ബവോലി എന്നും വാവ് എന്നും അറിയപ്പെടുന്ന പടിക്കിണറുകൾ കാണാതെ അഹമ്മദാബാദിലൂടെയുള്ള യാത്ര പൂർത്തിയാകില്ല. ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ഒട്ടേറെ പടിക്കിണറുകൾ നിർമിക്കാൻ കാരണക്കാർ ആയത് സ്ത്രീകളാണ് എന്നതും ചരിത്രം. അഹമ്മദാബാദ് നഗരപ്രാന്തത്തിലെ ദാദാ ഹരി നി വാവ് എന്ന പടിക്കിണർ ശ്രദ്ധേയമാകുന്നതും അതിന്റെ നിർമിതിയുടെ പിന്നിൽ വനിതാകരങ്ങളാണ് എന്നതുകൊണ്ടുതന്നെ. ആയുധമേന്തിയ യോദ്ധാവായിരുന്നു ഈ വനിത എന്നൊരു പ്രത്യേകത കൂടിയുണ്ട് ബായി ഹരിറിന്. പടിക്കിണർ മാത്രമല്ല അവർ നിർമിച്ചത്, മധ്യകാല നിർമാണ ശൈലിയ്ക്കു മനോഹരമായ മാതൃകയായി ഇന്നും നിലകൊള്ളുന്ന ഒരു ടോംബ്–മോസ്ക് സമുച്ചയവും ബായി ഹരീറിന്റെ മേൽനോട്ടത്തിൽ പടിക്കിണറിനു സമീപം തന്നെ നിലകൊള്ളുന്നു.
ദാദാ സ്ത്രീയോ പുരുഷനോ
ഏറെ ചർച്ചകൾക്കു വഴിവെച്ചിട്ടുള്ള വിഷയമാണ് ദാദാ ഹരിർ സ്ത്രീയോ പുരുഷനോ എന്നത്. ബായി ഹരീർ, ധായി ഹരീർ എന്നൊക്കെ ഇവർ അറിയപ്പെടുന്നുണ്ട്. ചരിത്ര വസ്തുതകളനുസരിച്ച് അഹമ്മദാബാദ് സുൽത്താനേറ്റിലെ ഏഴാമത്തെ മഹാരാജാവായ മഹമൂദ് ബേഗഡയുടെ വനിത സേനാധിപതിയാണ് ബായി ഹരീർ. സുൽത്താന്റെ ബീബിമാരുടെയും അവർ താമസിക്കുന്ന ഭാഗത്തിന്റെയും സംരക്ഷണ ചുമതല ഇവർക്കായിരുന്നു. ബായി ഹരീർ സുൽത്താനി എന്നായിരുന്നത്രേ മുഴുവൻ പേര്.
സൂതികർമിണി എന്നർഥം വരുന്ന ധായി വാക്കുകൂടി ചേർത്ത് ധായി ഹരീർ എന്നു വിളിച്ചെന്നും കാലാന്തരത്തിൽ അതിനു രൂപമാറ്റം വന്ന് ബായി ഹരീർ ആയതാണെന്നും കരുതുന്നവർ ഉണ്ട്. ഇതാണ് പിന്നീട് ഭായി ഹരീർ ആക്കി ഒരു പുരുഷനാണ് പടിക്കിണർ നിർമിച്ചതെന്നു കരുതാൻ ഒരു കാരണം. എന്നാൽ മഹമൂദ് ബേഗഡയുടെ ഹാരേമുകളുടെ (രാജകുടുംബത്തിലെ വനിതകൾ താമസിക്കുന്ന സ്ഥലം) ചുമതലക്കാരിയായി ഹരീർ ആണ് ഇതു പണിയിപ്പിച്ചത് എന്നു വ്യക്തമാക്കുന്ന ശാസനങ്ങൾ പടിക്കിണറിൽതന്നെ കാണാനാകും.
ശൈലികൾ സമന്വയിച്ച സങ്കേതം

