ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ബാലതാരമായാണ് പ്രയാഗ എന്ന മിടുക്കിക്കുട്ടിയുടെ സിനിമയിലേക്കുള്ള വരവ്. ‘സാഗർ ഏലിയാസ് ജാക്കി’ എന്ന സിനിമയിൽ. 2016 മുതൽ നമ്മുടെ പ്രിയ നായികനിരയിൽ കൊച്ചിക്കാരി പ്രയാഗാ റോസ് മാർട്ടിനുണ്ട്. കട്ടപ്പനയിലെ ഋതിക് റോഷനിലെ ആൻമരിയയെയും രാമലീലയിലെ ഹെലേനയെയും, ഒരു പഴയ ബോംബ് കഥയിലെ ശ്രുതിയെയും നമുക്കിഷ്ടമായി... പിന്നെ ഫുക്രി, ഒരു മുറൈ വന്തു പാർത്തായാ....എല്ലാം അഭിനയ മികവിന്റെ ജീവസ്പർശമുള്ള പ്രയാഗ ചിത്രങ്ങൾ. ആരാധകരേ... ഇനിയങ്ങോട്ടുള്ള സിനിമകളിലെല്ലാം കൂടുതൽ സുന്ദരിയായി പ്രയാഗയെ കാണാം. കാരണം പ്രയാഗ ഡയറ്റിങ്ങിലാണ്.
Q പ്രചോദനം?
സിനിമയിൽ വരുമ്പോൾ ഞാൻ നന്നായി മെലിഞ്ഞിട്ടാണ്. 50 കിലോയെ ഉള്ളൂ.എന്റെ ആ രൂപം എനിക്ക് എത്ര ഇഷ്ടമായിരുന്നെന്നോ. എന്റെ ജോ ലൈൻസ്, ഫേഷ്യൽ ഫീച്ചറുകൾ ഒക്കെ ഷാർപ് ആണ്. അതു കൊണ്ടു മെലിഞ്ഞിരിക്കുന്നതാണ് എനിക്കു ഭംഗി. മെലിഞ്ഞിരിക്കുമ്പോൾ പ്രയാഗയ്ക്ക് എന്തുഭംഗിയാണ് എന്നു കേൾക്കാൻ ഒരുപാടിഷ്ടമാണ്.
ഷൂട്ടിങ് തിരക്കിനും സിനിമയ്ക്കുമിടയിലായിരുന്നു പോസ്റ്റ് ഗ്രാജുവേഷൻ പഠനം. റെഗുലർ ആയി പഠിക്കുന്ന ആ കാലത്ത് മൂന്നു സിനിമകളാണു ചെയ്തത്. ഇഷ്ടമുള്ളതെല്ലാം കഴിച്ച് ഭാരം കൂടി. ആ സമയത്താണ് കന്നഡയിൽ ഗീത എന്ന സിനിമയിലേക്ക് ഒാഫർ വരുന്നത്. കന്നഡയിൽ എെന്റ അരങ്ങേറ്റ സിനിമയാണ്. കാസ്‌റ്റ് ചെയ്തപ്പോൾ സംവിധായകൻ ആദ്യം പറഞ്ഞത് തടി കുറയ്ക്കരുത് എന്നാണ്. ഗീതയിൽ അഭിനയിക്കുമ്പോൾ 58 കിലോ ഭാരമുണ്ട്. എന്റെ കഥാപാത്രത്തിന് ശരീരഭാരം ആവശ്യമായിരുന്നു. പത്തുമാസത്തോളം ഷൂട്ടിങ് ആയിരുന്നു. സിനിമ പൂർത്തിയായ ഉടൻ ഡയറ്റ് തുടങ്ങി. യഥാർഥ ശരീരഭാരത്തിലേക്ക് ഉടൻ തിരികെയെത്തണമെന്നുള്ള എന്റെ ആഗ്രഹം തന്നെയായിരുന്നു പ്രചോദനം.
Q ഡയറ്റ് മെയ്ക്‌ഒാവർ ?
ആദ്യം ജീവിതശൈലി മാറ്റാൻ തീരുമാനിച്ചു. ഹെൽതി ഡയറ്റിനൊപ്പം വൈകുന്നേരങ്ങളിൽ ബ്രിസ്‌ക് വാക് കൂടി ശീലമാക്കി. ബാലൻസ്ഡ് ഡയറ്റാണ് എന്റേത്. ഷുഗർ പൂർണമായും ഒഴിവാക്കി. എന്നാൽ കൊതി തോന്നുന്നവ (ക്രേവിങ്സ് ) ഇടയ്ക്കു കഴിക്കും. അതിനു പകരമായി ആ കാലറി എരിച്ചു കളയുന്നതിനുള്ള വ്യായാമവും ഡയറ്റും ചിട്ടയായി ചെയ്യും. പലപ്പോഴും യാത്രകളിലായിരിക്കും, വീട്ടിൽ ഉണ്ടാകണമെന്നു നിർബന്ധമില്ല.അതു കൊണ്ട് കഴിക്കുന്നത് ഹെൽത്തിയായിരിക്കണം എന്ന തീരുമാനത്തിലെത്തി. നാടൻ ഭക്ഷണമാണ് പൊതുവെ ഇഷ്ടം. ധാരാളം ചൂടുവെള്ളം കുടിക്കും. പഞ്ചസാര ചേരാത്ത ഹോട്ട് ലെമൺ ടീ കുടിക്കും. ധാരാളം വെജിറ്റബിൾസും കഴിക്കും, കൊഴുപ്പു നീക്കിയ ചിക്കൻ തീർച്ചയായും ഡയറ്റിൽ ഉണ്ടാകും. ചപ്പാത്തി, റൈസ് ഇവ കഴിക്കില്ല. പകരം വെജിറ്റബിൾസും മീറ്റും കഴിക്കും. ബ്രേക്ഫാസ്റ്റ് തികച്ചും ലളിതമാണ്. ഡയറി പ്രോഡക്റ്റ്സ് ഒരുപാടിഷ്ടമാണ്. യോഗർട്ട് കഴിക്കാറുണ്ട്.
ഇപ്പോൾ 54 കിലോ ഭാരമുണ്ട്. 48 കിലോയാണ് ലക്ഷ്യം. അതുകൊണ്ട് ഡയറ്റിങ് തുടരുകയാണ്. സ്‌ട്രെസ്സിനെ ജീവിതത്തിൽ നിന്ന് പൂർണമായും അകറ്റി. മാനസികാരോഗ്യവും ഡയറ്റിന്റെ ഭാഗമാണല്ലോ? നല്ല ഉറക്കം വേണം. അതിന് മനഃസമാധാനം വേണം. മനസ്സിനു സന്തോഷവും വിശ്രാന്തിയും വേണം. സംഗീതം, സിനിമ അതെല്ലാം ആസ്വദിക്കുന്നുണ്ട്. ജീവിതത്തെ ആനന്ദം കൊണ്ടു നിറയ്ക്കുകയാണ്. എല്ലാവർക്കും മെലിഞ്ഞത് എങ്ങനെയെന്നേ ചോദിക്കാനുള്ളൂ... പ്രയാഗയുടെ പുഞ്ചിരിയിൽ ആത്മവിശ്വാസം.