Thursday 19 October 2023 11:52 AM IST

പ്രസവാനന്തര വിഷാദം, ജീവച്ഛവം പോലെ വന്ന ആ യുവതി... ചുറ്റും കണ്ണീരോടെ ഉറ്റവർ... ബിഷപ്പ് വയലിൽ ആശുപത്രി സാന്ത്വനമാകുന്നത് ഇങ്ങനെ

Asha Thomas

Senior Sub Editor, Manorama Arogyam

sr54554 മൂലമറ്റം ബിഷപ് വയലിൽ ആശുപത്രി

മൂന്നുവശവും മലനിരകളാൽ ചുറ്റപ്പെട്ട മൂലമറ്റം ടൗണിന് അടുത്തായി ഒരു കുന്നിൻപുറത്താണ് ബിഷപ് വയലിൽ ആശുപത്രി. ബഹളങ്ങളിൽ നിന്നകന്ന, പ്രകൃതിഭംഗിയുടെ ഈ മടിത്തട്ടിലേക്ക്  വന്നിറങ്ങുമ്പോൾ തന്നെ ഇടുക്കിമലകളിലെ തണുപ്പുംപേറി കാറ്റെത്തും, ശരീരം തണുപ്പിക്കാൻ. പക്ഷേ, മനസ്സു തണുപ്പിക്കാനാണ് പൊതുവേ ആളുകൾ ഇങ്ങോട്ടേക്കെത്തുന്നത്!. കാരണം, മൂന്നു പതിറ്റാണ്ടോളമായി കേരളത്തിലെ തന്നെ ഏറ്റവും മികച്ച മാനസികാരോഗ്യ കേന്ദ്രങ്ങളിലൊന്ന് ഈ ആശുപത്രിയിൽ പ്രവർത്തിക്കുന്നു.

1978 ഒക്ടോബർ 21 നാണ് മൂലമറ്റം ബിഷപ് വയലിൽ ആശുപത്രി പ്രവർത്തനമാരംഭിക്കുന്നത്. പവർ സ്േറ്റഷന്റെയും ഡാമിന്റെയുമൊക്കെ പണി നടക്കുന്ന സമയമായതുകൊണ്ട് മൂലമറ്റം ആളും തിരക്കും മൂലം സജീവമായിരുന്നു.  എന്തെങ്കിലും അത്യാഹിതം  വന്നാൽ പെട്ടെന്ന് വൈദ്യസഹായം തേടാൻ ഒരു ആശുപത്രിയില്ലായിരുന്നു. ഈ സാഹചര്യത്തിലാണ്   സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷന്റെ പാലാ പ്രോവിൻസ്  ബിഷപ് വയലിൽ മെഡിക്കൽ സെന്റർ ആരംഭിക്കുന്നത്–  ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി. ആനീസ് കൂട്ടിയാനിയിൽ പറയുന്നു.

മനോഭാവങ്ങളിലെ മാറ്റം

1993 ൽ ആണ് ആശുപത്രിയിൽ മാനസികാരോഗ്യകേന്ദ്രം ആരംഭിച്ചത്.  27 വർഷമായി ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ സജീവ സാന്നിധ്യമായ, സൈക്യാട്രി വിഭാഗം ഹെഡ് ഡോ. സി. ആനി പഴയകാലത്തെക്കുറിച്ച് ഒാർക്കുന്നു.  ‘‘പണ്ട്  മാനസികപ്രശ്നമെന്നു പറഞ്ഞാൽ ഭ്രാന്ത് എന്നാണ്. അങ്ങനെയൊരു മുദ്ര വീണു കഴിഞ്ഞാൽ രക്ഷയില്ല. വീട്ടുകാർ പോലും  കയ്യൊഴിയും. ഇങ്ങനെയൊരു  ദുഷ്കീർത്തി ( സ്റ്റിഗ്മ) ഉള്ളതുകൊണ്ടു  മനോദൗർബല്യ ചികിത്സയ്ക്കു പ്രത്യേകമായുള്ള ആശുപത്രികളിൽ
പോകാൻ ആളുകൾ മടിച്ചിരുന്നു.

