Thursday 22 June 2023 12:39 PM IST

‘വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്, കുഞ്ഞിനെ ഒഴിവാക്കുന്നതാണ് നല്ലത്’: ഗർഭകാലത്തെ പ്രമേഹം മാറാതെ നിന്നു, ഒടുവിൽ...

Santhosh Sisupal

Senior Sub Editor

ins465465gg

മധുരം കഴിക്കാൻ പാടില്ല; ചോറ് കഴിക്കാൻ പാടില്ല”- മിക്കവർക്കും ഇത്രേേയുള്ളൂ പ്രമേഹം. കോഴിക്കോട് കക്കോടി സ്വദേശിയായ വിദ്യാ വിനോദിനും അത്രയേ ഉണ്ടായിരുന്നുള്ളൂ, എട്ടുവർഷം മുൻപ്, താനൊരു പ്രമേഹ രോഗിയാണ് എന്ന് മനസ്സിലാക്കുന്നതു വരെ. പ്രമേഹത്തിന്റെ സങ്കീർണമായ അനുഭവങ്ങളിലൂെട കടന്നുപോകുമ്പോഴും ചികിത്സയുടെയും മരുന്നുകളുടെയും നിയന്ത്രണത്തിൽ രണ്ടു കുട്ടികൾക്കു വിദ്യ ജന്മം നൽകി. ‘‘10 മാസത്തെ ഗർഭകാലം എനിക്കു പത്തു വർഷം പോലെയായിരുന്നു’’ Ð എന്നു പറയുന്ന വിദ്യയുടെ പ്രമേഹാനുഭവങ്ങൾ ഏതൊരു രോഗിയ്ക്കും പാഠപുസ്തകം കൂടിയാണ്. തന്റെ 24-ാം വയസ്സിൽ ഗർഭിണിയായിരിക്കുമ്പോഴാണ് വിദ്യ, തനിക്കു പ്രമേഹം ഉണ്ടെന്നുള്ള കാര്യം അറിയുന്നത്. പിന്നീട് പ്രമേഹത്തോടൊപ്പമുള്ള വിദ്യയുടെ ജീവിതയാത്ര സങ്കീർണവും വൈകാരികവും സംഭവബഹുലവും ആയിരുന്നു. ആ അനുഭവങ്ങൾ വിദ്യ പങ്കുവയ്ക്കുന്നു.

പ്രമേഹം അറിയുന്നു

2014ൽ ആയിരുന്നു വിവാഹം. ഫോട്ടോഗ്രഫറായ ഭർത്താവ് സനിൽകുമാർ പാലക്കാട് പുതുശ്ശേരി സ്വദേശിയാണ്. വിവാഹം കഴിഞ്ഞു മൂന്നു മാസമായപ്പോൾ ഗർഭിണിയായി. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം പോയത്. ആദ്യമാസം തന്നെ നടത്തിയ രക്തപരിശോധനയിൽ രക്തത്തിലെ പഞ്ചസാരനില 240 എന്നു കണ്ടു. ഡോക്ടർ പറഞ്ഞു ഗർഭകാല പ്രമേഹമായ ജസ്റ്റേഷനൽ ഡയബറ്റിസ് ആണ്. കുറച്ചൊന്നു ശ്രദ്ധിക്കേണ്ടതുണ്ട് എന്നു പറഞ്ഞ് ഇൻസുലിൻ ഉടൻ തുടങ്ങി. പക്ഷേ പ്രമേഹം തീരെ നിയന്ത്രണത്തിൽ ആകുന്നുണ്ടായിരുന്നില്ല. രക്തത്തിലെ പഞ്ചസാര നിലയിൽ വലിയ ചാഞ്ചാട്ടം. ഗൈനക്കോളജിസ്റ്റ് പറഞ്ഞു ഇതു കുഞ്ഞിന് ഒട്ടും നല്ലതല്ല, ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് കുഞ്ഞിനെ ഒഴിവാക്കുന്നതാണു നല്ലത് എന്ന്.

