Wednesday 18 August 2021 04:54 PM IST

കൊറോണവൈറസിനോട് സോപ്പ് ചെയ്യുന്നത്: ബേബി സോപ്പു മുതലുള്ള സോപ്പുകളുടെ ഗുണ ദോഷങ്ങൾ അറിയാം

Sruthy Sreekumar

Sub Editor, Manorama Arogyam

soap5rr676

കോവിഡിനെതിരെയുള്ള യുദ്ധത്തിലെ പ്രധാന ആയുധമാണ് സോപ്പ്. സോപ്പ് കൊണ്ട് കഴുകുമ്പോൾ വൈറസിന്റെ കോശസ്തരത്തിന്റെ പുറമെയുള്ള കൊഴുപ്പു പാളി നഷ്ടമാകുന്നു. അങ്ങനെ വൈറസ് നശിക്കും. വെറുതെ കഴുകിയാൽ പോരാ. 20 സെക്കന്റ് സമയം എടുത്തു ശാസ്ത്രീയമായ രീതിയിൽ തന്നെ കൈ കഴുകണം. സോപ്പു കൊണ്ട് എല്ലാ വൈറസും നശിക്കില്ല. കാരണം എല്ലാ വൈറസുകൾക്കും കോശസ്തരത്തിനു പുറമെ കൊഴുപ്പു ഉണ്ടാകില്ല.

അഴുക്കിനെ കളയും

സോപ്പ് നമ്മുടെ കൈകളിലെ അണുക്കളെ കൊല്ലുന്നില്ല, അത് അവയെ നീക്കം ചെയ്യുകയാണ് െചയ്യുന്നത്. അണുക്കൾ നമ്മുടെ കൈകളിലെ എണ്ണകളിലും മെഴുക്കിലും പറ്റിനിൽക്കും. വെള്ളവും എണ്ണയും പരസ്പരം കൂടിച്ചേർന്നാൽ അണുക്കളെ നീക്കം ചെയ്യാൻ സാധിക്കില്ല. എന്നാൽ സോപ്പിന് വെള്ളവും എണ്ണയും ഇഷ്ടമാണ്. സോപ്പ് തന്മാത്രകൾ ഒരുതരം സർഫാക്ടന്റാണ്, അതായത് രണ്ട് വസ്തുക്കൾ തമ്മിലുള്ള സർഫസ് ടെൻഷൻ കുറയ്ക്കുന്ന ഘടകമാണെന്ന്.

സോപ്പ് ഉപയോഗിച്ച് കൈ കഴുകുമ്പോൾ, സോപ്പ് തന്മാത്രകൾ ജലത്തിനും എണ്ണ തന്മാത്രകൾക്കുമിടയിൽ ഒരു മധ്യസ്ഥനായി
പ്രവർത്തിക്കുന്നു. ഒപ്പം അവ രണ്ടും ഒരേ സമയം ബന്ധിപ്പിക്കുകയും ചെയ്യുന്നു.നമ്മൾ എല്ലാം കഴുകിക്കളയുമ്പോൾ, സോപ്പ് അണുക്കളെ വെള്ളത്തിലേക്കു കൊണ്ടുപോകുന്നു. അങ്ങനെ നമ്മുെട കൈ വൃത്തിയാവുന്നു. സർഫാക്ടന്റ്ുകൾ കൊണ്ട് നന്നായി പതയുണ്ടാകും. വൃത്തിയാക്കാനുള്ള കഴിവും ഉണ്ട്. ലിക്വിഡ് ബോഡി വാഷിൽ 50 ശതമാനത്തോളം സർഫാക്ടന്റുകളാണ്. അതുകൊണ്ടാണ് അവ നന്നായി പതയുന്നത്.

