Friday 07 July 2023 04:57 PM IST

‘ക്ഷീണം കുറയ്ക്കുന്നു, വിഷാദം അകറ്റുന്നു, വേദന ഇല്ലാതാക്കുന്നു’; ആയിരം വാക്കുകളേക്കാൾ ശക്തിയേറിയതാണ് ഒരാലിംഗനം

Asha Thomas

Senior Sub Editor, Manorama Arogyam

hugginge324

ആയിരം വാക്കുകളേക്കാൾ ശക്തിയേറിയതാണ് ഒരാലിംഗനമെന്ന് പഴമൊഴി. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നാം അത് അനുഭവിച്ചറിയുന്നു. അമ്മയുടെ മാറോടണയുമ്പോഴുള്ള ആശ്വാസം. ആദ്യ പ്രണയാലിംഗനത്തിന്റെ അനുഭൂതി, ആദ്യത്തെ കൺമണിയെ മാറോടു ചേർക്കുമ്പോഴുള്ള നിർവൃതി. ഇതൊക്കെ വാക്കുകൾ കൊണ്ട് പറഞ്ഞുതീർക്കാനാകുമോ? ആലിംഗനമെന്നത് നമുക്ക് ഏറെ വ്യക്തിപരവും സ്വകാര്യവുമായ കാര്യമാണ്. പൊതുസ്ഥലത്ത് കെട്ടിപ്പിടിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ല, അത് ഒരേ ലിംഗത്തിൽ പെട്ടവരാണെങ്കിൽ പോലും.

modihug324

വിദേശങ്ങളിൽ അഭിവാദനമര്യാദയുടെ ഭാഗമായും അഭിനന്ദന സൂചകമായും വിടപറയലിനോടു ചേർന്നുമെല്ലാം ആലിംഗനം ചെയ്യുന്ന പതിവുണ്ട്. രാഷ്ട്രീയക്കാരുടെയിടയിലും കെട്ടിപ്പിടുത്തത്തിന് ഏറെ പ്രാധാന്യമുണ്ട്. തങ്ങൾ വളരെ ഊഷ്മളനായ വ്യക്തിയാണെന്നും മടി കൂടാതെ തന്നെ സമീപിക്കാമെന്നുമുള്ള ഒരു പ്രതിച്ഛായ സൃഷ്ടിക്കാൻ കെട്ടിപ്പിടുത്തങ്ങൾ സഹായിക്കുന്നുണ്ട്. നയതന്ത്ര ബന്ധങ്ങളിലും ബിസിനസ് മീറ്റിങ്ങുകളിലുമെല്ലാം ആലിംഗനങ്ങൾ ഇടം തേടുന്നതിന്റെ കാരണവും ഇതു തന്നെ. ആലിംഗനം രണ്ടു വ്യക്തികൾക്കിടയിലെ മഞ്ഞ് ഉരുകിനീങ്ങാൻ സഹായിക്കുന്നു. സ്വയമേയുള്ള പ്രതിരോധം അലിഞ്ഞില്ലാതാകുന്നതോടെ വ്യക്തികൾക്കിടയിൽ വിശ്വാസം രൂപപ്പെടും. ഇതു സഹകരണമനോഭാവം വർധിപ്പിക്കും.

അമ്മയുടെ ആലിംഗനമെന്നു കേൾക്കുന്നതേ മനസ്സിൽ വരുന്ന പേരാണ് മാതാ അമൃതാനന്ദമയി. ഇന്ത്യയിലെ കെട്ടിപ്പിടിക്കുന്ന അമ്മ (ഹഗ്ഗിങ് മദർ ഒാഫ് ഇന്ത്യ) എന്നാണ് വിദേശമാധ്യമങ്ങൾ അമൃതാനന്ദമയിയെ വിശേഷിപ്പിക്കുന്നത്. ദിവസവും പതിനായിരക്കണക്കിനു പേരാണ് അമ്മയുടെ നെഞ്ചോടു ചേർന്ന് സ്നേഹാശ്ലേഷിതരായി സമാശ്വാസം നേടി പോകുന്നത്. ഇത്രയധികം നേര, ഇത്രയധികം ആളുകളെ യാതൊരു ക്ഷീണവും മടുപ്പും കൂടാതെ ആശ്ലേഷിച്ചു സമാശ്വസിപ്പിക്കുന്നതിൽ ഒരു അസാധാരണത്വമുണ്ടെന്നു സമ്മതിക്കാതെ തരമില്ല.