പക്ഷേ എനിക്കതു താങ്ങാൻ പറ്റുന്ന കാര്യമായിരുന്നില്ല. അങ്ങനെയാണ് കോഴിക്കോട് മെഡിക്കൽകോളേജിലെ ഗൈനക്കോളജി വിഭാഗത്തിലേക്കു പോകുന്നത്. ഹൈറിസ്ക് പ്രെഗ്‌നൻസിയാണ് എന്നു വ്യക്തമാക്കിയ അവരും മുന്നോട്ടു പോകാനുള്ള ധൈര്യം തന്നില്ല. എന്നിരുന്നാലും പ്രമേഹം നിയന്ത്രിക്കാനായി ഡയബറ്റോളജിസ്റ്റായ ചാന്ദ്നി ഡോക്ടറുടെ അടുക്കലേക്ക് അയച്ചു. അതാണു എന്റെ ജീവിതത്തിലും പ്രമേഹ ചികിത്സയിലും വലിയ വഴിത്തിരിവുണ്ടാക്കിയത്. ഡോക്ടർ ശരിക്കും എന്റെ കേസ് ഏറ്റെടുത്തു. ഗർഭവുമായി മുന്നോട്ടു പോകാനുള്ള ധൈര്യം ഡോക്ടർമാർക്കും എനിക്കും നൽകിയത് ഡോക്ടർ ചാന്ദ്നിയാണ്.

അന്നത്തെ വയറുവേദന

സത്യത്തിൽ എനിക്കു പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്നു പണ്ടേ ഡോകടർമാർ പറഞ്ഞിരുന്നു. ഞാനത് ഓർത്തില്ല എന്നു മാത്രം. 19 വയസ്സുള്ളപ്പോൾ കടുത്ത വയറുവേദനയുമായി ഞാൻ ആശുപത്രിയിലായി. പാൻക്രിയാസിലെ കല്ലുകൾ ആയിരുന്നു കാരണം. അന്ന് ശസ്ത്രക്രിയചെയ്തു കല്ലുകൾ നീക്കം ചെയ്തുവെങ്കിലും പിന്നീടു പ്രമേഹം വരാനുള്ള സാധ്യതയെക്കുറിച്ച് പറഞ്ഞിരുന്നു. പക്ഷേ ഇത്ര പെട്ടെന്ന്, ഈ ഇരുപത്തിനാലാമത്തെ വയസ്സിൽ, അതും ഗർഭകാലത്ത് ഇങ്ങനെ പ്രമേഹം എത്തുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

ഒരു ബോംബ്

വളരെ കരുതലോടെയും ഇൻസുലിന്റെ ഉപയോഗത്തോടെയും പ്രമേഹം ഒരുവിധം നിയന്ത്രിച്ച് ഗർഭം അവസാന മാസങ്ങളിലേക്കെത്തി. 34 ആഴ്ച ആയപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. ആ ഘട്ടത്തിൽ എന്തെങ്കിലും കഴിച്ചാൽ ഉടൻ തന്നെ ഷുഗർ വല്ലാതെ കൂടുന്നതും ഇൻസുലിൻ എടുത്താൽ പെട്ടെന്ന് ഷുഗർ താഴ്ന്നുപോകുന്നതും ഡോക്ടർമാർക്കു കടുത്ത ആശങ്കയായിരുന്നു. അന്ന് റൗണ്ട്സിനു വന്നിരുന്ന ഗൈനക്കോളജി വിഭാഗം മേധാവി ഡോ. റാബിയ പറയുന്നത് ഇപ്പോഴും എനിക്ക് ഓർമയുണ്ട്. “നിന്നെ കാണുന്നതും ബോംബ് കാണുന്നതും ഒരുപോലെയാണല്ലോകുട്ടീ”യെന്ന്. അത്രമാത്രം അപ്രതീക്ഷിതമാറ്റമായിരുന്നു ഷുഗർ നിലയിൽ ഉണ്ടായിരുന്നത്.

