Friday 22 September 2023 11:44 AM IST : By സ്വന്തം ലേഖകൻ

വണ്ണംകുറയ്ക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ആളാണോ നിങ്ങൾ? വെയിറ്റ് ലോസ് ഹിപ്നോസിസ് പരീക്ഷിച്ചു നോക്കൂ: ഫലം ഉറപ്പ്

weight-loss-hypnosis

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിൽ മനസ്സിനു വലിയ പങ്കുണ്ട്. പല വട്ടം വണ്ണം കുറയ്ക്കാൻ ശ്രമിച്ചു നിരാശരായവർ വീണ്ടും പരാജയപ്പെടുന്നതിനു പിന്നിൽ അവർക്കു തിരുത്താനാവാത്ത ശീലങ്ങളാണു കാരണം. അവർക്കു പോലും ഫലം നൽകുന്ന മാർഗമാണ് വെയിറ്റ് ലോസ് ഹിപ്നോസിസ്. ഇതു സ്വയം സെൽഫ് ഹിപ്പ്നോസിസ് ആയി ചെയ്യാം. ബോധമനസ്സിനെ അല്പനേരത്തേക്കു പ്രവർത്തനരഹിതമാക്കി ഉപബോധ മനസ്സിനോടു സംവദിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന രീതിയാണിത്.

വണ്ണം കുറയാന്‍ തടസ്സമാകുന്ന ശീലങ്ങളെ മറികടക്കാൻ സെൽഫ് ഹിപ്നോസിസ് സഹായിക്കും. ഉദാഹരണമായി ചോക്‌ലെറ്റിനോട് അമിതമായ ഭ്രമം ഉണ്ട് എന്ന് കരുതുക. വയറുനിറഞ്ഞിരുന്നാലും ചോക്‌ലെറ്റ് കണ്ടാൽ എത്ര വേണമെങ്കിലും കഴിക്കും. ഈ തെറ്റായ ശീലമാണ് അമിതവണ്ണത്തിന്റെ പ്രധാന കാരണം. ആ ആസക്തിയെ ഉപബോധമനസ്സിനെ നിയന്ത്രിക്കുന്നതിലൂടെ മാത്രമേ തടയാനാവൂ. തെറ്റായ പെരുമാറ്റ രീതികളെയും ശീലങ്ങളെയും നെഗറ്റീവ് ചിന്തകളെയും മറികടന്ന് ആഗ്രഹിക്കുന്നതും യോജിച്ചതുമായ കാര്യങ്ങൾ ചെയ്യാൻ മനസ്സിനെ പ്രാപ്തമാക്കുന്ന പ്രക്രിയാണിത്. സെൽഫ് ഹിപ്നോസിസിന്റെ താക്കോൽ എന്നത് റിലാക്സേഷനും ഭാവനയുമാണ്.

വെയ്റ്റ് ലോസ് ഹിപ്നോസിസ് നടപ്പിലാക്കുന്നതിനു മുൻപ് രണ്ടു കാര്യങ്ങൾ ഉറപ്പാക്കണം. ഒന്ന് വണ്ണം കുറയ്ക്കണമെന്ന് തീവ്രമായ ‘ആഗ്രഹവും’ ഹിപ്നോസിസ് എനിക്ക് വിജയകരമായി ചെയ്യാനാകും എന്ന ‘വിശ്വാസവും’. എത്ര പ്രഗൽഭനായ ഹിപ്നോട്ടിസ്റ്റിനും ഒരാളുടെ മാനസിക അനുവാദമില്ലാതെ ഹിപ്നോട്ടൈസ് ചെയ്യാനാവില്ല. സ്വയം ചെയ്യുമ്പോഴായാലും നിങ്ങൾ സ്വയം വിധേയനാകാനുള്ള സമ്മതത്തോടെ, വിശ്വാസത്തോടെ വേണം തയാറാകാൻ. ആത്യന്തികമായി ഹിപ്നോസിസ് എന്നത് ധ്യാനം പോലെ ഒരു റിലാക്സേഷൻ രീതിയാണ്. ആവശ്യമുള്ള നിർദേശങ്ങൾ (സജഷനുകൾ) കൂടി നൽകി പൂർത്തീകരിക്കുന്നു എന്ന് മാത്രം.

