Friday 22 November 2024 04:46 PM IST : By Dr Somanath C P

ഉറക്കഗുളികകള്‍ കഴിക്കും മുന്‍പ് അറിയാന്‍...

slpng879

ശരീരത്തിനും മനസ്സിനും പൂർണവിശ്രമം ലഭിക്കുന്ന ഒരു ജൈവികമായ (ബ യോളജിക്കൽ) പ്രക്രിയയാണ് ഉറക്കം. ശരീരത്തിനു തന്നെ ശരീരത്തെ സൗഖ്യപ്പെടുത്താനുള്ള ഒരു കഴിവുണ്ട്. ആ കഴിവ് ഏറ്റവും പ്രവർത്തനനിരതമാകുന്നതും ഉറക്കത്തിലാണ്. നഷ്ടപ്പെട്ട കോശങ്ങൾക്കു പകരം പുതിയ കോശങ്ങൾ സൃഷ്ടിക്കുക, തകരാറുകൾ പരിഹരിക്കാനുള്ള പരിശ്രമങ്ങൾ തുടങ്ങുക അതിലൂടെ ആരോഗ്യം പുനസ്ഥാപിക്കുക–ഇവയൊക്കെ ശരീരം ഏറ്റവും സജീവമായി ചെയ്യുന്നത് ഉറക്കത്തിലാണ്. 

ശരീരത്തിനു മാത്രമല്ല ഓർമ, ബുദ്ധി, ഏകാഗ്രത, ശ്രദ്ധ ഉൾപ്പെടെയുള്ള മനസ്സിന്റെ പല പ്രവർത്തനങ്ങൾക്കും വേണ്ടത്ര ഉറക്കം അനിവാര്യമാണ്. അതുപോലെ വൈകാരികസന്തുലനം നിലനിർത്തുന്നതിലും ഉറക്കത്തിനു നല്ല പങ്കുണ്ട്. ഉറക്കം കുറയുന്നവരിൽ പെട്ടെന്നു ദേഷ്യം വരുന്നത് അടക്കമുള്ള വൈകാരിക അസന്തുലനങ്ങൾ സാധാരണമാണ്. മാത്രമല്ല, സ്വാസ്ഥ്യം നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്ന വിവിധ ഹോർമോ ണുകളുെട സന്തുലനവും ഉറക്കക്കുറ വു താറുമാറാക്കും. 

ചുരുക്കിപ്പറഞ്ഞാൽ മാനസിക രോഗാവസ്ഥകൾ മുതൽ ഹൃദ്രോഗം വരെയുള്ള വിവിധങ്ങളായ പ്രശ്നങ്ങൾക്ക് ഉറക്കത്തകരാറുക ൾ വഴിവയ്ക്കും. ഉറക്കരോഗങ്ങളും ചികിത്സയും ഉറക്കപ്രശ്നങ്ങളെ നിസ്സാരമായി കാ ണാതെ ആവശ്യമെങ്കിൽ മരുന്നു ചികി ത്സ പോലും വേണ്ടിവരുന്നതു മേൽപ്പറ ഞ്ഞത്രയും പ്രാധാന്യം ഉറക്കത്തിനുള്ള തിനാലാണ്. 

വിദഗ്ധചികിത്സ വേണ്ടിവരുന്ന പല ഉറക്കപ്രശ്നങ്ങളുമുണ്ട്. 

∙ ഇൻസോമ്നിയ: വളരെ സാധാരണമായ ഉറക്കപ്രശ്നമാണ് ഇൻസോമ്നിയ (Insomnia). ഉറക്കത്തിന്റെ അളവിനെക്കുറിച്ചും അതിന്റെ ഗുണമേന്മയെ കുറിച്ചും തൃപ്തി ഇല്ലാതെ വരുന്ന സാഹചര്യത്തെ ഇൻസോമ്നിയ എന്നു വിളിക്കാം. ഉറക്കം ആരംഭിക്കാൻ ഏറെ സമയം വേണ്ടിവരിക, ഉറങ്ങിത്തുടങ്ങിയാലും ഉറക്കം നിലനിർത്താൻ കഴിയാതെ വരിക, ഇടയ്ക്ക് ഉണർന്നാൽ വീണ്ടും ഉറക്കത്തിലേക്കു പോകാനുള്ള പ്രയാസം, വെളുപ്പിനു വളരെ നേരത്തെ തന്നെ ഉണരുക പിന്നെ ഉറങ്ങാൻ പറ്റാതിരിക്കുക... ഇതെല്ലാം ഇൻസോമ്നിയയുടെ ലക്ഷണങ്ങളാണ്. 