ഏതായാലും ഒൻപതു മാസം ആയപ്പോഴേക്കും സിസേറിയന്‍ ചെയ്തു കുഞ്ഞിനെ പുറത്തെടുത്തു. സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പറഞ്ഞിരുന്നതുപോലെ ഏതെങ്കിലും തരത്തിലെ വൈകല്യമോ പ്രശ്നങ്ങളോ ഉണ്ടാകുമോ എന്നു ഭയന്നിരുന്നു. പക്ഷേ മകൻ പൂർണ ആരോഗ്യത്തോടെ വളർന്നു. ‘അവൻ പെർഫെക്റ്റ് ആണ്’. അതായിരുന്നു ഏറ്റവും വലിയ സന്തോഷം.

പ്രമേഹം മാറിയല്ലോ!

ഗർഭകാലത്തു പ്രമേഹം വരുന്ന ഏതൊരു പെൺകുട്ടിയും കരുതുന്ന പോലെ ഞാനും കരുതി- പ്രസവം കഴിഞ്ഞതോടെ പ്രമേഹവും മാറിയെന്ന്. സാധാരണ ഗർഭിണികളിൽ ഗർഭധാരണം നാലഞ്ചു മാസം പിന്നിടുന്നതോടെയാണു ഗർഭകാലപ്രമേഹം കാണാറ്. എനിക്കു കുറച്ചു നേരത്തെ വന്നു എന്നു മാത്രം. അത്രയേ ഉള്ളൂ. അതിൽ അപ്പുറം ഒന്നും കരുതിയില്ല. അതുകൊണ്ടുതന്നെ പ്രസവം കഴിഞ്ഞതോടെ എന്റെ പ്രമേഹം മാറിയെന്നു ഞാൻ പൂർണമായും വിശ്വസിക്കുകയും ചെയ്തു. പിന്നീട് പ്രമേഹകാര്യത്തിനായി ഡോക്ടറെ കാണുകയോ ചികിത്സ തുടരേണ്ട ആവശ്യമുണ്ടെന്നു ചിന്തിക്കുകയോ ചെയ്തില്ല.

പ്രസവം കഴിഞ്ഞതോടെ ഇൻസുലിൻ എടുക്കുന്നതും രക്തപരിശോധനയും നിർത്തി. പിന്നീട് 40-50 വയസാകുമ്പോൾ പ്രമേഹം വരാനുള്ള സാധ്യയുള്ളതുകൊണ്ടു പ്രസവരക്ഷകൾ ചെയ്തു വണ്ണമൊന്നും കൂട്ടേണ്ട എന്നും വിചാരിച്ചു.

അമ്മയായപ്പോൾ

കുഞ്ഞ് ആയിക്കഴിഞ്ഞപ്പോൾ വിശപ്പു കൂടുതൽ ഉണ്ടായിരുന്നു എന്നുമാത്രം. അതു കുഞ്ഞിനു പാലു കൊടുക്കുന്നതുകൊണ്ടാകുമല്ലോÐ ഞാനും സമാധാനിച്ചു. ബന്ധുക്കളും അങ്ങനെതന്നെ കരുതി. കുഞ്ഞിന് ഏതാണ്ടു നാലു മാസം ആയപ്പോൾ എന്തോ ഒരു സംശയം. കാരണം എത്ര ആഹാരംകഴിച്ചിട്ടും ഞാൻ വല്ലാതെ മെലിയുന്നു. ആ സംശയം മാറ്റാനാണു വീണ്ടും ഡോക്ടറുടെ അടുക്കലേക്കു പോയത്.

ചാന്ദ്നി ഡോക്ടർ ഷുഗർ നോക്കുമ്പോൾ 300 നു മുകളിൽ. “എന്താ കുട്ടി നീ ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ, കുഞ്ഞു വണ്ണം വെച്ചു വരുമ്പോഴും നീ മെലിയുന്നതു കാണുമ്പോഴെങ്കിലും ഓർക്കേണ്ടതല്ലായിരുന്നോ”... എന്നു സ്നേഹത്തോടെ വഴക്കു പറഞ്ഞു. തുടർന്നു ചികിത്സ ആരംഭിച്ചു. ഇൻസുലിനും മരുന്നുകളും തുടങ്ങി. ഗർഭകാലത്ത് ഉപയോഗിച്ചതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ഫലപ്രദമായ ചികിത്സകൾ ആയിരുന്നു ആരംഭിച്ചത്.