വെയിറ്റ് ലോസ് സെൽഫ് ഹിപ്നോസിസ്

വണ്ണം കുറയ്ക്കലിനു വേണ്ടി എന്തു തരം മാറ്റങ്ങളാണു തന്റെ നിത്യജീവിതത്തിൽ ഉണ്ടാകേണ്ടത് എന്ന് ആദ്യമേ ആസൂത്രണം ചെയ്യുക. അമിത ഭക്ഷണം കുറയ്ക്കൽ, ചില ഭക്ഷണങ്ങളോടുള്ള ആസക്തി ഇല്ലാതാക്കൽ, വ്യായാമം ചെയ്യാനുള്ള മടി മാറ്റൽ തുടങ്ങി എന്തൊക്കെയാണ് ആവശ്യങ്ങൾ എന്ന് ആദ്യമേ മനസ്സിൽ ഉറപ്പിക്കുക. എനിക്ക് ദിവസവും വ്യായാമം ചെയ്യാൻ മടിയില്ല, ആവശ്യമുള്ള ഭക്ഷണം മാത്രമേ ഞാൻ കഴിക്കൂ, കൊഴുപ്പ് കുറഞ്ഞ ഭക്ഷണമാണ് നല്ലത്.വേണ്ടത്ര വെള്ളം കുടിക്കും.- ഇങ്ങനെയുള്ള കാര്യങ്ങൾ നമുക്കു മനസ്സിൽ ഉറപ്പിച്ചു വയ്ക്കാം.

നമ്മുടെ ശരീരത്തിൽ വരേണ്ട മാറ്റങ്ങളെപ്പറ്റിയും വിചാരിക്കാം. കൂടുതൽ ആരോഗ്യം, നല്ല ചുറുചുറുക്ക്, വയറില്ലാതെ നല്ല ഒതുങ്ങിയ അരക്കെട്ട് ഇങ്ങനെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്താണോ അവയൊക്കെയും മനസ്സിൽ കുറിച്ചിടുക. ഇനി വെയ്റ്റ് ലോസ് ഹിപ്നോസിസ് ആരംഭിക്കാം

1. സ്വസ്ഥമായി ഇരിക്കാം

സ്വസ്ഥമായി ഇരിക്കാൻ പറ്റുന്ന ഒരു സ്ഥാനം കണ്ടെത്തുക. ശ്രദ്ധ മാറിപ്പോകാൻ സാധ്യത ഉണ്ടാക്കുന്ന മൊബൈൽ ഫോൺ പോലെയുള്ളവ ഒഴിവാക്കുക. മുറുകിയ വസ്ത്രങ്ങൾ അയച്ചിടുന്നതും വാച്ചു പോലെയുള്ളവ ശരീരത്തിൽ നിന്നു മാറ്റുന്നതും നല്ലതാണ്. കിടന്നാൽ ഉറങ്ങി പോകാൻ സാധ്യതയുള്ളവർ ഇരുന്നു ചെയ്യുന്നതായിരിക്കും ഉചിതം. ഒരു കസേരയിലോ മറ്റോ സ്വസ്ഥമായി ഇരുന്നു പാദങ്ങൾ നിലത്തു സമാന്തരമായി വയ്ക്കുക.

2. ശ്വസനത്തിൽ ശ്രദ്ധിക്കാം

കണ്ണുകളടച്ചു സാവധാനം ദീർഘമായി ശ്വസിക്കുക. ഒന്നോ രണ്ടോ നിമിഷം ശ്വാസം ഉള്ളിൽ നിർത്തി പതിയെ പുറത്തേക്കു വിടുക. ഏതാനും തവണ ദീർഘശ്വാസം എടുത്ത ശേഷം സാധാരണ നിലയിൽ തന്നെയുള്ള ശ്വാസത്തെ ശ്രദ്ധിക്കുക. അൽപനേരം ആ ശ്വാസത്തിൽ ശ്രദ്ധിച്ചുകൊണ്ടു തുടരുക. മനസ്സു ശാന്തമാകുന്നതു മനസ്സിലാകും.

3. റിലാക്സ് ആകാം

ഇനി ശ്വസനത്തിൽ നിന്നും ശ്രദ്ധ മാറ്റി ശരീരത്തിന്റെ ഓരോ ഭാഗങ്ങളെയും ശ്രദ്ധിച്ച് ആ ഭാഗങ്ങളിലെ പേശികളുടെ മുറുക്കം അയച്ചുവിടാം. പാദങ്ങൾ, കാലുകൾ, വയറ്, ചുമലുകൾ, കൈകൾ, കഴുത്ത്, മുഖം തുടങ്ങി ഓരോ ഭാഗങ്ങളെയും ശ്രദ്ധിച്ച് അവിടെ ഏതെങ്കിലും തരത്തിലുള്ള മുറുക്കം അവശേഷിക്കുന്നുണ്ടെങ്കിൽ അവയെ അയച്ചുവിട്ടു പൂർണമായും റിലാക്സ് ആകുക.