∙ സ്ലീപ് അപ്നിയ: കൂർക്കം വലിയും ശ്വാസതടസ്സവും ല ക്ഷണമായി വരുന്ന ഉറക്ക പ്രശ്നമാണ് സ്ലീപ് അപ്നിയ. 

∙നാർക്കോലെപ്‌സി: മസ്തിഷ്ക സംബന്ധമായ ചില ന്യൂറോളജിക്കൽ തകരാറുകളുടെ ഫലമായി ഉറക്ക–ഉണർവു ക്രമങ്ങളെ മസ്തിഷ്കത്തിനു നിയന്ത്രിക്കാനാകാതെ പോകുന്ന അവസ്ഥ. 

∙മറ്റ് ഉറക്കപ്രശ്നങ്ങൾ: ഷിഫ്റ്റ് ജോലികളിൽ ഏർപ്പെടുന്നവരിലുണ്ടാകുന്ന ഉറക്കത്തകരാര്‍, സ്വപ്നം കണ്ടു ചാടിയേഴുന്നേറ്റു കരയുന്നതുപോലെയുള്ള നൈറ്റ് ടെറർ–നൈറ്റ്മെയർ പ്രശ്നങ്ങൾ, കാലുകളുടെ അസാധാരണ ചലനം കാരണം ഉറങ്ങാൻ പറ്റാതാകുന്ന റസ്റ്റ്‌ലെസ,് ലെഗ് സിൻഡ്രം തുടങ്ങിയ ഉറക്കത്തകരാറുകളും സാധാരണയായി കാണാം.

മരുന്നു കഴിക്കുന്നതിനു മുൻപ് 

ഉറക്കക്കുറവിനു മരുന്നുകൾ കഴിക്കുന്നതിനു മുൻപ് ഉറക്ക പ്രശ്നം ഉണ്ടാകാനുള്ള കാരണം തിരിച്ചറിയുകയും അതു മാറ്റാൻ ശ്രമിക്കുകയുമാണു വേണ്ടത്. അത് ഉറക്കവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലെ പ്രശ്നങ്ങൾ, ജീ വിതശൈലി പ്രശ്നങ്ങൾ എന്നിവ മുതൽ ശാരീരികമോ മാനസികമോ ആയ രോഗാവസ്ഥയോ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളോ വരെയാകാം കാരണം. എന്നാൽ ഇതൊന്നുമല്ലാതെ ശീലം കൊണ്ടോ മറ്റും ഉറക്ക ക്കുറവ് ഉണ്ടാകാം. അവയെല്ലാം പരിഹരിക്കാൻ ശ്രമിച്ചിട്ടും ഉറക്കം കിട്ടാതെ വരുന്ന സാഹചര്യത്തിലാണ് ഉറക്ക മരുന്നുകൾ പരിഹാരമായി നിർദേശിക്കുന്നത്. 

ഉറക്കത്തിനായി നൽകുന്ന മരുന്നുകളെ മൂന്നു വിഭാഗങ്ങളായി തിരിക്കാം. 1. ബെൻസോഡയാസിപിൻ (Benzodiazepines) വിഭാഗം മരുന്നുകൾ. 2. നോൺ ബെൻസോഡയാസിപിൻ മരുന്നുകൾ. 3. മെലടോണിൻ റിസപ്റ്റർ അഗണിസ്റ്റുകൾ 