പ്രമേഹത്തിലെ ടൈപ് 1

പക്ഷേ അടിക്കടി ഷുഗർനില കുറഞ്ഞ് ഹൈപ്പോഗ്ലൈസീമിയ വരാൻ തുങ്ങി. ചില സമയം ഷുഗർ നില വല്ലാതെ കൂടുകയും അതുപോലെ വളരെ കുറയുകയും ചെയ്യുന്ന അവസ്ഥ, പ്രമേഹം നിയന്ത്രണത്തിൽ ആകുന്നില്ല. അങ്ങനെയാണു മനസ്സിലാകുന്നത് എനിക്കുള്ള പ്രമേഹം ‘ടൈപ് 1’പ്രമേഹമാണ് എന്ന്. ശരീരത്തിലെ ഇൻസുലിൻ ഉൽപാദനം പൂർണമായി നിലച്ചുപോയ അ അവസ്ഥ. അതായത് ഇൻസുലിൻ ദിവസവും പലതവണ മുടക്കമില്ലാതെ എടുത്തില്ലെങ്കിൽ ജീവിക്കാനാകാതെ വരുന്ന പ്രമേഹം.

പാൻക്രിയാസിൽ കല്ലുണ്ടാകാൻ കാരണമായ ‘ക്രോണിക് കാൽസിഫിക് പാൻക്രിയാടൈറ്റിസ്’ എന്ന രോഗാവസ്ഥയായിരുന്നു തുടക്കം. അതിൽനിന്നും നിന്നും ക്രമേണ പാൻക്രിയാസിൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ബീറ്റാകോശങ്ങളുെട പ്രവർത്തനം ഏറെക്കുറെ പൂർണമായും പ്രവർത്തനം അവസാനിപ്പിച്ചതായിരുന്നു രോഗകാരണം.

ഇൻസുലിൻ എന്ന ജീവിതം

എന്റെ ഗർഭകാലം ശരിക്കും ഒരു പരീക്ഷണ കാലമായിരുന്നു. അത്രയും പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴും പ്രസവത്തോടെ എല്ലാം കഴിയുമെന്നുള്ള പ്രതീക്ഷയുണ്ടായിരുന്നു. ടൈപ് 1 പ്രമേഹമാണു എനിക്ക് എന്നു തിരിച്ചറിഞ്ഞതോടെ അസ്തമിച്ചത് ആ പ്രതീക്ഷയാണ്. ജീവിതകാലം മുഴുവൻ ഇൻസുലിനെ ആശ്രയിക്കുന്ന ടൈപ്പ് 1 പ്രമേഹരോഗിയാണ് ഇനി ഞാൻ. ഇപ്പോൾ റൈസോഡെഗ് എന്ന ഇൻസുലിൻ ഉപയോഗിക്കുന്നു. രാവിലെ 15 ഉച്ചയ്ക്ക് 10 രാത്രി 8 യൂണിറ്റ് വീതം.

