വികസ്വര രാജ്യങ്ങളിലെ മരണ കാരണങ്ങളില്‍ രണ്ടാം സാഥാനത്താണ് കാൻസർ രോഗം. കാൻസറിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മാസം കാൻസർ മാസമായി ഡബ്ലു. എച്ച്. ഒ. പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം കണ്ടെത്തി ചികിത്സാവിധേയമാക്കുക, കാൻസർ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സ, കാൻസർ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അന്തരീക്ഷ മലിനീകരണം, ജങ്ക് ഫുഡില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍സ്, ആഹാരത്തിന് നിറവും രുചിയും നല്‍കുന്ന കെമിക്കല്‍സ്, ഭക്ഷ്യ വസ്തുക്കളിലെ കീടനാശിനിയുടെ സാന്നിധ്യം, മദ്യപാനം, പുകയില ഉത്പന്നങ്ങളുടെ ഉപോയോഗം, പാന്‍മാസാല തുടങ്ങി ധാരാളം കാരണങ്ങള്‍ മുഖേന പലവിധത്തിലുള്ള കാൻസർ രോഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ച് വരുകയാണ്.
തുടക്കത്തിലെ കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് മാറ്റാവുന്നതാണ് 50% കാൻസർ രോഗങ്ങളും. സ്തനാര്‍ബുദം, സ്വയം പരിശോധനയിലൂടെ തുടക്കത്തിലെ തന്നെ കണ്ടുപിടിച്ചാല്‍ 100% ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എല്ലാതരം ക്യാന്‍സര്‍ രോഗങ്ങളും ആരംഭ ദിശയില്‍ അറിയാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ചില ലക്ഷണങ്ങള്‍ പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഒരു ലക്ഷണവുമില്ലാതെ കാൻസർ വരാനും ഉയര്‍ന്ന സ്‌റ്റേജിലേക്ക് പോകുവാനുമുള്ള സാധ്യതയുണ്ട്.
ശാരീരിക അസ്വസ്ഥതയോടൊപ്പം മനസ്സിനും ഒരുപാട് ആഘാതം ഏല്‍പ്പിക്കുന്ന ഒരു രോഗമാണ് കാൻസർ . രോഗം മൂര്‍ച്ഛിക്കുമോയെന്ന ഭയം ചികിത്സയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ വികാരപരമായ ബുദ്ധിമുട്ടുകളാണ്. ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും കുടുംബ സാഹചര്യങ്ങളെയും ആശ്രയിച്ചാണ് ചികിത്സയെക്കുറിച്ചുള്ള ആശങ്കകളുണ്ടാകുന്നത്.
സ്വന്തമായി വരുമാനമില്ലാത്ത വയോജനങ്ങള്‍ സര്‍ക്കാര്‍ മേഖലയെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. അച്ഛന്റെയോ അമ്മയുടെയോ ചികിത്സാര്‍ത്ഥം നിത്യ തൊഴിലില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും ബാധിക്കും. തിരികെച്ചെല്ലുമ്പോള്‍ തൊഴില്‍ ലഭ്യമാകണമെന്നില്ല.
സാമൂഹികമായ പ്രശ്‌നങ്ങളും വലുതാണ്. രോഗികളായവര്‍ക്ക് തൊഴിലിലേക്ക് എന്ന് തിരികെപ്പോകാനാകുമെന്ന ആശങ്കയുണ്ടാകും. പഴയതുപോലെ തൊഴില്‍ ചെയ്യാനാകുമോയെന്നതും ഒരു സാമൂഹിക പ്രശ്‌നം തന്നെയാണ്. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും അവരുടെ പരിപാലനവും താളം തെറ്റുന്നു. കുട്ടികളുടെ മാനസികാവസ്ഥ അച്ഛനമ്മനാരുടെ മാനസികാവസ്ഥയ്ക്ക് അനുസരണമായി മാറ്റപ്പെടുന്നു. അത് കുഞ്ഞുങ്ങളുടെ ഭാവിയെയും വിദ്യാഭ്യാസ ലക്ഷ്യത്തെയും മാറ്റിയേക്കാം. കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന മാസനിക പിരിമുറുക്കം മറ്റൊരു കുടുംബ പ്രശ്‌നമാണ്. മേല്‍പ്പറഞ്ഞ സാമൂഹികവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനുള്ള ഉത്തരവാദിത്വം ഇന്ന് രോഗിക്കും, കുടുംബത്തിനും തന്നെയാണ്. ഇതിന് ഒരു മാറ്റം അനിവാര്യമാണ്. സാമൂഹവും ഭരണാധികാരികളും മേല്‍പ്പറഞ്ഞ പ്രശ്‌ന പരിഹാരത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.
