ഒറ്റപ്പാലം, വലപ്പാട്, വേളാങ്കണ്ണി – ഇത്രയും സ്ഥലങ്ങൾ കഴിഞ്ഞാൽ പിന്നെ മറ്റൊരു സ്ഥലവും അക്കാലത്ത് ഞാൻ കണ്ടിട്ടില്ലായിരുന്നു.
ബാല്യകാല യാത്രകളുടെ തുടർച്ചയിൽ വിശേഷങ്ങൾ ഇനിയും ഏറെയുണ്ട്. കുട്ടനാട്ടിലെ കൈനകരി എന്ന സ്ഥലത്തേയ്ക്കു കാഴ്ചകളുടെ കൊതുമ്പു വള്ളം തുഴഞ്ഞത്, കോഴിക്കോട്ടെ ഫറോക്ക് എന്ന സ്ഥലത്തു താമസിച്ചതിന്റെ അനുഭവങ്ങൾ... പ്രായത്തിന്റെ പല േസ്റ്റജുകളിലായി വന്നു ചേർന്ന യാത്രകളാണ് ഇതെല്ലാം. ഈ യാത്രകളിലെ കേരളക്കാഴ്ചകൾ ഓർമിക്കാനും പറയാനും രസകരമായ ഒരു സുഖമുണ്ട്.
ഒറ്റപ്പാലത്ത് അമ്മ ജോലി ചെയ്തിരുന്ന കോൺവെന്റ് സ്കൂളിൽ സഹപ്രവർത്തകരായിരുന്ന അധ്യാപികമാരിൽ ഏറെയും തിരുവിതാംകൂറുകാരായിരുന്നു. ഒറ്റപ്പാലത്തിന്റെ വള്ളുവനാടൻ ഭാഷയും വലപ്പാട്ടെ നാടൻ തൃശൂർ ഭാഷയും മാത്രം കേട്ടു പരിചയമുള്ള എനിക്ക് ആ അധ്യാപികമാരുടെ ഭാഷ പുതുമയായിരുന്നു. ‘എന്നതാ’ തുടങ്ങിയ പ്രയോഗങ്ങൾ കേട്ട് വേറെയേതോ ഭൂഖണ്ഡത്തിൽ നിന്നു വരുന്ന ആളുകളാണ് അവരെന്നു ഞാൻ കരുതി. ഒറ്റപ്പാലവും വലപ്പാടുമല്ലാതെ വേറൊരു കേരളം. ചതുരവടിവുള്ള ഭാഷ. വേറെ രീതിയിലുള്ള പെരുമാറ്റങ്ങൾ...
തിരുവിതാംകൂറിൽ നിന്നുള്ളവരെ മൊത്തമായിട്ട് അന്ന് ഒറ്റപ്പാലം വാസികൾ ‘ചേട്ടന്മാർ’ എന്നാണു വിളിച്ചിരുന്നത്. ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും തൃശൂരിനു തെക്കു നിന്നു വരുന്ന എല്ലാവരും അവർക്ക് ചേട്ടന്മാരായിരുന്നു.
ആലപ്പുഴയും കോട്ടയവും കൊല്ലവും തമ്മിൽ സാംസ്കാരികമായും സ്വഭാവ രീതികളിലും വലിയ അന്തരമുണ്ടെന്ന് അറിയാത്ത നിഷ്കളങ്കരായ ഒറ്റപ്പാലത്തുകാർ അവരെ മൊത്തത്തിൽ ‘ചേട്ടന്മാരായി’ കണക്കാക്കി. അതേസമയം, ചേട്ടന്മാരുടെ ഭാര്യമാരെ ചേച്ചിമാരെന്നു വിളിച്ചിരുന്നില്ല. ഇവർ വരുന്ന സ്ഥലത്തെക്കുറിച്ചും ഒറ്റപ്പാലത്തുകാർക്കു വിചിത്രമായ സങ്കൽപ്പങ്ങളാണുണ്ടായിരുന്നത്. ഇതു പറയാൻ കാരണമുണ്ട്.
