Tuesday 18 April 2023 03:38 PM IST

കസ്റ്റമർ കെയറിലെ ആ സാർ വിളി... അറിയുന്നുണ്ടോ? കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പോലുമാകാത്ത ഒരു രോഗിയുടേതാണ് ആ കോളെന്ന്

Santhosh Sisupal

Senior Sub Editor

jio435 കോൾ അസോഷ്യേറ്റ് ആയി പ്രവർത്തിക്കുന്ന മസ്കുലർ ഡിസ്ട്രഫി ബാധിച്ചവരിൽ ചിലർ

ഗുഡ് മോണിങ്..സർ..

എന്റെ പേര് സിന്ധു, ഞാൻ ജിയോയുടെ കസ്റ്റമർ കെയറിൽ നിന്നാണ്.

സാറിന്റെ ഫോണിലെ റീചാർജ് കാലാവധി ഇന്നു കഴിയും. റീചാർജിങ് ഓർമിപ്പിക്കാൻ വേണ്ടിയാണു വിളിച്ചത്. പുതിയ പ്ലാനുകളെക്കുറിച്ചു കൂടുതലെന്തെങ്കിലും അറിയേണ്ടതുണ്ടോ...?

കേരളത്തിലെ റിലയൻസ് ജിയോ 4ജി ഉപഭോക്താക്കൾക്കു കഴിഞ്ഞ കുറച്ചു നാളായി ഇത്തരം കോളുകൾ ലഭിക്കാറുണ്ട്. പക്ഷേ നമ്മളിൽ മിക്കവരും അറിയാറില്ല, ഈ കോളുകളിൽ പലതിനു പിന്നിലും കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പോലുമാവാത്ത സ്പൈനൽ മസ്കുലർ ഡിസ്ട്രഫി ബാധിച്ച ഒരു രോഗിയാണെന്ന്. മസ്കുലർ ഡിസ്ട്രഫിയെന്ന അപൂർവ ജനിതകരോഗവുമായി കട്ടിലിലും വീൽ ചെയറിലും മാത്രമായി കഴിയേണ്ടിവരുന്നവരുടെ ജീവിതത്തിൽ പരക്കുന്ന പുതിയ പ്രകാശമാണ് ഈ കോൾ അസോഷ്യേറ്റ് ജോലി.

പ്രാഥമികാവശ്യങ്ങൾ പോലും സ്വന്തമായി ചെയ്യാനാവാത്തവർക്ക് ജോലി എന്നതു സ്വപ്നത്തിനും അപ്പുറമാണ്. എന്നിട്ടും അവയെ എത്തിപ്പിടിക്കാൻ അവരെ പഠിപ്പിച്ചത് അവർ തന്നെയാണ്, അവരുടെ കൂട്ടായ്മയാണ്. ഒരു വാട്സാപ് ഗ്രൂപ്പായി തുടങ്ങി 2017 ൽ രൂപീകരിച്ച മൊബിലിറ്റി ഇൻ ‍ഡിസ്ട്രഫി (MinD) ട്രസ്റ്റ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 35 പേരാണ് ഇന്ന് ജിയോയുെട കോൾ അസോഷ്യേറ്റീവുകളായി കട്ടിലിൽ കിടന്നും വീൽചെയറിലിരുന്നുമൊക്കെ പ്രവർത്തിക്കുന്നത്.

ആദ്യ വരുമാനം

ഇവരിൽ 32 പേരും വനിതകളാണ്. അതുകൊണ്ടുതന്നെ ഈ പദ്ധതിക്കു മൈൻഡ് ട്രസ്റ്റിൽ നേതൃത്വം നൽകുന്നതു വിമൺ എംപവർമെന്റ് (WE-വി) വിഭാഗമാണ്. ‘‘പലർക്കും അവരുടെ ജീവിതത്തി ൽ ആദ്യമായി കിട്ടിയ ശമ്പളമായിരുന്നു ഇത്. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. മറ്റുള്ളവർക്ക് ഒരു ഭാരമായിരിക്കും താൻ എന്നു തോന്നിയിരുന്ന നിലയിൽ നിന്നും കിടന്ന കിടപ്പിൽ വരുമാനം കിട്ടുകയെന്നത്, അത് എത്ര വലിയ സന്തോഷമാണെന്നു അറിയാമോ?’’ വി യുെട എക്സിക്യൂട്ടീവ് മെംബറും പ്രോജക്ട് കോഒാർഡിനേറ്ററും രോഗിയുമായ ഷിബിന പറയുന്നു.

ജിയോയുടെ കോൾ അസോഷ്യേറ്റ് പദ്ധതിയിൽ കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് മസ്കുലർ ഡിസ്ട്രഫി ബാധിച്ച രോഗികൾക്കു ജോലി നൽകിയത്. ഓൺലൈൻ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തവർക്കു പരിശീലനവും ഓൺലൈനായി നൽകിയശേഷമാണ് ജോലിയിൽ പ്രവേശിപ്പിച്ചത്.

