Saturday 10 July 2021 04:22 PM IST : By സ്വന്തം ലേഖകൻ

ജൂലൈയിൽ മഴ പെയ്യുമ്പോൾ പോകേണ്ട സ്ഥലങ്ങൾ

reevvbbbbd432

പുതുവർഷത്തിലേക്കുള്ള കാൽവയ്പ്പാണ് കർക്കടകം. ആരോഗ്യം നവീകരിക്കാനുള്ള സമയം. യാത്രയ്ക്കും ചികിത്സയ്ക്കുമിടയിൽ ആയുർവേദം പാലമാകുന്ന കാലം. ഇടവപ്പാതിയും ഞാറ്റുവേലയും കർക്കടകപ്പെയ്ത്തും കണ്ടു പേടിച്ചിരുന്ന കേരളത്തിനു കിട്ടിയ സമ്മാനമായി മാറി കർക്കടകപ്പെരുമ. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള ദിവസങ്ങൾ കേരളത്തിൽ ‘ഓഫ് സീസൺ’ ആണെന്നു കരുതിയിരുന്ന ടൂർ ഏജന്റുമാർ മഴയെ ഭംഗിയായി പ്രയോജനപ്പെടുത്താൻ തുടങ്ങിയിട്ട് കഷ്ടിച്ച് അഞ്ചു വർഷത്തോളമേ ആയിട്ടുള്ളൂ. മഴ പെയ്തു തുടങ്ങിയപ്പോഴേക്കും വിനോദസ‍ഞ്ചാര കേന്ദ്രങ്ങൾ അതിഥികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വടക്കേ മലബാർ മുതൽ തെക്കൻ തിരുവിതാംകൂർ വരെ കർക്കടക ചികിത്സയ്ക്ക് തയാർ.

ശരീരത്തിൽ ഉപാപചയ പ്രവർത്തനം നടക്കുന്ന കാലമാണു കർക്കടകം. ഈ കാലാവസ്ഥയിൽ ചികിത്സകളോട് ശരീരം കൂടുതൽ അനുകൂലമായി പ്രതികരിക്കുന്നു. അതിന്റെ ഗുണമറിഞ്ഞ് വിദേശികൾ വിരുന്നെത്തി. മെഡിക്കൽ ടൂറിസം എന്നൊരു സഞ്ചാര ശാഖയ്ക്കു തുടക്കമിട്ടു. പഞ്ഞക്കർക്കടകം അതുവഴി കേരള നാട്ടിൽ സമൃദ്ധിയുടെ പുതുമഴ പെയ്യിച്ചു.

ചൈനയ്ക്ക് ഫെങ്ഷുയി പോലെ, തായ്‌ലൻഡ‍ിന് േസ്റ്റാൺ മസാജ് പോലെ, കേരളത്തിന്റെ ടൂറിസത്തിന് ആയുർവേദം മുഖം നൽകുന്നു. കർക്കടകത്തിലെ ചികിത്സ സുഖം പകരാനുള്ളതല്ല, ആരോഗ്യ പരിപാലനത്തിനുള്ളതാണ്. വകതിരിവോടെ ഇക്കാര്യം തിരിച്ചറിഞ്ഞതു വിദേശികളാണ്. ഓരോ മൺസൂണിലും അവർ കേരളത്തിലെത്തി ശരീര ശുദ്ധീകരണവും തിരുമ്മു ചികിത്സയും നടത്തുന്നു. സഞ്ചാരവും ആരോഗ്യവുമായൊരു ബന്ധമുണ്ടാകുമെന്ന കാര്യം ആയുർവേദ ആചാര്യന്മാർ പോലും കരുതിയിട്ടുണ്ടാവില്ല. എന്തായാലും, കർക്കടകം ടൂറിസവുമായി ഇഴ ചേർന്നു.