ഒറ്റപ്പാലത്തുകാർ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ഷെയ്പ്പിൽ കപ്പ തിന്നുന്നവരായിരുന്നു അവർ. ഒറ്റപ്പാലത്ത് പൂളക്കിഴങ്ങ് എന്നും തൃശൂരിൽ കൊള്ളിക്കിഴങ്ങ് എന്നും വിളിക്കുന്ന അതേ സാധനത്തിനെ തിരുവിതാംകൂറുകാർ കപ്പയെന്നു വിളിച്ചു. ഒറ്റപ്പാലത്തുകാർ വളരെ നിഷ്കളങ്കമായി മണ്ണിൽ നിന്നു പറിച്ചെടുത്തു വെള്ളത്തിലിട്ട് പുഴുങ്ങിയോ ചുട്ടോ കാന്താരിച്ചമ്മന്തിയിൽ മുക്കിയാണ് കിഴങ്ങു തിന്നിരുന്നത്. അതേ സാധനം വെട്ടിയുണക്കി, പൂർണചന്ദ്രന്റെ രൂപത്തിലാക്കിയ അവസ്ഥയിൽ ഒറ്റപ്പാലത്തുകാർ ആദ്യമായി കണ്ടു.
സഹപ്രവർത്തകരായ അധ്യാപികമാർ അമ്മയ്ക്കു സമ്മാനിക്കുന്ന തിരുവിതാംകൂർ വിഭവങ്ങളുടെ കൂട്ടത്തിൽ കപ്പയും ഉണക്കിയിടിച്ച ബീഫും വേപ്പിലക്കട്ടി എന്നൊരു സാധനവും ഉണ്ടായിരുന്നു. ഈ വേപ്പിലക്കട്ടി എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല. കറിവേപ്പിലയാണ് അതിന്റെ മെയിൻ ഇൻഗ്രേഡിയന്റ്. അതിൽ തേങ്ങയുമുണ്ടെന്നു ഞാൻ സംശയിക്കുന്നു. ഇത്തരം ഭക്ഷണമൊക്കെക്കഴിച്ച് ജീവിക്കുന്നവർക്കായി വേറൊരു ഭൂമികയുണ്ടെന്ന് ഇവരുടെ സംസാരം കേട്ട് എന്റെ ബാലമനസ് ചിത്രം വരച്ചു. ഒരിക്കലും എനിക്കതു കാണാനും കഴിഞ്ഞിരുന്നില്ല.
റബർമരങ്ങളുടെ നാട്ടിൽ
ചെറുപ്പകാലത്ത് എനിക്കു ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളെജിലെ ഒരു ഡോക്ടറെ കാണിക്കാൻ എന്നേയുംകൊണ്ട് അപ്പച്ചൻ പുറപ്പെട്ടു. കോട്ടയം വരെ തീവണ്ടിയിലായിരുന്നു യാത്ര. എന്റെ ആദ്യ ദീർഘദൂര തീവണ്ടിയാത്ര...!
അമ്മയുടെ സഹപ്രവർത്തകയായിരുന്ന ലീലാമ്മ ടീച്ചറുടെ ഭർത്താവും അന്ന് ഗവ. കോളെജിൽ ഇക്കണോമിക്സ് പ്രഫസറുമായിരുന്ന മാത്യു മുള്ളോങ്കൽ (മാത്തച്ചനങ്കിൾ) ഞങ്ങളെ സ്വീകരിക്കാൻ മെഡിക്കൽ കോളെജിൽ കാത്തു നിന്നു. അദ്ദേഹത്തിന്റെ വീട് കോട്ടയത്തിനടുത്തു വാഴൂരാണ്. ഡോക്ടറെ കണ്ടിറങ്ങിയ ശേഷം മാത്തച്ചനങ്കിളിനൊപ്പം ഞാനും അപ്പച്ചനും വാഴൂരിലേക്കു പോയി. ‘ചാമംപതാൽ’ എന്നായിരുന്നു ആ ഗ്രാമത്തിന്റെ പേരെന്നാണ് എന്റെ ഓർമ. ആ യാത്രയിലാണ് ഞാൻ ആദ്യമായി റബർ മരം കാണുന്നത്. അഥവാ, റബർ മരങ്ങളാണ് അതെന്ന് അറിഞ്ഞുകൊണ്ടു കാണുന്നത്.
