ഉത്തരേന്ത്യൻ കാടുകളിലേക്ക് സഞ്ചരിക്കാൻ ആഗ്രഹിച്ചപ്പോൾ മനസ്സിലെത്തിയത് കോർബറ്റ്, കാസിരംഗ, തഡോബ ഒക്കെ ആയിരുന്നു. എന്നാൽ സഞ്ചരിച്ചതാകട്ടെ സിംഹങ്ങളുടെ മടയിലേക്കും. ഗുജറാത്തിലെ ഗിർ വനത്തിലേക്ക്. പക്ഷികളുടെ ചിത്രങ്ങളിൽ തുടങ്ങി കബനിയിൽ പലവട്ടം കാടു കയറി വലിയ മൃഗങ്ങളെ ക്യാമറയിൽ പകർത്തി, എങ്കിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ കാടുകളിലേക്ക് സഞ്ചരിക്കുന്നതും മൃഗങ്ങളെ കാണുന്നതും സ്വപ്നമായി മാത്രം ശേഷിച്ചു. ആ സ്വപ്നം സാക്ഷാത്കരിച്ചത് തികച്ചും യാദൃച്ഛികമായിട്ടായിരുന്നു. കാര്യമായ തയാറെടുപ്പുകളോ കണക്കുകൂട്ടലുകളോ ഇല്ലാത്ത ഒരു സഞ്ചാരം, ലഭിച്ചതാകട്ടെ എന്നും ഓർക്കാൻ ഒരുപിടി ചിത്രങ്ങളും. കാശിയിൽ തോന്നിയ ഉൾവിളി കാശിയിൽ മഹാശിവരാത്രിയുടെ ജനത്തിരക്കിൽ ഞെരിഞ്ഞമരുന്ന പുരാതന ഗലികൾക്കിടയിലൂടെ ഗംഗയുടെ ഘാട്ടുകളിലേക്ക് നടക്കുമ്പോഴാണ് മറ്റൊരിടംകൂടി സന്ദർശിച്ചിട്ട് നാട്ടിലേക്ക് പോകാമെന്നു തോന്നിയത്. ആദ്യ നോർത്ത് ഇന്ത്യൻ വൈൽഡ് ലൈഫ് സഫാരി തന്നെയാകട്ടെ എന്നുറപ്പിച്ചു. വർഷങ്ങളായി സൂറത്തിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠന് ഫോൺ ചെയ്തു. അദ്ദേഹത്തിലൂടെ ഗിറിൽ റിസോർട്ട് നടത്തുന്ന വ്യക്തിയെ ബന്ധപ്പെട്ടു. ഇനി സിംഹത്തെ തേടിപ്പോകുകതന്നെ, ഉറപ്പിച്ചു. അഹമ്മദാബാദിലേക്ക് ട്രെയിനിൽ ഒരു ദിവസത്തെ യാത്ര. അവിടെ നിന്ന് ജുനഗഡ്. റെയിൽവേസ്‌റ്റേഷനിൽ നിന്ന് ഗിർ നാഷനൽ പാർക്കിന്റെ പ്രദേശമായ സാസൻ ഗിറിലേക്ക് ബസ്സിലോ ഷെയർ ടാക്സിയിലോ പോകാം. ബസ് കാത്തു നിൽക്കാതെ ഷെയർ ടാക്സിയിൽ കയറി, ഒരാൾക്ക് ഏകദേശം നൂറ് രൂപ.
