Wednesday 04 August 2021 03:40 PM IST : By Christy Rodrigues

നീലാകാശത്തിനു താഴെ കുങ്കുമം വാരി വിതറിയതുപോലെ ചുവന്ന മണൽ പരപ്പ്, അവിടവിടെ ചില കുറ്റിച്ചെടികളും മണൽകൂനകളും... ഇതു ദക്ഷിണേന്ത്യയിലെ ഏക മരുപ്രദേശം

reddes1

കൊച്ചിയിൽനിന്നു യാത്ര പുറപ്പെട്ടിട്ടു രണ്ടു രാത്രി പിന്നിട്ടു, ഉദ്ദേശം 190 കിലോ മീറ്ററും. കേരളത്തിന്റെ അതിർത്തിയോളം വന്നു യാത്രയാക്കിയ മഴമേഘങ്ങൾ ഇപ്പോൾ കൂട്ടിനില്ല. കളിയിക്കാവിള കഴിഞ്ഞതോടെ അന്തരീക്ഷത്തിൽ ചൂടു നിറഞ്ഞു. ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ–മ്യാൻമർ നാടുകളിലൂടെ നാലു മാസം നീണ്ടു നിൽക്കുന്ന മോട്ടോർസൈക്കിൾ യാത്ര എന്ന കണക്കുകൂട്ടലിലാണ് പുറപ്പെട്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ ഒരു കൊച്ചു മരുഭൂമിയുണ്ടെന്നും അതൊരു ചുമന്ന മരുഭൂമിയാണെന്നും മുൻപ് യാദൃച്ഛികമായി അറിഞ്ഞതാണ്. യാത്രാവഴികൾ ആലോചിക്കുമ്പോൾ തെരി കാട് മറക്കാതെ ഉൾപ്പെടുത്തി. തമിഴ്നാട്ടിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ തിരുച്ചെന്തൂർ ക്ഷേത്രം വഴിയാണ് യാത്ര. അവിടെനിന്ന് 15 കിലോ മീറ്ററുണ്ട് മരുഭൂമിയിലേക്ക്.

reddes2

തെരി കാട് തേടിയുള്ള യാത്ര ഇടയ്ക്കെപ്പോഴോ പ്രധാനപാത വിട്ട് ഉൾഗ്രാമങ്ങളിലേക്കു തിരിഞ്ഞു. അതു പിന്നെ ചെറിയ നാട്ടുവഴികളിലൂടെ നീണ്ടു. ഇടയ്ക്കു ചില കോവിലുകള്‍ കാണാം, വാഹനങ്ങളൊന്നും കാര്യമായിട്ടില്ല. പൊതു ഗതാഗതം കാണുന്നത് അപൂർവമായി. ഇടയ്ക്കു വഴിതെറ്റിയിട്ടില്ല എന്നുറപ്പാക്കാൻ നാട്ടുകാരോട് അന്വേഷിച്ചു. ചിലർ ഇങ്ങനെയൊരു സ്ഥലത്തേക്കുറിച്ചു കേട്ടിട്ടുപോലുമില്ല എന്നു തോന്നി. വളഞ്ഞു പുളഞ്ഞു നീണ്ട ഇടുങ്ങിയ വഴികളിലൂടെയുള്ള യാത്ര ചുവന്ന മരുഭൂമിയുടെ സമീപമെത്തുമ്പോൾ ഉച്ചതിരിഞ്ഞു 2 മണിയോട് അടുത്തു. എകദേശം 3 കിലോ മീറ്റർ മുൻപു മുതലേ റോഡിന് ഇരുവശവുമുള്ള മണ്ണിൽ ചുവപ്പു രാശി കലരുന്നത് കാണാമായിരുന്നു.

ചുവന്ന മരുഭൂമിയുടെ അടയാളസ്ഥാനമായി പലരും പറഞ്ഞ കറുകവേല്‍ അയ്യനാർ കോവിലിന്റെ ഗോപുരത്തിനു മുന്നിലെത്തിയപ്പോള്‍ മനസ്സ് സന്തോഷിച്ചു. ജീവിതത്തിൽ ആദ്യമായി ഒരു മരുഭൂമി കാണാൻ പോകുകയാണ്. ഗോപുരം കടക്കുമ്പോഴേ ചെറിയ മണൽകൂനകൾ കാണാം. തുടർന്നുള്ള പാതയിൽ വൃക്ഷങ്ങൾ കുറയുന്നു. അൽപദൂരം സഞ്ചരിച്ച് അയ്യനാർ കോവിലിന്റെ മുൻപിൽ ബൈക്ക് നിന്നു. ഇവിടെ പാത അവസാനിക്കുന്നിടത്ത് തെരി കാട് മരുഭൂമി ആരംഭിക്കുകയാണ്.