ഒരു മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് ഇവർ കസ്റ്റമർകെയർ ജോലി നിർവഹിക്കുന്നത്. ദിവസവും രാവിലെ അന്നന്നു വിളിക്കേണ്ടവരു
െട ഫോൺനമ്പരുകൾ ഇവരുടെ ഫോണിലെത്തും. ഒരു ദിവസം കൊണ്ടു വിളിച്ചു തീർക്കണം. ഉപഭോക്താവ് റീചാ ർജിങ്ങും മറ്റും ചെയ്യുന്നതിനു അനുസരിച്ചാണു പ്രയോജനം ലഭിക്കുന്നത്. ദിവസം തുടർച്ചയായി രണ്ടോ മൂന്നോ മണിക്കൂർ ചെയ്യാനുള്ള ജോലിയേ ഉണ്ടാവൂ. ഞങ്ങളെ പോലുള്ള മസ്കുലർ ഡിസ്ട്രഫി രോഗികൾക്കു ശാരീരികാവസ്ഥയ്ക്ക് അനുസരിച്ചു പല സമയത്തായി ചെയ്തു തീർക്കാം എന്നതാണു ഇതിന്റെ മെച്ചംÐഷിബിന പറയുന്നു. പ്രതിമാസം 3000 രൂപ മുതൽ 8000 രൂപവരെ പലർക്കും വരുമാനമായി ലഭിക്കുന്നുണ്ട്.

ഒരു ചിന്തയിൽ നിന്നും

കരുണയുെട കരസ്പർശമുള്ള ഒരു ചിന്തയിൽ നിന്നാണ് ഇന്നു രാജ്യത്തിനു തന്നെ മാതൃകയാകുന്ന ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. മസ്കുലർ ഡിസ്‌ട്രഫി ബാധിച്ച രോഗികളുടെ അവസ്ഥയെക്കുറിച്ചു കേരളത്തിലെ മുൻനിര സന്നദ്ധസംഘടനയായ ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ ഡയറക്ടർ കെ.എൻ. ആനന്ദകുമാറിന്റെ ശ്രദ്ധയിൽപെടുന്നതു കഴിഞ്ഞവർഷമാണ്. മൈൻഡ് സംഘടനയുെട ഭാരവാഹികളും മ സ്കുലർ ഡിസ്ട്രഫി രോഗികളുമായ കൊല്ലം സ്വദേശി കൃഷ്ണകുമാർ, മുഹമ്മദ് ജാബിർ തുടങ്ങിവരാണ് അതിനു നിമിത്തമായത്. ‌

‘‘ഇത്തരമൊരു രോഗം ബാധിച്ചു കിട പ്പിലായവർക്കു എങ്ങനെ സഹായമെത്തിക്കാനാവും എന്ന ആലോചനയിൽ നിന്നാണ്, ജിയോയുടെ കേരള മേധാവിയും സുഹൃത്തുമായ നരേന്ദ്രനെ ഓർമവന്നത്. ഇതിനു മുൻപ് 20 ഓളം ട്രാൻസ്ജെൻഡേഴ്സിനു ജോലി നൽകുന്ന കാര്യത്തിൽ അദ്ദേഹവുമായി സഹകരിച്ചിരുന്നു. ഇങ്ങനെയൊരു നിർദേശം വ ച്ചപ്പോൾ, തടസ്സമൊന്നുമില്ലാതെ അംഗീകരിക്കുകയാണ് ചെയ്തത്. പദ്ധതി നടപ്പിലാകാനും ഒട്ടും വൈകിയില്ല.’’Ðകെ. എൻ. ആനന്ദകുമാർ പറയുന്നു.

കോൾ അസോഷ്യേറ്റ് പ്രോഗ്രാം

കേരളത്തിൽ ഒരു കോടിയിൽപരം ജി യോ ഉപഭോക്താക്കളുണ്ട്. അവരെ ബന്ധപ്പെട്ട് റീചാർജ് വിവരങ്ങൾ അറിയിക്കാൻ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ താ‌ൽപര്യമുള്ളവർക്കുവേണ്ടി ഉ ണ്ടാക്കിയ പദ്ധതിയാണ് ജിയോ കോൾ അസോഷ്യേറ്റ് പ്രോഗ്രാം.

മറ്റ് ആരോഗ്യ പ്രശനങ്ങളൊന്നുമില്ലാത്തവരെപോലെയോ ചിലപ്പോൾ അ തിലേറെ ക്ഷമയോടെയോ ഇവർ ജോലി ചെയ്യുന്നുണ്ടെന്നു പദ്ധതിക്കു ചുക്കാൻ പിടിക്കുന്ന ജിയോ സംസ്ഥാന മേധാവി കെ.സി. നരേന്ദ്രൻ പറയുന്നു. ആര് എവിടെ മൊബൈൽ‌ഫോൺ റീചാർജ് ചെയ്താലും അതിലൊരു വിഹിതം കമ്മീഷനായി പോകും. അത് ഇത്തരത്തിലുള്ളവരിലേക്ക് എത്തിക്കാൻ കഴിയുമോ എന്നതായിരുന്നു ശ്രമം. അതു വിജയിച്ചു എന്നു മാത്രമല്ല, വലിയ ചാരിതാർഥ്യവുമുണ്ട്. അതിനുള്ള പ്രധാന കാരണം പരസഹായം വേണ്ടിവരുന്ന ഈ രോഗികളിൽ സന്തോഷവും സംതൃപ്തിയും കിട്ടാൻ ഇതൊരു കാരണമായി എന്നതാണ്. അതുകൊണ്ടുതന്നെ ചെയ്യുന്ന ജോലിയോട് അവർ അങ്ങേയറ്റം ആത്മാർഥത കാണിക്കുന്നുമുണ്ട്.