പൊതുസ്ഥലത്തെ ആലിംഗനം ജാതി മത ഭേദമന്യേ അത്ര സ്വീകാര്യമായ കാര്യമല്ലെന്നു പറഞ്ഞല്ലോ. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ മതപരമായ ചടങ്ങുകളുടെ ഭാഗമായി കെട്ടിപ്പിടിച്ചാശ്ലേഷിക്കാറുണ്ട്. ഉദാഹരണത്തിന് ഈദ് പെരുന്നാളിന്റെയന്ന് പരസ്പരം കൈകുലുക്കി ഈദ് മുബാറക്ക് പറഞ്ഞശേഷം തോളോടു തോൾ ചേർത്ത് മൂന്നു തവണ ആലിംഗനം ചെയ്യുന്നത് ഷിയാ മുസ്ലിം പുരുഷന്മാരുടെയിടയിൽ സാധാരണമാണ്.

ക്രിസ്തു മതത്തിൽ പെട്ടവരുടെയിടയിൽ ശവമടക്കിനു മുമ്പായി മരിച്ചയാൾക്ക് പ്രിയപ്പെട്ടവർ അന്ത്യചുംബനം നൽകി യാത്ര ചൊല്ലുന്ന പതിവുമുണ്ട്.

സയൻസ് പറയുന്നത്

സയൻസ് എന്താണ് ആലിംഗനത്തെക്കുറിച്ചു പറയുന്നതെന്നു നോക്കാം. സ്പർശനത്തിന്റെ ഒരു വിപുലമായ രൂപമായാണ് ആലിംഗനത്തെയും ശാസ്ത്രം കാണുന്നത്. അതായത് സ്പർശനത്തിന്റെ എല്ലാ ഗുണങ്ങളും ആലിംഗനത്തിനും അവകാശപ്പെടാമെന്നർഥം. സുഖകരമാക്കുക എന്നർഥമുള്ള – എന്ന വാക്കിൽ നിന്നാണ് ആലിംഗനമെന്നർഥമുള്ള ഹഗിങ് ഉണ്ടായതെന്നാണ് കാണുന്നത്. ഭക്ഷണവും വസ്ത്രവും പാർപ്പിടവും പോലെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് സ്പർശനവും എന്നത് ശാസ്ത്രം പണ്ടേ പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ഒരു കുഞ്ഞിന്റെ മാനസിക–വൈകാരിക–ശാരീരികവളർച്ചയ്ക്ക് അച്ഛന്റെയും അമ്മയുടെയും സ്നേഹലാളനങ്ങൾ പ്രധാനമാണെന്നു പല പഠനങ്ങളിലും തെളി‍ഞ്ഞിട്ടുണ്ട്. ഇതിൽ നിന്നാണ് കംഗാരു ഹഗ് എന്ന ആശയം പോലും ഉടലെടുത്തത്.

വിദേശങ്ങളിലെ അനാഥമന്ദിരങ്ങൾ കേന്രീകരിച്ചു നടത്തിയ ഒരു പഠനത്തിൽ സ്പർശനത്തിനോ പരിലാളനത്തിനോ ഭാഗ്യമില്ലാതെ വളരുന്ന കുഞ്ഞുങ്ങളിലെ ശിശുപ്രായത്തിലുള്ള മരണനിരക്ക് വളരെ ഉയർന്നതാണെന്നു കണ്ടിരുന്നു. മൃഗങ്ങൾ കുഞ്ഞുങ്ങളെ നക്കിത്തോർത്തുന്നത് സ്പർശനത്തിന്റെ ധർമങ്ങൾ നിറവേറ്റപ്പെടാൻ വേണ്ടിയാണത്രെ.