ബെൻസോഡയാസിപിൻ 

വളരെ കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഉറക്കമരുന്നുകളാണു ബെൻസോഡയാസിപിൻ വിഭാഗം മരുന്നുകൾ. തലച്ചോറിലെ ബെൻസോഡയാ സിപിൻ റിസപ്റ്ററുകളിൽ ചെന്നു ചേർ ന്നു തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഒന്നു സാവധാനത്തിലാക്കി ഉറക്കത്തി ലേക്കു നയിക്കുകയാണ് ഇവ ചെയ്യുക. ഉറക്കം ആരംഭിച്ചാൽ അതു മുറിയാതിരിക്കാനും ഈ മരുന്നുകൾ സഹായിക്കും.  ദീർഘനേരത്തേക്കു പ്രവർത്തിക്കു ന്ന ലോങ്ങ് ആക്ടിങ് ബെൻസോഡയാസിപിൻ, മീഡിയം ആക്ടിങ്, അൽപനേരം പ്രവർത്തിച്ചു മാത്രം തീരുന്ന ഷോർട് ആക്ടിങ് ബെൻസോഡയാസിപിൻ മരുന്നുകളും ലഭ്യമാണ്. ഇതിൽ ഷോർട് ആക്ടിങ് ബെൻസോഡയാസിപിൻ ആണ് ഇന്നു കൂടുതലായി ഉപയോഗിക്കുന്നത്. അമിതമായ ഉറക്കമോ ഉറക്കത്തിന്റെ ക്ഷീണം അടുത്ത ദിവസത്തേക്കു നീണ്ടുനിൽക്കുന്ന അവസ്ഥയോ ഈ മരുന്നുകൾക്കില്ല എന്നതാണ്. ലോറസെപാം, ഒക്സാസെപാം തുടങ്ങിയ മരുന്നുകൾ ഉദാഹരണം. 

നോൺ ബെൻസോഡയാസിപിൻ 

രണ്ടാമത്തെ വിഭാഗമാണു നോൺ ബെ ൻസോഡയാസിപിൻ മരുന്നുകൾ. തല ച്ചോറിലെ ഗാബാ എ റിസപ്റ്റർ എന്ന ഭാഗത്തു പ്രവർത്തിക്കുന്ന മരുന്നുകളാ ണു ഇതിൽ ഉൾപ്പെടുന്നത്. ഉറക്കത്തിലേക്കു നയിക്കാനും മസ്തിഷ്കം റിലാക്സ് ആവാനും ഈ മരുന്നുകൾ സഹായിക്കും. സോൾപിഡം, എസോപിക്ലോൺ തുടങ്ങിയവ ഈ വിഭാഗം മരുന്നുകളാണ്. പാർശ്വഫലങ്ങൾ താരതമ്യേന കുറവായതുകൊണ്ടു തുടക്കത്തിലേയുള്ള ചികിത്സയ്ക്കു ഈ മരുന്നുകളാണ് ഉപയോഗിക്കുന്നത്. 

മെലടോണിൻ റിസപ്റ്റർ അഗണിസ്റ്റുകൾ 

ഉറക്കത്തിനുള്ള മൂന്നാമത്തെ വിഭാഗമാണു മെലെടോണിൻ റിസപ്റ്റർ അഗണിസ്റ്റുകൾ. ഉറക്കത്തിന് ആവശ്യം വേണ്ട ഒരു ഹോർമോൺ അഥവാ രാസഘടകമാണ് മെലടോണിൻ. ഇതിന്റെ ഉൽപാദനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗങ്ങളിൽ ഈ മരുന്നു പ്രവർത്തിച്ചു മെലടോൺ ഉൽപാദനം കൂട്ടുന്നതിലൂെടയാണ് ഉറക്കം വരുത്തുന്നത്. ഇതു പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഓവർ ദി കൗണ്ടർ ആയി വാങ്ങി ഉപയോഗിക്കാൻ പറ്റുന്ന മരുന്നാണ്. എന്നാൽ എല്ലാവരിലും ഇതു പൂർണമായും ഫലപ്രദമല്ല. അതുകൊണ്ടുതന്നെ ഈ റിസപ്റ്ററുകളിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന പുതിയ മരുന്നുകൾ കൂടി ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 