അങ്ങനെയാണ് ജനറൽ ഹോസ്പിറ്റലിന്റെ ഭാഗമായി  മാനസികാരോഗ്യ കേന്ദ്രം തുടങ്ങിയാൽ ആളുകൾക്ക് ഉപകാരപ്പെടുമെന്ന ചിന്ത വരുന്നത്. ആശുപത്രിയുടെ തുടക്കകാലത്ത്  ചിലർ എന്നെ സമീപിച്ച് രഹസ്യമായി ചോദിക്കുമായിരുന്നു. ‘‘സിസ്റ്ററേ ഒരു പ്രശ്നമുണ്ട്... കാണാൻ വരണമെന്നുണ്ട്. എപ്പോഴാ ആളും ബഹളവുമൊക്കെ കുറയുന്നത്’’ എന്ന്.   
മാനസികാരോഗ്യത്തെ സംബന്ധിച്ചു വായിച്ചും കണ്ടും കേട്ടുമൊക്കെ ഇന്ന് ആളുകൾക്ക് കുറേയൊക്കെ അവബോധം വന്നിട്ടുണ്ട്. ഇപ്പോൾ,  മറ്റു രോഗങ്ങളുടെ ചികിത്സയ്ക്കു വരുന്നതുപോലെ തന്നെ ഒപിയിൽ വന്നു കാണാൻ തയാറാകുന്നുണ്ട്. മാനസികപ്രശ്നമെന്നു സംശയം തോന്നിയാൽ ആശുപത്രികളും  കൃത്യമായി റഫർ ചെയ്തുവിടാൻ ശ്രദ്ധിക്കുന്നുണ്ട്.

ചെറുപ്പക്കാരിൽ സ്ട്രെസ്സ് പ്രശ്നം

‘‘അഞ്ചു വയസ്സു മുതൽ 100 വയസ്സു വരെയുള്ള രോഗികളെ ഇവിടെ ചികിത്സിച്ചിട്ടുണ്ട്. ഇന്ത്യയുടെ പല ഭാഗത്തു നിന്നുമായി ഒട്ടേറെ രോഗികൾ വരുന്നു. വിഷാദം, ഉത്‌കണ്ഠ, വ്യക്തിത്വവൈകല്യങ്ങൾ, മൂഡ് ഡിസോഡറുകൾ,  സ്കിസോഫ്രീനിയ,  പ്രസവാന്തര മാനസികപ്രശ്നങ്ങൾ,  വിഷാദം, സൈക്കോസിസ് എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തു.
ഉത്കണ്ഠയും വിഷാദവുമാണ്  ചെറുപ്പക്കാരുടെ പ്രധാനപ്രശ്നം. ജോലിയിലെ സ്ട്രെസ്സ് വളരെ മോശമായി ബാധിക്കുന്നുണ്ട്. അക്ഷരാർഥത്തിൽ പിഴിഞ്ഞൂറ്റിയെടുക്കുന്ന അവസ്ഥയാണ്.  ഉല്ലാസങ്ങളും ഇടവേളകളുമില്ലാതെ ജോലി ചെയ്യേണ്ടിവരുന്നത്  വല്ലാത്തൊരു മാനസികാവസ്ഥയിലേക്കെത്തിക്കും. സ്ത്രീകളുടെ കാര്യത്തിൽ തൊഴിൽ സ്ഥലത്തെ  പിരിമുറുക്കത്തിനൊപ്പം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും ആധിയും ചേർന്നു വലിയ പ്രശ്നമുണ്ടാക്കുന്നുണ്ട്.

നേരിട്ടുള്ള മാനസികപ്രശ്നങ്ങൾക്കല്ല,  ശാരീരികപ്രശ്നങ്ങളുടെ ഭാഗമായുള്ള മാനസികപ്രശ്നങ്ങളുടെ ചികിത്സയ്ക്കാണു പ്രായമായവരെ കൊണ്ടുവരുന്നത്. ഉദാഹരണത്തിന് മറവിരോഗം ബാധിച്ച രോഗികൾ വീട്ടിൽനിന്നിറങ്ങി പോകാം, കിണറ്റിൽ ചാടാം. കുടുംബാംഗങ്ങൾക്കു രോഗത്തെ സംബന്ധിച്ചുള്ള അവബോധവും രോഗിയെ പരിചരിക്കാനുള്ള പരിശീലനവും നൽകിവിടുന്നു. സോഡിയം കുറഞ്ഞതുകൊണ്ടുള്ള വിഭ്രാന്തി  കണ്ടു പേടിച്ച് മാനസികപ്രശ്നമാണെന്നു കരുതി കൊണ്ടുവരാറുണ്ട്. മരണഭയം, ഉത്കണ്ഠ, വിഷാദം, ആത്മഹത്യാപ്രവണത എന്നീ പ്രശ്നങ്ങളും  കാണുന്നുണ്ട്. പോകാനിടമില്ല, മിണ്ടാനാളില്ല എന്നതൊക്കെയാണ് പ്രായമായവരുടെ അടിസ്ഥാനപ്രശ്നം.