അഹമ്മദാബാദ് നഗരപ്രാന്തത്തിൽ അസർവ ഗ്രാമത്തിലാണ് ബായി ഹരീർ സുൽത്താനി മോസ്ക്–മക്ബറ–വാവ് സമുച്ചയം. അദ്‌ലജ് വാവ്, അമൃതവർഷിണി വാവ് മാ ഭവാനി വാവ് തുടങ്ങിയവയൊക്കെ നഗരത്തിനോടു തൊട്ടു കിടക്കുന്ന പൗരാണികമായ പടിക്കിണറുകളാണ്.
ഹിന്ദു–ഇസ്‌ലാമിക നിർമാണകലകളുടെ അശംങ്ങൾ ഈ പടിക്കിണറിന്റെ നിർമിതിയിൽ സമന്വയിച്ചിരിക്കുന്നു. നീണ്ട വേനൽക്കാലത്ത് ഒട്ടേറെ ആളുകൾക്ക് ഉപയോഗപ്പെട്ടിട്ടുള്ള അഞ്ചു നിലയുള്ള ഈ കിണറിൽനിന്ന് കാളകളെ ഉപയോഗിച്ചായിരുന്നത്രേ ജലം വലിച്ചു മുകളിലെത്തിച്ചിരുന്നത്. പടിക്കിണറിനു മുന്നിൽ മനോഹരമായൊരു മണ്ഡപത്തിൽക്കൂടി വേണം താഴേക്ക് ഇറങ്ങാൻ. ഇരു വശത്തും ചുമരുകളിൽ പലതരം അലങ്കാരപ്പണികൾ. കടുത്ത വേനലിൽ പുറത്ത് ചുട്ടുപൊള്ളുമ്പോഴും പടിക്കിണറിന് അകത്തേക്ക് ഇറങ്ങിയാൽ നല്ല കുളിർമ അനുഭവപ്പെടും.
മോസ്ക്–മക്ബറ സമുച്ചയം
അഹമ്മദാബാദിലെ ജമാ മസ്ജിദിന്റെ ഗോപുരങ്ങളെ അനുസ്മരിപ്പിക്കും വിധം മനോഹരമായ കൊത്തുപണികൾ നിറഞ്ഞതാണ് ബായി ഹരിർ സുൽത്താനി മോസ്കിന്റെ മിനാരങ്ങൾ. എന്നാൽ വിശാലമായ വീതിയോ നീളമോ ഉള്ളതല്ല മോസ്ക്. ഉള്ളിലെ മിഹ്റാബിനു ചുറ്റും സാധാരണ മോസ്കുകളിൽ കാണാത്തവിധമുള്ള കൊത്തുപണികൾ കാണാം. മേൽക്കുരയിലെ താഴികക്കുടത്തിന്റെ ഉൾവശമായി വരുന്ന മച്ചിന്റെ ഭാഗത്ത് ഒരു രാജകൊട്ടാരത്തിലെന്നപോലെ കമനീയമായ ശിൽപവേലകൾ... ഇതൊക്കെ ബായി ഹരീർ മോസ്കിനെ അഹമ്മദാബാദിലെ പൗരാണികമായ മറ്റു പല മോസ്കുകളിൽനിന്നും വ്യത്യസ്തമാക്കുന്നു. മോസ്കിന്റെ ഭിത്തികളിൽ മിനാരത്തിന് ഇരുവശത്തും പുറത്തേക്കു തള്ളി നിൽക്കുന്ന സോളങ്കി ശൈലിയിലുള്ള ജനാലകളും കാണാം.

മോസ്കിന്റെ ഇടതുവശത്ത് ചെറുതെങ്കിലും മനോഹരമായൊരു കെട്ടിടം കാണാം. മോസ്കിന്റെ അത്ര ശിൽപവേലകൾ കാണാനില്ല. ഇതാണ് മക്ബറ. ബായി ഹരീറിന്റെ ഉൾപ്പടെ അന്തപ്പുരത്തിലെ ഏതാനും സ്ത്രീകളുടെ ശവകുടീരമാണ് ഈ കെട്ടിടം.
മോസ്ക്, മക്ബറ കെട്ടിടങ്ങൾ രണ്ടും ഭൂനിരപ്പിൽനിന്ന് നാല്–നാലര അടി ഉയരത്തിലുള്ള ഒരു തറയിലാണ് പടുത്തുയർത്തിയിരിക്കുന്നത്. മോസ്കിനു മുൻഭാഗത്ത് ഈ തറയുടെ ഉള്ള് പൊള്ളയാണ്, അതിലേക്ക് ഇറങ്ങാൻ മാർഗവുമുണ്ട്. ഇവിടം പണ്ടു കാലത്ത് മഴവെള്ള സംഭരണിയായി ഉപയോഗിച്ചിരുന്നു എന്നു പറയപ്പെടുന്നു. മാത്രമല്ല ഇതിനുള്ളിലൂടെ അഹമ്മദാബാദ് നഗരത്തിന്റെ പ്രധാനഭാഗമായ കാലുപൂർ മാർക്കറ്റിലേക്ക് എത്തിച്ചേരാൻ രഹസ്യമാർഗവും ഉണ്ടായിരുന്നത്രേ.
സംസാരിക്കുന്ന തെളിവുകൾ

ദാദ ഹരീർ വാവിലെ ആദ്യ ഗാലറിയുടെ തെക്ക്, വടക്ക് ചുമരുകളിൽ രണ്ട് ശിലാശാസനങ്ങൾ കാണാം, ഒന്ന് അറബിയിലും ഒന്ന് സംസ്കൃതത്തിലും. നാലുപാടും ചിത്രപ്പണികളോടു കൂടിയ ചുവരുകളാൽ അടച്ചു കെട്ടിയ വിശുദ്ധ ജലം നൽകുന്ന കിണറും യാത്രികർക്ക് ഇരുന്നു വിശ്രമിക്കാനുള്ള മണ്ഡപവും മഹമൂദ് ബേഗഡയുടെ ഭരണത്തിന്റെ 26–ാം വർഷം നിർമിച്ചതാണ് എന്ന് ആദ്യ ശാസനം വിവരിക്കുന്നു. 1485 ആണ് ഇതിൽ സൂചിപ്പിക്കുന്ന കാലം.
രണ്ടാമത്തേതിൽ സുൽത്താൻ മഹമൂദ് ബേഗഡയുടെ ഭരണകാലത്ത് 1499 ൽ ധായി ഹാരീർ ഹരിപുര എന്ന ഗ്രാമവും ഈ പടിക്കിണറും നിർമിച്ചു എന്നു പ്രസ്താവിക്കുന്നു. മൂന്നുലക്ഷത്തിലധികം മഹമൂദിസ് ആണ് ചെലവായത് എന്നും ഈ ശാസനം രേഖപ്പെടുത്തുന്നുണ്ട്. സുൽത്താൻ മഹമുദ് ബേഗഡയുടെ അന്തപ്പുര സംരക്ഷകയായിരുന്ന ബായി ഹരീർ നാട്ടിലെ മുഴുവൻ ജനങ്ങളോടും കാണിച്ച കരുതലാണ് അഹമ്മദാബാദിലെ ഈ ചരിത്രാവശേഷിപ്പ്...