Tuesday 25 January 2022 03:26 PM IST

അറുപത്തിആറിൽ നിന്നും നിന്നും 46കിലോയിലേക്ക് ‘ഓടിയെത്തി’; ഓട്ടം തലയ്ക്കു പിടിച്ച് ഒടുവിലെത്തിയത് മാരത്തൺ വേദിയിൽ, മീനാക്ഷിക്കഥ സംഭവബഹുലം

Asha Thomas

Senior Sub Editor, Manorama Arogyam

meenakshi

കൊച്ചി സ്വദേശിയായ മീനാക്ഷി ശങ്കർ ഒാടിത്തുടങ്ങിയത് വണ്ണം കുറയ്ക്കാനായിരുന്നു. 20 കിലോ ഒാടിക്കുറച്ചപ്പോഴേക്കും മീനാക്ഷിക്ക് ഒാട്ടം ഹരം പകരുന്ന പ്രിയ വിനോദമായിക്കഴിഞ്ഞിരുന്നു. ഒട്ടേറെ മാരത്തണുകളിലും പങ്കെടുത്ത മീനാക്ഷി ദിവസവും 8 കിലോമീറ്ററോളം മുടങ്ങാതെ ഒാടുന്നു. ഒാട്ടം വ്യായാമത്തിലുപരി ഇഷ്ടമായിത്തീർന്ന ആ കഥ കേൾക്കൂ.

‘‘ ഞാൻ പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. 20–ാം വയസ്സിൽ ശങ്കറിനെ വിവാഹം ചെയ്തതോടെയാണ് തൃപ്പൂണിത്തുറയിലേക്കുവരുന്നത്. മകനുണ്ടായശേഷമാണ് വണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. പ്രസവത്തേത്തുടർന്ന് ഞാൻ തടിച്ചിരുന്നു. തൃപ്പൂണിത്തുറയിൽ ജിം സൗകര്യമുണ്ടായിരുന്നതു കൊണ്ട് ആദ്യം അതാണ് പരീക്ഷിച്ചത്. ഒരേതരം വ്യായാമങ്ങളായതോടെ എനിക്കു പെട്ടെന്നു ബോറടിച്ചു. യോഗയാണ് പിന്നെ പരീക്ഷിച്ചത്. പക്ഷേ, പെട്ടെന്നു വണ്ണം കുറയ്ക്കാൻ അതു സഹായിക്കില്ലെന്നു മനസ്സിലായി. ഇനി എന്തു ചെയ്യുമെന്ന് അന്വേഷിച്ചിരുന്നപ്പോഴാണ് ഭർത്താവ് അദ്ദേഹത്തോടൊപ്പം നടക്കാൻ ചെല്ലാൻ വിളിക്കുന്നത്. വലിയ ഉത്സാഹം തോന്നിയില്ലെങ്കിലും നടന്നുതുടങ്ങി. ആദ്യമൊക്കെ അദ്ദേഹം ഒാടുകയും ഞാൻ നടക്കുകയുമായിരുന്നു. ആ നടപ്പ് പതിയെ ഒാട്ടമായിത്തുടങ്ങി.

ഒാടിത്തുടങ്ങിയപ്പോൾ 66 കിലോയായിരുന്നു. ഒാട്ടം ശീലമായതോടെ 46 കിലോയായി. മെലിഞ്ഞതോടെ എന്താ വല്ല രോഗവുമാണോയെന്നായി പരിചയക്കാരുടെ ചോദ്യം. അതുകൊണ്ട് ഒരു നാലു കിലോ കൂടി കൂട്ടി.

