ഞാനെങ്ങനെയാണ് ഉണ്ടായത് എന്ന് 4 വയസ്സുകാരി ചോദിക്കുന്നു. എന്ത് മറുപടി കൊടുക്കണം?
A അമ്മയുടെ വയറ്റിൽ ഗർഭപാത്രം എന്നൊരു അറയുണ്ട്. അതിൽ 10 മാസം മോളെ കൊണ്ടുനടന്നു. മോൾ വലുതായി കഴിഞ്ഞ് പുറത്തെടുത്തു എന്നു പറഞ്ഞുകൊടുക്കാം. കുട്ടിയുടെ പ്രായത്തിന് അനുസരിച്ചുള്ള വിശദാംശങ്ങൾ കൂട്ടിച്ചേർക്കാം.
മാറ്റിക്കിടത്തൽ?
അഞ്ചു വയസ്സു കഴിഞ്ഞാൽ കുട്ടികളെ മാറ്റിക്കിടത്താം. അച്ഛനമ്മമാരുടെ അടുത്തു നിന്നു പെട്ടെന്ന് മാറ്റിക്കിടത്തുന്നത് സങ്കടം ആകാതിരിക്കാൻ പാവയോ ടെഡിബെയറോ കൂട്ടായി നൽകാം
അപരിചിതരോടുള്ള കൊച്ചുകുട്ടികളുടെ അടുപ്പത്തിന് എത്ര അതിർവരമ്പ് വയ്ക്കണം?
A അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തിൽ മാത്രം അപരിചിതരോട് ഇടപഴകാൻ അനുവദിക്കുക. കുട്ടിയെ ഉമ്മ വയ്ക്കുക, മടിയില്‍ ഇരുത്തുക എന്ന രീതികളെയൊക്കെ നിരുത്സാഹപ്പെടുത്തുക. വീട്ടിൽ വരുന്നത് എത്ര അടുത്ത ബന്ധത്തിൽ പെട്ട സന്ദർശകരായാലും അപ്രകാരം പെരുമാറാൻ കുട്ടിയെ നിർബന്ധിക്കുകയുമരുത്.
Qഅച്ഛനും അമ്മയും തമ്മിലുള്ള ലൈംഗികബന്ധം കുട്ടി അബദ്ധവശാൽ കണ്ടുപോയി. എന്തു ചെയ്യണം?
Aകുട്ടികള്‍ കൂടെയുള്ളപ്പോള്‍ െെലംഗികബന്ധത്തിന്റെ കാര്യത്തിൽ മാതാപിതാക്കള്‍ അതീവ ശ്രദ്ധ പാലിക്കണം. അഥവാ അബദ്ധം പറ്റി കുട്ടി കണ്ടുപോയാലും പരിഭ്രാന്തരാകുകയോ കുട്ടിയുടെ നേരേ ഒച്ചയിടുകയോ വഴക്കുപറയുകയോ ചെയ്യരുത്. സാധാരണ രീതിയിൽ പെരുമാറുക. ചെറിയ കുട്ടി അതിനേക്കുറിച്ചു ചോദിച്ചാൽ അതത്ര വലിയ കാര്യമൊന്നുമല്ല, ഒരു കളിയായിരുന്നു എന്ന രീതിയിൽ പറയാം. മാതാപിതാക്കൾ തമ്മിലുള്ള വഴക്കാണെന്നു വിചാരിച്ച് ചില കുട്ടികൾ സങ്കടപ്പെടാം. അങ്ങനെയല്ല അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹപ്രകടനം ആയിരുന്നെന്നു പറയാം. ചില കുട്ടികൾക്ക് ഇത്തരം കാഴ്ചകൾ വലിയ ഷോക്ക് ആകാം. കുട്ടി ഷോക്കിലാണ് എന്നു തോന്നിയാൽ ഒരു മനശ്ശാസ്ത്ര വിദഗ്ധന്റെ സഹായം തേടുന്നതാകും ഉചിതം.
ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ അഞ്ചു വയസ്സിനുശേഷം കുട്ടികളെ ഒറ്റയ്ക്കു കിടന്നുറങ്ങാന്‍ പ്രോത്സാഹിപ്പിക്കുക. ആദ്യം മുറിയിൽ തന്നെ മറ്റൊരു കട്ടിലിൽ കിടത്തിയിട്ട് പതിയെ വേറെ മുറിയിലേക്ക് മാറ്റാം. പെട്ടെന്നുള്ള മാറ്റിക്കിടത്തൽ സങ്കടമാകാതിരിക്കാൻ ഒരു പാവയോ ടെഡി ബെയറോ തലയിണയോ കൂട്ട് നൽകാം. രാത്രി കുട്ടി അതു കെട്ടിപ്പിടിച്ചു കിടന്നുറങ്ങിക്കൊള്ളും.
ബലാത്സംഗം, പീഡനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള കൊച്ചുകുട്ടികളുടെ സംശയങ്ങൾക്ക് എന്തു മറുപടി നൽകണം?
A ഒരു ദിവസം 90 പെൺകുട്ടികൾ റേപ്പ് ചെയ്യപ്പെടുന്നുവെന്നാണ് 2017–ലെ ഇന്ത്യയിലെ കണക്ക്. അതുകൊണ്ട് ഇത്തരം വാർത്തകൾ ഒരു അവസരമാണ്. പെൺകുട്ടികളോട് സ്വയം സുരക്ഷയെക്കുറിച്ച് പറഞ്ഞുകൊടുക്കാനുള്ള അവസരം. പ്രായത്തിന് അനുസൃതമായ രീതിയില്‍ അവരുടെ ആകാംക്ഷ നിറഞ്ഞ സംശയങ്ങള്‍ക്ക് (ഉദാ: പീഢനം, ബലാല്‍സംഗം) ഉത്തരം പറയുക. കൊച്ചുകുട്ടികളാണെങ്കിൽ ഇതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ നല്ല സ്പര്‍ശനം, ചീത്ത സ്പര്‍ശനം എന്നിവയെപ്പറ്റി ആവര്‍ത്തിക്കുക, മുതിർന്ന പെൺകുട്ടികളോട് സമൂഹത്തിലുള്ള ചതിക്കെണികളെ കുറിച്ച് സംസാരിക്കുക. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കരുത് എന്നു പറയുക.
Qമകൾക്ക് 12 വയസ്സ്. അവൾക്ക് എന്തൊക്കെ കാര്യങ്ങളാണ് ഈ പ്രായത്തിൽ പറഞ്ഞുകൊടുക്കേണ്ടത്?.
A12–17 പ്രായത്തില്‍ െെലംഗികതയെ പറ്റിയും പ്രത്യുല്‍പാദനത്തിനെ പറ്റിയും ഉള്ള അടിസ്ഥാന വിദ്യാഭ്യാസം കുട്ടികള്‍ക്കു സ്കൂളില്‍ നിന്നുതന്നെ ലഭിച്ചിട്ടുണ്ടാകും. അനുദിനം മാറുന്ന ശാരീരികായവങ്ങളും മാനസികാവസ്ഥയും ലൈംഗികതയെപ്പറ്റി കുട്ടികളെ കൂടുതല്‍ ജിജ്ഞാസുക്കള്‍ ആക്കാറുണ്ട്. അമ്മമാര്‍ ആര്‍ത്തവത്തെയും ആര്‍ത്തവശുചിത്വത്തെയും, മാറിവരുന്ന ശാരീരിക അവസ്ഥയെയും പറ്റി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. ഇതിനെപ്പറ്റി വ്യക്തമായ ഒരു ധാരണ അമ്മമാര്‍ക്ക് ഉണ്ടായാലേ പറഞ്ഞുകൊടുക്കാനാകൂ. അങ്ങനെ പറഞ്ഞുകൊടുക്കാനുള്ള അറിവില്ലെങ്കിൽ കുട്ടിയുടെ ടീച്ചറിന്റെ സഹായം തേടാം. അല്ലെങ്കിൽ ഒരു ഡോക്ടറുടെ സഹായവും തേടാം. ശരിയായ വിവരങ്ങൾ പകർന്നുകൊടുക്കുക എന്നത് പ്രധാനമാണ്.
Qആർത്തവമായ പെൺകുട്ടിയോട് ഗർഭധാരണത്തിന്റെ സാധ്യതയെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നത് അധിക വിവരം നൽകലാകുമോ?
