Thursday 24 June 2021 03:50 PM IST

51–ാം വയസ്സിൽ ബുള്ളറ്റ് ഒാടിച്ച് ഹിമാലയത്തിലേക്ക് യാത്ര: മിനി അഗസ്റ്റിനെ തൊടാൻ പ്രായമൊന്നു മടിക്കും....

Asha Thomas

Senior Sub Editor, Manorama Arogyam

50yrwew

‘വയസ്സ് പത്തൻപതായി... ഇനി എന്തു ചെയ്യാനാണ്’ എന്ന് ആളുകൾ നിരാശപ്പെട്ടിരുന്നപ്പോൾ  മിനി അഗസ്റ്റിൻ എന്ന ബാങ്ക് ഓഫീസർ 51–ാം വയസ്സിൽ  ഹിമാലയത്തിലെ ലേയിലേക്ക് യാത്ര പോയി.  അതും തനിക്കേറെ പ്രിയപ്പെട്ട വാഹനമായ തണ്ടർബേർഡ് എന്ന കിടിലൻ എൻഫീൽഡ് ബുള്ളറ്റ് ഒാടിച്ച്. ഹിമാലയൻ യാത്ര മാത്രമല്ല മിനിയുടെ ദീർഘദൂര യാത്രകളെല്ലാം ബുള്ളറ്റിലാണ്. തീർന്നില്ല,  പണ്ടു സ്കൂൾകാലത്ത് സൈക്കിളോടിച്ചു നടന്ന ഒാർമകളുടെ കരുത്തിൽ ഇപ്പോൾ 55–ാം വയസ്സിൽ വീണ്ടും സൈക്കിൾ പരിശീലനം തുടങ്ങി. തുടക്കം മെല്ലെ ആയിരുന്നെങ്കിലും ഒരു മാസം കഴിഞ്ഞപ്പോഴേക്കും 48 മിനിറ്റു കൊണ്ട് 14.11 കി.മീ ദൂരം ഒാടിയെത്താറായി. പ്രായം മാറി നിൽക്കുന്ന ഊർജത്തോടെ ജീവിതത്തെ സമീപിക്കുന്ന

മിനിയെക്കുറിച്ചും 50 കളിലും തുടരുന്ന ബുള്ളറ്റ് യാത്രകളെക്കുറിച്ചും അറിയേണ്ടേ?

ഹിമാലയൻ യാത്ര

ലേ യാത്രയ്ക്കു മുൻപ് ഒരു ഹിമാലയൻ ട്രെക്കിങ്ങിനു പോയിരുന്നു. ഒാഫിസ് തിരക്കുകൾക്കും കുടുംബത്തിനുമിടയിലെ ഒാട്ടത്തിനിടയിൽ വ്യായാമമേ ഇല്ലാതിരുന്ന സമയത്തായിരുന്നു ആ യാത്ര. അന്ന് 45–ാം വയസ്സിൽ ആ യാത്രയിൽ  നന്നേ കഷ്ടപ്പെട്ടു.  മോഷൻ സിക്ക്നസ്സ്  വന്ന് ക്ഷീണിച്ച് സ്വന്തം ബാഗ് ചുമക്കാനുള്ള ആരോഗ്യം പോലും ഇല്ലാതെ ... 

വീണ്ടും അങ്ങനെ സംഭവിക്കരുതെന്ന വാശി കൊണ്ട് ലേ യാത്രയ്ക്കു മുൻപ് പണ്ട് പഠിച്ച യോഗ പൊടിതട്ടിയെടുത്തു. ദിവസവും മുടങ്ങാതെ കുറഞ്ഞത് 12 തവണ സൂര്യനമസ്ക്കാരം  ചെയ്തു.  കൂടാതെ ഒരു മണിക്കൂർ നടന്നു. കാർഡിയോ വ്യായാമങ്ങളും
പരിശീലിച്ചു.