m1

2008ൽ ഒാടിത്തുടങ്ങിയെങ്കിലും 2013 ലാണ് ഞാൻ ആദ്യമായി മാരത്തണിൽ പങ്കെടുക്കുന്നത്. കൊച്ചിയിൽ നടന്ന മിനി മാരത്തണിൽ പങ്കെടുക്കുമ്പോൾ എനിക്ക് മാരത്തണിനേക്കുറിച്ച് ഒരു ചുക്കുമറിയില്ലായിരുന്നു. എന്തായാലും ദിവസവും നാലഞ്ചു കിലോമീറ്റർ ഒാടുന്നുണ്ട്, അപ്പോൾ 21 കിലോമീറ്റർ ഒാടാൻ പ്രയാസമുണ്ടാകില്ല എന്നുകരുതി പങ്കെടുത്തു. അങ്ങനെ ചുമ്മാ ഒാടാൻ പോയി ഫിനിഷ് ചെയ്തത് രണ്ടാമതായിട്ടാണ്. അതോടെ ആത്മവിശ്വാസമായി. ആ പരിപാടിയെത്തുടർന്നാണ് സോൾസ് ഒാഫ് കൊച്ചിൻ (Soles of cochin) എന്ന സംഘടനയെക്കുറിച്ച് അറിയുന്നത്. ഒാട്ടം ഹരമായ കൊച്ചിക്കാർക്കു വേണ്ടിയുള്ള സംഘടന. ഒാടാൻ താൽപര്യമുള്ള, നല്ല ഒാട്ടക്കാരായ ആർക്കും അതിൽ അംഗങ്ങളാകാം.

സോൾസ് ഒാഫ് കൊച്ചിനിൽ അംഗമായതോടെ പ്രഭാതത്തിലെ ഒാട്ടം കൂടുതൽ ഉല്ലാസഭരിതമായി. രാവിലെ കൂടെ ഒാടാൻ പുതിയ സുഹൃത്തുക്കളെ കിട്ടി. തൃപ്പൂണിത്തുറയിൽ നിന്നും ഏരൂർ വഴിക്കും തിരിച്ചുമായി ദിവസം ഇപ്പോൾ എട്ടു കിലോമീറ്റർ ഒാടുന്നുണ്ട് ഞങ്ങൾ. രാവിലെ നാലു മണിക്ക് ഒാടാൻ പോകും. തൃപ്പൂണിത്തുറയിലെ 15–ഒാളം പേരുള്ള ഞങ്ങളുടെ ഗ്രൂപ്പിന് റോയൽ റണ്ണേഴ്സ് എന്നാണു പേര്. രാജകീയ നഗരത്തിലെ രാജകീയ ഒാട്ടക്കാർ. ഒാട്ടം കഴിഞ്ഞാൽ ഞങ്ങളെല്ലാം അറ്റൻഡൻസ് എടുക്കും. മിക്കവാറും ഒാട്ടത്തിന്റെ സെൽഫികളെടുക്കും.

സോൾസ് ഒാഫ് കൊച്ചിന്റെ അമരക്കാരായ കുമാർജിയും രമേഷും ഒാട്ടത്തെ ഹൃദയത്തോടു ചേർത്തുപിടിക്കുന്നവരാണ്. അവരുടെ താൽപര്യം കാണുമ്പോൾ നമ്മളും ഒാട്ടത്തോടു കൂടുതൽ പാഷനേറ്റാകും. ആ പാഷനാണ് വീണ്ടും എന്നെ മാരത്തണുകളിലേക്കടുപ്പിച്ചത്. 10 കിലോമീറ്റർ, 21 കിലോമീറ്റർ, 42 കിലോമീറ്റർ മാരത്തണുകൾ ഒാടി. ഡെൽഹിയിലായിരുന്നു 42 കിലോമീറ്റർ മാരത്തൺ നടന്നത്. സോൾസ് ഒാഫ് കൊച്ചിന്റെ നൈറ്റ് അവർ റണ്ണിലും പങ്കെടുത്തിരുന്നു. വൈകിട്ട് 6 മുതൽ വെളുപ്പിനെ 6 വരെ കുറഞ്ഞത് 50 കിലോമീറ്റർ ഒാടണമായിരുന്നു. ഞാൻ 62 കിലോമീറ്റർ ഒാടിപ്പൂർത്തിയാക്കി.

