ഇന്ത്യയില്‍ ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന മുതലകളെ കാണപ്പെടുന്ന അപൂർവപ്രദേശങ്ങളിലൊന്നായ ഒഡിഷയിലെ ഭിട്ടാർകനികയിൽ ഈ വർഷത്തെ പ്രജനനകാലത്ത് മുട്ട വിരിഞ്ഞത് 2500 മുതലക്കുഞ്ഞുങ്ങൾ. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ ഭാഗമായ കിഴക്കൻ സമുദ്രതീരങ്ങളിൽ മാത്രമേ സാൾട് വാട്ടർ ക്രൊക്കഡൈൽസിനെ കാണാറുള്ളു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കണ്ടൽക്കാടുകൾ നിറഞ്ഞ ഭിട്ടാർകനികയും സുന്ദർബൻസുമാണ്. ഭിട്ടാർകനികയിൽ ഇവയെ സംരക്ഷിച്ച് വളർത്താനുള്ള പരിശ്രമങ്ങളുടെ ഫലമായി 5 ദശാബ്ദത്തിനിടയിൽ 96 ൽ നിന്ന് 1768 ആയി ഉയർന്നിരുന്നു മുതലകളുടെ എണ്ണം.

മെയ്, ജൂൺ മാസങ്ങളിലായി തീരപ്രദേശത്ത് അൽപം ഉയർന്ന സ്ഥലങ്ങളിലാണ് ഉപ്പുവെള്ള മുതലകൾ മുട്ടയിടുക. കണ്ടൽ ചെടികളുടെ ശാഖകളും ഇലകളും ചെളിയും ചേർത്തു തയാറാക്കുന്ന കൂട്ടിൽ ഒരു പെൺ മുതല 40–60 മുട്ട വരെ ഇടാറുണ്ട്. ഉദ്ദേശം 80 ദിവസത്തിനു ശേഷമാണ് മുട്ടയിൽ നിന്നു കുട്ടികഴ്‍ പുറത്തു വരിക. ഈ വർഷം കനത്ത മഴയെത്തുടർന്ന് ഭിട്ടാർകനികയിലെ ജലനിരപ്പുയർന്നതും യാസ് ചുഴലിക്കാറ്റിനെത്തുടർന്ന് ശക്തമായ തീരമാലകളിൽ പെട്ടും ഒട്ടേറെ കൂടുകൾ തകർന്നു പോയിരുന്നു. 84 കൂടുകളിൽ നിന്നാണ് 2500 മുതലക്കുട്ടികൾ പുറത്തു വന്നതെന്ന് വനംവകുപ്പ് അറിയിപ്പിൽ പറയുന്നു. മുൻവർഷം 103 കൂടുകളിൽ നിന്നായി ഉദ്ദേശം 3000 കുട്ടികൾ പുറത്തു വന്നിരുന്നു. പുതിയ മുതലക്കുട്ടികളുടെ എണ്ണം മുൻവർഷത്തെക്കാൾ കുറവാണെങ്കിലും ഇത്തവണത്തെ കാലാവസ്ഥ, പ്രകൃതിക്ഷോഭ വെല്ലുവിളികൾ നോക്കുമ്പോൾ വലിയൊരു സംഖ്യയാണ് ഇത്. ഇവയിൽ തന്നെ പ്രകൃതിയിലെ പലവിധ പ്രതിബന്ധങ്ങളും വെല്ലുവിളികളും അതിജീവിച്ച് 500 ൽ 1 കുട്ടി മാത്രമേ പ്രായപൂർത്തിയിൽ എത്തു എന്നാണ് കണക്കുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ പസഫിക് സമുദ്രത്തിന്റെയും തീരത്തിനു സമീപം കണ്ടൽക്കാടുകൾ നിറഞ്ഞ പ്രദേശങ്ങളിലും ചതുപ്പുനിലങ്ങളിലുമാണ് ഉപ്പുവെള്ള മുതലകൾ കണ്ടു വരുന്നത്. മുതല വർഗത്തിൽ പെട്ട ജീവികളിലും ഭൂമിയിലെ ജീവിച്ചിരിക്കുന്ന ഉരഗങ്ങളിലും ഏറ്റവും വലുത് ഇവയാണ്. 2006 ൽ ഭിട്ടാർകനികയിൽ കണ്ടെത്തിയ 23 അടി നീളമുള്ള ഒരു മുതലയാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ഉപ്പുവെള്ള മുതല.