ADVERTISEMENT

 സ്ത്രീകൾ ഏറെ ആശങ്കയോടെ നോക്കി കാണുന്ന ഒരു കാലഘട്ടമാണ് ആർത്തവവിരാമം. ശൈശവം കഴിഞ്ഞ് ആർത്തവ ചക്രം ആരംഭിച്ചശേഷം ഗർഭധാരണം തുടങ്ങിയവ എല്ലാം സംഭവിച്ച് സാധാരണയായി 45-55 വയസിന് ഇടയ്ക്കുള്ള കാലഘട്ടത്തിൽ ആണ് ഇത് സംഭവിക്കാറ്

ആർത്തവ വിരാമത്തിൽ സ്ത്രീകളിലെ ഏറ്റവും പ്രധാനപ്പെട്ട സ്ത്രൈണ ഹോർമോണുകളായ ഈസ്ട്രജനും പ്രൊജസ്റ്ററോണും കുറയുക, തന്മൂലം ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും കൂടാതെ മാനസികമായ ചില പ്രശ്നങ്ങളുമാണു സാധാരണ കണ്ടുവരുന്നത്.

ADVERTISEMENT

യഥാസമയത്തുള്ള ഇടപെടൽ കൊണ്ടു സ്ത്രീകളുടെ ആർത്തവവിരാമ കാലഘട്ടത്തിൽ സംഭവിക്കുന്ന അവസ്ഥകളെ ഒരു പരിധി വരെ പ്രതിരോധിക്കുവാൻ നമുക്കു സാധിക്കും. അതിൽ ആഹാരത്തിനും, വ്യായാമത്തിനും, ജീവിതചര്യകളിൽ വരുത്തേണ്ട മാറ്റങ്ങൾക്കും അവസ്ഥാനുസാരേണയുള്ള ചികിത്സാക്രമങ്ങൾക്കും വലിയ പങ്കുണ്ട്.

ആർത്തവവിരാമത്തിലെ ആഹാരക്രമങ്ങൾ എല്ലാ സ്ത്രീകളിലും ഒരു പോലെ നിർദേശിക്കപ്പെടേണ്ട ഒന്നല്ല. സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ വിരാമത്തിലെ രോഗാവസ്ഥകളും രോഗസ്ഥിതിയും ശാരീരിക പ്രകൃതിയും അനുസരിച്ചാണ് അതു ക്രമീകരിക്കേണ്ടത്. എങ്കിലും പൊതുവായ ചില നിർദേശങ്ങൾ താഴെ പറയുന്നു.

ADVERTISEMENT

ചൂടു കുറയ്ക്കാൻ ഭക്ഷണം ക്രമീകരിക്കാം

ADVERTISEMENT

ആർത്തവവിരാമത്തിൽ കാണുന്ന പ്രധാനപ്പെട്ട ഒന്നാണ് അമിത ചൂട് അനുഭവപ്പെടുക അഥവാ ഹോട്ട് ഫ്ലഷസ്. സാധാരണയിൽ കവിഞ്ഞ് ശരീരത്തിൽ ചൂട് അനുഭവപ്പെടാം, ശക്തിയായി വിയർക്കാം. ചില അവസരങ്ങളിൽ ദിവസവും 10 തവണ വരെ അനുഭവപ്പെടാറുണ്ട്. ഇത് അനുഭവിക്കുന്ന സ്ത്രീയെ സംബന്ധിച്ചു വളരെ ദുസ്സഹമായ അവസ്ഥയാണ്.

അധികം എരിവും ,പുളിയും,ഉപ്പും അടങ്ങിയ ആഹാരങ്ങൾ ഒഴിവാക്കുക.

അച്ചാർ, ചിപ്സ്, മിക്സ്ച്ചർ,ലേസ് , തേങ്ങ വറുത്തരച്ചുണ്ടാക്കുന്ന കറികൾ (തീയൽ മുതലായവ) ഒഴിവാക്കുക .

മദ്യപാനം, പുകവലി, ഇവയും ശീലിക്കരുത് .

ചായ, കാപ്പി മുതലായ പാനീയങ്ങൾ ഒഴിവാക്കുകയോ, കടുപ്പവും അളവും കുറച്ച് ഉപയോഗിക്കുകയോ ചെയ്യാം.

വിനാഗിരി ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.

വറുത്തരച്ചുണ്ടാക്കുന്ന കറികൾക്കു പകരം തേങ്ങാപാൽ ഒഴിച്ചുണ്ടാക്കുന്നതോ, തേങ്ങാ അരച്ചുണ്ടാക്കുന്നതോ ആയ കറികൾ ശീലിക്കുക.

അധികം പുളിപ്പിച്ചുണ്ടാക്കുന്ന ആഹാരപദാർഥങ്ങൾ കഴിക്കാതിരിക്കുക.

പച്ചക്കറികളിൽ വെള്ളരി, കുമ്പളങ്ങ , പടവലങ്ങ ഇവ ധാരാളമായി കഴിക്കുക.

കറികൾ പാചകം ചെയ്യുമ്പോൾ കൊത്തമല്ലി കൂടി ചേർത്തുണ്ടാക്കുക.

പഴവർഗ്ഗങ്ങളിൽ മാതളം, നെല്ലിക്ക, ഉണക്കമുന്തിരിങ്ങ, ഫിഗ്, തണ്ണിമത്തൻ ഇവ ധാരാളമായി കഴിക്കുക .

∙ കോള, പെപ്സി മുതലായ കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുക.

അമിതമായ വറുത്തുണ്ടാക്കുന്ന ആഹാരങ്ങൾ ഒഴിവാക്കുക.

ആരോഗ്യ പാനീയങ്ങൾ

യോനീ വരൾച്ച, മൂത്രത്തിൽ അണുബാധ - ഞെരിഞ്ഞിൽ ഇട്ടു തിളപ്പിച്ചു വെള്ളം.

ശരീരത്തിൽ അമിതമായ ചൂട് - രാമച്ചം /പതിമുഖം / നന്നാറി ഇട്ടു തിളപ്പിച്ച വെള്ളം 

അമിതമായ വയറെരിച്ചിൽ - കൊത്തമല്ലി ഇട്ടു തിളപ്പിച്ച വെള്ളം 

ഡോ. പാർവതി കൃഷ്ണ വി

ഡെപ്യൂട്ടി ചീഫ് ഫിസിഷൻ

അംബ ആയുർവേദ ഹോസ്പിറ്റൽ

ചങ്ങനാശ്ശേരി


ADVERTISEMENT