Aഒരിക്കലുമില്ല. തീർച്ചയായും പറഞ്ഞുകൊടുക്കുകയാണ് വേണ്ടത്. ആർത്തവം എന്നത് അമ്മയാകാനുള്ള ശരീരത്തിന്റെ മുന്നൊരുക്കമാണെന്നും ഈ ഘട്ടമെത്തുന്നതോടെ ശരീരം പ്രത്യുൽപാദനക്ഷമമായ അവസ്ഥയിലാണെന്നും മനസ്സിലാക്കി കൊടുക്കുക. ലൈംഗികമായി പ്രവർത്തികളിൽ ഏർപ്പെടുന്നത് ഗർഭധാരണത്തിന് ഇടയാക്കിയേക്കാമെന്നും പറയുക. വിവാഹത്തിനു മുൻപുള്ള ലൈംഗികബന്ധത്തിന്റെ വരുംവരായ്കകളെ കുറിച്ചും സാമൂഹിക വീക്ഷണത്തെക്കുറിച്ചും സംസാരിക്കാം.
ലൈംഗിക വിദ്യാഭ്യാസം എപ്പോൾ?
അവസരങ്ങൾ ഒത്തുവരുന്നത് അനുസരിച്ച് പ്രായത്തിനു യോജിച്ച രീതിയിൽ അറിവു പകർന്നുകൊടുക്കാം. കുഞ്ഞുകുട്ടികളോട് ലൈംഗികാവയവങ്ങളുടെ ശാസ്ത്രീയനാമം പറഞ്ഞുകൊടുക്കേണ്ടതില്ല. പ്രത്യുൽപാദന വ്യവസ്ഥയെക്കുറിച്ച് സ്കൂളിൽ പഠിപ്പിക്കുമ്പോൾ മനസ്സിലാക്കി കൊള്ളും. ലൈംഗികത മോശപ്പെട്ട കാര്യമാണെന്ന രീതിയിൽ സംസാരിക്കരുത്. അതിനെ വിവാഹവും ധാർമികതയും സ്നേഹവുമായുമൊക്കെ ബന്ധപ്പെടുത്തി സംസാരിക്കുക. ഇതിൽ സമൂഹത്തിന്റെ നിലപാടുകളെ കുറിച്ചും സംസ്കാരത്തിന്റെ സ്വാധീനത്തെക്കുറിച്ചുമെല്ലാം പറയാം.
Qലൈംഗികതയെക്കുറിച്ചുള്ള മിഥ്യാധാരണകളെക്കുറിച്ച് പറഞ്ഞു കൊടുക്കണോ?
Aഉമ്മ വച്ചാൽ ഗർഭിണി ആകുമോ, ആൺകുട്ടികൾ കുളിക്കുന്ന പുഴയിൽ കുളിച്ചാൽ ഗർഭിണിയാകും എന്ന മട്ടിലുള്ള തെറ്റിധാരണകൾ ഇന്നത്തെ പെൺകുട്ടികൾക്ക് കുറവാണ്. ഇത്തരം കാര്യങ്ങളിൽ യാതൊരു ശാസ്ത്രീയത ഇല്ലെന്നു കുട്ടിയോടു പറയുക. ലിംഗ–യോനി സംയോജനം നടന്നാലേ ഗർഭിണി ആവുകയുള്ളു. പക്ഷേ, ചുംബനം വഴി ഉമിനീർ കലർന്ന് എച്ച് ഐ വി പോലുള്ള ലൈംഗികരോഗങ്ങൾ പകരാനുള്ള സാധ്യത ഉണ്ടെന്നു കൂടി പറഞ്ഞുകൊടുക്കണം.
വിവരങ്ങൾക്ക് കടപ്പാട്;
1. ഡോ. മിനു ജയൻ
കൺസൽറ്റന്റ്
സൈക്യാട്രിസ്റ്റ്
മേയ്ത്ര ഹോസ്പിറ്റൽ
കോഴിക്കോട്
2. ഡോ. രേഷ്മ റഷീദ്
കൺസൽറ്റന്റ്
ഗൈനക്കോളജിസ്റ്റ്
മേയ്ത്ര ഹോസ്പിറ്റൽ