ഒറ്റപ്പാലത്തെ തുറസായ കാട്ടു ചെടികൾ പടർന്നു കിടക്കുന്ന ഭൂമിക, മൊട്ടക്കുന്നുകൾ, ഒഴിഞ്ഞു കിടക്കുന്ന പറമ്പുകൾ, കാടുപിടിച്ചു കിടക്കുന്ന തൊടികൾ തുടങ്ങിയവയൊന്നും വാഴൂരിൽ കണ്ടില്ല. ഓരോ ഇഞ്ച് ഭൂമിയിലും റബർ മരങ്ങളുള്ള, അല്ലെങ്കിൽ പച്ചക്കറി കൃഷിയുള്ള വാഴൂർ. വഴിയരികിലെ ചായക്കടകളിലിരുന്നു ബീഡി വലിക്കുന്ന, കവിളൊട്ടിയ ദീർഘകായരും അരോഗദൃഢഗാത്രരുമായുള്ള ആളുകൾ. മൃദുല ഭാവവും മുഖവുമുള്ള ഒറ്റപ്പാലത്തെ പെണ്ണുങ്ങളിൽ നിന്നു വ്യത്യസ്തമായി പരുക്കൻ ഭാവമുള്ള, കരുത്തു വിളിച്ചോതുന്ന ശരീരമുള്ള സ്ത്രീകൾ. കുട്ടിയായിരുന്ന എന്നെ ഏറ്റവും ആകർഷിച്ചത് ടൊയ് ലെറ്റിനു പുറകിലുള്ള കുഴിയിൽ വളരുന്ന കറുത്ത പന്നികളായിരുന്നു. വേളാങ്കണ്ണി യാത്രയ്ക്കു ശേഷം ഞാൻ പന്നികളെ കണുന്നത് അവിടെയാണ്.
വലിയ റബർ എേസ്റ്ററ്റിനു നടുവിലുള്ള പ്രൗഢഗംഭീരമായ വീട്ടിൽ മാത്തച്ചനങ്കിളിന്റെ അമ്മയാണ് ഞങ്ങളെ സ്വീകരിച്ചത്. അങ്കിളിന്റെ അമ്മച്ചി വിളമ്പിത്തന്ന പാലപ്പവും ഇറച്ചി സ്റ്റൂവും തൊട്ട് അവിടെ കണ്ട എല്ലാ കാര്യങ്ങളും എനിക്കു പുതുമയായിരുന്നു. പുതിയ ഗന്ധമുള്ള ഭൂമിയുടേയും പല രൂപത്തിലുള്ള മനുഷ്യരുടേയും മൃഗങ്ങളുടേയും കഥകളുമായാണ് ഞാൻ ഒറ്റപ്പാലത്തു തിരിച്ചെത്തിയത്.
ദൈവം സ്വന്തമാക്കിയ ഭൂമി
എന്തെല്ലാം കാരണങ്ങളാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയത് എന്ന ചിന്ത ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നു. ലോകത്ത് ഞാൻ സഞ്ചരിച്ചിട്ടുള്ള ഒരുപാട് രാജ്യങ്ങളിൽ അപൂർവം നാടുകൾക്കു മാത്രം അവകാശപ്പെടാൻ കഴിയുന്ന സവിശേഷതകൾ കേരളത്തിനുണ്ട്. നമുക്ക് അതിമനോഹരമായ നീണ്ട കടൽത്തീരങ്ങളുണ്ട്, നീണ്ടുകിടക്കുന്ന പർവത പ്രദേശങ്ങളുണ്ട്, മൊട്ടക്കുന്നുകളുണ്ട്, എത്രയോ നദികളുണ്ട്, തോടുകളുണ്ട്. മഞ്ഞുള്ള, മൈനസ് ഡിഗ്രിയിലേക്കു പോകുന്ന അന്തരീക്ഷ ഊഷ്മാവുള്ള പ്രദേശങ്ങളുണ്ട്. ഇതെല്ലാം ഒരു പാവയ്ക്കയുടെ ഷെയ്പ്പിൽ കിടക്കുന്ന 38,863 സ്ക്വയർ കി.മീ. മാത്രം വലുപ്പമുള്ള സ്ഥലത്താണ് എന്നത് അത്ഭുതം തന്നെ. ഒരു മരുഭൂമിയുടെ കുറവുണ്ടെന്നു വേണമെങ്കിൽ പറയാം. ഓരോ ജില്ലയ്ക്കും വേറെ വേറെ മലയാളമാണ്. ഓരോ ജില്ലയ്ക്കും വെവ്വേറെ പെരുമാറ്റ രീതികളാണ്. വൈവിധ്യം നിറഞ്ഞ സംസ്കാരങ്ങളുണ്ട്. വിവിധ എഴുത്തുകാരുണ്ട്, വ്യത്യസ്തമായ കഥകളുണ്ട്.