ഒരു പ്രമേഹ രോഗിയുെട ഭക്ഷണത്തിൽ കാര്യമായ നിയന്ത്രണം വരുമ്പോൾ വേണ്ടത്ര പോഷക സമൃദ്ധമായ ഭക്ഷണം കഴിച്ചില്ലെങ്കിൽ പല വിധത്തിലുള്ള പോഷകങ്ങളുടേയും കുറവു വരും. അതുകൊണ്ടുതന്നെ മൾട്ടി വൈറ്റമിൻ ഗുളികകളും പ്രോട്ടീൻ പൗഡറുമൊക്കെ എനിക്കു വേണ്ടി വരുന്നുണ്ട്. 10 ദിവസത്തെ ഇൻസുലിനു മാത്രം ആയിരം രൂപ വരും. എട്ടുവർഷം മുൻപ് ഇൻസുലിൻ എടുത്തു തുടങ്ങുമ്പോൾ ഇൻസുലിൻ പേനയിൽ ഉപയോഗിക്കുന്ന സൂചിക്കു ആറു രൂപയായിരുന്നത് ഇന്ന് 23 രൂപയാണ്. വൈറ്റമിൻ ഗുളികകൾക്കൊക്കെ എന്താ വില..! എല്ലാ ചെലവുകളും സനിലേട്ടന്റെ ഒറ്റ വരുമാനത്തിൽ നടക്കണ്ടേ..അതുകൊണ്ടു ഇൻസുലിൻ പേനയിലെ സൂചിയൊക്കെ കുത്തിക്കുത്തി അതു ശരീരത്തു കേറാതെ വളയുന്നതു വരെ കുത്തും..

അമ്മേ... അമ്മയും പെട്ടു

ഗർഭിണിയായി ഞാൻ ആശുപത്രിയിൽ കിടക്കുമ്പോൾ എനിക്കു കൂട്ടുനിന്നത് അമ്മ ഷീലയാണ്. അമ്മയ്ക്കു ചർമത്തിലൊക്കെ തടിപ്പുപോലെ കണ്ടപ്പോഴാണു രക്തം പരിശോധിക്കാൻ ഡോക്ടർ പറഞ്ഞത്. റിസൽട്ടു വന്നപ്പോൾ അമ്മയ്ക്കും പ്രമേഹം. അപ്പോ അമ്മയോടു ഞാൻ അറിയാതെ പറഞ്ഞുപോയി, ‘‘അമ്മേ.. ഞാൻ പെട്ടു, അമ്മയും പെട്ടല്ലോ’’ എന്ന്. എന്നാൽ അമ്മയുെട ടൈപ് 2 പ്രമേഹം ഇന്ന് നല്ല നിയന്ത്രണത്തിലാണ്. ആദ്യം ഗുളികകൾ മാത്രമായിരുന്നു. മെറ്റ്ഫോമിനായിരുന്നു പ്രധാന മരുന്ന്. പക്ഷേ അതു കഴിക്കുമ്പോൾ അമ്മയ്ക്കു ചർമത്തിൽ നീരും ചൊറിച്ചിലും. അങ്ങനെ അതു നിർത്തി ഇൻസുലിനാക്കി.

രണ്ടാമത്തെ റിസ്ക്

ടൈപ് 1 രോഗിയായിരിക്കുമ്പോൾ ഗർഭം സങ്കീർണമാണ് എന്നു അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു വീണ്ടും ഗർഭിണിയാകാൻ തീരുമാനിച്ചത്. മകൻ തനവ് തനിച്ചായതിന്റെ പല പ്രശ്നങ്ങളും മനസിലാക്കിയാണ് അങ്ങനെ ഒരു തീരുമാനമെടുത്തത്. മികച്ച ഒരു ഡോക്ടറും നല്ല ചികിത്സയും അതു കൃത്യമായി നടപ്പിലാക്കാനുമുള്ള മനസുമുണ്ടെങ്കിൽ അതു സാധിക്കാമെന്നുള്ള ആത്മവിശ്വാസത്തിനുള്ള ഉത്തരമാണ് മകൾ ഹെയ്സൽ. മകൾക്ക് ഒരു വയസ്സായി.

എന്റെ പ്രമേഹ ജീവിതം, എന്ന പഠിപ്പിച്ചത്, ‘‘പലപ്പോഴും നമ്മൾ മടുത്തുപോകും, എങ്കിലും ഇൻസുലിനും മരുന്നുകളും ചികിത്സയും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ടൈപ് 1 പ്രമേഹത്തേയും മെരുക്കി നിർത്താം എന്നു തന്നെയാണ്’’.Ðവിദ്യ ആത്മവിശ്വാസത്തോടെ പറഞ്ഞു.

Tags:
  • Daily Life
  • Manorama Arogyam