hug2788989

ആലിംഗനത്തിന്റെ ഗുണങ്ങൾ

കുഞ്ഞുങ്ങൾ മുതിർന്നവരായി പരുവപ്പെടുമ്പോഴും സ്നേഹത്തോടെ സ്പർശിക്കപ്പെടാനുള്ള ആഗ്രഹം മാഞ്ഞുപോകുന്നില്ല. വലിയ ദുഃഖങ്ങളിൽ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കപ്പെടുമ്പോൾ നാം പെട്ടെന്നു ശാന്തരാകുന്നു, ഡോക്ടർ തൊട്ടു പരിശോധിക്കുമ്പോൾ രോഗിയുടെ അസുഖം പാതി ഭേദമാകുന്നു. കുഞ്ഞു വിജയങ്ങളിൽ അധ്യാപകരോ മാതാപിതാക്കളോ ചേർത്തുനിർത്തി തലോടുമ്പോൾ കൂടുതൽ നേട്ടങ്ങളിലേക്ക് കുതിക്കാൻ കുട്ടികളിൽ ഊർജം നിറയുന്നു. ഒരൊറ്റ ആശ്ലേഷം തരിശ്ശായ വാർധക്യത്തിൽ സ്നേഹത്തിന്റെ നനവിറ്റിക്കുന്നു...

ക്വിക് ഫിക്സുകളുടെ കാലമാണല്ലൊ. എന്തും പെട്ടെന്നു ശരിയാകണം. മാനസികമായും ശാരീരികവുമായ പ്രശ്നങ്ങൾക്കുള്ള ഒരു ക്വിക് ഫിക്സ് ആയാണ് ഗവേഷകർ ആലിംഗനത്തെ കാണുന്നത്. ദിവസവും ഒരാപ്പിൾ കഴിച്ച് ഡോക്ടറെ അകറ്റാമെന്നു പറയുന്നതു പോലെ ഒന്നു കെട്ടിപ്പിടിച്ചു രോഗങ്ങൾ അകറ്റാം എന്നാണ് ആലിംഗനവാദികളുടെ അഭിപ്രായം. ഇത്രയെറെ പുകഴ്ത്താൻ മാത്രം എന്താണ് കെട്ടിപ്പിടിക്കുമ്പോൾ സംഭവിക്കുന്നത് എന്നു നോക്കാം.

ബിപി കുറയുന്നു– മനസ്സിന്റെ പിരിമുറുക്കങ്ങളെ അലിയിച്ചു കളയാനുള്ള ശക്തിയുണ്ട് ആലിംഗനങ്ങൾക്ക് എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. മാനസികമായ പിരിമുറുക്കമാണല്ലൊ രക്തസമ്മർദം വർധിക്കാനുള്ള ഒരു കാരണം. ആലിംഗനത്തിൽ അമരുമ്പോൾ സുഖാനുഭവദായകരായ ഡോപ്പമിനുകൾ രക്തത്തിലേക്ക് പ്രവഹിക്കപ്പെടും. ഒാക്സി‍േടാസിനുകളുടെ കുത്തൊഴുക്ക് ഉള്ളിലെ വിഷാദമേഘങ്ങളെ തുടച്ചുനീക്കും. പിരിമുറുക്കത്തിനു കാരണമാകുന്ന കോർട്ടിസോൾ ഹോർമോണുകളുടെ നിരക്കു കുറയും. പൊതുവേ സുഖശാന്തമായ ഒരവസ്ഥ സംജാതമാകും.

മാഡിസനിലെ വിസ്കോൻസിൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഏതാനും പെൺകുട്ടികളെ തിരഞ്ഞെടുത്ത് അവരെക്കൊണ്ട് വളരേയെറെ പരിശ്രമം വേണ്ട ഒരു പ്രോജക്ട് ചെയ്യിച്ചു. സ്വാഭാവികമായും ഇതവരിൽ പിരിമുറുക്കമുണ്ടാക്കി. എന്നിട്ട് റിലാക്സിങ് ആക്കാൻ ചിലരെ വീഡിയോകൾ കാണിച്ചു. ചിലർക്ക് സ്വന്തം അമ്മമാരുടെ ആലിംഗനം ലഭിക്കാൻ അവസരമൊരുക്കി. ആലിംഗനത്തിലൂടെ മനസ്സു തണുപ്പിച്ചവരിൽ ഒരു മണിക്കൂറിനുള്ളിൽ സമ്മർദ സൂചകമായ കോർട്ടിസോൾ ഹോർമോൺ നിരക്കുകൾ കുറഞ്ഞതായി കണ്ടു.

