ADVERTISEMENT

കേരളത്തിന്റെ മണ്ണിൽ സായിപ്പിന്റെ പേരിലുള്ള തുരുത്ത്, ആ തുരുത്തുകാണാൻ വിമാനം കയറി വരുന്ന വിദേശികൾ. കേരളത്തിന്റെ വടക്കുനിന്ന് തെക്കോട്ടോ തിരിച്ചോ ഉള്ള ട്രെയിൻ യാത്രയിൽ കൊല്ലം ജില്ലയിൽ മൺറോ തുരുത്ത് എന്ന േസ്റ്റഷൻ ശ്രദ്ധിക്കാത്തവരുണ്ടാകില്ല. പേരിലെ കൗതുകം പോലെ സുന്ദരമായ കാഴ്ചകൾ ഒളിപ്പിക്കുന്നുണ്ട് മൺറോ തുരുത്ത്. എട്ടോളം ചെറുദ്വീപുകളുടെ കൂട്ടമാണ് അഷ്ടമുടിക്കായലിലെ ഈ ദ്വീപ്. ആലപ്പുഴയുടെ ഒരു കഷ്ണം തെറിച്ചുവീണതാണോ എന്നു തോന്നിപ്പിക്കുന്ന ഭൂപ്രകൃതി. കായലോളങ്ങൾ മുഖം മിനുക്കി സുന്ദരിയാക്കുന്ന ദ്വീപിനുള്ളിലെ കാഴ്ചകളും രുചികളും ആസ്വദിച്ച് തന്നെയറിയണം. അഷ്ടമുടിക്കായലും കല്ലടയാറും ചേരുന്നിടമാണ് മൺറോ തുരുത്ത്. ഇടിയക്കടവ് പാലം കടന്നു ചെന്നാൽ ആറും കായലും ഇടത്തോടുകളും കയറും കൃഷിയും നിറഞ്ഞ മൺറോക്കാരുടെ ജീവിതവും പ്രകൃതിയൊരുക്കുന്ന മാന്ത്രികതയും ആസ്വദിക്കാം...

അഷ്ടമുടിക്കായലിലെ പച്ചത്തുരുത്ത്

mandro6
ADVERTISEMENT

കല്ലടയാറ് കൊണ്ടുവരുന്ന എക്കൽമണ്ണ് അടിഞ്ഞാണ് മൺറോ തുരുത്തിന്റെ പിറവി. കായലും ഇടത്തോടുകളുമാണ് ഈ പച്ചത്തുരുത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനഘടകം. സൂര്യനുണരും മുൻപേ തിരുവനന്തപുരത്ത് നിന്ന് മൺറോ തുരുത്തിലെത്തണം എന്ന ‘അത്യാഗ്രഹ’വുമായാണ് യാത്ര തുടങ്ങിയത്. സുഹൃത്തുവഴി കിട്ടിയ ലോക്കൽ ഗൈഡ് വിമലൻ ചേട്ടന്റെ ഫോൺ നമ്പറിലേക്ക് ഒരിക്കൽ കൂടി മെസേജ് അയച്ചു. അയാൾ ഞങ്ങളെ കാത്ത് പാലത്തിനടുത്തായി തന്നെ നിൽക്കുന്നുണ്ടെന്ന് ഉറപ്പിച്ചു. "യോഗ ചെയ്യുന്നത് പോലെയാണ് ഈ വഞ്ചി യാത്ര..." തുഴ ആഴത്തിൽ മുക്കുന്നതിനോടൊപ്പം വിമലൻ ചേട്ടൻ പറഞ്ഞു. ഇടത്തോടുകളിൽ പലയിടത്തും ചെറിയ പാലങ്ങൾ ഉണ്ട്. തല കുനിക്കാതെ പോകാൻ പറ്റില്ല. അങ്ങനെ കുനിഞ്ഞും നിവർന്നും പോകുന്നത് തന്നെ ഒരുതരത്തിൽ വ്യായാമമാണല്ലോ. പരിചയപ്പെട്ടിട്ട് അധികസമയമായില്ലെങ്കിലും വിമലൻ ചേട്ടന്‍ കൂടെ കൂടിയപ്പോൾ ആ നാട്ടുകാരായ പോലെ തോന്നി. തോണി നീങ്ങിത്തുടങ്ങി. ഇരുകരകളിലും കാണുന്നവർ അഭിവാദ്യം ചെയ്യുന്നു, വിശേഷം ചോദിക്കുന്നു. ഗ്രാമത്തിന്റെ നന്മവറ്റാത്ത മുഖങ്ങൾ. എങ്ങും നിറഞ്ഞ പുഞ്ചിരി.