1 - monsoon

സഫാരി മുതൽ സെമിത്തേരി വരെ

മഴക്കാലത്ത് കേരളത്തിലേക്ക് ആളുകളെ ആകർഷിക്കുന്ന ഘടകങ്ങൾ നിരവധി. അതിൽ പ്രധാനം എല്ലാ മേഖലകളിലും ചാർജുകളിലുണ്ടാകുന്ന കുറവാണ്. മുറി വാടക മുതൽ മുന്തിരി ജ്യൂസിനു വരെ മഴക്കാലത്ത് നിരക്കു കുറയും. മൺസൂണിൽ വാഗമണ്ണിലേക്കും തേക്കടിയിലേക്കും ആലപ്പുഴയിലേക്കും ആളുകളെ ആകർഷിക്കുന്ന ഘടകവും അതു തന്നെ. ചായത്തോട്ടങ്ങളുടെ മേടായ മൂന്നാറിൽപ്പോലും ടൂറിസം പലവിധം വിടരുന്നു.

മൺസൂൺ പെയ്യുന്ന കാലത്തെ ആയുർവേദ ചികിത്സയാണ് അതിനുപകരിച്ചത്. മൂന്നു ദിവസം മുതൽ ഏഴു ദിവസം വരെയുള്ള കർക്കട ചികിത്സ ശരീരത്തിനു സുഖം പകരുമെന്ന കാര്യം വിദേശികളെ ആകർഷിച്ചു. മഴക്കാലത്ത് വെറുതെ നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ടുകൾക്കും അടച്ചിട്ടിരുന്ന റിസോർട്ടുകൾക്കും ഉണർവുണ്ടായി. പെരുമഴയിൽ കുതിരുന്ന ഇടുക്കിക്ക് തെക്കിന്റെ കശ്മീരെന്നു ചെല്ലപ്പേരു വീണു ! മാട്ടുപ്പെട്ടി, മറയൂർ, കാന്തല്ലൂർ, കുണ്ടള തുടങ്ങിയ സ്ഥലങ്ങളിലേക്ക് മഴ കാണാൻ ആളുകൾ എത്തിത്തുടങ്ങി. ഏലം, കുരുമുളക്, ഗ്രാമ്പു, ജാതി തുടങ്ങിയ വിളകൾ പച്ചയണിഞ്ഞു നിൽക്കുന്നത് സഞ്ചാരികൾക്കു പുതുകൗതുകം നിറഞ്ഞു. വിദേശികൾ മാത്രമല്ല, ഉത്തരേന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ മൺസൂൺ പെയ്യുന്ന കേരളത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തി.

അഗ്രോ ടൂറിസം, അക്കാഡമിക് ടൂറിസം, അഡ്വഞ്ചർ ടൂറിസം, നേച്ചർ ടൂറിസം, സഫാരി ടൂറിസം, കോൺടാക്ട് ടൂറിസം, ഹെൽത്ത് ടൂറിസം, ജോബ് ടൂറിസം, പിൽഗ്രിം ടൂറിസം, ഇക്കോ ടൂറിസം, മൺസൂൺ ടൂറിസം... വിനോദ സഞ്ചാര മേഖലയിൽ കേരളം തുറന്നിട്ട പുത്തൻ മേഖലകൾ. മൺമറഞ്ഞ പ്രശസ്തരുടെ സ്മൃതികൂടീരം കാണാൻ താത്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് സെമിത്തേരി ടൂറിസം എന്നൊരു പുതിയ ശാഖയും ഉരുത്തിരിഞ്ഞു വരുന്നുണ്ട്.

വകഭേദങ്ങൾ അങ്ങനെ പലതുണ്ടെങ്കിലും ആയുർവേദ ചികിത്സ തന്നെയാണ് മഴപ്പെരുമയുടെ കാലത്തു പ്രധാന കാഴ്ച. ത്വക്ക് രോഗങ്ങൾ, സന്ധിവാതം തുടങ്ങിയ വലിയ രോഗങ്ങൾക്കും സൗന്ദര്യം വർധിപ്പിക്കൽ, അമിത വണ്ണം കുറയ്ക്കൽ തുടങ്ങിയ പരിചരണങ്ങൾക്കും കർക്കടകത്തിലെ ചികിത്സകൾ പരിഹാരമായത് കേരളത്തിന്റെ സ്വന്തം ആയുർവേദത്തിന്റെ പ്രചാരത്തിനു ശക്തി കൂട്ടി. തിരുമ്മൽ, കിഴി, വിയർപ്പിക്കൽ, രസായന ചികിത്സ, മരുന്നു കഞ്ഞി തുടങ്ങിയ പദപ്രയോഗങ്ങൾ വിദേശ രാജ്യങ്ങളിലും പ്രസിദ്ധി നേടി. അതോടെ പാരമ്പര്യ ചികിത്സകൾ പുതിയ സാഹചര്യങ്ങളോടെ റിസോർട്ടുകളിൽ പ്രവർത്തനം തുടങ്ങി. കോവളം, ആലപ്പുഴ, വയനാട്, ഫോർട്ട് കൊച്ചി തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അങ്ങനെ മഴക്കാലത്തും ‍സഞ്ചാരികളെക്കൊണ്ടു നിറയുന്നു.