4. ഹിപ്നോസിസിലേക്ക്

ഇനി പൂർണ്ണ ഹിപ്നോട്ടിക് സ്റ്റേജിലേക്ക് പോകാൻ ഒരുങ്ങുകയാണ്.

10 മുതൽ 0 വരെ മനസ്സിൽ കൗണ്ട് ഡൗൺ ആരംഭിക്കുക. 10...9...8... ഓരോ സംഖ്യ കുറയുമ്പോഴും വിശ്രാന്തിയുടെ ആഴത്തിലേക്കുള്ള ഓരോ പടി ഇറങ്ങുകയാണ് എന്നു കരുതുക. 2...1..0 ഒടുവിൽ നിങ്ങൾ ഹിപ്നോട്ടിക് അവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു എന്നു കരുതുക. തുടക്കത്തിൽ എല്ലാവരും ഹിപ്നോട്ടിക് അവസ്ഥയിലേക്കു പൂർണമായും എത്തണമെന്നില്ല. എങ്കിലും പരിശീലനം കൊണ്ടു ക്രമേണ സാധ്യമാകും.

5. ഭാവനയും നിർദ്ദേശങ്ങളും

ഈ ഘട്ടത്തിലാണു നമ്മുടെ ഭാവനാശേഷി പ്രയോഗിക്കേണ്ടത്. നമ്മുടെ ശരീരം ഏതുതരത്തിൽ ആകണം എന്നാണോ ആഗ്രഹിക്കുന്നത് ആ രൂപത്തെ ഭാവനയിൽ കാണുക. മെലിഞ്ഞ്, ചെറുചുറുക്കോടെ, ആരോഗ്യത്തോടെ ഓരോ പ്രവർത്തികളിൽ ഏർപ്പെടുന്നതും മറ്റുള്ളവരോടു സന്തോഷത്തോടെ ഇടപഴകുന്നതും ഒക്കെ തന്നെ ഒരു ‘മെന്റൽ മൂവി’യായി കാണാൻ ശ്രമിക്കുക.

അതിനുശേഷം നിങ്ങൾ നേരത്തെ മനസ്സിൽ തയാറാക്കി വച്ചിരിക്കുന്ന നിർദേശങ്ങൾ അഥവാ സജഷനുകൾ മനസ്സിനു നൽകുക.

∙ കൊഴുപ്പു കുറഞ്ഞ ഭക്ഷണമാണ് നല്ലത്. ∙ചോക്‌ലറ്റിനോട് എനിക്ക് ഇനി താൽപര്യമില്ല. ∙പഴങ്ങളും പച്ചക്കറികളും നല്ലതാണ്, അവ ഞാൻ വേണ്ടത്ര കഴിക്കും. ∙ വ്യായാമം ഞാൻ മുടങ്ങാതെ സന്തോഷത്തോടെ ചെയ്യും....ഇങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്ന നിർദേശങ്ങൾ വേണ്ടത്ര തവണ മനസ്സിൽ ആവർത്തിച്ച് ഉറപ്പിക്കാം.

6. മടങ്ങിവരാം

നിർദേശങ്ങൾ എല്ലാം വേണ്ടത്ര നൽകി കഴിഞ്ഞാൽ സാവകാശം ശ്വാസത്തിൽ ശ്രദ്ധിച്ചു തുടങ്ങാം. ക്രമേണ ഇരിക്കുന്ന സ്ഥലം ചുറ്റുപാടുകൾ ഇവയൊക്കെ മനസ്സിൽ കാണാം. ചുറ്റുപാടും ശബ്ദങ്ങൾ ഉണ്ടെങ്കിൽ അവ കേൾക്കാൻ ശ്രമിക്കാം. സാവധാനം കണ്ണുകൾ തുറക്കാം. വണ്ണം കുറയ്ക്കാൻ ആകും എന്ന ആത്മവിശ്വാസം ഈ സമയത്ത് നിങ്ങളുടെ മനസ്സിൽ ഉറച്ചു വരുന്നതു തിരിച്ചറിയാനാകും

നിങ്ങളുടെ വണ്ണം കുറയ്ക്കൽ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ തുടക്കത്തിൽ തന്നെ ഇത് ആരംഭിക്കുകയും മൂന്നു മുതൽ അഞ്ച് ആഴ്ചകൾ വരെ ദിവസം ഒരു നേരമെങ്കിലും തുടർച്ചയായി ചെയ്യുന്നതും ഫലപ്രദമാണ്.