പലരും ചോദിക്കാറുണ്ട് ഒാട്ടത്തോടെന്താ ഇത്ര ക്രേസ് എന്ന്. നിങ്ങളൊന്ന് ഒാടിനോക്കൂ എന്നേ ഞാൻ പറയൂ. ഒാടാൻ പോകും മുൻപേ എനിക്ക് ഭയങ്കര നടുവേദനയുണ്ടായിരുന്നു. രാത്രി ഉറങ്ങിയെഴുന്നേൽക്കുമ്പോൾ നടുവ് അനക്കാൻ പ്രയാസപ്പെടും. കാലുവേദനയും സ്ഥിരം ശല്യപ്പെടുത്തിയിരുന്നു. എക്സ് റേ എടുത്തപ്പോൾ നട്ടെല്ലിന്റെ അവസാനഭാഗത്ത് വളവുണ്ടെന്നു കണ്ടു. ജന്മനാ ഉള്ളതാണത്രെ. എന്തായാലും ഒാട്ടം തുടങ്ങിയതിൽ പിന്നെ നടുവേദന ശല്യപ്പെടുത്തിയിട്ടേ ഇല്ല. മൈഗ്രേനുണ്ടായിരുന്നതും കുറഞ്ഞു. മധുരത്തോടുള്ള താൽപര്യവും കുറഞ്ഞു. ഞാൻ പൊതുവേ സസ്യാഹാരിയാണ്. ഇത്തിരി ചോറും തൈരും കിട്ടിയാൽ ഞാൻ ഹാപ്പിയായി. എന്നുകരുതി കർശന ഡയറ്റിങ്ങൊന്നുമില്ല. ഇടയ്ക്കൊക്കെ കുടുംബത്തോടൊപ്പം പുറത്തുപോയി ഐസ്ക്രീമും പിസയുമൊക്കെ കഴിക്കും.

ഒാടിത്തുടങ്ങിയ ദിവസങ്ങളിൽ കാൽവണ്ണയിലെ പേശികൾക്കൊക്കെ അതിശക്തമായ വേദനയായിരുന്നു. വേദനയിൽ മടുത്ത് ഒാട്ടം നിർത്തിയാൽ തീർന്നു. എത്ര വേദനിച്ചാലും ഒാട്ടം തുടരുക തന്നെ വേണം. നല്ലൊരു റണ്ണിങ് ഷൂ വാങ്ങി ധരിക്കണം. അതും നിർബന്ധമൊന്നുമല്ല. സോൾസ് ഒാഫ് കൊച്ചിനിലെ പലരും ചെരിപ്പിടാതെ ഒാടുന്നുണ്ട്.

ഒാടാൻ പോകുന്നതിന് അര മണിക്കൂർ മുൻപ് വെള്ളം കുടിക്കാം. ഒാട്ടം തുടങ്ങുമ്പോൾ ചെറിയ ചില സ്ട്രെച്ചിങ്ങുകളിലൂടെ ശരീരത്തെ ഒന്നു ചൂടുപിടിപ്പിക്കണം. പെട്ടെന്നു നിർത്തരുത്. കൂൾ ഡൗൺ ചെയ്ത് നിർത്തുക. ഒാടിത്തുടങ്ങുമ്പോഴെ അമിതസ്പീഡ് എടുക്കരുത്. മന്ദഗതിയിൽ തുടങ്ങി പതിയെ വേഗം കൂട്ടണം. ഒാടുമ്പോൾ നമ്മുടെ ശരീരം പറയുന്നത് കേൾക്കുക. അതനുസരിച്ച് ഒാട്ടം ക്രമപ്പെടുത്തിയാൽ ഒരു പ്രശ്നവുമില്ല.’’

m-2