ടാക്സിയാത്രയ്ക്കിടയിൽ സഹയാത്രികരിൽ ഒരാൾ അയാളുടെ ഫോണിലേക്ക് ശ്രദ്ധിക്കാൻ പറഞ്ഞു. സാസൻ ഗിറിൽ വനമേഖലയ്ക്കു സമീപം താമസിക്കുന്ന സുഹൃത്തിന്റെ വീടിനു പിന്നിൽ സിംഹം വന്ന് കിടന്നു മയങ്ങുന്ന വിഡിയോ കാണിക്കാനായിരുന്നു സഹസഞ്ചാരിയുടെ വെപ്രാളം. ആ ദൃശ്യങ്ങൾ എനിക്കും ആവേശമേകി. അവസാനത്തെ തുരുത്ത്
ഒരുകാലത്ത് സിന്ധു–ഗംഗ സമതലങ്ങളും നർമദയുടെ തീരങ്ങളുമൊക്കെ സിംഹങ്ങളുടെ ആവാസ കേന്ദ്രമായിരുന്നു. നാട്ടുരാജാക്കൻമാരും പ്രഭുക്കൻമാരും കൊളോണിയൽ ഭരണാധികാരികളുമൊക്കെ സിംഹ വേട്ട കുലീനതയുടെയും കരുത്തിന്റെയും അടയാളമായി കണക്കാക്കാൻ തുടങ്ങിയതോടെ അവയുടെ എണ്ണം കുറഞ്ഞു. ഇന്ന് ഏഷ്യാറ്റിക് ലയൺ ശേഷിക്കുന്ന ഗിർ വനം പോലും ജുനഗഡ് നവാബ് ശിക്കാർ വിനോദത്തിനായി സ്വകാര്യമായി സംരക്ഷിച്ച വനഭൂമിയാണ്. 19ാം നൂറ്റാണ്ടിൽ വനത്തിലെ സിംഹങ്ങളുടെ എണ്ണം കുറഞ്ഞപ്പോൾ, അന്നത്തെ നവാബ് സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അങ്ങനെയാണ് ഈ വനപ്രദേശം, ഏഷ്യാറ്റിക് സിംഹങ്ങളെ സ്വാഭാവിക വനങ്ങളിൽ കാണാൻ സാധിക്കുന്ന അവസാനത്തെ ഇടമായത്.
1412 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗിർ സാസൻ വനം നാൽപതോളം ഇനങ്ങളിലുള്ള സസ്തനികളുടെയും മുന്നൂറിലേറെ പക്ഷികളുടെയും ആവാസകേന്ദ്രമാണ്. 1919 ൽ 20 എണ്ണം മാത്രമായിരുന്ന സിംഹങ്ങൾ 2015 ലെ സെൻസസ് അനുസരിച്ച് 523 ആയി വർധിച്ചിട്ടുണ്ട്. ഏതാണ്ട് സായാഹ്നമായി സാസൻ ഗിറിൽ എത്തിയപ്പോൾ. ഏട്ടന്റെ കൂട്ടുകാരൻ പറഞ്ഞ റിസോർട് ഉടമയ്ക്കൊപ്പം റൂമിലേക്ക്.
ഗിർ വനത്തിൽ സഫാരി ബുക്ക് ചെയ്യാൻ ഗൂഗിളിൽ പരതിയാൽ കുറേ സൈറ്റുകൾ കാണിക്കും, അതിൽ ഗവൺമെന്റ് സൈറ്റ് തന്നെ തിരഞ്ഞെടുക്കണം. മൂന്നു തരം സഫാരിയുണ്ട്, ഗിർ ജംഗിൾ സഫാരി, ദേവലിയ ബസ് സഫാരി, കൻകൈ ടെംപിൾ സഫാരി. ഔദ്യോഗിക സൈറ്റിൽ ഇവയുടെ വിശദാംശങ്ങളുണ്ട്. പ്രൈവറ്റ് സഫാരിയിൽ അവരുടെ കമ്മീഷൻ കൂടി കൊടുക്കേണ്ടി വരും. ഔദ്യോഗിക സൈറ്റിൽ നമുക്ക് താൽപര്യമുള്ള സമയം സെലക്ട് ചെയ്ത് പണം ഓൺലൈനായി അടയ്ക്കണം. കാട്ടിലെ രാജാക്കൻമാരെ അവരുടെ മടയിൽ ചെന്നു കാണുന്നതിന്റെ മധുര സ്വപ്നങ്ങളിൽ ആ രാത്രി കഴിച്ചുകൂട്ടി.
ക്യാമറ എവിടെ?