reddes3

പ്രായം കുറഞ്ഞ മരുപ്രദേശം

വണ്ടി ഒതുക്കി ക്യാമറ കയ്യിലെടുത്ത് നടന്നു തുടങ്ങി. അവിടെ നിന്നു നോക്കിയാൽ‍ കാണാവുന്ന ദൂരത്തോളം ഉയർന്നും താഴ്ന്നും കിടക്കുന്ന ഭൂമി മുഴുവൻ ചുവന്ന മണൽ പരന്നിരിക്കുന്നു. കാലങ്ങളായി ഇവിടെ വന്നുപോകുന്നവരുടെ മുഴുവൻ പാദം പതിഞ്ഞുകിടക്കുന്നു ഈ മണ്ണിൽ. അദ്ഭുതപ്പെടുത്തുന്ന ഒരു ഭൂപ്രകൃതിയാണ് ഈ ചെറിയപ്രദേശം. ചുട്ടുപൊള്ളുന്ന മണൽകാട്ടിലൂടെ നടന്നു. ഇടയ്ക്കു കുറ്റിച്ചെടികൾ വളരുന്ന ചില പൊന്തക്കാടുകൾ. ചൂടുള്ള അന്തരീക്ഷമാണെങ്കിലും കിഴക്കുനിന്നു വീശുന്ന തണുത്ത കാറ്റ് ‍കുളിർമ പകരുന്നു. തിരുച്ചെന്തൂരിലെ കടലിന്റെ സാമീപ്യമാവും ഈ കാറ്റിനും തണുപ്പിനും കാരണം.

reddes5

ഏകദേശം ഒരു കിലോ മീറ്റർ നടന്നു. ഇടയ്ക്ക് കശുമാവും എന്തൊക്കെയോ മുൾചെടികളും വളർന്നിരിക്കുന്നു. മയിൽ, മൂങ്ങ, കാട്ടുകോഴി, ചിത്രശലഭങ്ങൾ, പേരറിയാത്ത ചില പക്ഷികൾ ഒക്കെ ചില പൊന്തക്കാടുകളോടു ചേർന്നു സ്വൈരം വിഹരിക്കുന്നതു കണ്ടു. ഇവിടെ പാമ്പിനെയും കാണാം എന്നാണ് കേട്ടത്. ഇന്നു ലോകത്തുള്ള മരുഭൂമികളിൽ ഏറ്റവും പ്രായം കുറഞ്ഞ മരുപ്രദേശങ്ങളിലൊന്നാണ് തെരി കാട്. ലോകത്ത് പലതരം മരുഭൂമികളുണ്ടത്രേ. തണുത്തുറഞ്ഞ മരുഭൂമിയും മുൾചെടികള്‍ നിറഞ്ഞതും ഒരു സസ്യവും വളരാതെ കണ്ണെത്തുന്നിടത്തോളം വെളുത്ത മണൽ പരന്നതും അങ്ങനെ അങ്ങനെ... ഹൈമറ്റൈറ്റ്, ഇൽമനൈറ്റ്, ഗാർനറ്റ് എന്നീ ധാതുക്കൾ വലിയ തോതിൽ അടങ്ങിയിട്ടുള്ളതാണ് തെരി കാട്ടിലെ മണ്ണിനു ചുവപ്പു നിറം നൽകുന്നത്.

സൂര്യപ്രകാശത്തിന്റെ ചൂടു കുറഞ്ഞു വരികയും പടിഞ്ഞാറേ ആകാശത്ത് സ്വർണനിറം പടർന്നു തുടങ്ങുകയും ചെയ്തു. ഇനി മുന്നോട്ടു നടക്കേണ്ട എന്നു കരുതി. മടങ്ങി പോകുമ്പോൾ വഴി തെറ്റാതിരിക്കാൻ ചില അടയാളങ്ങൾ രേഖപ്പെടുത്തിയാണ് നടന്നത്. അയ്യനാർ ക്ഷേത്രത്തിലെ ഭക്തിഗാനം കേൾക്കാം. നടത്തത്തിനു വേഗത കൂട്ടി.

ക്ഷീണം മാറ്റാൻ ഒരു ചായയും കുടിച്ചു നാട്ടുകാരോട് കുശലവും പറഞ്ഞിരിക്കാം എന്നു കരുതി അങ്ങോട്ടു പോയപ്പോൾ കണ്ട പെട്ടിക്കട ലക്ഷ്യമാക്കിയാണ് നടന്നത്. എന്നാൽ ആ കട ഇതിനകം അടച്ചിരുന്നു. ക്ഷേത്രത്തിനു സമീപം ഏതാനും ആളുകൾ മാത്രം നിൽപുണ്ട്. ഏക്കറുകൾ പരന്നു കിടക്കുന്ന മരുഭൂമിയോട് ചേർന്ന് കുടിയിരുപ്പ് എന്നൊരു കൊച്ചു ഗ്രാമം മാത്രമാണ് ജനവാസകേന്ദ്രമായി ഉള്ളത്. ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കന്നുകാലി വളർത്തലിലൂടെയാണ് ഉപജീവനം തേടുന്നത്.

