ADVERTISEMENT

മാർജാര വർഗത്തിൽപെട്ട പുള്ളിപ്പുലി, കടുവ, ചീറ്റപ്പുലി, സിംഹം തുടങ്ങിയ ബിഗ് ക്യാറ്റ്സ് മൃഗങ്ങൾ കാട്ടിൽ മരം കയറുന്നതും മരക്കൊമ്പുകളിൽ പതുങ്ങി കിടക്കുന്നതും പുതുമയുള്ള കാര്യമല്ല. ആഫ്രിക്കയിലെ വിശാലമായ പുൽമേടുകളിൽ ഏറെ ദൂരെയുള്ള ഇരകളെ കണ്ടെത്താൻ വൃക്ഷങ്ങളുടെ ഉയരങ്ങളിൽ നിന്നുള്ള കാഴ്ച സഹായിക്കുമെങ്കിൽ ഇന്തയൻ വനങ്ങൾ പോലെ ഇടതൂർന്ന് മരങ്ങളുള്ള കാടുകളിൽ ആരുടെയും ശല്യമില്ലാതെ തീറ്റ തിന്നാനും ഉറങ്ങാനുമുള്ള സുരക്ഷിതത്വമാണ് മരങ്ങൾ നൽകുന്നത്. എന്നാൽ മരത്തിൽ കയറിയ പുള്ളിപ്പുലി മരക്കൊമ്പിലെ പക്ഷിക്കൂട്ടിനകത്തേക്കു കയറിക്കിടന്നാലോ?

അത്തരത്തിൽ ഒരു അപൂർവദൃശ്യം കാണാനും ക്യാമറയിൽ പകർത്താനുമുള്ള അപൂർവഭാഗ്യമാണ് മസായി മാരയിൽ വെച്ച് പ്രശസ്ത വനം, വന്യജീവി ഫൊട്ടോഗ്രഫർ മോഹൻ തോമസിനു ലഭിച്ചത്. ഏതാനും വർഷം മുൻപ് കെനിയയിലെ വനങ്ങളിലേക്കു നടത്തിയ വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫി എക്സ്പഡിഷനിലാണ് അതിനുള്ള അവസരം ലഭിച്ചത്. പക്ഷിക്കൂട്ടിലിരിക്കുന്ന പുള്ളിപ്പുലിയുടെ അപൂർവ ചിത്രം പകർത്തിയ സന്ദർഭം ഫൊട്ടോഗ്രഫർ ഓർക്കുന്നു.

ADVERTISEMENT

‘‘മസായി മാരയിലെ സഫാരി മെല്ലെ പുരോഗമിക്കുന്ന സമയം. പുൽമേടുകളും കുറ്റിച്ചെടികളും അവിടവിടെ ഒറ്റയാനെപ്പോലെ വളർന്നു നിൽക്കുന്ന ഏതാനും മരങ്ങളുമായിരുന്നു ആ ഭൂപ്രദേശത്തിന്റെ വിശേഷത. അവിടെ പുള്ളിപ്പുലിയുടെ സൈറ്റിങ് ലഭിക്കാൻ സാധ്യത ഏറെയാണെന്ന് ഗൈഡ് പറഞ്ഞിരുന്നു. കടുവ, സിംഹം, പുള്ളിപ്പുലി തുടങ്ങിയ മൃഗങ്ങളിൽ പുള്ളിപ്പുലികളുടെ ചിത്രം പകർത്തുന്നത് എനിക്ക് പ്രത്യേക ഇഷ്ടമുള്ള കാര്യമാണ്. അത് ഇന്ത്യൻ വനങ്ങളിലായാലും വിദേശത്ത് ആയാലും. അതുകൊണ്ട് തന്നെ ആ ഭാഗത്ത് സൂക്ഷ്മനിരീക്ഷണം നടത്തിയാണ് നീങ്ങുന്നത്.