ജോലിയിലെ മികവ്

സാധാരണ ഒരാൾ വിളിച്ചു റീചാർ‌ജിങ് ആവശ്യപ്പെടുമ്പോൾ ലഭിക്കുന്നതിനേക്കാൾ ഇവരുടെ കോളിനു ഫലപ്രാപ്തി കൂടുതലാണ്. പലപ്പോഴും ഉപഭോക്താക്കളിൽ ചിലരെങ്കിലും, വയ്യാതെ കിടക്കുന്ന കുട്ടിയാണു വിളിച്ചു ചാർജ് ചെയ്യാൻ പറയുന്നത് എന്നു മനസ്സിലാക്കാറുണ്ട്. രോഗികൾ ഇതു വ്യക്തമാക്കുന്നതിലും തെറ്റില്ല. ഇക്കാര്യം മനസിലാക്കുന്ന ഉപഭോക്താവു പിന്നീട് റീചാർജിങ്ങിനു ഇവരെ തന്നെ ബന്ധപ്പെടുന്നതു കാണാറുണ്ട്.

ഈ നിസ്സഹായരോഗികളുെട മുഖത്തു പുഞ്ചിരിയും സംതൃപ്തിയും ഉണ്ടാക്കാൻ കാരണമായി എന്നത് ഇത്തരത്തിലുള്ള കൂടുതൽ കാര്യങ്ങളുമായി മുന്നോട്ടു പോകാനുള്ള പ്രചോദനമാണെന്ന് കെ.സി. നരേന്ദ്രൻ പറയുന്നു.

സന്തോഷത്തിന്റെ വർത്തമാനം

ശരീരത്തിലെ പേശികളെ ബലക്ഷയത്തിലേക്കു നയിച്ചു, രോഗിയെ കിടപ്പിലാക്കിക്കളയുന്ന അപൂർവ ജനിതകരോഗമാണ് മസ്കുലർ ഡിസ്ട്രഫി. ഏ താണ്ട് 30Ðൽ പരം രോഗാവസ്ഥകളുണ്ട് ഇതിൽ. രോഗിക്കൊപ്പം രോഗവും വളരുന്നു എന്നതാണ് ഇന്നും മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത രോഗത്തിന്റെ പ്രത്യേകത. പരിഹാരമില്ലാത്ത രോഗം എന്ന ചിന്ത ഇവരുടെ പ്രതീക്ഷകളെ പോലും ഇ ല്ലാതാക്കുന്നു.

വല്ലപ്പോഴും, ചിലപ്പോൾ വർഷത്തിലൊരിക്കലോ മറ്റോ, ആരുടെയെങ്കിലുമൊക്കെ സഹായത്തോടെ, വീൽചെയറിലിരുന്നോ കിടന്നോ പുറത്തു പോകുമ്പോൾ കിട്ടുന്നതാണ് ഈ രോഗികളിൽ പലരുടേയും സ്വർഗം. പുറംകാഴ്ചകൾ, വർത്തമാനങ്ങൾ.. അങ്ങനെ സന്തോഷ ത്തിന്റെ ജനാലകൾ കയ്യെത്താവുന്നതിന് അപ്പുറമായിരുന്നു. അവിടേയ്ക്കാണ് ഉത്തരവാദിത്തത്തോടെ നിർവഹിക്കേണ്ട കോൾ അസോഷ്യേറ്റ് ജോലിയിലേക്കു കടക്കുന്നത്. ഒാരോ ദിവസവും സംസാരിക്കേണ്ടത് അപരിചിതരോടാണ്. അവരെ വിളിച്ച് റീചാർജ് ഓർമിപ്പിക്കും. ചെയ്യാൻ പ്രേരിപ്പിക്കും. അവർ അതു ചെയ്യുന്നതോടെ തന്റെ വരുമാനത്തിലേക്ക് ഒരു മുതൽക്കൂട്ട്. എത്ര തുക കിട്ടുന്നു എന്നല്ല, സ്വന്തമായി ജോലിചെയ്തുണ്ടാക്കുന്ന വരുമാനംÐ അതുണ്ടാക്കുന്ന അഭിമാനം, സംതൃപ്തി, സ്വയം വിലയുണ്ടെന്ന തോന്നൽ...അതിനൊക്കെ അപ്പുറം മുഖത്തുവിരിയുന്ന പുഞ്ചിരി.

അടുത്ത കോൾ നിങ്ങൾക്കാവാം, ഫോൺ മടിയില്ലാതെ ചാർജ് ചെയ്യാം.. ആ പുഞ്ചിരി മായാതെ നിൽക്കട്ടെ

Tags:
  • Manorama Arogyam