Saturday 29 July 2023 05:21 PM IST : By ഡോ. പ്രമീളാദേവി എസ്.

വലുപ്പവും വലിഞ്ഞുതൂങ്ങലും മാറ്റാം: മാറിടങ്ങളുടെ വലുപ്പം കുറച്ച് ആകൃതി വരുത്താൻ സർജറി....

wmnbr3432

ഗീത (പേര് സാങ്കൽപികമാണ്) ഒരു വർഷത്തോളമായി തോൾ വേദനയ്ക്കു വേണ്ടി അസ്ഥിരോഗ വിദഗ്ധനെ കാണുന്നു. ധാരാളം മരുന്നും കഴിച്ചു. മാറിടങ്ങ ളിലെ ഒരു ചെറിയ മുഴ കാണിക്കാൻ സർജറി ഒ പി യിൽ വന്നപ്പോഴാണു തോൾ വേദനയുടെ യഥാർഥ കാരണം മനസ്സിലാക്കുന്നത്. ബ്രായുടെ സ്ട്രാപ് വലിഞ്ഞു മുറുകി തോളിൽ വലിയ കറുത്ത അടയാളം വന്നുകഴിഞ്ഞു. അമിതസ്തനവളർച്ച തന്നെയായിരുന്നു ഗീതയുടെ പ്രശ്നം.

വളരെ വലുപ്പമേറിയ മാറിടങ്ങൾ വ യറു വരെ എത്തിനിൽക്കുന്നു. തന്മൂലം മാനസികവും ശാരീരികവുമായി ഗീത ദിനംപ്രതി ബുദ്ധിമുട്ടുകയായിരുന്നു.സ്തനങ്ങൾ ചെറുതാക്കാനുള്ള ശസ്ത്രക്രിയ ഉണ്ടെന്ന വസ്തുത അവർക്ക് ഒരു പുതിയ അറിവായിരുന്നു. സർജറിക്കു ശേ ഷം നിവർന്നു നിൽക്കുന്ന ഗീതയുടെ കണ്ണുകളിൽ ആത്മാഭിമാനത്തിന്റെ തിളക്കം കാണാമായിരുന്നു.

സ്ത്രീകളിൽ മാറിടങ്ങളിൽ കാണുന്ന രണ്ടു പ്രശ്നങ്ങളാണ് ബ്രെസ്റ്റ് ടോസിസ് (Breast Ptosis) അഥവാ വലിഞ്ഞു തൂങ്ങി വയറോളം എത്തുന്ന മാറിടങ്ങളും അമിത വളർച്ചയുള്ള മാറിടങ്ങൾ അ ഥവാ ബ്രെസ്റ്റ് ഹൈപ്പർട്രോഫിയും (Breast Hyportrophy). മാറിടങ്ങളുടെ അമിതമായ വളർച്ചയും സ്തനം തൂങ്ങുന്നതും സാധാരണ പ്രസവാനന്തരമാണു കൂടുതലായി കാണപ്പെടുന്നത്. ഈ രണ്ട് അ വസ്ഥയും ഒരു സൗന്ദര്യ പ്രശ്നമായിട്ടാണ് സമൂഹവും വ്യക്തികളും കാണുന്നത്. ഗർഭം ധരിച്ചു പത്തുമാസം ചുമന്നു, വേദനിച്ചു പ്രസവിച്ച് ഏകദേശം ഒരു വർഷത്തോളം സ്വന്തം താൽപര്യങ്ങളിൽ നിന്നും മാറിനിന്നു കുഞ്ഞിനെ വളർത്തിയ അമ്മയ്ക്ക് ഉണ്ടാകുന്ന ഈ പ്രശ്നത്തെ വെറും സൗന്ദര്യ പ്രശ്നമായി നിസ്സാരവൽക്കരിക്കുന്നത് ആധുനിക സമൂഹത്തിനു യോജിച്ചതല്ല. മാത്രമല്ല, സ്തനഭാരം കാരണം തോൾവേദന ഉൾപ്പെടെയുള്ള പ്രശ്നങ്ങളും പൂപ്പൽ ബാധയും വരാം. അതിനാൽ ആരോഗ്യപ്രശ്നമായി തന്നെ കണ്ടു ചികിത്സിക്കണം.

കാരണങ്ങളെന്തൊക്കെ?

അമിതസ്തനവളർച്ചയ്ക്കു പല കാരണങ്ങളുണ്ട്.  ചെറുപ്പക്കാരായിട്ടുള്ള സ്ത്രീകളിൽ ഹോർമോണുകളുടെ പ്രവർത്തന ഫലമായി അമിത സ്തന വളർച്ചയുണ്ടാകാം. അതായത്, മാറിടങ്ങൾ വലുപ്പം വച്ചു തുടങ്ങുമ്പോൾ തന്നെ അമിതമായി വലുതാകാം. ഗർഭകാലത്തു മാറിടങ്ങൾക്കു വലുപ്പം വയ്ക്കാറുണ്ട്.  കുഞ്ഞിനെ മുലയൂട്ടുന്നതിനെ മുൻനിർത്തിയുള്ള മാറ്റമാണത്. ഇതിൽ 80 ശതമാനം പേരും ഒരു വർഷത്തിനുള്ളിൽ പൂർവസ്ഥിതി പ്രാപിക്കാറുണ്ട്. എന്നാൽ ചിലരിൽ ഗർഭകാലത്തെ മാറ്റങ്ങൾ അതുപോലെ തന്നെ തുടരുന്നു.

പലർക്കും അമിത മാറിടവലുപ്പം കാരണം തോൾവേദന പതിവാകാം. തന്മൂലം സ്ഥിരമായി വേദന ാസംഹാരികൾ കഴിക്കേണ്ടിവരുന്നു. ബ്രായുടെ വള്ളി തോൾ ഭാഗത്തെ തൊലിയിൽ ഉരഞ്ഞ് കറുത്ത അടയാളം ഉണ്ടാക്കുന്നു. മാറിടങ്ങളുടെ അടിഭാഗം വയറിനോടു ചേർന്നിരിക്കുന്നതു കാരണം ചർമത്തിൽ ഫംഗൽ ഇൻഫക്‌ഷൻ അഥവാ പൂപ്പൽ ബാധ ഉണ്ടാകുന്നു. ഈ പ്രശ്നം ഉള്ള സ്ത്രീകൾ പൊതുവേ ഉൾവലിഞ്ഞ ഒ രു മാനസികാവസ്ഥയിലേക്കു പോകും. അപകർഷബോധം അവരെ മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തും. വസ്ത്രധാരണം തന്നെ ഒരു പ്രശ്നം ആയിരിക്കും. ചെറിയ പ്രായത്തിലുള്ള സ്ത്രീക ൾക്കു കളിയാക്കലും വിമർശങ്ങളും നേരിടേണ്ടി വരുന്നു. ചിലരിൽ ഗൗരവകരമായ ദാമ്പത്യ പ്രശ്നങ്ങൾക്കും അമിത മാറിടവളർച്ച കാരണമാകുന്നു.

ശസ്ത്രക്രിയ എപ്പോൾ?

മാറിടങ്ങളുടെ സംവേദനക്ഷമതയിൽ മാറ്റമൊന്നും വരുത്താതെ കൊഴുപ്പിന്റെ അളവു കുറച്ച്, അധികമായുള്ള തൊലി മാറ്റി മാറിടങ്ങൾ ഉയർത്തി സ്ഥാപിക്കുകയാണ് ഈ ശസ്ത്രക്രിയയിൽ ചെയ്യുന്നത്. പൊതുവെ മറ്റു സർജറികൾക്കു ശേഷം ഉണ്ടാകുന്നത്ര വേദന ഈ ശസ്ത്രക്രിയയിൽ കാണാറില്ല. സ്തനം എന്നു പറയുന്നതു ചർമവും കൊഴുപ്പും മാത്രമുള്ള അവയവമാണ്. അതുകൊണ്ടാണു വേദന കുറയുന്നത്. എങ്കിലും ശസ്ത്രക്രിയയ്ക്കു ശേഷം വേദന വരാതിരിക്കാനുള്ള മരുന്നുകൾ സർജറിയുടെ സമയത്ത് സ്തനത്തിനുള്ളിലും വശങ്ങളിലും വയ്ക്കുന്നു. ഇതുവഴി അമിത രക്തസ്രാവവും തടയാനാകും.

ശസ്ത്രക്രിയയ്ക്കു ശേഷം 4-5 ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാം. ഒ രാഴ്ച കഴിഞ്ഞാണു തുടർ പരിശോധന. ചിലർക്ക് മുറിവു കരിയാൻ കൂടുത ൽ സമയമെടുത്തേക്കാം. കിടന്നുള്ള വിശ്രമം സാധാരണ നിർദേശിക്കാറില്ല. വീടിനുള്ളിൽ തന്നെ നടക്കുകയും സ്വന്തം കാര്യങ്ങൾ ചെയ്യുകയുമാകാം. തൂക്കുക, തുടയ്ക്കുക, ദീർഘനേരം അടുക്കളയിൽ നിന്നുള്ള ജോലികൾ എന്നിവ കുറച്ചുദിവസത്തേക്ക് ഒഴിവാക്കണം. 45 ദിവസം കഴിയുമ്പോൾ പഴയരീതിയിൽ ജോലികളെല്ലാം ചെയ്യാം.

കാര്യമായ അപകട സാധ്യതയും പാർശ്വഫലങ്ങളും ഇല്ലാത്ത ശസ്ത്രക്രിയയാണ് ബ്രസ്റ്റ് റിഡക്‌ഷൻ. ജനറൽ അനസ്തീസിയ നൽകിയാണു ചെയ്യുന്നത്. ബ്രെസ്റ്റ് റിഡക്‌ഷൻ സർജറിക്കൊപ്പം ലൈപ്പോസക്ഷൻ ആവശ്യമായി വരും. സ്തനവലുപ്പം കൂടിയവരിൽ ഭൂരിഭാഗം പേ രും അമിത വണ്ണം ഉള്ളവരായിരിക്കും. ഇവരിൽ സ്തനത്തിന് അമിതവലുപ്പം ഉള്ളതു കൂടാതെ നെഞ്ചിന്റെ വശങ്ങളിലും കക്ഷഭാഗത്തും കക്ഷത്തിനു താഴെയുമൊക്കെ അമിതമായി കൊഴുപ്പടിഞ്ഞിരിക്കും. സ്തനവലുപ്പം മാത്രം കുറച്ചാൽ മറ്റു ഭാഗങ്ങൾ തള്ളിനിൽക്കും. അതുകൊണ്ട് ഈ ഭാഗങ്ങളിലെ കൊഴുപ്പു വലിച്ചെടുത്തു കളയുക തന്നെ വേണം.

സ്വകാര്യ ആശുപത്രികളിൽ ഏകദേശം ഒന്നരÐരണ്ടു ലക്ഷത്തോളം ചെലവു വരും. പ്രമേഹം, ബിപി പോലെ മറ്റ് അസുഖങ്ങൾ ഉള്ളവർക്കു കൂടുതൽ ക ൺസൽറ്റേഷൻ വരുന്നതിനാൽ ചെലവു കൂടാം. വാസ്കുലൈറ്റിസ് അഥവാ രക്തക്കുഴലുകളെ ബാധിക്കുന്ന അസുഖമുള്ളവർ, അർബുദരോഗികൾ, മാറിടങ്ങളിൽ ടിബി ഉള്ളവർ എന്നിവരിൽ ഈ ശസ്ത്രക്രിയ ചെയ്യാറില്ല. ജനറൽ അനസ്തീയ അപകടകരമായിട്ടുള്ള രോഗികളിലും നിർദേശിക്കാറില്ല.

പ്രസവം കഴിഞ്ഞാൽ ഇതൊക്കെ സ്വാഭാവികമാണെന്ന മനോഭാവത്തിനു മാറ്റം അനിവാര്യമാണ്. നിലവിൽ ഈ ശ സ്ത്രക്രിയകളെ സൗന്ദര്യശസ്ത്രക്രിയ എന്ന പേരിൽ ഇൻഷുറൻസിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. സ്ത്രീകളുടെ വ്യക്തിത്വത്തെ മാനിച്ചു കൊണ്ടും മാതൃത്വത്തിനു വില കൽപിച്ചു കൊണ്ടും ഇൻഷുറൻസ് കമ്പനികൾ ഈ ശ സ്ത്രക്രിയകൾക്ക് പരിരക്ഷ നൽകേണ്ടതാണ്.

ഡോ . പ്രമീളാ ദേവി എസ്.

കൺസൽറ്റന്റ്,

സർജറി വിഭാഗം, എസ്‌യു‌റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

Tags:
  • Manorama Arogyam