ചരിത്രത്തിലെ മൺറോ തുരുത്തും സായിപ്പും

mandro3
ADVERTISEMENT

ഇടത്തോടിലൂടെയുള്ള തോണിയാത്രയാണ് മൺറോ തുരുത്ത് അടുത്തറിയാൻ ഉത്തമം. ചെളിമണമുള്ള കൈത്തോടുകളിലൂടെ തോണിനീങ്ങുമ്പോൾ അറിയാതെ ചുണ്ടിൽ വരുന്ന നാടൻപാട്ട്. അതേറ്റുപാടി എങ്ങോ പോയ്മറഞ്ഞ തണുത്ത കാറ്റ്. എക്കൽ മണ്ണിന്റെ വളക്കൂറാണ് മൺറോയിലെ കൃഷിനിലങ്ങളിൽ പൊന്നുവിളയിക്കുന്നത്. പോകുന്ന വഴിയെ മീൻപിടിക്കുന്നവരെയും കക്കവാരുന്നവരെയും കാണാം. മിക്കവീടുകളും ഇടത്തോടിനോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ചകിരി പിരിച്ചെടുത്ത് കയറുണ്ടാക്കുന്ന ആളുകളെ പല വീട്ടുമുറ്റത്തും കണ്ടു. പണ്ട് കയറും കയറുൽപന്നങ്ങളും ധാരാളമായി ഉൽപാദിപ്പിച്ചിരുന്ന സ്ഥലമായിരുന്നു മൺറോ തുരുത്ത്. കയറിന്റെ പേരിൽ ദ്വീപ് പ്രശസ്തമായി. എന്നാൽ പിൽക്കാലത്ത് കയർ സഹകരണസംഘങ്ങൾ സാമ്പത്തിക നഷ്ടം കാരണം അസ്തമിച്ചപ്പോൾ മൺറോയുടെ കയർ ചരിത്രവും മണ്ണോടു ചേർന്നു. ആ ഒരു ചരിത്രം ഓർമ്മിച്ചെടുക്കാനെന്ന പോലെ ജീവനോപാധിയായി കയറുപിരിക്കുന്നവരെയാണ് യാത്രയ്ക്കിടെ കണ്ടത്. മൺറോ തുരുത്ത് എന്ന പേരിനു പിന്നിലുമുണ്ട് ചരിത്രകഥ. 1810 ലാണ് തിരുവിതാംകൂറിലെ ദിവാനായി ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺറോയെ റാണി ഗൗരി ലക്ഷ്മീഭായ് തമ്പുരാട്ടി നിയമിക്കുന്നത്. അടിമക്കച്ചവടം നിർത്തലാക്കി, സർക്കാർ ഇടപാടുകൾക്ക് ഓഡിറ്റും അക്കൗണ്ടും ഏർപ്പെടുത്തി, ദേവസ്വങ്ങളുടെ ഭരണം സർക്കാർ ഏറ്റെടുത്തു...തുടങ്ങി 1815 വരെയുള്ള കാലഘട്ടത്തിനുള്ളിൽ തിരുവിതാംകൂറിന് ഏറെ നേട്ടങ്ങൾ കൈവരിക്കാൻ കേണൽ മൺറോ നേതൃത്വം നൽകി. ഇദ്ദേഹത്തിന്റെ അഭ്യർഥനപ്രകാരമാണ് അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിലുള്ള തുരുത്ത് കോട്ടയത്തെ ചർച്ച് മിഷൻ സൊസൈറ്റിയ്ക്ക് ധനശേഖരണാർഥം വിട്ടുനിൽകിയത്. ചർച്ച് സൊസൈറ്റി തുരുത്തിന് മൺറോയുടെ പേരിട്ടാണ് നന്ദി അറിയിച്ചത്. അത്രനാൾ ‘അതിർത്തി’ എന്നറിയപ്പെട്ടിരുന്ന ഇടം പിന്നീട് മൺറോതുരുത്ത് എന്നറിയപ്പെടാൻ തുടങ്ങി. ഇടത്തോടുകൾ പിന്നിട്ട് മണക്കടവ് ഭാഗത്തു നിന്നാൽ അഷ്ടമുടിക്കായലിന്റെ മനോഹരമായ ദൃശ്യം കാണാം. കല്ലടയാറിലൂടെ യാത്ര തുടർന്നു. തോണി ഇടയ്ക്കുവച്ച് അഷ്ടമുടി കായലിലേക്കു തിരിഞ്ഞു.