കാൻസറിനോടുള്ള സാധാരണ പ്രതികരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. മരണഭീതി, പരശ്രയത്വം വൈരൂപ്യത്തെക്കുറിച്ചുള്ള പേടി, അംഗവൈകല്യം, മറ്റുള്ളവരാല്‍ ഉപേക്ഷിക്കപ്പെടുമോയെന്ന ഭയം, ബന്ധങ്ങളില്‍ ഉണ്ടാകുന്ന അസ്വാരസ്യം, ചുമതലകള്‍ നിറവേറ്റുന്നതിലെ അപാകതകള്‍, അല്ലെങ്കില്‍ പരാജയം, സാമ്പത്തികാവസ്ഥയിലെ വിള്ളലുകള്‍ എന്നിവയാണ്.
ഡോക്ടറെ കാണാന്‍ പോകുന്ന അവസരത്തില്‍ രോഗി അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ കൂടെ കൂട്ടണം. രോഗത്തെക്കുറിച്ചുള്ള തുടര്‍ ചികിത്സയെക്കുറിച്ചും രോഗത്തിന്റെ ഭാവിയെക്കുറിച്ചുള്ള സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ഡോക്ടര്‍ വിശദീകരിക്കുമ്പോള്‍ വ്യക്തമായി മനസ്സിലാക്കാനും അതുവഴി അനുയോജ്യമായ തീരുമാനം എടുക്കാനും ഈ സാന്നിധ്യം ഉപകരിക്കും.
സങ്കടവും ആശങ്കയും ഉറക്കകുറവും സാധാരണയായി കാൻസർ സ്ഥിരീകരിക്കുന്ന രോഗികളില്‍ കണ്ടുവരാറുണ്ട്. എങ്കിലും രണ്ട് ആഴ്ച്ചയില്‍ കൂടുതല്‍ അത് നില്‍ക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. എല്ലാസമയത്തും തുടര്‍ന്ന് പോകുന്ന മനോവിഷമം, ഉന്മേഷക്കുറവ്, നേരത്തെ താത്പര്യം ഉണ്ടായിരുന്ന കാര്യങ്ങളില്‍ താത്പര്യം കാണിക്കാതിരിക്കുക, ഉറക്കക്കുറവ്, അമിതമായ ഉത്കണ്ഠ, ആത്മഹത്യാ ചിന്തകള്‍ എന്നിവ കാണുകയാണെങ്കില്‍ ഒരു മാനസിക രോഗ വിദഗ്ദന്റെ സഹായം ലഭ്യമാക്കേണ്ടതാണ്.
കാൻസർ രോഗികളിലും വിഷാദം തന്നെയാണ് ആത്മഹത്യയുടെ പ്രധാന കാരണം. ഇത് നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ നല്‍കേണ്ടതാണ്. കാൻസർ രോഗം കണ്ടെത്തിക്കഴിഞ്ഞ് ആദ്യത്തെ ആഴ്ച്ച ആത്മഹത്യ ചെയ്യാനുള്ള സാധ്യത കാൻസർ രോഗമില്ലാത്തവരെ അപേക്ഷിച്ച് 12.6 മടങ്ങാണ്. ആദ്യ വര്‍ഷം ഇത് 3.1 മടങ്ങാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കാൻസർ ചികിത്സയോടൊപ്പം തന്നെ രോഗികള്‍ക്കും കുടുംബത്തിനും സാമൂഹികമായ പിന്തുണ, രോഗികളുടെ കുടുംബാംഗങ്ങളുടെ പരിഗണന, അനുയോജ്യമായ തൊഴില്‍ ലഭ്യത, സാമ്പത്തിക ഭദ്രത, ഒറ്റപ്പെടലില്‍ നിന്നുള്ള മോചനം, മാനസിക ചികിത്സ എന്നിവ കൂടി ലഭ്യമാക്കാന്‍ നമുക്ക് കഴിയണം.
ഡോ. എസ്. പ്രമീളാദേവി
കൺസൽറ്റന്റ് ജനറൽ സർജറി
എസ്‌യുറ്റി ഹോസ്പിറ്റൽ
തിരുവനന്തപുരം