Thursday 16 February 2023 12:05 PM IST : By സ്വന്തം ലേഖകൻ

വർഷം ഒന്നു കഴിഞ്ഞു, ഇപ്പോഴും തുടരുന്നു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പ്: ഹോമിയോയിലുണ്ട് പരിഹാരം

preghomeo6766

ദമ്പതികളെ മാത്രമല്ല കുടുംബാംഗങ്ങളെയെല്ലാം സന്തോഷത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിക്കുന്നതാണ് ഒരു കുഞ്ഞിന്റെ ജനനം. മനുഷ്യരിൽ കുട്ടികൾ ഉണ്ടാകാത്ത അവസ്ഥയാണ് വന്ധ്യത. ചുരുങ്ങിയത് ഒരു വർഷമെങ്കിലും ഒരുമിച്ച് താമസിക്കുകയും സ്വാഭാവിക ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിട്ടും ഗർഭധാരണം നടക്കാതെ വരുമ്പോഴാണ് വന്ധ്യതയെന്നു പറയുന്നത്. ഒരുവർഷം ഒരുമിച്ചു കഴിഞ്ഞിട്ടും മറ്റു ഗർഭനിരോധന മാർഗ്ഗങ്ങളൊന്നും അവലംബിക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടും ഗർഭധാരണം നടക്കാത്ത സാഹചര്യത്തിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

പുരുഷനാണോ സ്ത്രീക്കാണോ അതോ രണ്ടുപേർക്കും പ്രശ്നങ്ങൾ ഉണ്ടോയെന്നു കണ്ടെത്തുകയും കൃത്യമായ ചികിത്സ തേടുകയും ചെയ്യണം.

വന്ധ്യതയെന്ന പ്രശ്നത്തിന്റെ വൈകാരികവും സാമൂഹികവുമായ തലങ്ങൾ ചെലവു കൂടിയതും ബുദ്ധിമുട്ട് ഉള്ളതുമായ ചികിത്സാ രീതികൾ അവലംബിക്കുന്നതിനു ദമ്പതികളെ പ്രേരിപ്പിക്കുകയും അത് കുടുംബത്തിലെ സാമ്പത്തിക നിലയെ സാരമായി ബാധിക്കുകയും ചെയ്യും. ഫലപ്രാപ്തി ലഭിക്കാതായാൽ അത് കൂടുതൽ മാനസിക സംഘർഷങ്ങൾക്ക് ഇടയാകുകയും ചെയ്യും.

ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ചികിത്സാരീതിയെന്ന നിലയിൽ വന്ധ്യതാ ചികിത്സാരംഗത്ത് ഹോമിയോപ്പതി ചികിത്സാശാസ്ത്രത്തിന്റെ മികവ് ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. സർക്കാർ തലത്തിൽ വന്ധ്യതാ ചികിത്സയ്ക്കായി 2012 മുതൽ നടപ്പിലാക്കിവരുന്ന ജനനി പദ്ധതിയിൽ ഇതുവരെ രണ്ടായിരത്തിലധികം കുഞ്ഞുങ്ങൾ ജനിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളിലും ജില്ലാ ഹോമിയോ ആശുപത്രികളിലാണ് ജനനി പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ സ്വകാര്യ മേഖലയിലും ഫലപ്രദമായി വന്ധ്യതാ ചികിത്സ നടത്തുന്നുണ്ട്.