സഫാരി വാഹനം നീങ്ങുന്നതിന്റെ ഒരു സൈഡിൽ വെള്ളമൊഴുകുന്ന അരുവിയുണ്ട്. നോക്കി നിൽക്കെ ഒരു പുള്ളിപ്പുലിയുടെ കുട്ടിയും ആ അരുവി താണ്ടി എത്തുന്നു. വന്നപാടെ അവർ ഇരുവരും ഒരു വൃക്ഷച്ചുവട്ടിലേക്ക് നടന്നു നീങ്ങി. ആ മരത്തണലിലേക്ക് കടന്നിട്ടും തള്ളപ്പുലി നിന്നില്ല. അത് മരത്തിനു മുകളിലേക്ക് കയറി, പിന്നാലെ കുട്ടിയും.

leopardonbirdsnest2
ADVERTISEMENT

അവ മരക്കൊമ്പിലെത്തിയപ്പോഴാണ് അവിടെ ഒരു പക്ഷിക്കൂടുള്ളത് ഞങ്ങളുടെ കണ്ണിൽപെട്ടത്. സാധാരണ കണ്ടു പരിചയിച്ചിട്ടുള്ള തരം ചെറിയ കൂടൊന്നുമല്ല അത്. സാമാന്യം വലിപ്പമുള്ളതാണ്. പിന്നെ കണ്ട കാഴ്ച ഞങ്ങളെ ഞെട്ടിച്ചു. ആ തള്ളപ്പുലി പക്ഷിക്കൂടിനുള്ളിലേക്ക് കയറി. അതിനകത്ത് അത് നീണ്ടു നിവർന്ന് കിടന്നു. പുലിക്കുട്ടി മരക്കൊമ്പിലും കിടന്നു. ആ കാഴ്ച കണ്ടാൽ പക്ഷിക്കൂട്ടിൽ പുളളിപ്പുലി അടയിരിക്കുകയാണോ എന്നു തോന്നിപ്പോകും.

പക്ഷിക്കൂട്ടിൽ കിടക്കുന്ന പുള്ളിപ്പുലിയുടെ അപൂർവ ചിത്രങ്ങൾ പകർത്തിയും ആ കാഴ്ച കണ്ടും ഏറെ നേരം അവിടെ ചെലവിട്ടു. ഹാമർകോപ് എന്ന പക്ഷിയുടെ കൂടായിരുന്നു അത്. ഒരു കൊക്കിനോളം മാത്രം വലിപ്പമുള്ള ഈ പക്ഷി നിർമിക്കുന്ന കൂട് അതിന്റെ വലിപ്പം കൊണ്ടു തന്നെ ശ്രദ്ധേയമാണ്. ആഫ്രിക്കൻ പക്ഷികളിൽ ഏറ്റവും വലിയ കൂടൊരുക്കുന്നത് ഹാമർകോപ് ആണ്. മനുഷ്യൻ കയറി നിന്നാൽ പോലും തകരാത്തത്ര ബലമുണ്ട് ഇവയുടെ കൂടുകൾക്ക്. അൽപനേരത്തിനു ശേഷം ഞങ്ങൾ സഫാരി തുടർന്ന് മുൻപോട്ട് നീങ്ങി.’’

leopardonbirdsnest3
ADVERTISEMENT

എന്തിന് ആ പുലി പക്ഷിക്കൂട്ടിൽ കയറി എന്നതിന് കൃത്യമായ ഉത്തരം ശാസ്ത്ര ലോകത്തിന് ഇല്ല. എങ്കിലും ഉരുണ്ട, വീതികുറഞ്ഞ മരക്കൊമ്പുകളിൽ കിടക്കുന്നതിനെക്കാൾ സുഖമായി പക്ഷിക്കൂടിനു മുകളിൽ കിടക്കാം എന്നതിനാലാകാം ഈ അപൂർവ പെരുമാറ്റം എന്നു കരുതുന്നു.

ADVERTISEMENT