ഔഷധപ്പെരുമഴ

നാടൊട്ടുക്കു കർക്കടക ചികിത്സയുടെ ബോർഡുകൾ കണ്ടപ്പോൾ ആ വഴിക്കൊന്നു യാത്ര ചെയ്യാനൊരു കൊതി. പാരമ്പര്യത്തിന്റെ ചിട്ടവട്ടങ്ങൾ പാലിച്ച് പ്രശസ്തി നേടിയ സ്ഥാപനങ്ങളിലേക്കുള്ള വഴികൾ തിരഞ്ഞു. കോട്ടയ്ക്കലുള്ള ആയുർവേദ ആചാര്യന്മാർ. തൈക്കാട്ടുശ്ശേരിയിലെ മൂസ്സുമാർ. അഷ്ടവൈദ്യന്മാരെന്നു പേരുകേട്ട കേരളത്തിലെ മറ്റ് ആയുർവേദ പണ്ഡിതർ... കർക്കടകത്തിന്റെ സുകൃതം മരുന്നിൽ ചാലിച്ചവരെ കാണാനായി യാത്ര തുടങ്ങി.

പെരുമഴ നനയണം. ഔഷധക്കൂട്ടിൽ നീരാടണം. കർക്കടക ചികിത്സ നടത്തണം. മരുന്നു കഞ്ഞി കുടിക്കണം. മൺസൂൺ ആസ്വദിക്കണം... എല്ലാം കൂടി ഒരുമിച്ചു കിട്ടാനായി എവിടെപ്പോകും...?

മൺസൂണിന്റെ സൗന്ദര്യം ഔഷധപ്പെരുമ കൊണ്ട് അഭിഷേകം ചെയ്യുന്നതു കാണാൻ തൃശൂരിലെ ഒല്ലൂരിലേക്ക് പുറപ്പെട്ടു. ആയുർവേദത്തിന്റെ തറവാടെന്നു പേരുകേട്ട ഇളേടത്ത് തൈക്കാട്ടു മൂസ്സിന്റെ ഇല്ലത്തിലേക്കു തീർഥാടനം നടത്താനാണു തീരുമാനം. പ്രഗദ്ഭരായ അഷ്ടാംഗ വൈദ്യന്മാരുടെ പേരിൽ അറിയപ്പെടുന്ന വഴിയിലൂടെ തൈക്കാട്ടു മൂസ്സിന്റെ വീട്ടു മുറ്റത്തെത്തി.

പടിപ്പുരയ്ക്കരികെയുള്ള നക്ഷത്രവനത്തിൽ ദശപുഷ്പങ്ങൾ വിടർന്നു നിൽക്കുന്നു. ഔഷധച്ചെടികൾ പച്ചവിരിച്ച മുറ്റത്തിനരികെ ചാഞ്ഞും ചെരിഞ്ഞും മഴത്തുള്ളികൾ‌ വീണു തുടങ്ങി. പ്രകൃതിയും ശരീരവുമായുള്ള ബന്ധത്തിന്റെ തുടിപ്പറി‍ഞ്ഞ ആചാര്യന്മാരുടെ തറവാടു കാണാൻ വന്ന നിരവധിയാളുകൾ അവിടെ പ്രവേശനാനുമതി കാത്തു നിൽക്കുന്നുണ്ടായിരുന്നു.

