Tuesday 30 August 2022 01:17 PM IST

ആളെ കൊല്ലും പണക്കളി; കെണിയിൽ വീഴുന്നതിൽ സ്ത്രീകളും: ഗെയിമിങ് ഡിസോഡർ എന്ന അപകടം

Asha Thomas

Senior Sub Editor, Manorama Arogyam

gamingwomn56567d

ഈയിടെ ഒരു ചെറുപ്പക്കാരി ഒാൺലൈൻ ഗെയിം  വഴി പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം ഞെട്ടലുണ്ടാക്കിയ ഒന്നായിരുന്നു. ഒാൺലൈൻ മണി ഗെയിം കളിച്ച് 10 ലക്ഷം രൂപ നഷ്ടപ്പെട്ട ചെന്നൈ സ്വദേശി യുവതി ആത്മഹത്യ ചെയ്തിട്ട് അധികം ദിവസങ്ങളായിട്ടില്ല. ദിവസവുമുള്ള യാത്രയ്ക്കിടെ സമയം പോക്കാനായി ഗെയിം കളിച്ചുതുടങ്ങിയതാണ് ആ യുവതി. പക്ഷേ, പതിയെ പതിയെ ഗെയിമിങ് അഡിക്‌ഷനായി. കയ്യിലുണ്ടായിരുന്ന പണം മുഴുവൻ ചെലവായിപ്പോയിട്ടും ഗെയിമിങ്ങിൽ നിന്നും പുറത്തു കടക്കാനാകാതെ വന്നതോടെ ആ യുവതി ജീവനൊടുക്കി.

സ്ത്രീകളിൽ ഒാൺലൈൻ ഗെയിമിങ് പ്രവണത വളരെയധികം വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പണം വച്ചുള്ള ഗെയിമിങ്. ഒാൺലൈൻ ഗെയിമിങ് വ്യവസായത്തിന്റെ 40 ശതമാനം സ്ത്രീകളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇതിൽ 3 മുതൽ 5 ശതമാനം വരെ ഇന്ത്യൻ സ്ത്രീകളെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനി പുറത്തുവിട്ട് മൊബൈൽ ഗെയിമിങ് റിപ്പോർട്ട് പ്രകാരം ഇന്ത്യൻ സ്ത്രീകൾ ദിവസവും ശരാശരി 53 മിനിറ്റ് മൊബൈൽ ഗെയിമിങ്ങ് ആപ്പുകളിൽ ചെലവിടുന്നു. പ്രായഭേമില്ലാതെയും വിവാഹിതരോ അവിവാഹിതരോ എന്ന ഭേദമില്ലാതെയും ഗെയിമിങ് സ്ത്രീകൾക്കിടയിൽ വ്യാപകമാണ്. ആകെ സ്ത്രീ ഗെയിം കളിക്കാരിൽ 29 ശതമാനം ചെറിയ ടൗണുകളിൽ നിന്നുള്ളവരാണത്രെ. ലോക്‌ഡൗൺ സമയത്താണ് ഈ ഗെയിമിങ്ങ് വ്യാപകമായതെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.

ഏകാന്തതയെ മറികടക്കാനുള്ള മാർഗ്ഗമെന്ന രീതിയിലോ സുഹൃത്തുക്കളുടെ നിർബന്ധപൂർവമായ ക്ഷണപ്രകാരമോ ഒക്കെയാകാം സ്ത്രീകൾ ഇങ്ങനെയുള്ള ഗെയിമിങിലേക്ക് ആകർഷിക്കപ്പെടുന്നത്.

ലോക്‌‍ൗൺ സമയത്ത് പുറത്തേക്കിറങ്ങുന്നത് കുറഞ്ഞു. മറ്റ് ആക്ടിവിറ്റികളൊന്നുമില്ല. ഇതു സൃഷ്ടിക്കുന്ന വിരസതയും മടുപ്പും എന്തിലെങ്കിലും മുഴുകണമെന്ന തോന്നലും ഒക്കെ ചേർന്നു ഗെയിമിങ്ങിലേക്ക് എത്താം. ചിലർ തങ്ങളുടെ മീ ടൈം ആക്ടിവിറ്റിയായി കണ്ടു ഗെയിമിങ്ങിൽ മുഴുകാറുണ്ട്. ഇത്തരം ഗെയിമിങ്ങിൽ‌ പങ്കെടുക്കുന്നതിലൂടെ ഞാൻ എന്നെത്തന്നെ പ്രോഗ്രസീവ് ആയ തലത്തിലേക്ക് ഉയർ‌ത്തുകയാണെന്ന ചിന്ത, ഗ്രൂപ്പായിട്ടുള്ള കളികളിൽ, പ്രത്യേകിച്ച് മണി ഗെയിമുകളിൽ കിട്ടുന്ന ആനന്ദം, അപരിചിതരെ സുഹൃത്തുക്കളാക്കാനുള്ള പ്രവണത, വീട്ടിലിരുന്നു തന്നെ സമ്പാദിക്കാം, സ്വയം പര്യാപ്തരാകാം എന്ന മോഹം എന്നിവയൊക്കെ മണി ഗെയിമിങ്ങിന്റെ ലോകത്തെ ആകർഷണങ്ങളാണ്.