രാവിലെ 6.30 നുള്ള സഫാരി ആയിരുന്നു പ്ലാൻ ചെയ്തത്. സഫാരി ഫീ അടച്ച പേപ്പർ കാണിക്കുമ്പോൾ നമുക്ക് വണ്ടിയും ഗൈഡും അനുവദിക്കും. കർണാടകയെ അപേക്ഷിച്ചു ഗിർ പാർക്കിലുള്ള ഏക ലാഭം ക്യാമറ ഫീസ് ആണ്. എത്ര വലിയ ക്യാമറയും ലെൻസും കൊണ്ടുപോയാലും 200രൂപ മാത്രമേയുള്ളു.. ഒരു സിംഹത്തിനെയെങ്കിലും കാണാൻ കഴിയണേ എന്ന പ്രാർഥനയോടെ നിൽക്കുമ്പോൾ ഗൈഡ് വന്നു ജീപ്പിലേക്ക് ആനയിച്ചു. ജീപ്പിൽ ഞാനും ഗൈഡും ഡ്രൈവറും മാത്രം... ഒരു ജീപ്പിൽ ആറു പേരെ അനുവദിക്കും, സഫാരി ചാർജ് ഷെയർ ചെയ്യാം. അതറിയാതെ ഒരു ജീപ്പ് ബുക്ക് ചെയ്തതായിരുന്നു ഞാൻ! ജീപ്പ് നീങ്ങിത്തുടങ്ങി. പ്രഭാതത്തിൽ തണുപ്പ് അൽപം കൂടുതലാണ്. രാവിലെ രണ്ടു സഫാരി ഉണ്ട്, 6.30നും 9.30നും.
ആയുധങ്ങൾ (ക്യാമറ) എല്ലാം സെറ്റ് ആക്കി വെച്ചു. കാടിന്റെ മെയിൻ ഗേറ്റിൽ എത്തി. ഗിർ നാഷനൽ പാർക്കിന് മൂന്ന് സഫാരി ഗേറ്റുകളാണ് ഉള്ളത്. സഫാരി ബുക്ക് ചെയ്യുന്ന കെട്ടിടത്തിൽ നിന്നു രണ്ട് മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് മെയിൻ ഗേറ്റ്. എല്ലാ ഗേറ്റിലും ചെക്കിങ് പോയിന്റും ഉണ്ട്. ഓരോ കവാടവും കടന്നു കാടിന് അകത്തേക്ക് പ്രവേശിച്ചതോടെ ആവേശം ഇരട്ടിച്ചു. അതിനിടയിൽ ഗൈഡ് കാടിനെപ്പറ്റിയും അതിനുള്ളിലെ ജീവജാലങ്ങളെ പറ്റിയും വിവരണം തന്നുകൊണ്ടിരുന്നു.
നേരത്തേ പുറപ്പെട്ട ജീപ്പുകൾ ട്രിപ്പ് കഴിഞ്ഞു എതിർദിശയിൽ വരുന്നുണ്ട്. എല്ലാവരുടെ മുഖത്തും നിരാശ. ആർക്കും സിംഹത്തെ കാണാൻ കഴിഞ്ഞില്ല. ജീപ്പ് ഡ്രൈവർമാർ പരസ്പരം സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ടായിരുന്നു. അത് കേട്ട് എനിക്ക് ഉള്ള പ്രതീക്ഷ കൂടി ഇല്ലാതായി. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. കാടിറങ്ങി വരുന്ന ഒരു ജീപ്പിലും ക്യാമറ കണ്ടില്ല... എല്ലാരും വെറുതെ ഇരുന്നു ഉറങ്ങുന്നു.
ജീപ്പ് സഞ്ചാരത്തിനിടെ കാടിന്റെ നടുവിലായി ഒരു റെയിൽ പാത. കാടിനുള്ളിലൂടെ ട്രെയിൻ യാത്ര, ഇടയ്ക്ക് പാളത്തിനരികെ കിടക്കുന്ന സിംഹങ്ങൾ, ആഹാ! ആ നല്ല അനുഭവം ഒരു നിമിഷം ഞാൻ ഭാവനയിൽ കണ്ടു. ജുനഗഡ്–ദൽവാഡ മീറ്റർഗേജ് പാസഞ്ചർ ആണ് ഇതുവഴി സർവീസ് നടത്തുന്നത്.
ചെറു വിശ്രമത്തിനു ശേഷം സഫാരി തുടർന്നു. സാധാരണ വനത്തിൽ കാണുന്ന കാഴ്ചകൾ മാത്രം. ഒന്നും വലിയ ആവേശം തന്നില്ല. അൽപം കൂടെ മുൻപോട്ടു ചെന്നപ്പോൾ ഗൈഡ് പെട്ടെന്ന് വണ്ടി നിർത്താൻ പറഞ്ഞു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അതാ വരുന്നു ഒരു പെൺ സിംഹം... ആവേശം വാനോളം... ക്യാമറ റെഡിയാക്കി. സാവധാനം അത് നടന്നു വന്നു. നന്നെന്നു തോന്നിയ ചില ഫ്രെയിംസ് ഞാൻ ക്യാമറയിലാക്കി. ഞങ്ങൾ വന്ന റോഡ് ക്രോസ് ചെയ്തു അപ്പുറത്തേക്കു കടന്നു അവൾ. ദാഹം അകറ്റാനുള്ള പോക്കാണ്.