∙ കെട്ടിപ്പിടിക്കുമ്പോൾ പുറപ്പെടുവിക്കപ്പെടുന്ന ഹോർമോണായ ഒാക്സിടോസിനെ വിശ്വാസഹോർമോൺ എന്നും വിശേഷിപ്പിക്കാറുണ്ട്. മുലയൂട്ടുന്ന അമ്മമാരിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണാണിത്. പരസ്പരമുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനും മാനസിക സ്വാസ്ഥ്യത്തിനും ഈ ഹോർമോൺ സഹായകമാണ്. പരസ്പരവിശ്വാസം വർധിപ്പിക്കാനും ഇതു സഹായിക്കുന്നു.

∙ പൊതുവേ പിരിമുറുക്കം അനുഭവിക്കുന്നവർക്ക് ശാരീരിക പ്രതിരോധശേഷി കുറയുന്നതായാണ് കണ്ടിട്ടുള്ളത്. ഇതു മൂലം ഇവർ എളുപ്പം വൈറസ് അണുബാധകൾക്ക് അടിമപ്പെടാം. ഒറ്റപ്പെട്ടു ജീവിക്കുന്നവരുടെ കാര്യവും ഇങ്ങനെ തന്നെ. അമേരിക്കയിലെ കാർനെഗി മെലൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നത് കെട്ടിപ്പിടിക്കാൻ പോന്നത്ര അടുത്ത സൗഹൃദങ്ങൾ ഉള്ളവരിൽ പിരിമുറുക്കം മൂലമുള്ള അസുഖങ്ങൾ കുറഞ്ഞിരിക്കുമെന്നാണ്. ജോലിയിലെ ആയാസം മൂലമുള്ള മരണനിരക്ക് മികച്ച സാമൂഹിക ബന്ധങ്ങൾ ഉള്ളവരിൽ തുലോം കുറവാണെന്നു സ്വീഡനിലെ ഗവേഷകർ. സന്തോഷവാന്മാരായ ആളുകളെ ജലദോഷ–ഫ്ളൂ വൈറസുകൾ ആക്രമിക്കുവാനുള്ള സാധ്യത കുറവാണെന്നും ആക്രമിച്ചാൽ തന്നെ രോഗലക്ഷണങ്ങൾ കുറവായിരിക്കുമെന്നും മറ്റൊരു പഠനം പറയുന്നു.

∙ ക്ഷീണം കുറയ്്ക്കുന്നു, വിഷാദലക്ഷണങ്ങൾ അകറ്റുന്നു, വേദനയനുഭവപ്പെടുന്നത് കുറയ്ക്കുന്നു, മദ്യം, മയക്കുമരുന്ന് എന്നിവയോടുള്ള അമിതമായ ആഗ്രഹം കുറയ്ക്കുന്നു എന്നിങ്ങനെ ഒട്ടനവധി ഗുണങ്ങൾ ആലിംഗനത്തിനുണ്ടെന്നാണ് പറയപ്പെടുന്നത്.

sex-survey-3

∙ ശാരീരിക സ്പർശനവും ആലിംഗനവുമെല്ലാം ദമ്പതികൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ സഹായിക്കുമെന്നാണ് നോർത്ത് കരോലിന യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പരീക്ഷണഫലം വ്യക്തമാക്കുന്നത്. പരസ്പരം ആശ്ലേഷിച്ചും പഴയ പ്രണയാർദ്രമായ ഒാർമകൾ പങ്കുവച്ചും ഇരുന്ന ദമ്പതികളിലെ രക്തം പരിശോധിച്ചപ്പോൾ ഒാക്സിടോസിൻ ഹോർമോൺ വളരെ ഉയർന്ന നിരക്കിൽ അടങ്ങിയതായി കണ്ടു.