ചന്തുക്കുട്ടിയുടെ നാട്ടിലേക്ക്
ഒറ്റപ്പാലവും തിരുവിതാംകൂറും കഴിഞ്ഞാൽ ഞാൻ ‘മറ്റൊരു മലയാള ഭാഷ’ കേട്ടത് ചന്തുക്കുട്ടി എന്നയാളെ പരിചയപ്പെട്ടപ്പോഴാണ്. ‘ചാന്ദ്സൺസ് ബ്രെഡ്’ എന്നൊരു ബ്രെഡ് അക്കാലത്ത് ഒറ്റപ്പാലത്തു കിട്ടുമായിരുന്നു. അതിന്റെ ഉടമസ്ഥൻ ചന്തുക്കുട്ടി തലശേരിക്കാരനായിരുന്നു. ചന്തുക്കുട്ടിയിലൂടെയാണ് ആദ്യമായി കോഴിക്കോട് – തലശേരി ഭാഷ ഞാൻ കേട്ടു തുടങ്ങിയത്. ചന്തുക്കുട്ടിക്ക് കുറേ മക്കളുണ്ട്. ഒരേയൊരു മകൾ, ശഹള. ചന്തുക്കുട്ടിയുടെ മറ്റു മക്കളായ പ്രസൂണും പ്രമോദും എന്റെ സമപ്രായക്കാരായിരുന്നു. അവരു പറഞ്ഞു കേട്ട ഭാഷ പിന്നീട് ഞാൻ അടുത്തു കേൾക്കുന്നത് കോഴിക്കോട്ടേയ്ക്ക് അപ്പച്ചന്റെ കൂടെ നടത്തിയ യാത്രയിലാണ്. ആ യാത്രയിലാണ് ഞാൻ ‘കൊട്ടാരം വിൽക്കാനുണ്ട് ’ എന്ന സിനിമ കാണുന്നത്, രേവതി തിയറ്ററിൽ നിന്ന്. കോഴിക്കോട് നഗരത്തിൽ അപ്പച്ചന് ലാസർ എന്നൊരു സുഹൃത്തുണ്ടായിരുന്നു. ലാസറെന്നാണോ ദേവസിയെന്നാണോ അദ്ദേഹത്തിന്റെ പേര് എന്ന കാര്യത്തിൽ ചെറിയൊരു കൺഫ്യൂഷനുണ്ട്. ചെരുപ്പിന്റെ ഹോൾസെയിൽ ബിസിനസായിരുന്നു അദ്ദേഹത്തിന്. മാനാഞ്ചിറ മൈതാനവും കുളവും കോഴിക്കോട് കടപ്പുറവും ഞാൻ ആദ്യമായി കാണുന്നത് ആ യാത്രയിലാണ്. കോഴിക്കോട് എന്നെ ഏറ്റവും സന്തോഷിപ്പിച്ചത് ഹോട്ടലുകളിൽ നിന്നു കഴിച്ച ഭക്ഷണവും ആളുകളുടെ പെരുമാറ്റവുമാണ്. വർഷങ്ങൾക്കു മുൻപേ നമുക്കു പരിചയം ഉണ്ടെന്നു തോന്നിപ്പിക്കുന്ന ഒരടുപ്പം ആദ്യ പെരുമാറ്റത്തിൽത്തന്നെ ഉണ്ടാക്കിയെടുക്കാൻ കോഴിക്കോട്ടുകാർക്കു കഴിഞ്ഞിരുന്നു. കുട്ടിക്കാലത്ത് കോഴിക്കോട്ടേയ്ക്കു വീണ്ടും യാത്രകളുണ്ടായി. അങ്ങനെയൊരു യാത്രയിലാണ് അപ്സര തിയറ്ററിൽ നിന്നു ‘ഷോലെ’ എന്ന സിനിമ കണ്ടത്.
കായലും കരിമീനും
ഈ യാത്രകളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു കുട്ടനാട്ടിലേക്കുള്ള യാത്ര. ഞാൻ നേരത്തേ പരാമർശിച്ചിട്ടുള്ള മാത്യു മുള്ളോങ്കലിന്റെ ഭാര്യ ലീലാമ്മ ടീച്ചർ (ഞങ്ങളുടെ ലീലാമ്മാന്റി) കുട്ടനാട്ടിലെ കൈനകരി സ്വദേശിയാണ്.