കുട്ടികളിൽ പോലും വിഷാദം

മാനസികപ്രശ്നങ്ങളെന്നു പറയുമ്പോൾ  മുതിർന്നവരുടെ പ്രശ്നമെന്നാണു പൊതുധാരണ. എന്നാൽ ധാരാളം കുട്ടികളെയും മാനസികപ്രശ്നങ്ങളുമായി കൊണ്ടുവരാറുണ്ടെന്നു ഡോ.  സി. ആനി പറയുന്നു.  പഠനവൈകല്യങ്ങൾ, നശീകരണ സ്വഭാവം, സ്വഭാവവൈകല്യങ്ങൾ, എഡിഎച്ച്ഡി, വിഷാദം തുടങ്ങി സൈക്കോസിസ് വരെയുള്ള പ്രശ്നങ്ങൾ കുട്ടികളിൽ കാണുന്നുണ്ട്. ആശുപത്രിയിൽ ചൈൽഡ് സൈക്യാട്രി വിഭാഗം പ്രത്യേകമായി തുടങ്ങാനുള്ള തീരുമാനത്തിനു പിന്നിലെ പ്രധാനകാരണം ഇവിടെ വരുന്ന കേസുകളുടെ ബാഹുല്യം തന്നെയാണെന്നു സിസ്റ്റർ പറയുന്നു.

bishop435

‘‘ഈയടുത്താണ്...ഏഴു വയസ്സുള്ള ഒരു കുഞ്ഞിനെ കൊണ്ടുവന്നു. അവൻ ഭക്ഷണം കഴിക്കുന്നില്ല, കളിയും ചിരിയുമില്ല, എപ്പോഴും മൂടിക്കെട്ടി ഇരിക്കുന്നു... വിഷാദരോഗമായിരുന്നു. കുട്ടികളിൽ മുതിർന്നവരിലെ വിഷാദരോഗലക്ഷണങ്ങൾ പോലെയൊന്നും കാണില്ല. ഒന്നോ രണ്ടോ ലക്ഷണമേ കാണൂ...ഭക്ഷണം കഴിക്കില്ല അല്ലെങ്കിൽ സ്കൂളിൽ പോകില്ല. എന്താണു പ്രശ്നമെന്നു ചോദിച്ചാൽ  കുഞ്ഞുങ്ങൾ  പെട്ടെന്നു പറയില്ല...അടുപ്പമായാലേ തുറന്നുപറയൂ. കുട്ടികളിലെ വിഷാദത്തിനു ഒട്ടേറെ കാരണങ്ങൾ ഉണ്ടെങ്കിലും  കുടുംബബന്ധങ്ങളിലെ തകർച്ച ഒരു  പ്രധാന കാരണമാണ്.’’

അഡിക്‌ഷനു ചികിത്സ

‘‘കോവിഡിനു ശേഷം കുട്ടികളിൽ സ്ക്രീൻ അഡിക്‌ഷൻ വലിയ പ്രശ്നമാണ്. സ്ക്രീൻ അടിമത്തത്തിൽ നിന്നു പെട്ടെന്നു പറിച്ചു മാറ്റാനാകില്ല. കൗൺസലിങ്, മരുന്നുചികിത്സ, ബിഹേവിയർ തെറപ്പി എന്നിവയൊക്കെ വേണ്ടിവരും.   കൃത്യമായി മോട്ടിവേറ്റ് ചെയ്ത് കുട്ടിയിൽ സ്വന്തമായി  ഒരു ദൃഢനിശ്ചയം ഉണ്ടാക്കിയാലേ വീണ്ടും അഡിക്‌ഷനിലേക്കു പോകാതിരിക്കൂ.’’ ഡോ. സി. ജെയിസ് പറയുന്നു.
വളരെ സജീവമാണ് ഇവിടുത്തെ ഡീ അഡിക്‌ഷൻ യൂണിറ്റ്. പണ്ടൊക്കെ മദ്യാസക്തിക്കു ചികിത്സ തേടിയാണ് ആളുകളെത്തിയിരുന്നതെങ്കിൽ ഇന്ന് കഞ്ചാവും ലഹരിമരുന്നുമാണു പ്രശ്നമെന്നു ഡോ. സി. ആനി പറയുന്നു.  ഒരാഴ്ച മുൻപു വരെയുള്ള ലഹരി ഉപയോഗം  തിരിച്ചറിയാനുള്ള മൂത്ര പരിശോധന (Urine drug detection Test)  ഇവിടെ ലഭ്യമാണ്.