ഗ്ലിസറിൻ അടങ്ങിയവ

മിക്ക സോപ്പുകളും തൊലിപ്പുറമേയുള്ള നൈസർഗിക ഈർപ്പം നിലനിർത്തുന്ന അവശ്യകൊഴുപ്പുകളും പ്രോട്ടീനുകളും നീക്കം െചയ്യും. അങ്ങനെ ചർമം വരണ്ടതും ഈർപ്പരഹിതവുമാക്കും. ഗ്ലിസറിൻ അടങ്ങിയ ട്രാൻസ്‌ലൂസെന്റ് അവസ്ഥയിലുള്ള സോപ്പുകൾ ചർമത്തിലെ ഈർപ്പം നഷ്ടപ്പെടാതെ നോക്കും. സോറിയാസിസ്, മുഖക്കുരു, എക്സീമ തുടങ്ങിയ അവസ്ഥകളിൽ ഗ്ലിസറിൻ അടങ്ങിയ സോപ്പു ഗുണം െചയ്യും. സെൻസിറ്റീവ് ചർമമുള്ളവർക്കും ഗ്ലിസറിൻ സോപ്പാണ് ഉത്തമം. ഗ്ലിസറിൻ സോപ്പ് പ്രകൃതിദത്തമായ സോപ്പാണ്. ഇവയിൽ ചർമത്തിനു ഹാനികരമാകുന്ന രാസവസ്തുക്കളോ മറ്റ് ഘടകങ്ങളോ അടങ്ങിയിട്ടുണ്ടാവില്ല. ഗ്ലിസറിൻ വെള്ളത്തിനെ വളരെ പെട്ടെന്നു വലിച്ചെടുക്കും. അതിനാൽ തന്നെ ഗ്ലിസറിൻ അടങ്ങിയ ബാർ സോപ്പു മറ്റ് സോപ്പുകളെ പോലെ ഒരുപാട് നാൾ ഉപയോഗിക്കാൻ പറ്റില്ല.

മരുന്ന് സോപ്പുകൾക്ക് ഒരു പ്രത്യേക ലക്ഷ്യമുണ്ട്. ഇവ കൂടുതലും ഡോക്ടർമാരാണ് നിർദേശിക്കുന്നത്. ഇവ ചർമസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ അലർജികൾ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.

ബേബി സോപ്പിന്റെ പ്രത്യേകത

സാധാരണയായി ബേബി സോപ്പുകൾ നേർത്ത ഘടകങ്ങളാലാണ് നിർമിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുെട ചർമം വളരെ ലോലമാണല്ലോ. അതിനാൽ തന്നെ ബേബി സോപ്പുകളിൽ പെർഫ്യൂമുകൾ ഒന്നും തന്നെ ചേർക്കാറില്ല. മോയിസ്ചറൈസർ അടങ്ങിയിട്ടുണ്ടാകും. മൃഗക്കൊഴുപ്പ്, പാരബെൻ തുടങ്ങിയ ഘടകങ്ങളൊന്നും ഇത്തരം സോപ്പുകളിൽ കാണില്ല. ബേബി സോപ്പിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ചേരുവകൾ കുഞ്ഞിന്റെ ശരീരത്തിന്റെ പിഎച്ച് മൂല്യം നിലനിർത്താനും ഈർപ്പമുള്ളതാക്കി മാറ്റാനും സഹായിക്കും. മിൽക്ക് പ്രോട്ടീനുകൾ, വൈറ്റമിൻ എ, ഇ, വെളിച്ചെണ്ണ, ആവണക്കെണ്ണ, ഒലിവ് എണ്ണ, ബദാം എണ്ണ തുടങ്ങിയവയാണ് ബേബി സോപ്പുകളിലെ സാധാരണ ചേരുവകൾ.

ചർമം അനുസരിച്ച് സോപ്പ്

ഒാരോരുത്തരുെടയും ചർമത്തിന്റെ സ്വഭാവമനുസരിച്ചും വ്യക്തിയുെട ആവശ്യങ്ങൾക്കനുസരിച്ചും ബാർ സോപ്പ് അല്ലെങ്കിൽ ലിക്വിഡ് സോപ്പു തിരഞ്ഞെടുക്കാം. മുഖക്കുരു, എക്ലീമ, കുടുതൽ സെൻസിറ്റീവായ ചർമം ഇത്തരം അവസ്ഥകളിൽ ചർമത്തിന് വരൾച്ചയുണ്ടാക്കുന്ന സോപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ ചർമം കൂടുതൽ സെൻസിറ്റീവ് ആകാനും പൊള്ളലേൽക്കാനും ഇടയാക്കും. ഇത്തരക്കാർ ചർമത്തിന്റെ ഈർപ്പം നിലനിർത്തുന്ന മോയിസ്ചറൈസർ അടങ്ങിയ നേർത്ത ലിക്വിഡ് ബോഡി വാഷ് ഉപയോഗിക്കുന്നതാണ് നല്ലത്. ശരീരസൗന്ദര്യവും മുഖകാന്തിയും കാത്തു സൂക്ഷിക്കുന്നവർക്ക് ചർമത്തെ മയപ്പെടുത്തുന്ന അലോവേര, വൈറ്റമിൻ സി അടങ്ങിയ, ആന്റിഒാക്സിഡന്റുകൾ എന്നിവയുള്ള സോപ്പു അല്ലെങ്കിൽ ലിക്വി‍ഡ് വാഷ് ഉപയോഗിക്കുക. വരണ്ട ചർമവും കോശപാളികൾ ഇളകിപോകുന്ന അവസ്ഥയുള്ളവർക്ക് ദേഹത്തു നിന്ന് നിർജീവ കോശങ്ങൾ നീക്കം െചയ്തു മിനുസമാർന്ന ചർമം നൽകാൻ ഗ്ലൈകോളിക് ആസിഡ് അടങ്ങിയ ലിക്വിഡ് ബോഡിവാഷ് വേണം. ചർമത്തിൽ ഉരഞ്ഞ് കോശപാളികൾ ഇളക്കി കളയുന്ന ബാർസോപ്പു വേണ്ട.

