Friday 21 June 2024 11:54 AM IST

തലവേദന. യൂറിക് ആസിഡ് വേദന തുടങ്ങി കൃമിശല്യത്തിനു വരെ- മുരിങ്ങയുടെ ഔഷധഗുണങ്ങളറിയാം

Dr C V Achunni Varrier, Retd. Deputy Chief Physician, Kottaykal Aryavaidyasala, Malappuram

muringa4353

പ്രകൃതിയിൽ നിന്നു വരദാനമായി ലഭിച്ച ഔഷധഗുണങ്ങളോടുകൂടിയ ഒരു സസ്യമാണ് മുരിങ്ങ. ഇത് ഇന്ത്യയിൽ മിക്കസ്ഥലങ്ങളിലും കൃഷി ചെയ്യുന്നു. മൃദുകാണ്ഡത്തോടു കൂടിയതും അനവധി ശാഖ, ഉപശാഖകളോടു കൂടിയതുമായ ഒരു ചെറുമരമാണിത്. ഇത് MORINGACEAE (മൊരിങ്ങേസി) കുടുംബത്തിൽപെട്ടതും (MORINGA OLEIFERA )മൊരിങ്ങ ഒലിഫെറ എന്ന ശാസ്ത്രനാമത്തോടു കൂടിയതുമാണ്. സംസ്കൃതത്തിൽ ശിഗ്രം, ശ്വേതമരിചം, ശോഭാഞ്ജനം, അക്ഷിവം, തീക്ഷ്ണഗന്ധം എന്നെല്ലാം പര്യായങ്ങൾ ഉണ്ട്. ഹിന്ദിയിൽ സേഞ്ജൻ എന്നും ഇംഗ്ലീഷിൽ DRUMSTICK, HORSE RADISH എന്നും പറയപ്പെടുന്നു.

അഞ്ചു മുതൽ പത്തു മീറ്റർ വരെ ഉയരത്തിൽ വളരുന്നതും പച്ച കലർന്ന ചാരനിറത്തോടുകൂടിയ കാണ്ഡത്തോടു കൂടിയതുമാണിത്. ഇലകൾ അഭിമുഖമായി വിന്യസിക്കപ്പെട്ടിരിക്കുന്നു. മൂലഭാഗം വണ്ണം കൂടി, മേലോട്ടു പോകുംതോറും വണ്ണം കുറയുന്നു.

രാസഘടകങ്ങൾ

തൊലിയിൽ വെളുത്ത പരൽ പോലെയുള്ള ആൽക്കലോയ്ഡ്സ് ഉണ്ട്. വെള്ളത്തിൽ ലയിക്കുന്ന പശയിൽ അമോണിയ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ, സി എന്നീ ജീവകങ്ങളും കാത്സ്യം, ഇരുമ്പ്, സിങ്ക്, പ്രോട്ടീൻ, ഫോളിക് ആസിഡ് എന്നിവയും മുരിങ്ങയിലുണ്ട്. ഇല, പൂവ്, തൊലി, കായ, വേര് എന്നിവ വിവിധ ഔഷധആവശ്യങ്ങൾക്കായും ഭക്ഷണമായും ഉപയോഗിക്കുന്നു. ഭക്ഷണത്തിൽ മുരിങ്ങയിലയും മുരിങ്ങക്കായയും വളരെ പ്രധാനമാണ്. എരിവ്, ചവർപ്പ്, കയ്പ്, എന്നീ രസങ്ങൾ മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്.

ഔഷധ പ്രയോഗങ്ങൾ

∙ മുരിങ്ങവേര് കഷായം ശരീര വേദന, സന്ധിവീക്കം എന്നിവ കുറയ്ക്കുന്നു.∙അഗ്നിദീപ്തിയും വിശപ്പും ഉണ്ടാകുവാൻ മുരിങ്ങ ഉപകാരപ്രദമാണ്.

∙ ആർത്തവ സംബന്ധമായ വേദനയ്ക്കും പ്രശ്നങ്ങൾക്കും മുരിങ്ങ തോൽ കഷായം ഫലപ്രദമാണ്. ∙ മുരിങ്ങത്തൊലി ഇട്ടു വെള്ളം തിളപ്പിച്ചു കുടിക്കുന്നത് മൂത്രതടസ്സം, മൂത്രക്കല്ല് ഇവയ്ക്ക് ആശ്വാസം നൽകുന്നു.

∙ പുഴുക്കടി, പൂപ്പൽബാധ, ചൊറിച്ചിൽ എന്നിവ കുറയ്ക്കുവാൻ മുരിങ്ങത്തൊലി ചേർന്ന മരുന്നുകൾ ഫലപ്രദമാണ്.

∙ രക്തചംക്രമണ വ്യവസ്ഥ മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തിനും നല്ലതാണ്.∙ വൈറ്റമിൻ എ, സി ജീവകങ്ങൾ അടങ്ങിയതിനാൽ മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു നേത്രരോഗങ്ങളെ തടയുന്നു. രക്തക്കുറവ്, സ്കർവി (SCURVY) എന്നിവ വരാതിരിക്കുവാനും നല്ലത്.