അലർജി മരുന്നും മറ്റും 

അലർജി, വിഷാദം പോലെയുള്ള മറ്റു രോഗാവസ്ഥകളിൽ ഉപയോഗിക്കുന്ന മരുന്നുകളുെട, ഉറക്കം വരുത്തുന്ന പ്രത്യേകത ഉപയോഗിച്ചും ഉറക്കം മെച്ചപ്പെടുത്താറുണ്ട്. അതിൽ ഏറ്റവും സാധാരണം, നമ്മൾ തുമ്മലിനും അലർജിക്കും ഉപയോഗിക്കുന്ന ആന്റി ഹിസ്റ്റമിൻ മരുന്നുകൾ ആണ്. പ്രാഥമികമായി ഉറക്കക്കുറവിനു ഇവ സുരക്ഷിതമായി ഉപയോഗിക്കാം. അതുപോലെ വിഷാദരോഗത്തിന് ഉപയോഗിക്കുന്ന ആന്റി ഡിപ്രസന്റുകളിൽ ചിലമരുന്നുകളും ഉത്കണ്ഠ കുറയ്ക്കാനുപയോഗിക്കുന്ന മരുന്നുകളിൽ ചിലതും ഉറക്കക്കുറവിനു കൂടി ഫലപ്രദമായി കാണാറുണ്ട്. 

പാർശ്വഫലങ്ങളെ അറിയാം 

ഏതു മരുന്നുകൾക്കും പാർശ്വഫലങ്ങൾ ഉണ്ട് എന്നതു പോലെ ഉറക്ക മരുന്നുകൾക്കും ഉണ്ട്. ആ മരുന്നുകളുടെ ദീർഘകാല ഉപയോഗം കൊണ്ട് അവയുടെ ഫലപ്രാപ്തി കുറഞ്ഞുവരുക (ടോളറൻസ്), മരുന്നുകളോടുള്ള ആശ്രിതത്വം കൂടുക (ഡിപെൻഡൻസി), മരുന്നു നിർത്തുമ്പോഴുള്ള ഉറക്കമില്ലായ്മ പൊടുന്നനെ തിരിച്ചുവരുന്ന റീബൗണ്ട് ഇൻസോമ്നിയ എന്നിവയാണ് അവ. കൂടാതെ ക്ഷീണം, വായ് വരളുക തുടങ്ങിയ പാർശ്വഫലങ്ങളും കണ്ടേക്കാം. ഉറക്ക പ്രശ്നത്തിന് ഏറ്റവും ഫലപ്രദമാണെങ്കിലും ഇത്തരം പാർശ്വഫലങ്ങൾ കൂടുതൽ കാണുന്നതു ബെൻസോഡയാസിപിൻ വിഭാഗം മരുന്നുകൾക്കാണ്. കുടുതൽ കാലം ഈ മരുന്ന് ഉപയോഗിച്ചാൽ അതേ ഫലം ലഭിക്കാൻ മരുന്നിന്റെ അളവു കൂട്ടേണ്ടിവരുന്ന അവസ്ഥയും മരുന്നു പൊടുന്നനെ നിർത്തിയാൽ ഉറക്കപ്രശ്നം സങ്കീർണമാകുന്നതും ഈ മരുന്നുകളുടെ കാര്യത്തിൽ കൂടുതലാണ്. മാത്രമല്ല ഇതൊരു ശീലമായി മാറാനുള്ള (ഹാബിറ്റ് ഫോമിങ്) സാധ്യതയുമുണ്ട്. എങ്കിലും വളരെ വ്യാപകമായി ഈ മരുന്നുകൾ ഉപയോഗിക്കുന്നു. 

ഈ പറഞ്ഞ പാർശ്വഫലങ്ങളെല്ലാം നോൺ ബെൻസോഡയാസിപിൻ മരു ന്നുകളിൽ താരതമ്യേന കുറവാണ്. അ തിനാലാണ് ഉറക്ക പ്രശ്നമുള്ളവരിൽ ആദ്യം ഈ മരുന്നുകൾ നൽകി പ്രയോജനം ഇല്ലെങ്കിൽ മാത്രം ബെൻസോഡയാസിപിൻ മരുന്നുകൾ നൽകുന്നത്. മെലടോണിന്‍ അടിസ്ഥാനമാക്കിയുള്ള മരുന്നുകൾക്കു ടോളറൻസോ, ആശ്രിതത്വമോ ഇല്ലാത്തതിനാൽ ദീർഘകാലത്തേയ്ക്കു മരുന്നുപയോഗിക്കേണ്ടിവന്നാൽ അവയാകും തിരഞ്ഞെ ടുക്കുക. 