സ്ത്രീവന്ധ്യത

വന്ധ്യതയ്ക്കു കാരണമായ കാര്യങ്ങൾ എന്താണെന്നു കണ്ടുപിടിച്ച് ചികിത്സ ചെയ്യുക എന്നതാണു പ്രധാനം. ഹോർമോൺ വ്യതിയാനം മൂലം അണ്ഡവിസർജനം (ovulation) നടക്കാതെ വരുക, പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം (PCOS) , എൻഡോമെട്രിയോസ് (Endometriosis) , ആന്റിസ്പേം ആന്റിബോഡിയുടെ (Antispermal antibody ) സാന്നിധ്യം മൂലം പുരുഷ ബീജങ്ങൾക്കു ഗർഭപാത്രത്തിൽ എത്തിച്ചേരാൻ കഴിയാതെ വരുക, അണ്ഡവാഹിനിക്കുഴലിലെ തകരാറുകൾ, ഗർഭാശയ മുഴകൾ, തുടർച്ചയായ ഗർഭമലസൽ (Repeated abortions) തുടങ്ങി ഒട്ടേറെ കാരണങ്ങൾ മൂലം സ്ത്രീകളിൽ വന്ധ്യത വരാറുണ്ട്. യോനീസങ്കോചം (vaginismus), യോനീ വരൾച്ച, അണുബാധ, ഗർഭാശയ രോഗങ്ങൾ മൂലമുണ്ടാകുന്ന വേദനയുള്ള സംഭോഗം, ലൈംഗിക താൽപ്പര്യക്കുറവ്, മാനസിക പ്രശ്നങ്ങൾ തുടങ്ങി പല കാരണങ്ങൾ കൊണ്ടും ശരിയായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയാതെ വരാറുണ്ട്. പിസിഒഎസ് പോലുള്ള ഹോർമോൺ തകരാറുള്ളവരിൽ അമിതവണ്ണവും അമിത രോമവളർച്ചയും ഉണ്ടാകും. ജീവിതശൈലീ നിയന്ത്രണത്തിലൂടെ അമിതവണ്ണം നിയന്ത്രിക്കേണ്ടത് ഗർഭധാരണത്തിന് അനിവാര്യമാണ്.

ഹോമിയോപ്പതി ചികിത്സ

ഓരോ വ്യക്തിയുടേയും രോഗനിർണ്ണയം നടത്തി മാനസികവും ശാരീരികവുമായ രോഗലക്ഷണങ്ങള്‍ വിശകലനം ചെയ്ത് സദൃശ്യം സദൃശ്യത്തെ സുഖപ്പെടുത്തുന്നു എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ് ഹോമിയോപ്പതി ചികിത്സ നിർണയിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ വ്യക്തിയുടേയും വ്യക്തിഘടന (constitution) അനുസരിച്ച് ഉപയോഗിക്കുന്ന മരുന്നുകളിലും ആവർത്തനങ്ങളിലും വ്യത്യാസം ഉണ്ടാകും.

എൻഡോക്രൈൻ (endocrine) ഗ്രന്ഥികളുടെ പ്രവർത്തനം ശരിയായ രീതിയിൽ ആക്കി ഹോർമോണുകൾ സന്തുലിതാവസ്ഥയിൽ എത്തിക്കുന്നതിന് ഹോമിയോ ഔഷധങ്ങൾ കൊണ്ടു സാധിക്കും. പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് (PCOD) ഉള്ള പെൺകുട്ടികളെ ആർത്തവാരംഭകാലം മുതൽ തന്നെ ചികിത്സിച്ച് ഹോർമോൺ വ്യതിയാനം ശരിയായ രീതിയിൽ ആക്കി ആർത്തവചക്രം ക്രമപ്പെടുത്തുന്നത് ഭാവിയിൽ വന്ധ്യത ഒഴിവാക്കുന്നതിന് ഉപകരിക്കും.

എൻഡോമെട്രിയോസിസ് (endometriosis) രോഗം മൂലമുള്ള വേദന കുറയ്ക്കുന്നതിനും അമിത രക്തസ്രാവം നിയന്ത്രിക്കുന്നതിനും ഗർഭധാരണം സാധ്യമാകുന്നതിനും ഹോമിയോപ്പതി ഔഷധങ്ങൾ ഉപയോഗിക്കാം. ഗർഭാശയ മുഴകൾ (fibroids) അണ്ഡാശയത്തിലെ സിസ്റ്റ് (ovarian cyst) മുതലായവ ഓപ്പറേഷൻ ഇല്ലാതെ സുഖപ്പെടുത്തുന്നതിനും കൃത്യ സമയത്ത് അണ്ഡവിസർജനം നടക്കുന്നതിനും ഹോമിയോപ്പതി മരുന്നുകൾ ഫലപ്രദമായി ഉപയോഗിക്കുന്നു.

അണ്ഡവാഹിനിക്കുഴലിലെ അണുബാധയും തടസങ്ങളും നീക്കി അണ്ഡത്തിനും ബീജത്തിനും ശരിയായ ചലനശേഷി നൽകി ബീജസങ്കലനം സാധ്യമാകുന്നതിന് ഹോമിയോപ്പതി ഔഷധങ്ങൾക്കു സാധിക്കുന്നു.