2 - monsoon

തൈക്കാട്ടു മൂസ്സിന്റെ ഇല്ലം ഇപ്പോൾ മ്യൂസിയമാണ്. ഇന്ത്യയിലെ ഒരേയൊരു ആയുർവേദ മ്യൂസിയം. ഇളേടത്തെ അഷ്ടവൈദ്യന്മാരുടെ പൂർവിക സ്മരണ പുരാതന കാഴ്ചകളാക്കി പ്രദർശിപ്പിച്ചിരിക്കുന്നു ‘വൈദ്യരത്നം ആയുർവേദ മ്യൂസിയ’ത്തിൽ. നൂറ്റാണ്ടിലേറെ പഴക്കമുള്ള ആയുർവേദ ഗ്രന്ധങ്ങൾ, ആചാര്യന്മാരുടെ ശേഷിപ്പുകൾ, ആരാധ്യരൂപങ്ങളുടെ ശിൽപ്പങ്ങൾ, അഷ്ടവൈദ്യ പാരമ്പര്യത്തിന്റെ ചരിത്രം പ്രദർശിപ്പിക്കുന്ന തിയെറ്റർ, ത്രി ഡി ചിത്രപ്രദർശനം, ആചാര്യഗൃഹം, ഔഷധ സസ്യങ്ങൾ തുടങ്ങി കർക്കടക മാസത്തിൽ കണ്ണിനു കുളിരു പകരുന്നതെല്ലാം മ്യൂസിയത്തിലുണ്ട്.

ചെടികളും പൂക്കളും കായ്പൊഴിക്കുന്ന മരങ്ങളും മരുന്നായി മാറുന്ന അടുക്കളപ്പുര. രോഗത്തിൽ നിന്നു മുക്തി തേടിയെത്തുന്ന ആയിരക്കണക്കിനാളുകൾ. അഭയം തേടിയവർക്ക് ആശ്വാസം പകർന്ന് ജീവിതം ആയുർവേദത്തിനായി മാറ്റിവച്ച ചികിത്സകർ... ഒല്ലൂരിൽ നിന്നു വലത്തോട്ടു വഴി തിരിയുന്ന തൈക്കാട്ടുശ്ശേരി ഗ്രാമത്തിന്റെ മുഖം ഇതാണ്. കാലം ഏറെ മുന്നോട്ടു പാഞ്ഞപ്പോൾ ചികിത്സയുടെ ശാഖകൾ കാലാവസ്ഥ നോക്കി ചിട്ടപ്പെട്ടു. കർക്കടക മാസത്തിലെ പെരുമഴയിൽ ദേഹശുദ്ധി വരുത്തി, മരുന്നുകൊണ്ടു കരുത്തു പകരുന്ന പരിചരണം ലോകപ്രശസ്തി നേടി. പെരുമഴക്കാലത്തു ചികിത്സ തേടി വിദേശികൾ വന്നു തുടങ്ങി. പെയ്തിറങ്ങുന്ന മൺസൂണിന്റെ ശക്തിയിൽ ടൂറിസം മൊട്ടിട്ടു, തളിർത്തു, പടർന്നു പന്തലിച്ചു. പ്രസിദ്ധി നേടിയ ആ മൺസൂൺ ടൂറിസത്തിന്റെ സുഖമറിയാനുള്ള യാത്രാ മധ്യേയാണ് മ്യൂസിയത്തിനു മുന്നിലെത്തിയത്.