റോയൽ എൻഫീൽഡ് യാത്രാ  ടീമിലെ  63 യാത്രക്കാരിൽ അറുപതുകളിലുള്ള രണ്ട് പുരുഷന്മാർ ഒഴിച്ചാൽ ഏറ്റവും പ്രായംകൂടിയ ആൾ ഞാനായിരുന്നു. ആകെ നാലു സ്ത്രീകളാണ്  ഉണ്ടായിരുന്നത്. മറ്റു മൂന്നുപേരും ചെറുപ്പക്കാരികൾ.  ഒാക്സിജൻ നിരക്കു കുറയുന്നത് യാത്രയിൽ പലർക്കും പ്രശ്നമായെങ്കിലും  സൂര്യനമസ്ക്കാരവും യോഗയും എന്നെ തുണച്ചു. 

തിരികെ യാത്ര ദുർഘടമായ മലമ്പാതകളിലൂടെയായിരുന്നു. വഴിയേത്, മലയേത് എന്നു തിരിച്ചറിയാനാവാത്ത ആ  രാത്രിയാത്രയിൽ  പല തവണ ബുള്ളറ്റും ഞാനും റോഡിലേക്കു മറിഞ്ഞുവീണു. വീണും എണീറ്റും ബുള്ളറ്റ് ഉയർത്തിയും ഒടുവിൽ ക്യാംപിൽ എത്തുന്നതിനിടയിൽ ‘ഈ പ്രായത്തിൽ ലേ യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടത് വിഡ്ഢിത്തമായോ’ എന്നു പലതവണ സംശയിച്ചു. പക്ഷേ, ‘നിങ്ങളുടെ ഊർജമായിരുന്നു ഈ യാത്രയിൽ ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനമെന്ന് പുരുഷന്മാരുൾപ്പെടെയുള്ള  ടീമംഗങ്ങൾ’ തോളിൽ തട്ടി അഭിനന്ദിച്ചപ്പോൾ മനസ്സു നിറഞ്ഞു.

ബുള്ളറ്റിൽ പറന്ന്...

ജോലിയുടെ ഭാഗമായി കൊൽക്കത്തയിൽ ചെലവിട്ട 5 വര്‍ഷങ്ങളാണ്  മനസ്സിൽ ബുള്ളറ്റിനെ ദൃഢമായി കൊരുത്തിട്ടത്. റോയൽ എൻഫീൽഡ് ബുള്ളറ്റ്  റൈഡിങ് ലേഡീസ് ഗ്രൂപ്പിലെ ചെറുപ്പക്കാരികളായ യാത്രികർ തങ്ങളുടെ സ്വപ്നങ്ങൾ, ജീവിതാഭിലാഷങ്ങൾ എല്ലാം  പങ്കുവയ്ക്കുമായിരുന്നു. അത്തരം ചർച്ചകളിൽ നിന്നാണ് ലേയിലേക്ക് യാത്ര പോവുക എന്ന
ചിന്ത മനസ്സിൽ വീണത്. പിന്നീടത് ആഴത്തില്‍ വേരുറച്ച സ്വപ്നമായി, അഭിലാഷമായി. ലേ യാത്ര എനിക്ക് വെറുമൊരു സ്വപ്നം മാത്രമല്ലെന്നു തിരിച്ചറിഞ്ഞ ഭർത്താവ് ബിജു പോളാണ് യാത്ര പോകാൻ  പ്രേരിപ്പിച്ചതും എല്ലാ സഹായങ്ങളും ഒരുക്കിയതും.