സെലിബ്രിറ്റികൾ പോലുള്ളവർ ‘ മണി ഗെയിമിങ് വഴി ലക്ഷങ്ങൾ സമ്പാദിച്ചു’ എന്നു പരസ്യങ്ങളിൽ പോസിറ്റീവായി സംസാരിച്ചു കാണുമ്പോൾ‌ അതു വിശ്വസിക്കാനും അവരെ അനുകരിക്കാനുള്ള ഒരു ശ്രമം സാധാരണക്കാരുടെ ഭാഗത്തുനിന്നുണ്ടാകാം. ഇതേക്കുറിച്ച് കൂടുതൽ അറിയാനോ അപകടങ്ങളെക്കുറിച്ച് ചിന്തിക്കാനോ ഇവരാരും തയാറാകുന്നുമില്ല. പണ്ടത്തേതിനെ അപേക്ഷിച്ച് ഇന്റർനെറ്റ് വ്യാപകമാണ്. മിക്കവരുടെയും കയ്യിലും സ്മാർട്ട് ഫോണുമുണ്ട്. ഇത് ഗെയിമുകളിലേക്ക് എത്തിപ്പെടുന്നത് എളുപ്പമാക്കുന്നു.

അടിമത്തമായാൽ

ഏതൊരു ഗെയിമുകളിലുമുള്ളതുപോലെയുള്ള അടിമത്ത സ്വഭാവം അഥവാ അഡിക്‌ഷനാണ് ഇവിടെയും സംഭവിക്കുന്നത്. ആദ്യം ചെറിയ ചെറിയ ജയങ്ങളുണ്ടാകും. ഒാരോ പ്രാവശ്യവും കളിച്ചു ജയിക്കുമ്പോൾ ഡോപമിൻ, എൻഡോർഫിൻ ഹോർമോണുകളുടെ കുത്തൊഴുക്ക് ഉണ്ടാകുന്നു. നമ്മളെ സന്തോഷഭരിതരാക്കുന്ന രാസഘടകങ്ങളാണ് ഇവ. ഹോർമോൺ ഉൽപാദനം ഉണ്ടാകുന്നതോടെ അതുവരെയുള്ള ടെൻഷൻ മാറി റിലാക്സ്ഡ് ആകുന്നു. ഒരുതരം ആനന്ദലഹരിയിലാകുന്നു. ഈ വിജയലഹരിയിൽ കൂടുതൽ കൂടുതൽ കാശിറക്കാൻ ആളുകൾ തയാറാകും. ഗെയിമിങ് ഹരത്തിനു മുൻപിൽ മറ്റു താൽപര്യങ്ങളെയൊക്കെ മാറ്റിനിർത്തും. പരാജയങ്ങൾ സംഭവിച്ചാലും ഗെയിമിങ്ങിൽ നിന്നും പിന്നോട്ടില്ല എന്ന അവസ്ഥയാകും.

കടം വാങ്ങിച്ചും ലോണെടുത്തും വൻതുകകൾ കളിയിൽ മുടക്കി നഷ്ടം വരുന്നതോടെ മാനസികമായും സാമ്പത്തികമായും ആ വ്യക്തി തകർച്ചയിലേക്കു നിങ്ങുന്നു. ഒടുവിൽ പിടിച്ചുനിൽക്കാൻ ആകാതെ ചിലരൊക്കെ ആത്മഹത്യയിലേക്കു നടന്നുനീങ്ങുന്നു.

ബ്ലൂ വെയിലൊക്കെ പോലെ ഒരുതരം ആളെ കൊല്ലി കളി തന്നെയാണ് മണി ഗെയിമുകളും. അതുകൊണ്ട് ഇതിന് ഒരു പരിഹാരം ആവശ്യമാണ്. ഇത്തരം ഗെയിമുകളുടെ ചതിക്കുഴികളെക്കുറിച്ചും മറ്റും കൂടുതൽ ചർച്ചകൾ നടക്കണം. വാർത്തകൾ വരണം. അതു പൊതുജനങ്ങളിലേക്ക് എത്തണം. സെലിബ്രിറ്റികൾ ഇത്തരം ബ്രാൻഡുകൾ എൻഡോഴ്സ് ചെയ്യുന്നത് നിർത്തേണ്ടതാണ്. ഡ്രഗിനെ പ്രൊമോട്ട് ചെയ്യുന്ന അതേഫലമാണ് ഇത്തരം ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്നതു വഴി നടക്കുന്നത്.

സ്ത്രീകൾ ഇരകളാകുന്ന സാഹചര്യങ്ങൾ വർധിച്ചു വരുന്നതുകൊണ്ട് സ്ത്രീകളെ പ്രത്യേകം ബോധവൽകരിക്കണം. ഇതിന്റെ അപകടങ്ങളെക്കുറിച്ചു സംസാരിക്കുക. ഇത്തരം പ്രശ്നങ്ങളിൽ കുടുങ്ങിയവരെ അതിൽ നിന്നും പുറത്തുകടക്കാൻ സഹായിക്കണം.

ഗെയിമിങ് ഡിസോഡർ എന്നത് ലോകാരോഗ്യസംഘടന തങ്ങളുടെ രാജ്യാന്തര രോഗവർഗീകരണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഇതിനെ ഒരു മാനസികപ്രശ്നമായി കണ്ട് വിദഗ്ധ സഹായം തേടാൻ മടിക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. മായ നായർ

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

ഇന്ദിരാഗാന്ധി കോ ഒാപ്പറേറ്റീവ് ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Manorama Arogyam
  • Health Tips