മാറുന്ന രോഗസ്വഭാവങ്ങൾ

‘‘1996 ലാണ് ഞാൻ ആശുപത്രിയിൽ ജോലിക്കു കയറുന്നത്. അന്ന് 5–8 മരുന്നുകളേയുള്ളൂ. ഇന്നു പാർശ്വഫലങ്ങൾ നന്നേ കുറഞ്ഞ മരുന്നുകൾ ലഭ്യമാണ്.ചില രോഗങ്ങളുടെ സൈക്കോപതോളജിയിൽ പഴയ കാലത്തെ അപേക്ഷിച്ച് ചില വ്യത്യാസങ്ങളൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പണ്ട് ഡെലൂഷനായി വരുന്ന രോഗി പറയുന്നത് ആരൊക്കെയോ ചേർന്ന് എനിക്കെതിരെ കൂടോത്രം ചെയ്യുന്നു എന്നൊക്കെയാകും. പക്ഷേ, ഇപ്പോൾ വരുന്ന രോഗികൾ പറയുന്നത് ഇന്റർനെറ്റു വഴി  എന്റെ മനസ്സിലുള്ളത് ആളുകൾ കണ്ടുപിടിക്കുന്നു എന്നാണ്. ’’ ഡോ. സി. ആനി പറയുന്നു. ആത്മഹത്യാ പ്രതിരോധ ക്ലിനിക്, ജീറിയാട്രിക് സൈക്യാട്രി ക്ലിനിക് എന്നിവയും പ്രവർത്തിക്കുന്നുണ്ട്. നൂറോളം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്.

സംഗീതവും കലകളും

sr54554 ഡോ. സി. ജെയിസ് , സി. ആനി,ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി. ആനീസ് കൂട്ടിയാനിയിൽ, ഡോ. സി. ആനി

ബിഹേവിയർ തെറപ്പി, ആർട് തെറപ്പി, മ്യൂസിക് തെറപ്പി എന്നിവയൊക്കെ മരുന്നു ചികിത്സയ്ക്കൊപ്പം യുക്താനുസരണം നൽകാറുണ്ട്. ചികിത്സയ്ക്കൊപ്പം  മാനസികോല്ലാസവും പ്രധാനമാണ്. രോഗികൾക്കു ചിരിക്കാനും ആനന്ദിക്കാനും കൂട്ടായ്മയോടെ പ്രവർത്തിക്കാനുമുള്ള സൗകര്യങ്ങൾ കൂടി  ഒരുക്കാറുണ്ട്. യോഗ പരിശീലനം, കായികപ്രവർത്തനങ്ങളിലും കളികളിലും ഏർപ്പെടാനുള്ള സൗകര്യം എന്നിവയൊക്കെയുണ്ട്. അന്തേവാസികൾ ചേർന്നു ചെറിയൊരു കൃഷിത്തോട്ടം രൂപീകരിച്ചിട്ടുണ്ട്. ഡാൻസും പാട്ടും അഭിനയവും അറിയാവുന്നവരെ ചേർത്ത് ഇടയ്ക്കു കലാപരിപാടികളും സംഘടിപ്പിക്കുന്നു. വരയ്ക്കാൻ അറിയാവുന്നവർക്ക് അതിനും സൗകര്യമുണ്ട്.

വീട്ടിലേക്കു മടങ്ങാത്തവർ

സ്കിസോഫ്രീനിയ ബാധിച്ച ഒരു ചെറുപ്പക്കാരനെ ഇവിടെ കൊണ്ടുവന്നപ്പോൾ ഭക്ഷണം പോലും കഴിക്കില്ലായിരുന്നു. ഇപ്പോൾ അസുഖം ഭേദമായി വീണ്ടും ജോലിയിൽ പ്രവേശിച്ചു സുഖമായി കഴിയുന്നു. പ്രസവാനന്തര വിഷാദത്തെ തുടർന്നു ജീവച്ഛവം പോലെ വന്ന യുവതി ഒരു ചെറുപുഞ്ചിരിയോടെ ആശുപത്രി വിട്ടത് ഈയിടെയാണ്.  പതിനായിരക്കണക്കിനു പേർ ഇങ്ങനെ സ്വാഭാവിക ജീവിതത്തിലേക്കു മടങ്ങി. അതുകൊണ്ട് മാനസികപ്രശ്നം ഭേദമാകില്ലെന്ന ധാരണയിലൊന്നും കഴമ്പില്ല.