മലയാളി ആണെങ്കിലും പഠിച്ചതും വളർന്നതും തമിഴ്നാട്ടിലാണ്.  94–ൽ ഭർത്താവാണ് ബുള്ളറ്റ് പഠിപ്പിച്ചത്. പലരും പറയും നിങ്ങൾ തമിഴ്നാട്ടിൽ വളർന്നതുകൊണ്ടാണ് ബുള്ളറ്റ് ഓടിക്കാൻ പഠിച്ചത്. കേരളത്തിലാണെങ്കിൽ നടക്കില്ലായിരുന്നു എന്ന്. പക്ഷേ, കേരളത്തിൽ ബുള്ളറ്റ് ഓടിക്കുമ്പോൾ ആരും തുറിച്ചു നോക്കാറില്ല കേട്ടോ. മറിച്ച്  ‘നന്നായി ഡ്രൈവ് ചെയ്യുന്നല്ലോ’ എന്ന് അഭിനന്ദിച്ചിട്ടേ ഉള്ളൂ. കൊൽക്കത്തയിൽ ആയിരുന്ന സമയത്ത് ബുള്ളറ്റിൽ ബംഗാൾ മുഴുവൻ ചുറ്റിയിരുന്നു. ഭൂട്ടാനിൽ പോയി, ബീഹാറിലും  മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും  ട്രിച്ചിയിലും കോയമ്പത്തൂരും ഒക്കെ ബുള്ളറ്റിൽ യാത്ര ചെയ്തു.

പ്രായം തടസ്സമല്ല

ഇപ്പോൾ  കോട്ടയത്താണ് ജോലി. കോഴിക്കോട് ഔദ്യോഗിക ആവശ്യങ്ങൾക്ക് പോകണമെങ്കിൽ ബുള്ളറ്റെടുക്കും.  ഏഴു മണിക്കൂർ യാത്രയുണ്ട് ബൈക്കിൽ. പലരും പറയും ഇത്ര ഹെവി ബൈക്കിൽ ഈ പ്രായത്തിൽ ദീർഘയാത്ര ചെയ്താൽ യൂട്രസ് ഇറങ്ങി വരും എന്നൊക്കെ. ഇത്തരം പ്രചരണങ്ങളൊന്നും ഞാൻ കാര്യമാക്കാറില്ല. എനിക്കിതു പറ്റില്ല എന്നു സ്വയം തോന്നുവരെ ഇങ്ങനെയങ്ങു പോകും. നടത്തവും  യോഗയുമൊക്കെ ഉള്ളതുകൊണ്ടാകാം നീണ്ട യാത്രകളിൽ നടുവേദന അലട്ടാറില്ല.  പക്ഷേ, ചെറിയ അപകടങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ വളവിൽ വച്ച് റോഡിലേക്കു ബുള്ളറ്റുമായി മറി‍ഞ്ഞടിച്ചുവീണു. അതുവഴി പോയ യാത്രക്കാർ വന്ന് എഴുന്നേൽപിച്ചു.  ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.   യാത്രകളിൽ നല്ലൊരു ജാക്കറ്റ് ഇടും. ഇടുപ്പുവരെയുള്ള ശരീരഭാഗം സംരക്ഷിക്കാൻ അതു ധാരാളം. നല്ലൊരു ഹെൽമറ്റും  ബൂട്സും ധരിക്കും.

ഫ്ലെക്സിബിലിറ്റി പ്രധാനം

ഫ്ലെക്സിബിൾ ആയിരിക്കുക എന്നതാണ് ഫിറ്റ്നസ്സിനെക്കുറിച്ചുള്ള എന്റെ സങ്കൽപം.‘‘ ഒന്നു കുനിഞ്ഞു ഷൂ ലേസ് കെട്ടണമെങ്കിൽ വയറു കുറവായിരിക്കണം, കുനിഞ്ഞു നിവരാൻ നടുവ് വഴക്കമുള്ളതാകണം...പടി കയറിയിറങ്ങണമെങ്കിൽ മുട്ട് മടങ്ങി നിവരണം...അതിനു പോലും സാധിക്കാതെ വരുമ്പോഴാണ് പ്രായം കീഴ്പ്പെടുത്തിയെന്നു തോന്നുക’’.  