പലതരം ആലിംഗനങ്ങൾ

ധൃതരാഷ്ട്രാലിംഗനം എന്നു കേട്ടിട്ടുണ്ടാവുമല്ലൊ. ഞെരുക്കി കൊല്ലാൻ പോകുന്ന പോലെ ഞെരിച്ചമർത്തിയുള്ള ആലിംഗനത്തിനാണ് ഇങ്ങനെ പറയുന്നത്. കുഞ്ഞുങ്ങളെ അമമമാർ ചേർത്തമർത്തും പോലുള്ള ആലിംഗനമാണ് കഡ്ലിങ്, പ്രണയിതാക്കളിലും ഇത്തരം കെട്ടിപ്പിടുത്തം കാണാം. മുന്നോട്ടാഞ്ഞ് തോളിൽ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ നിന്ന് കവിളിൽ മൃദുവായി കവിൾ ചേർക്കുന്നതാണ് ചീക്ക് ടച്ച്. വളരെ ഔദ്യോഗികമായ അഭിവാദനമാണിത്. ആശ്ലേഷിച്ച് പുറം തലോടുന്നതാണ് ബാക്ക് പാറ്റ്. സൗഹൃദസൂചന. എന്നാൽ അടുപ്പം കുറവാണ് ഈ ആലിംഗനത്തിന്. വരിഞ്ഞുമുറുക്കി ശരീരത്തോടു ചേർക്കുന്നതിനാണ് ബിയർ ഹഗ് എന്നു പറയുന്നത്. ഇത് വളരെ അടുപ്പമുള്ളവരോടു മാത്രമാകുന്നതാണ് നല്ലത്. മാതാപിതാക്കൾ രണ്ടാളും ചേർന്ന് കുട്ടിയെ ചേർത്തമർത്തുന്നതിനാണ് സാൻവിജ് ഹഗ് എന്നു പറയുന്നത്.

കെട്ടിപ്പിടിക്കാൻ പേടി

എന്നാൽ ആലിംഗനം എപ്പോഴും സുഖദായകമോ സമാശ്വാസകരമോ ആകണമെന്നില്ല. പൊതുനിരത്തിൽ വച്ച് അപരിചിതനായ ഒരാൾ ആശ്ലഷത്തിനു തുനിഞ്ഞാൽ അതിൽപരം ഭീതിദമായ കാര്യമുണ്ടാകില്ല. അതുകൊണ്ടു തന്നെ ടെൻഷൻ കുറയ്ക്കാനോ മറ്റോ ഉള്ള കുറിപ്പടിയല്ല ആലിംഗനം, നമ്മുടെ സംസ്കാരത്തിൽ പ്രത്യേകിച്ച്.

ചിലർക്ക് ശാരീരികമായ സ്പർശനത്തോട് ഫോബിയ പോലുള്ള പേടിയുമുണ്ടാകാം. സ്പർശനത്തോടുള്ള പേടിക്ക് ഹാഫേഫോബിയ (Haphephobia), അല്ലെങ്കിൽ തിക്സോഫോബിയ (thixophobia) എന്നു പറയും. ജന്മനാലോ ലൈംഗികമായ ചൂഷണം പോലെയുള്ള ദുരനുഭവങ്ങളേ തുടർന്നോ ഇത്തരം ഫോബിയ വരാം. നാവു വരളുക, നെഞ്ചിടിപ്പ് ക്രമാധികമായി കൂടുക, വെപ്രാളം, തലചുറ്റൽ, മരവിപ്പ്, വിറയൽ എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ.

എന്നാൽ വളരെ അടുത്ത സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ പോലെ ഏറെ അടുപ്പമുള്ളവരെ കെട്ടിപ്പിടിക്കുമ്പോൾ അത് സുഖദായകമാകാം താനും. അതിനാൽ കെട്ടിപ്പിടിക്കണമോ വേണ്ടയോ എന്നത് ഒാരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യത്തിനു വിടുന്നതാകും ഉചിതം.

ആശ്ലേഷമെന്നത് ഇനിയുമേറെ ഗവേഷണ സാധ്യതയുള്ള ഒരു വിഷയമാണ്. സാംസ്കാരികമായ വ്യത്യാസങ്ങൾ ഇക്കാര്യത്തിൽ ഉള്ളതിനാൽ എല്ലാവർക്കും ഇത് ഒരുപോലെ ഗുണകരമാകണമെന്നില്ല. പക്ഷേ, അടിസ്ഥാനപരമായി സ്നേഹിക്കപ്പെടാനും സ്നേഹത്തോടെ സ്പർശിക്കപ്പെടാനുമാഗ്രഹിക്കുന്ന ഒരു കു‍ഞ്ഞ് നമ്മുടെയെല്ലാമുള്ളിലുണ്ട് എന്നു മറക്കരുത്.

Tags:
  • Manorama Arogyam