് കാക്കനാട് സ്വദേശികളായ വിനയകുമാർ ബാലകൃഷ്ണനും ഭാര്യ ഇന്ദിരയും പറയുന്നു. ആ കഥ ഇങ്ങനെയാണ്...
പ്രകൃതിയെ കൊല്ലാതെ...
‘‘ 2006ൽ ജോലിസംബന്ധമായി ബെംഗളൂരുവിലും പിന്നീട് മൊറീഷ്യസിലേക്കും താമസം മാറ്റി. അവിടുത്തെ ജനങ്ങൾ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം െചയ്യില്ല. കൃത്യമായി നിർമാർജനം െചയ്യും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെ കുറവ്.
2013ൽ തിരികെ കേരളത്തിൽ വന്നപ്പോൾ കാക്കനാടിന്റെ മുഖഛായ തന്നെ മാറി. നിറയെ കെട്ടിടങ്ങൾ. ആളുകൾ കടയിൽ പോകുന്നത് രണ്ടും മൂന്നും പ്ലാസ്റ്റിക് ബാഗുകളുമായി. അലക്ഷ്യമായി മാലിന്യം വലിച്ചെറിയും. തിരികെ വന്നശേഷം ഇടയ്ക്ക് ഒരു തവണ ദുബായിൽ പോയി. അവിെട വച്ചാണ് ആദ്യമായി ഗോതമ്പ് തവിടു കൊണ്ടുള്ള പ്ലേറ്റ് കാണുന്നത്. അത്തരം പ്ലേറ്റു നിർമിക്കുന്നതു മലിനീകരണം, പ്ലാസ്റ്റിക് ഉപയോഗം എന്നിവയ്ക്കെതിരെയുള്ള പ്രതിവിധിയാണല്ലോ.. ഒരു പോളണ്ട് കമ്പനിയായിരുന്നു അതിന്റെ നിർമാതാക്കൾ. ആ കമ്പനി പ്രതിനിധികളോട് പ്ലേറ്റ് നിർമിക്കുന്ന ടെക്നോളജിയെ കുറിച്ച് ചോദിച്ചപ്പോൾ, ‘ ഇതു നിങ്ങൾ ഇന്ത്യാക്കാർക്കുള്ളതല്ല’ എ ന്ന മറുപടിയാണ് ലഭിച്ചത്. അതു കേട്ട് വല്ലാത്ത അപമാനം തോന്നി. എ ന്നാൽ പിന്നെ നമ്മുെട നാട്ടിൽ ആ പ്ലേറ്റ് നിർമിക്കുക തന്നെ വേണം എന്നു മനസ്സിലുറപ്പിച്ചു.
ഞങ്ങൾ തന്നെ ഗോതമ്പ് തവിടിനെ കുറിച്ച് ഗവേഷണം ആരംഭിച്ചു. പല രീതിയിൽ വീട്ടിൽ വച്ചുതന്നെ തവിടു പ്ലേറ്റ് നിർമിച്ചു നോക്കി. ഇതിനിടെ 2016ൽ എറണാകുളത്തു വച്ചു നടന്ന ഒരു എക്സിബിഷനിൽ കേന്ദ്രസർക്കാർ സ്ഥാപനമായ സിഎസ്ഐആർ (CSIR) നിർമിച്ച ചകിരി കൊണ്ടുള്ള പ്ലേറ്റ് കാണാനിടയായത്. അവരോട് ഗോതമ്പ് തവിട് കൊണ്ടുള്ള പ്ലേറ്റ് എന്ന ആശയത്തെ കുറിച്ച് സംസാരിച്ചു. ഉപകരണങ്ങളും ഫണ്ടും അസംസ്കൃതവസ്തുക്കളും നൽകിയാൽ സിഎസ്ഐആറിന്റെ തിരുവനന്തപുരത്തെ ലാബിൽ പരീക്ഷണം ആരംഭിക്കാം എ ന്ന് അവർ പറഞ്ഞു. പരീക്ഷണങ്ങൾക്കൊടുവിൽ 2017ൽ ലാബിൽ പ്ലേറ്റ് നിർമിച്ചു. ആ ടെക്നോളജി അവർ ഞങ്ങൾക്കു കൈമാറി. പലയിടത്തു നിന്നായി പാർട്സ് വാങ്ങി യോജിപ്പിച്ചാണ് പ്ലേറ്റ് നിർമിക്കാനുള്ള മെഷീൻ രൂപപ്പെടുത്തിയത്. ഇതിന് എൻജിനീയർ ആയ സുഹൃത്ത് സഹായിച്ചു. എല്ലാ പാർട്സും ഇന്ത്യൻ നിർമിതം തന്നെയായിരിക്കണം എന്നു നി ർബന്ധമുണ്ടായിരുന്നു. ഞങ്ങളുെട ഫാക്ടറിക്കു സമീപം ഗോതമ്പ് മില്ലുകൾ ഉണ്ട്. അവിെട നിന്ന് തവിട് വാങ്ങിച്ചാണ് പ്ലേറ്റുകൾ നിർമിച്ചത്.
ഈ പ്ലേറ്റ് ഒറ്റ തവണ ഉപയോഗത്തിനുള്ളതാണ്. ഭക്ഷണം വയ്ക്കുന്നതിനു മുൻപ് നനഞ്ഞ തുണി കൊണ്ട് തുടച്ചെടുക്കാം. ഉപയോഗശേഷം വെജിറ്റേറിയൻ ഭക്ഷണമാണ് പ്ലേറ്റിനുള്ളിൽ വച്ചതെങ്കിൽ കന്നുകാലികൾക്കു നൽകാം. മാംസഭക്ഷണമാണെങ്കിൽ പന്നികൾക്കും മറ്റും നൽകാം. ചെടികൾക്കു വളമായി ഉപയോഗിക്കാം. ഉണങ്ങിയ പ്ലേറ്റ് വിറകായും എടുക്കാം. ബയോഗ്യാസ് പ്ലാന്റിലും ഈ പ്ലേറ്റ് നിക്ഷേപിക്കാം. മൈക്രോവേവ് അവ്ൻ പാചകത്തിനും പ്ലേറ്റ് ഉപയോഗിക്കാം. ഒരു പ്ലേറ്റിനു 140 ഗ്രാം ഭാരമുണ്ടാകും. രണ്ട് കിലോ ഭക്ഷണം വരെ പ്ലേറ്റിനു താങ്ങാൻ സാധിക്കും.
പ്ലേറ്റ് കൂടാതെ സ്ട്രോ കൂടി നിർമിക്കുന്നുണ്ടിപ്പോൾ. അരി പൊടിക്കുമ്പോൾ നീക്കം െചയ്യുന്ന തവിടിനൊപ്പം കുറച്ച് അളവിൽ അരിപ്പൊടി കൂടി ഉണ്ടാകും. ഈ അരിപ്പൊടി കൊണ്ടാണ് സ്ട്രോ ഉണ്ടാക്കുന്നത്.
ഗോതമ്പ് തവിടിൽ നിന്നു തന്നെ സ്പൂണും ഫോർക്കും നിർമിക്കാൻ പദ്ധതിയുണ്ട്. അതിന്റെ സർട്ടിഫിക്കേഷനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. മനുഷ്യർക്കു ജീവനു ജീവിതവും നൽകുന്ന പ്രകൃതിക്ക് ആരോഗ്യകരമായി എന്തെങ്കിലും തിരികെ നൽകുക എന്നാണ് ഞങ്ങളുെട ലക്ഷ്യം.. അതു തൂശൻ പ്ലേറ്റിലൂെട സാധിക്കുന്നതിൽ സംതൃപ്തിയുണ്ട്...