പ്രയമേറിയവർ, മറവി രോഗമുള്ളവർ, കുട്ടികൾ എന്നിവരിൽ അതീവ ശ്രദ്ധയോടെ മാത്രമേ ഉറക്കമരുന്നു നൽകാവൂ. കുട്ടികളിൽ കഴിവതും ഒഴിവാക്കുക. പ്രായമറിയവരിൽ മരുന്നു കഴിക്കുന്നവർ രാത്രിയിൽ ബാത്റൂമിൽ പോകാനോ മറ്റോ എണീറ്റാൽ വീണുപോകാനുള്ള സാധ്യത കൂടും. അതുപോലെ മറവി പ്രശ്നമുള്ളവർക്ക് ഉറ ക്ക മരുന്നുകൾ അപ്രതീക്ഷിതമായ പെ രു മാറ്റപ്രശ്നങ്ങൾ ചിലപ്പോൾ ഉണ്ടാക്കിയെന്നു വരാം. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 ∙ഉറക്കമരുന്നുകൾ കഴിക്കുന്നവർ കൃത്യമായും ഡോക്ടറുടെ എല്ലാ നിർദേശവും പാലിക്കുക.

 ∙ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നു നിർത്തുക, അളവു കൂട്ടുക, കൂടുതൽ കാലം കഴിക്കുക ഇവ ചെയ്യരുത്.

 ∙പാർശ്വഫലങ്ങൾ കണ്ടാൽ ഡോക്ടറോടു പറഞ്ഞു പരിഹാരം തേടുക. 

∙ആത്മഹത്യാ പ്രവണതയുള്ളവർക്ക് അതാതു ദിവസത്തെ മരുന്നു ബന്ധുതന്നെ കൈമാറുക.

 ∙ കുട്ടികളുള്ള വീട്ടിൽ ഉറക്ക മരുന്നുകൾ അതീവ ജാഗ്രതയോടെ സൂക്ഷിച്ചുവയ്ക്കുക.

 ∙ ഒരു കാരണവശാലും ഉറക്ക മരുന്നുകൾ കഴിക്കുന്നതിനു മുൻപോ പിൻപോ മദ്യം കഴിക്കരുത്. അവയുടെ കൂടിച്ചേരൽ അസാധാരണമായ ദൂഷ്യഫലങ്ങൾ മസ്തിഷ്കത്തിൽ ഉണ്ടാക്കാം. 

മരുന്നുചികിത്സ സ്വയം വേണ്ട 

പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മെഡിക്കൽ സ്റ്റോറിൽനിന്നും വാങ്ങാൻ കിട്ടുന്ന മെലടോണിൻ മരുന്നുകളും സപ്ലിമന്റുകളും ഹെർബൽ മരുന്നുകളും (ഉദാ–പാസ്സുഫ്ലോറ എക്സ്ട്രാക്ട്, വലേറിയൻ റൂട്ട് എക്സ്ട്രാക്ട്) വാങ്ങി സ്വയം ഉപയോഗിക്കുന്നവരുണ്ട്. അതുപോലെ ആന്റി ഹിസ്റ്റമിനുകൾ അടങ്ങിയ അല ർജി മരുന്നുകളും കഫ് സിറപ്പുകളും ഉറക്കത്തിനായി ഉപയോഗിക്കുന്നവരു മുണ്ട്. എന്നാൽ ഇതു നല്ല പ്രവണതയല്ല. ഉറക്കപ്രശ്നത്തിനു കാരണമായ രോഗാവസ്ഥകളോ മറ്റു പ്രശ്നങ്ങളോ വിലയിരുത്തപ്പെടുകയോ ചികിത്സിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതിനാൽ പിന്നീട് ഉറക്ക പ്രശ്നം ഗുരുതരമായ അവസ്ഥകളിലേക്കു നീങ്ങാൻ ഈ സ്വയം ചികിത്സ കാരണമാകാം. 

ഡോ. സോമനാഥ് സി.പി.

കണ്‍സല്‍റ്റന്റ് സൈക്യാട്രിസ്റ്റ്

ഹീലിങ് മൈന്‍ഡ്സ് ക്ലിനിക്, കൊച്ചി

Tags:
  • Manorama Arogyam