ആലപ്പുഴ ട്രാൻസ്പോർട്ട് സ്റ്റാൻഡിൽ ബസിറങ്ങി. അവിടെ നിന്നു കൈനകരിയിലേക്കു യാത്ര മോട്ടോർ ഘടിപ്പിച്ച ബോട്ടിലാണ്. ആ യാത്രയുണ്ടാക്കിയ അനുഭൂതി എനിക്കിപ്പോഴും പറഞ്ഞറിയിക്കാനാവുന്നില്ല. പുഴയെന്നു തോന്നിപ്പിക്കുന്ന വിശാലതയിൽ നിന്നും വലിയ വട്ടക്കായൽ പോലെയുള്ള സ്ഥലത്തേയ്ക്ക് ബോട്ട് പ്രവേശിക്കുന്നതും അവിടെ നിന്ന് ഇടുങ്ങിയ കൈത്തോടുകളിലേക്ക് ബോട്ട് കയറിച്ചെല്ലുന്നതുമൊക്കെ സ്വപ്നതുല്ല്യമായ അനുഭവ ചിത്രങ്ങളായി നിൽക്കുന്നു. സന്തോഷംകൊണ്ട് എന്റെ ഹൃദയം തുള്ളിച്ചാടി വായിൽക്കൂടി പുറത്തുവരുമെന്നു തോന്നി.
ലീലാമ്മാന്റിയുടെ തറവാട്ടുവീട്ടിൽ അമ്മയാണു ഞങ്ങളെ സ്വീകരിച്ചത്. കരിമീൻ പൊള്ളിച്ചതും മറ്റു നാടൻ വിഭവങ്ങളുമൊക്കെയായി അമ്മച്ചി ഞങ്ങളെ കാത്തിരുന്നു. തിരിച്ച് ഒറ്റപ്പാലത്തേയ്ക്കു പോരുമ്പോൾ കുട്ടനാട്ടിലെ കൈത്തോടുകളുടെ ഗന്ധവും പാടത്തെ ചെളിയുടെ മണവും എന്റെ മൂക്കിലുണ്ടായിരുന്നു, നാവിൽ ആദ്യമായി കഴിച്ച കരിമീനിന്റെ സ്വാദും.
ചക്രം പൂർത്തിയാകുന്നത് വർഷങ്ങൾക്കിപ്പുറം ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന ചിത്രം ഷൂട്ട് ചെയ്യാനിറങ്ങിയപ്പോഴാണ്. ലൊക്കേഷൻ നോക്കാനായി ആലപ്പുഴയിൽ പോയപ്പോൾ ചായക്കടയിൽ വച്ച് ഒരു ഗ്രാമീണൻ എന്നെ തിരിച്ചറിഞ്ഞു. ‘‘കൈനകരിയിലെ ലീലാമ്മയേയും മാത്തച്ചനേയും പരിചയമില്ലേ..?’’ അദ്ദേഹം ചോദിച്ചു. ലീലാമ്മയും മാത്തച്ചനും വന്നിട്ടുണ്ടെന്നും ഇപ്പോൾ വീട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു, ലീലാമ്മാന്റിയുടെ വീട്ടിലെ ഫോൺ നമ്പറും തന്നു. ഈ യാത്രയിൽ ആദ്യം പോകേണ്ടത് ആ വീട്ടിലായിരുന്നു എന്നു ഞാൻ കുറ്റബോധത്തോടെ ഓർത്തു.
അടുത്ത ദിവസം ആലപ്പുഴയിൽ എന്റെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുകയാണ്. സ്വിച്ചോൺ ചെയ്യാൻ മാത്തച്ചനങ്കിളിനേയും ലീലാമ്മാന്റിയേയും ഞാൻ ക്ഷണിച്ചു. ഞാൻ ആദ്യമായി കുട്ടനാട്ടിൽ വന്നപ്പോൾ യാത്ര ചെയ്തതുപോലെയുള്ള, സ്വന്തം ബോട്ടിലാണ് അവർ രണ്ടുപേരും വന്നത്. പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും എന്ന സിനിമയുടെ സ്വിച്ചോണും ആദ്യ ക്ലാപ്പും ലീലാമ്മാന്റിയും മാത്തച്ചൻ അങ്കിളുമാണു നിർവഹിച്ചത്.
കുട്ടനാട്ടിൽ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന്റെ ദിവസങ്ങളിലാണ് ആ സിനിമ പൂർത്തിയാക്കിയത്. ആലപ്പുഴയുടെ ഗ്രാമഭംഗി മുഴുവൻ എസ്. കുമാറിന്റെ ക്യാമറ ഒപ്പിയെടുത്തു. പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും തിയറ്ററിൽ വലിയ സാമ്പത്തിക വിജയം നേടിയപ്പോൾ കുട്ടനാട്ടിലേക്ക് ആദ്യ ബോട്ട് യാത്ര നടത്തിയ കുട്ടിക്കാലത്തെക്കുറിച്ചാണ് ഞാൻ ഓർത്തത്.