‘‘ചികിത്സ ഫലിച്ചുതുടങ്ങുമ്പോൾ വിഷാദത്തിലാണ്ടു മുങ്ങിയ രോഗിയുടെ  മുഖത്തു പതിയെ ചിരി തെളിയാൻ തുടങ്ങും. ഒരു മഴ കഴിഞ്ഞു സൂര്യവെളിച്ചം പരക്കുന്നതുപോലെ, അവർ തെളിഞ്ഞു വരും. അതു കാണുന്നതാണ് ഈ ജോലിക്കുള്ള ഏറ്റവും വലിയ പ്രതിഫലം’’ ഡോ. സി. ആനി പറയുന്നു
‘‘അസുഖം ഭേദമായി സ്വയം  മരുന്നു കഴിച്ചു തുടങ്ങിയാൽ വീട്ടിലേക്കു വിടാറുണ്ട്. പക്ഷേ,  ചില രോഗങ്ങളുടെ കാര്യത്തിൽ രോഗിക്കു കുടുംബത്തിന്റെ നോട്ടവും കരുതലും കൂടിയേ തീരൂ. ഇതു സാധ്യമല്ലാതെ വരുമ്പോൾ വീണ്ടും പ്രശ്നമായി ഒരു വർഷം തികയും മുൻപേ തിരിച്ചുവരുന്ന സാഹചര്യങ്ങളുമുണ്ട്.  ഇങ്ങനെയുള്ള രോഗികൾക്കു വേണ്ടിയാണ് 2004 ൽ പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിച്ചത്.

മൂലമറ്റത്തും മുട്ടത്തും വെള്ളിയാമറ്റത്തുമായി മൂന്നു പുനരധിവാസ കേന്ദ്രങ്ങളുണ്ട്. ഇവിടെ ചെറിയ കൈത്തൊഴിലുകളൊക്കെ പഠിപ്പിച്ച് സ്വന്തം കാലിൽ നിൽക്കാനും കൂട്ടായി ജീവിക്കാനുമുള്ള അവസരമൊരുക്കുന്നു.

‘‘ഈ സോക്സുകൾ കണ്ടോ... ’’ മനോഹരമായി തുന്നിയ ഒരു ഡസൻ കുഞ്ഞു സോക്സുകൾ കാണിച്ചു ഡോ. സി. ആനി പറഞ്ഞു. ‘‘ഇതുണ്ടാക്കിയ പെൺകുട്ടിക്കു സ്കിസോഫ്രീനിയ ആയിരുന്നു.  അസുഖം ഭേദമായെങ്കിലും വീട്ടിൽ നോക്കാനാളില്ലാത്തതിനാൽ റീഹാബ് കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. ഇടയ്ക്ക് വീട്ടുകാർ വന്നു കാണും. തുന്നാനുള്ള സാമഗ്രികൾ വാങ്ങിനൽകും. ’’ തകർന്നുപോയ ആയിരക്കണക്കിനു  മനസ്സുകളിൽ സ്നേഹപരിചരണം കൊണ്ടു പുതുവെളിച്ചം നിറയ്ക്കുകയാണ്  മൂലമറ്റത്തെ ഈ കന്യാസ്ത്രീ ഡോക്ടർമാർ.


തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ഒപി ഉണ്ടായിരിക്കും.  നേരിട്ടോ ഫോണിൽ വിളിച്ചോ ബുക്ക് ചെയ്യാം. ഡോ. സി. ആനി സിറിയക്  ആണ്  സൈക്യാട്രി വിഭാഗം മേധാവി. ഡോ. സി.  ജെയിസ് വാഴചാരിക്കൽ സൈക്യാട്രി വിഭാഗം കൺസൽറ്റന്റായി ജോലി ചെയ്യുന്നു.  രണ്ട് ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരും നാല് സൈക്യാട്രി സോഷ്യൽ വർക്കേഴ്സും സൈക്യാട്രി നഴ്സുമാരുമുണ്ട്.   

കൂടുതൽ വിവരങ്ങൾക്ക്
bvmcmoolamattom@gmail.com
+91 8281923040, 9446402305

Tags:
  • Manorama Arogyam