ഞാൻ ദിവസവും 40 മിനിറ്റ് നടക്കും. ബ്രിസ്ക് വോക്കിങ്. ഇപ്പോൾ സൈക്ലിങ്ങും ഉണ്ട്.  ഇടയ്ക്കു  സൂര്യനമസ്കാരം ചെയ്യും. നടുവിനും മറ്റുമായി സ്ട്രെച്ചിങ് വ്യായാമങ്ങളും ചെയ്യും. വർഷങ്ങളായി 63–65 കിലോയ്ക്കുള്ളിലാണ് ശരീരഭാരം. ഉയരത്തിന് അനുയോജ്യമായ ഭാരമാണ്.

വളരെ കാലമായി മാംസഭക്ഷണം കഴിച്ചിട്ട്. മീനും മുട്ടയും കഴിക്കും. ഡ്രൈ ഫ്രൂട്സും നട്സുമൊക്കെ ധാരാളം കഴിക്കും. പച്ചക്കറികളും ഇലക്കറികളുമൊക്കെ ഏറെ ഇഷ്ടമാണ്. സാലഡായി പച്ചയ്ക്കും കഴിക്കും. എല്ലാ ഫ്രൂട്സും ഇഷ്ടമാണ്.  വീട്ടിലുണ്ടാക്കുന്ന നെയ്യ് ഭക്ഷണത്തിൽ ചേർത്തുപയോഗിക്കും.  പീത്‌സയും ബർഗറും പോലുള്ള ജങ്ക് ഫൂഡൊന്നും പണ്ടേ കഴിക്കാറില്ല. ഇത്തിരി മോരും തോരനുമുണ്ടെങ്കിൽ തന്നെ സന്തോഷമായി.  പൊതുവേ എരിവും മസാലയും കുറഞ്ഞ ഭക്ഷണമാണ് പ്രിയം. വൈറ്റമിൻ സപ്ലിമെന്റുകളൊന്നും കഴിക്കാറില്ല. 

പ്രായമായെന്ന ചിന്ത വേണ്ട

ബാങ്ക് ജോലിയെന്നൊക്കെ പറയുമ്പോൾ ടെൻഷൻ അടിച്ചു മരിക്കില്ലേ എന്നൊക്കെ ആളുകൾ ചോദിക്കും. എത്ര പ്രായമായാലും നമുക്കു സന്തോഷം തരുന്ന എന്തെങ്കിലുമൊരു കാര്യം ചെയ്തുകൊണ്ടിരുന്നാൽ ടെൻഷനും ആകുലതകളുമൊന്നും മനസ്സിന്റെ ഏഴയലത്തു വരില്ല ‘‘ഈയടുത്ത് പുതിയൊരു ബൈക്ക് വാങ്ങി. ആ സമയത്ത് ‘അയ്യോ എനിക്കു പ്രായമായല്ലോ, ഇനി എത്ര കാലം ഓടിക്കാനാ’ എന്ന് ഒരു നിമിഷം ചിന്തിച്ചു. അടുത്ത നിമിഷം ഞാൻ തന്നെ ആ ചിന്തയെ ഓടിച്ചു വിട്ടു. പ്രായമായല്ലോ എന്നു ചിന്തിച്ചിരുന്നാൽ പ്രായമായിത്തുടങ്ങും. ‘ പ്രായമൊക്കെയായി, എനിക്ക് പറ്റില്ല’ എന്നു വിചാരിക്കുന്നതാണ് നമ്മുടെ കുഴപ്പം. നമ്മൾ അങ്ങനെ വിചാരിക്കാതിരുന്നാൽ ‘അവർ അത് ചെയ്യുന്നയാളാണ്, അവരെക്കൊണ്ട് സാധിക്കും’ എന്ന് ആളുകൾ സ്വീകരിച്ചു തുടങ്ങും. 

പ്രായത്തെ ഒാടിച്ചുവിടാനുള്ള വഴികൾ മിനി ലളിതമായി പറഞ്ഞുവയ്ക്കുന്നു...

Tags:
  • Fitness Tips
  • Manorama Arogyam
  • Health Tips