ദോഷങ്ങളും ഉണ്ട്

ചില സോപ്പിലും ബോഡി വാഷിലും അടങ്ങിയിട്ടുള്ള അണുനാശിനിയായ ട്രൈക്ലോസാൻ ചർമത്തിലുള്ള അവശ്യബാക്ടീരിയയെ കൂടി നശിപ്പിക്കുന്നതായാണ് കാണുന്നത്. ഇത് താൽക്കാലികമായി ചർമത്തെ അണുവിമുക്തമാക്കുമെങ്കിലും അന്തരീക്ഷത്തിലെ മറ്റ് രോഗകാരികളായ ബാക്ടീരിയകൾ ചർമത്തെ ആക്രമിക്കാൻ ഇടയാക്കും. സോപ്പും ലിക്വിഡ് വാഷും കേടു കൂടാതെ ഇരിക്കുന്നതിനു കാരണം അവയിൽ ചേർത്തിരിക്കുന്ന പ്രിസർവേറ്റീവുകളാണ്. ഇവ ചർമത്തെ പ്രകോപിതമാക്കുന്നവയാണ്. രാസപദാർഥങ്ങളെക്കാൾ അവശ്യഎണ്ണകളായ ഒലിവ എണ്ണ, വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയിലുള്ള ഫാറ്റി ആസിഡുകളാണ് കൂടുതലായി സോപ്പിൽ വേണ്ടത്. ബാർസോപ്പ്, ലൂഫ എന്നിവ ഒാരോ ഉപയോഗശേഷവും നനവോടെ വയ്ക്കുകയാണെങ്കിൽ രോഗാണുക്കൾ അതിൽ പെരുകാം. സോപ്പു ഉപയോഗശേഷം വെള്ളത്തിൽ കഴുകി, വെള്ളം വാർന്നു പോകുന്ന തരത്തിൽ സോപ്പ് ഡിഷിൽ വയ്ക്കണം. ഒരാൾ ഉപയോഗിക്കുന്ന ബാർസോപ്പും ലൂഫയും മറ്റൊരാൾ ഉപയോഗിക്കരുത്. ഒരു സോപ്പു തന്നെ ധാരാളം പേർ ഉപയോഗിക്കുന്നത് ചർമരോഗങ്ങൾ വരുത്താം. കൈകൊണ്ട് നിർമിച്ച സോപ്പുകൾ സാധാരണയായി കഠിനവും ദോഷകരവുമല്ല, അതിനാൽ ഉയർന്ന സെൻസിറ്റീവ് ചർമ്മത്തിന് ഇത്തരം സോപ്പുകളാണ് നല്ലത്. ദിവസത്തിൽ
കൂടുതൽ തവണ സോപ്പ് ഉപയോഗിക്കരുത്, അത് ചർമത്തിന്റെ പിഎച്ച് നില ക്രമേണ കുറയ്ക്കും. കൂടാതെ സോപ്പിൽ അടങ്ങിയിരിക്കുന്ന പ്രിസർവേറ്റീവുകളും രാസപദാർഥങ്ങളും ചർമത്തിൽ അലർജിയും ഉണ്ടാക്കും.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ബി. സുമാദേവി

ഇഎസ്ഐസി ഹോസ്പിറ്റൽ

ഉദ്യോഗമണ്ഡൽ

Tags:
  • Daily Life
  • Manorama Arogyam