മൈഗ്രേൻ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് കൂടുതലും വലയ്ക്കുന്നത്. തലവേദനയുടെ ‘ബോംബ്’ ആണ് പലർക്കും മൈഗ്രേൻ. ഇത് വരുന്ന സമയം പലതരം ശബ്ദങ്ങൾ കേൾക്കുന്നതു പോലെ തോന്നാം. കണ്ണിൽ ബൾബ് മിന്നും പോലെ പ്രകാശം അനുഭവപ്പെടാം. ചിലർക്ക് ഛർദിയും ഉണ്ടാകാറുണ്ട്.
ആർത്തവവേദനയ്ക്കൊപ്പം മൈഗ്രേനും കൂടി ആർത്തലച്ചെത്തുമ്പോൾ നിവർന്നു നിൽക്കുക പോലും വിഷമകരമാണ്. ചിലർക്ക് ആർത്തവം തുടങ്ങുമ്പോൾ, ചിലർക്ക് കഴിയുമ്പോൾ, ഓവുലേഷൻ സമയത്ത് ഇങ്ങനെ പല പാറ്റേണുകളിലാണ് സ്ത്രീകളിൽ മൈഗ്രേൻ ഉണ്ടാകുന്നത്. ഹോർമോൺ വ്യതിയാനമാണ് ഇത്തരം മൈഗ്രേന്റെ പ്രധാന കാരണം.
ക്രമപ്പെടുത്തണം ജീവിതശൈലി
ഏറെ നേരം വെയിൽ കൊള്ളുക, സമയം തെറ്റി ആഹാരം കഴിക്കുക, ജങ്ക് ഫൂഡ്, മസാല ചേർന്നതും എണ്ണയിൽ വറുത്തതുമായ ഭക്ഷണം എന്നിവ മൈഗ്രേൻ ഉ ള്ളവർ ഒഴിവാക്കണം. മുൻകോപം, പിരിമുറുക്കം എന്നിവ മൈഗ്രേന് തുടക്കമിടുന്ന (ട്രിഗർ) കാരണങ്ങളാണ്. ഇത് തിരിച്ചറിഞ്ഞ് ജീവിതശൈലി ക്രമപ്പെടുത്തുക.
പാറ്റേൺ മനസ്സിലാക്കി ചികിത്സ
മൈഗ്രേൻ നാഡീപരമായ പ്രശ്നമായാണ് ആയുർവേദം കണക്കാക്കുന്നത്. മൈഗ്രേൻ വരുന്ന പാറ്റേൺ മനസ്സിലാക്കലാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഏത് സാഹചര്യമാണ് മൈഗ്രേൻ ഉണ്ടാക്കുന്നത് എന്ന് തിരിച്ചറിയുന്നത് ചികിത്സ എളുപ്പമാക്കും.
നസ്യം ചെയ്യുക, ശിരോവസ്തി അഥവാ ചില പ്ര ത്യേക ആയുർവേദ മരുന്നുകൂട്ടുകളുണ്ടാക്കി ഏറെ നേരം തലയിൽ വയ്ക്കുന്ന ചികിത്സയായ തളം വ യ്ക്കൽ, ശിരോധാര എന്നിവ മൈഗ്രേൻ നേരിടാൻ പൊതുവെ സ്വീകരിക്കുന്ന ഫലപ്രദമായ ചികിത്സാമാർഗങ്ങളാണ്. ചില പ്രത്യേക എണ്ണകൾ കൊണ്ടുള്ള കുലുക്കുഴിയൽ, കഷായങ്ങൾ വഴി ദഹനശേഷിയെ കൃത്യമാക്കുക എന്നിവയും മൈഗ്രേൻ നേരിടാനുള്ള ആയുർവേദ ചികിത്സാമാർഗങ്ങളാണ്.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ആർ. എസ്. ഹൃദ്യ
വിമൻസ് ഹെൽത് &
കോസ്മെറ്റോളജി
സ്ത്രീരോഗ വിഭാഗം മേധാവി
സഞ്ജീവനം ആയുർവേദ
ഹോസ്പിറ്റൽ
പള്ളിക്കര, കൊച്ചി