വനത്തിന്റെ പല ഭാഗത്തായി കുറെ വെള്ളക്കെട്ടുകൾ നിര്‍മിച്ചിട്ടുണ്ട്. ഏതായാലും എന്റെ ഭാഗ്യത്തിന് അതിന് ദാഹിച്ചു... കുറച്ചു സമയം അത് പരിസരം വീക്ഷിച്ചു... ദാഹം തീർത്തു കുറച്ചു റസ്റ്റ് എടുത്തു... ഈ സമയമെല്ലാം ക്യാമറ തിരക്കിലായിരുന്നു. നല്ല ഫ്രെയിമുകൾക്ക് ഡ്രൈവർ സഹകരിച്ചു. ദാഹം തീർത്ത മൃഗരാജ്ഞി വന്ന വഴി തിരിച്ചുപോയി.എന്തായാലും ആദ്യ സഫാരി വിജയം. ദൈവത്തിനും ഗൈഡിനും നന്ദി പറഞ്ഞു വീണ്ടും മുന്നോട്ട്.
ബോണസായി മൂങ്ങ
വേറെ സിംഹങ്ങളെ കാണാൻ കഴിയുമെന്ന് ഗൈഡ് പറഞ്ഞെങ്കിലും അതുണ്ടായില്ല. കാട്ടിനുള്ളിലെ വലിയ തടാക കരയിലേക്ക് ഗൈഡ് കൊണ്ടുപോയി. ഈ വലിയ കാട്ടിനുള്ളിൽ ഇത്ര വലിയ തടാകം. അതിന് അടുത്തുള്ള ടവറിൽ കയറി ചുറ്റും ഒന്ന് കണ്ണോടിച്ചു. തിരിച്ചുവരും വഴി ബോണസായി ഒരു ഇന്ത്യൻ സ്കോപ് ഔൾ. തിരിച്ചറിയാൻ അത്ര ബുദ്ധിമുട്ടായിട്ടും അതിനെ കണ്ട, എനിക്കു കാട്ടിത്തന്ന ഗൈഡിന് സ്തുതി. വൈകുന്നേരത്തെ സഫാരിക്ക് ആർട്ടിഫിഷ്യൽ പാർക്കാണ് തിരഞ്ഞെടുത്തത്. മൂന്ന് കിലോമീറ്റർ ചുറ്റളവുള്ള പാർക്കിൽ കുറച്ച് ആൺ–പെൺ സിംഹങ്ങളും അവയുടെ കുട്ടികളും. പുള്ളിപ്പുലി, സാംബർ ഡീർ പിന്നെ കുറേ പക്ഷികളുമുണ്ട് അതിൽ. അതിനുള്ളിലെ സഞ്ചാരം വലിയ ആവേശജനകമല്ല, എങ്കിലും കാടിനു സമാനമായ അന്തരീക്ഷത്തിൽ സിംഹത്തെയും പുലിയെയുമൊക്കെ കാണാം. സഞ്ചാരികൾക്ക് അവിടെ ബസ് ട്രിപ്പും ലഭ്യമാണ്. സഞ്ചാരികൾ ധാരാളം പേർ വരുന്നുണ്ട്. മൃഗരാജന്റെ ദർശനം കിട്ടിയില്ല എന്നൊരു നിരാശ മാത്രം , ഇനിയും വരണം, അവന്റെ ദർശനത്തിനും ഗർജനം കേൾക്കാനും...
സാസൻ ഗിർ
ഏഷ്യാറ്റിക് സിംഹങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാൻ സാധിക്കുന്ന ഏക സ്ഥലമാണ് ഗുജറാത്തിലെ ഗിർ നാഷനൽ പാർക്ക് അഥവാ സാസൻ ഗിർ.
സമീപ റെയിൽവേസ്റ്റേഷനുകൾ വെരാവൽ (45 കിലോമീറ്റർ) ജുനഗഡ്(55 കിലോമീറ്റർ) തിങ്കളാഴ്ചതോറും
തിരുവനന്തപുരം– വെരാവൽ പ്രതിവാര ട്രെയിൻ ഉണ്ട്, വ്യാഴാഴ്ചയാണ് ഇതിന്റെ മടക്കയാത്ര.