തുടർച്ചയായി അബോർഷൻ ഉണ്ടാകുന്ന സ്ത്രീകളിൽ അബോർഷൻ പ്രതിരോധിക്കുന്നതിനും ഗർഭപാത്രത്തിനു ശക്തി നൽകുന്നതിനും മാസം തികയാതെയുള്ള പ്രസവം (pretein labour) തടയുന്നതിനും ഫലപ്രദമായി ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ചുവരുന്നു. കുട്ടിക്ക് ഉണ്ടാകുന്ന വൈകല്യങ്ങൾ തടയുന്നതിനും പ്രസവം എളുപ്പമാക്കി അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യം പ്രദാനം ചെയ്യുന്നതിനും ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കാം.

പുരുഷ വന്ധ്യത

പുരുഷന്മാരുടെ വന്ധ്യതാ കാരണങ്ങൾ പ്രധാനമായും ബീജസംഖ്യയുടെ (sperm count) കുറവ്, ബീജങ്ങളുടെ ചലനശേഷിക്കുറവ്, ബീജങ്ങളുടെ ഘടനയിലുള്ള വ്യതിയാനം (Abnormal sperms) ബീജങ്ങളുടെ ഗുണമേന്മയിലുള്ള കുറവ്, ഹോർമോൺ വ്യതിയാനം, വൃഷണ വീക്കം (scrotal infections), വെരിക്കോസ് വെയിൻ (varicosity of scrotum) എന്നിവയാണ്. ലിംഗ ഉദ്ധാരണക്കുറവ്, താൽപ്പര്യ കുറവ് , മാനസിക പ്രശ്നങ്ങൾ മുതലായവ മൂലം ശരിയായ സംഭോഗത്തിൽ ഏർപ്പെടാൻ സാധിക്കാത്തതും കാരണമാകാറുണ്ട്.

ശരിയായ അളവിലുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കാത്തതും അന്തരീക്ഷ ഊഷ്മാവ് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതും ബീജത്തിന്റെ ശരിയായ രീതിയിലുള്ള ഉൽപാദനത്തെ സാരമായി ബാധിക്കാറുണ്ട്.

പുകവലി, മദ്യപാനം തുടങ്ങിയ ലഹരി പദാർഥങ്ങളുടെ ഉപയോഗം ബീജത്തിന്റെ ഗുണനിലവാരക്കുറവിനും ഉദ്ധാരണ കുറവിനും കാരണമാകുകയും പ്രത്യുൽപാദന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പ്രമേഹം , രക്താതിസമ്മർദം, അമിത വണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും വന്ധ്യതയ്ക്കു കാരണമാകുന്നുണ്ട്.

ഹോമിയോപ്പതി ചികിത്സ

ബീജങ്ങളുടെ അളവ് കൂടുന്നതിനും ചലനശേഷി വർധിപ്പിക്കുന്നതിനും ഉദ്ധാരണക്കുറവ് മൂലമുള്ള പ്രശ്നങ്ങൾക്കും ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനും ഹോമിയോപ്പതി ചികിത്സ ഗുണകരമാണ്. ഇതിനായി സർക്കാർ തലത്തിൽ പുനർജനി എന്ന പേരിൽ ലഹരി വിമുക്ത ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.

വന്ധ്യതാ ചികിത്സയിലെ ഹോമിയോ മരുന്നുകൾ

പൾസാറ്റില, സെപ്പിയ, നാട്രം മൂർ, ഗ്രാഫൈറ്റിസ്, ഹമാമെലിസ് , മില്ലെഫോളിയം , സൾഫർ, ലൈക്കോപോഡിയം, അശ്വഗന്ധ എന്നിങ്ങനെ നിരവധി ഹോമിയോപ്പതി മരുന്നുകൾ വന്ധ്യതാ ചികിത്സിയ്ക്ക് ഉപയോഗിക്കുന്നു. ഓരോ വ്യക്തിയുടേയും ശാരീരിക മാനസിക ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ യോഗ്യത നേടിയ ഹോമിയോപ്പതി ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ അളവിലും ആവർത്തനത്തിലും ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ചാൽ മാത്രമേ ഫലപ്രാപ്തി ലഭിക്കുകയുള്ളൂ.

ഡോ. വി. കെ. പ്രിയദർശിനി

ജില്ലാ മെഡിക്കൽ ഓഫീസർ,

ആയുഷ് ഹോമിയോപ്പതി വിഭാഗം

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips