Tuesday 08 October 2024 11:11 AM IST : By സ്വന്തം ലേഖകൻ

മുലയൂട്ടല്‍ അവസാനിച്ചാല്‍ മാറിടം അതിന്റെ പഴയ വലുപ്പത്തിലേക്കു മടങ്ങുമോ? അമ്മമാരുടെ ആശങ്ക, മറുപടി

breast-feeding

സാധാരണ നിലയില്‍ 11–ാം വയസ്സോടെ പെണ്‍കുട്ടികളില്‍ മുലഞെട്ട് ചെറുതായി വീര്‍ക്കും. അതിന്റെ കണ്ണിന്റെ ഭാഗം വെളിയിലേക്ക് തള്ളിനില്‍ക്കും. ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നീ രണ്ടു ഹോര്‍മോണുകള്‍ സ്തനവളര്‍ച്ചയെ സഹായിക്കും. മുലക്കണ്ണില്‍ നിന്ന് അകത്തേക്കാണു പാല്‍നാളികള്‍ വളരുന്നത്. അതിനുചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടും. ഏതാണ്ടു 16 വയസ്സാകുമ്പോഴേക്കും മാറിടം വളര്‍ന്നിരിക്കും.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ മുലഞെട്ടു വീര്‍ത്തിരിക്കും. മുലകള്‍ മാര്‍ദവമേറിയതും സംവേദനക്ഷമവും ആയിരിക്കും. സ്തനങ്ങളുടെ പുറത്തുള്ള, ഹൃദയത്തിലേക്കു രക്തം കൊണ്ടുപോകുന്ന രക്തധമനികള്‍ (െവയിനുകള്‍) എഴുന്നുനിൽക്കും. ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്നു മാസക്കാലം രക്തയോട്ടത്തിലെ വ്യത്യാസവും പാല്‍ഗ്രന്ഥികളുടെയും നാളികളുടെയും വളര്‍ച്ചയും കാരണം മാറിടവലുപ്പം 20–25% കൂടും. ഗര്‍ഭത്തിന്റെ അവസാനമാകുന്നതോടെ മാറിടം അതിന്റെ സാധാരണ വലുപ്പത്തെക്കാള്‍ മൂന്നിലൊന്നു കൂടുതല്‍ വളര്‍ന്നിരിക്കും.

മുലയൂട്ടല്‍ തുടങ്ങിയാല്‍ പിന്നെയും വളരും. മുലയൂട്ടല്‍ അവസാനിച്ചാല്‍ മാറിടം അതിന്റെ പഴയ വലുപ്പത്തിലേക്കു മടങ്ങും.

പ്രായമാകുമ്പോള്‍

ഏതാണ്ട് ആര്‍ത്തവവിരാമമാകുമ്പോള്‍ മാറിടം തൂങ്ങിത്തുടങ്ങും. െെഫബ്രസ് കോശങ്ങളുെടയും പാല്‍ഗ്രന്ഥികളുടെയും നാളികളുടെയും ചുരുങ്ങല്‍ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

എന്റെ വലത്തെ മുല ഇടത്തേതിനെക്കാള്‍ ചെറുതാണ്. ഒരു പരിഹാരം പറഞ്ഞു തരൂ?

പല സ്ത്രീകളിലും ഇതു സാധാരണമാണ്. അപൂര്‍വമായി ചില അസുഖങ്ങള്‍ കാരണം ഇങ്ങനെ വരാം. ഇതു പരിഹരിക്കാൻ ശസ്ത്രക്രിയകള്‍ ഉണ്ട്. എങ്കിലും ആദ്യം ഒരു െെഗനക്കോളജിസ്റ്റിനെ കണ്ടു സംസാരിക്കൂ.

എന്റെ കൂട്ടുകാരികളുടേതിനെ അപേക്ഷിച്ച് എന്റെ സ്തനങ്ങള്‍ ചെറുതാണ്. മരുന്നുകളോ ലേപനങ്ങളോ സഹായിക്കുമോ?

സ്തനങ്ങളുടെ ആകൃതിയും വലുപ്പവും ഒാരോരുത്തര്‍ക്കും ഒാരോന്നാണ്. രണ്ടു പേരുടെ സ്തനങ്ങള്‍ ഒരിക്കലും ഒരുപോലെയാവില്ല. പക്ഷേ, ഈ വ്യത്യാസങ്ങളൊന്നും പാല്‍ ഉല്‍പാദനത്തെയോ െെലംഗിക പ്രതികരണങ്ങളെയോ ബാധിക്കില്ല. സ്ത്രീ ആരോഗ്യവതിയായിരിക്കുന്നിടത്തോളം യാെതാരു പ്രശ്നവും ഉണ്ടാകില്ല. എന്നാല്‍ ഹോര്‍മോണ്‍ അപര്യാപ്തത കൊണ്ടാണു വളര്‍ച്ച കുറവെങ്കില്‍ അതിനു മരുന്നുകഴിച്ചാല്‍ വലുപ്പവും കൂടും.

സ്തനവലുപ്പം കൂട്ടാന്‍ വ്യായാമ മുറകള്‍ വല്ലതുമുണ്ടോ?

സ്തനവലുപ്പം കൂടാനായി അങ്ങനെ വ്യായാമമുറകളൊന്നുമില്ല. പക്ഷേ, ചില വ്യായാമങ്ങള്‍ സ്തനങ്ങളെ താങ്ങുന്ന പെക്റ്ററല്‍ മസിലുകളെ ദൃഢീകരിക്കും. അങ്ങനെ ഈ മസിലുകള്‍ ദൃഢീകൃതമാകുമ്പോള്‍ മാറിടവും കണ്ടാല്‍ ദൃഢമായിത്തോന്നും.

ഞാന്‍ മൂന്നു കുട്ടികളുടെ അമ്മയാണ്. എന്റെ മാറിടം തൂങ്ങുന്നു. ഞാന്‍ എന്തു ചെയ്യണം?

പ്രായമാകുമ്പോള്‍ സ്തനങ്ങൾ തൂങ്ങാറുണ്ട്. നിങ്ങള്‍ക്ക് രണ്ടു കാര്യങ്ങള്‍ ചെയ്യാം. (1) നിങ്ങളുടെ പെക്റ്ററല്‍ മസിലുകള്‍ക്കു ഗുണം കിട്ടുന്ന രീതിയില്‍ വ്യായാമം ചെയ്യൂ. അപ്പോള്‍ സ്തനങ്ങളും ദൃഢമായി, നേരേ നില്‍ക്കും. അല്ലെങ്കില്‍ ഒരു കോസ്മറ്റിക് സര്‍ജറി ചെയ്യാം. (2) നിങ്ങള്‍ക്കു ചേര്‍ന്ന ബ്രാ ധരിക്കുക (അണ്ടര്‍വയര്‍ ബ്രാ). അതു മുലകളെ താങ്ങിനിര്‍ത്തി തൂങ്ങല്‍ കുറയ്ക്കും. അപ്പോള്‍ സ്തനങ്ങള്‍ ഒന്നുകൂടി ദൃഢമായിരിക്കും.

എന്റെ സ്തനങ്ങളില്‍ രോമങ്ങളുണ്ട്. കുഴപ്പം വല്ലതുമുണ്ടോ?

ഒരു പ്രശ്നത്തിന്റെയും സൂചനയല്ലിത്. ചില സ്ത്രീകള്‍ക്കു മുലഞെട്ടിനു ചുറ്റും ഒന്നുരണ്ടു രോമങ്ങള്‍ കാണും. വേണമെങ്കില്‍ ഇലക്ട്രോളിസിസ് ചെയ്തു നിങ്ങള്‍ക്ക് ആ രോമങ്ങള്‍ കളയാം.

കടപ്പാട്

ഡോ. ഡി. നാരായണ റെഡ്ഡി  
സെക്സോളജിസ്റ്റ് (വേൾഡ് അസോസിയേഷൻ
ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )  
ദേഗാ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ,
dnr@degainstitute.net

വിവർത്തനം:
അനിൽ മംഗലത്ത്
സാങ്കേതിക സഹായം:
എൻ.വി. നായർ

Tags:
  • Manorama Arogyam
  • Health Tips