ഇന്ത്യയിൽ ആദ്യത്തെ ആയുർവേദ മ്യൂസിയമാണു തൈക്കാട്ടുശ്ശേരിയിലേത്. ആയുർവേദ ചികിത്സയുടെ ആരംഭം മുതലുള്ള ചരിത്രം കൊട്ടാരസദൃശമായ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്നു. ‘ആയുർവേദ ചരിത്രത്തിലൂടെ ഒരു യാത്ര’ എന്ന സങ്കൽപ്പത്തിൽ ചിട്ടപ്പെടുത്തിയ മ്യൂസിയത്തിന്റെ പുമുഖത്ത് ആദിശങ്കരന്റെയും ധന്വന്തരീ മൂർത്തിയുടെയും ശിൽപ്പങ്ങളാണു സ്വാഗതമരുളുന്നത്. മുഖമണ്ഡപത്തിൽ നിന്നു കയറിച്ചെല്ലുന്ന ഇടനാഴിയിൽ ആചാര്യന്മാരുടെ ശിൽപ്പങ്ങളും ഗ്രന്ധങ്ങളും. ത്രീ ഡി പ്രദർശനം ഒന്നാം നിലയുടെ വരാന്തയിലാണ്. മരുന്ന് അരച്ചുണ്ടാക്കിയിരുന്ന കാലഘട്ടത്തിൽ നിന്ന് ഇപ്പോഴത്തെ രീതികളിലേക്ക് മാറിയതിനെക്കുറിച്ചാണ് ചലച്ചിത്ര പ്രദർശനം. ത്രി ഡി കണ്ണടകൾ വച്ച് ആസ്വദിക്കാവുന്ന രീതിയിലാണ് ക്രമീകരണം. നിത്യം മഴ പെയ്യുന്ന നടുത്തളമാണ് മറ്റൊരു കാഴ്ച. അഷ്ട വൈദ്യന്മാരായ വൈദ്യരത്നം നാരായണൻ മൂസ്സ്, പദ്മശ്രീ ഇ.ടി. നീലകണ്ഠൻ മൂസ്സ്, പദ്മഭൂഷൺ ഇ.ടി. നാരായണൻ മൂസ്സ് എന്നിവരുടെ ശേഷിപ്പുകൾ സൂക്ഷിച്ചിട്ടുള്ള ആചാര്യ ഗൃഹത്തിലാണ് മഴ പെയ്യുന്ന നടുത്തളം. കുടുംബ ചരിത്രം വിശദീകരിക്കുന്ന ഫോട്ടോകൾ ഇവിടത്തെ ചുമരുകൾ അലങ്കരിക്കുന്നു.

പെയ്യട്ടെ മഴ പെയ്യട്ടെ

ആകാശത്തുള്ള കടൽ പൊട്ടിച്ചാടിയ പോലെ മഴ. മണ്ണും മരങ്ങളും ഈറനണിഞ്ഞു. ഇറയത്തു നിന്നു കോലായയിലേക്ക് കുളിരിന്റെ തുള്ളികൾ അരിച്ചു കയറുന്നു. നീർപ്പടർപ്പിൽ കുതിർന്ന കാട്ടു വള്ളികളിലിരുന്നു മഴപ്പക്ഷികൾ പാട്ടു തുടങ്ങി. ‘‘പെയ്യട്ടങ്ങനെ പെയ്യട്ടെ, ഇടിയും വെട്ടിപ്പെയ്യട്ടെ...’’ കർക്കടകപ്പേമാരിയുടെ താളത്തിൽ ലയിച്ച് മനസ്സ് തുള്ളിച്ചാടുന്നു.

5 - monsoon

വർണനൂലുകളായി പെയ്തിറങ്ങുന്ന മഴ. ആകാശത്തെ കുടയാക്കി പന്തലൊരുക്കുന്ന മഴ. വഴി തെറ്റിയപോലെ ഓടിക്കിതച്ചെത്തുന്ന മഴ. മൂളിപ്പറന്നു കാറ്റൂതുന്ന മഴ. ആലിപ്പഴം വീഴ്ത്തുന്ന മഴ. ചാറിപ്പെയ്യുന്ന മഴ. കോരിച്ചൊരിയുന്ന മഴ. രാത്രിയുടെ മഴ. പകലിന്റെ മഴ... മലയാള നാടിന്റെ മൺസൂൺ നൃത്തം ചെയ്യുന്നതു കാണാൻ മോഹിക്കാത്തവരായി ആരുണ്ട്...?

ഇത്തവണ ജൂൺ പകുതിയിലാണ് മഴ കനത്തത്. കാറ്റും ശക്തമായ മിന്നലും പേമാരിയും ഉണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷകർ. കഴിഞ്ഞ വർഷത്തേക്കാൾ മഴക്കാഴ്ചയ്ക്കു വലുപ്പം കൂടും. റിസോർട്ടുകളും ടൂർ ഏജന്റുമാരും അമ്പതു ശതമാനം വരെ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. പാരമ്പര്യ ആയുർവേദ കേന്ദ്രങ്ങളിൽ കർക്കടക ചികിത്സയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ജനലഴിക്കപ്പുറത്ത് മഴയുടെ ഈണം കേട്ട് സഞ്ചാരികൾ ചികിത്സയുടെ സുഖത്തിലേക്ക്... മഴക്കാഴ്ച കണ്ട്, മരുന്നിന്റെ മണമറിഞ്ഞുള്ള മൺസൂണിന്റെ സുഖത്തിലേക്ക്...

Tags:
  • Manorama Traveller