കായലിലെ ദ്വീപും ഒരുപിടി സങ്കടങ്ങളും

ADVERTISEMENT

വലിയൊരു കണ്ടൽക്കാടിൻ കൂട്ടത്തിനരികെയാണ് വിമൽചേട്ടൻ തോണിയൊതുക്കിയത്. എയർകണ്ടീഷൻ ചെയ്ത മുറിയിൽ കയറിയ പോലെ, അത്ര തണുപ്പ്. പച്ചപ്പിനുള്ളിൽ നിന്ന് പേരറിയാത്ത കിളിനാദങ്ങൾ. കായലിലേക്ക് സൂക്ഷ്മനിരീക്ഷണം നടത്തി കണ്ടല്‍ക്കാടിനുള്ളിലെ മീനിനെ തഞ്ചത്തിൽ കൊത്തിപ്പറക്കുന്ന പൊന്മാൻ. നിങ്ങളൊക്കെ എത്ര ഭാഗ്യവാന്മാരാ എന്ന് വിമൽചേട്ടനോടു ചോദിച്ചതും അദ്ദേഹം ഒരുപിടി സങ്കടങ്ങളുടെ കെട്ടഴിച്ചു. വെള്ളത്താൽ ചുറ്റപ്പെട്ടതെങ്കിലും കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഇടമാണ് മൺറോ തുരുത്ത്. കായലിൽ നിന്ന് തുരുത്തിലേക്ക് ഉപ്പുവള്ളം കയറിത്തുടങ്ങിയതോടെയാണ് ഇവിടുത്തുകാരുടെ ജീവിതം പാടേ മാറിമറിഞ്ഞത്. കൃഷി നശിച്ചു. കായൽ നിരപ്പിൽ നിന്ന് താഴ്ന്ന വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങി. കായലോരത്തെയും താഴ്ന്ന പ്രദേശത്തെയും വീടുകളെല്ലാം നാശത്തിന്റെ വക്കിലാണ്. പലരും കിടപ്പാടം പോലും ഉപേക്ഷിച്ച് പുതിയ നാടുതേടി പോയി. കായൽ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് ഇനി എത്രകാലം കൂടി ഉണ്ടാകും...! ഒരു നെടുവീർപ്പോടെ വിമൽചേട്ടൻ വീണ്ടും തോണി തുഴഞ്ഞു. ശക്തമായ കാറ്റ് വീശുമ്പോൾ കായലോളങ്ങൾ തിരമാലപോലെ തള്ളിക്കയറും തോണി ആടിയുലയും. പരിഭവം മുഖത്തറിയിക്കാതെ കായലിന്റെ കാണാത്തീരം നോക്കിയിരുന്നു. കായലിന്റെ മിടിപ്പറിയുന്ന കൈകൾ മുളങ്കോലാഴ്ത്തി തോണിയെ നയിച്ചു.

mandro2


mandro4
ADVERTISEMENT