∙ കൃമി (WORMS) ശല്യത്തിന് ആശ്വാസം നൽകുന്നു. ∙ ഗന്ധകത്തിന്റെ അംശം അടങ്ങിയതിനാൽ വാതരോഗങ്ങൾക്കും, സർപ്പവിഷത്തിലും മുരിങ്ങയില അരച്ചു ലേപനം ചെയ്യുന്നതു നല്ലതാണ്.∙ മുരിങ്ങവേരിന്മേൽ തൊലി നന്നായി അരച്ചു ചൂടാക്കി ഉപനാഹം (POULTICE) വെച്ചു െകട്ടുന്നത് വീക്കവും വേദനയും കുറയ്ക്കും.

∙ യൂറിക് ആസിഡ് കൂടുതലുള്ളതുകൊണ്ടുള്ള പുകച്ചിൽ വേദന എന്നിവയ്ക്ക് മുരിങ്ങക്കുരുവിൽ നിന്ന് എടുക്കുന്ന എണ്ണ പുരട്ടാം. ∙ കരൾ, പ്ലീഹ വീക്കം കുറയുവാൻ മുരിങ്ങവേര് കഷായം 50mമീ.ലീ. പതിവായി സേവിക്കാം.

∙ മുരിങ്ങയില നീരിൽ കുരുമുളക് പൊടി ചേർത്തു നെറ്റിയിൽ ലേപനം ചെയ്യുന്നതു തലവേദനയ്ക്ക് ആശ്വാസമേകും.

∙ മുരിങ്ങപൂക്കൾ ഇട്ട് തിളപ്പിച്ച പാൽ ലൈംഗികാസക്തി വർധിപ്പിക്കുവാൻ നല്ലതാണെന്നു പറയപ്പെടുന്നു.

∙ ഗർഭിണികൾ മുരിങ്ങത്തോൽ അടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നതു നല്ലതല്ല.

വരണ്ട ഭൂപ്രദേശങ്ങളാണ് മുരിങ്ങ ക‍ൃഷിക്ക് അനുയോജ്യം. മണൽ കലർന്ന പശിമരാശി മണ്ണിൽ ഇവ നന്നായി വളരുന്നു. കമ്പുകൾ മുറിച്ചു നട്ടും, വിത്തുകൾ മുളപ്പിച്ചും പ്രത്യുൽപാദനം നടത്താം. നല്ല കായ്ഫലം തരുന്ന കമ്പുകൾ (2 ഇഞ്ച് വ്യാസവും അഞ്ചടി നീളവും ഉള്ളത്) ആണ് നടാൻ എടുക്കേണ്ടത്. 50 സെ.മീ.സമചതുരവും ആഴവും ഉള്ള കുഴികൾ എടുത്തു കമ്പോസ്റ്റ് വളമോ കാലിവളമോ ചേർത്തു മണ്ണ് അതിൽ നിറയ്ക്കണം. കമ്പ് ഇതിൽ നട്ട്, കുഴിയുടെ മുകൾഭാഗം കൂന പോലെ ഉയർത്താം. വേരു പിടിക്കുന്നതുവരെ മണ്ണിലെ ഈർപ്പം നിലനിർത്താൻ വെള്ളം നനച്ചു കൊടുക്കണം. വേനൽക്കാലത്തു മണ്ണിന്റെ വരൾച്ച ഇല്ലാതാക്കുവാൻ കരിയിലകൊണ്ട് അടിയിൽ പുത ഇടാം. വളർച്ചാമുകുളങ്ങൾ മുറിച്ചു മാറ്റുന്നതു കൂടുതൽ ശാഖകളോടുകൂടി വളരാൻ സഹായിക്കും.

മരുന്നുകൾ

എക്സീമ, സോറിയാസിസ് തുടങ്ങിയ ചർമ രോഗങ്ങൾക്കു മുരിങ്ങയിൽ നിന്നു തയാറാക്കുന്ന പടോലകടുരോഹിണ്യാദി കഷായം, PSORAKOT TAB എന്നിവ ഉപയോഗിക്കുന്നു. തലവേദന, ഗ്രന്ഥിവീക്കം, സന്ധിവാതം, അതിസ്ഥൗല്യം (OBESITY) എന്നിവയ്ക്കു നൽകുന്ന വരണാദി കഷായം, പക്ഷവാതം (PARALYSIS), സന്ധിവാതം എന്നിവയ്ക്കും ഉപയോഗിക്കുന്നു. കൊട്ടംചുക്കാദി തൈലം, ചിഞ്ചാദി തൈലം, കാർപ്പസാസ്ഥാദി തൈലം, ചെവിവേദന, കർണ്ണസ്രാവം, കേൾവിക്കുറവ് എന്നിവയ്ക്കു ചെവിയിൽ ഒഴിക്കുന്ന ക്ഷാരതൈലം ഉൾപ്പെടെ
ഈ മരുന്നുകളെല്ലാം മുരിങ്ങത്തൊലി അടങ്ങിയവയാണ്.

Tags:
  • Manorama Arogyam