reddes4

പുറപ്പെടും മുൻപ് അയ്യനാർ കോവിലിന്റെ അതിരിനപ്പുറത്തുള്ള മരുഭൂമിയിലേക്കു നോക്കി. അതിന്റെ നിറം ഇപ്പോൾ തിരിച്ചറിയാനാകുന്നില്ല. ആകാശത്തുനിന്ന് ഒഴുകുന്ന കട്ടിയേറി വരുന്ന ഇരുട്ട് ഭൂമിയിൽ വന്നുവീണ് അവിടമാകെ പരന്നതുപോലെ... എന്നാൽ മനസ്സിൽ നിറയുന്നത് ആ സായാഹ്നത്തിൽ കണ്ട കാഴ്ചയാണ്. നീലാകാശത്തിനു താഴെ കുങ്കുമം വാരി വിതറിയതുപോലെ വിശാലമായി കിടക്കുന്ന ചുവന്ന മരുഭൂമി. കണ്ണെത്തുന്നിടത്തോളം ആ നിറം മാത്രം. അവിടവിടെ ചില കുറ്റിച്ചെടികളും മണൽകൂനകളും. അതേ, നീലാകാശത്തിനു താഴെ ചുവന്ന മരുഭൂമി...

തെരി കാടിനെ മരുഭൂമിയാക്കിയ ശാപം

രാത്രിയിൽ വിജനമായ നാട്ടുവഴിയിലൂടെ സഞ്ചരിക്കുമ്പോൾ എൻഫീൽഡിന്റെ ശബ്ദം അന്തരീക്ഷത്തിൽ വല്ലാതെ മുഴങ്ങുന്നതായി തോന്നി. നാലു കിലോ മീറ്റർ സഞ്ചരിച്ചപ്പോൾ ചെറിയൊരു മാടക്കട കണ്ടു. പെട്ടന്നു കാലങ്ങളോളം പിന്നോട്ടുപോയതു പോലൊരു അനുഭവം. അസ്ഥിമാത്ര ശരീരനായൊരു മനുഷ്യന്റെ രൂപം ആ മാടക്കടയ്ക്കുള്ളിലെ റാന്തലിന്റെ അരണ്ട വെളിച്ചത്തിൽ കാണാനായി. ആ മനുഷ്യൻ മണ്ണെണ്ണ സ്‌റ്റൗവിൽ ചായയിടുമ്പോൾ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു. നേരത്തേ കേട്ട ഇടയഗ്രാമം ഇതായിരിക്കുമോ? ഇവിടുത്തെ മണ്ണിനും ചുമന്ന നിറം, ഒട്ടേറെ പശുക്കളും ആടുകളും ഇവിടൊക്കെയുണ്ട്. ചായയുമായി വന്ന കടക്കാരനോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.

reddes6

അയ്യനാർ കോവിൽ വൈകുന്നേരം അഞ്ചരയോടെ പൂട്ടുമത്രേ. അതിനുശേഷം ആരും അവിടെ നിൽക്കാറില്ല. രാത്രികാലങ്ങളിൽ അയ്യനാർ അവിടൊക്കെ സഞ്ചരിക്കുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. ഭയം മൂലം ആരും ആ വഴി പോകാറില്ലത്രേ... കോവിലിന്റെ ഐതിഹ്യവും കടക്കാരന്റെ വാക്കുകളിലൂടെ കിട്ടി. ഇന്നത്തെ കോവിലിന്റെ സ്ഥാനത്ത് പണ്ടൊരു കുളമായിരുന്നു. കുളക്കരയിൽ ഒരു വലിയ മാവും. വർഷത്തിൽ‍ ഒരു മാമ്പഴം മാത്രമേ അതിലുണ്ടാവൂ. അതു രാജാവിന് അവകാശപ്പെട്ടതാണ്. ഒരിക്കൽ ആ മാവിലുണ്ടായ മാമ്പഴം ഞെട്ടറ്റു കുളത്തിൽ വീണു. ദേശാടനത്തിനിടെ ആ നാട്ടിലെത്തിയ ഒരു സന്യാസി വെള്ളമെടുക്കാൻ കുളത്തിലിറങ്ങി, ആ മാമ്പഴം എടുത്ത് തന്റെ ആശ്രമത്തിലേക്കു കൊണ്ടുപോയി. മാമ്പഴം നഷ്ടപ്പെട്ടതറിഞ്ഞ രാജാവ് അന്വേഷണത്തിനു ഭടൻമാരെ നിയോഗിക്കുകയും അവർ ആശ്രമത്തിലെ കുടത്തിൽനിന്ന് ആ വിശിഷ്ടഫലം കണ്ടെടുക്കുകയും ചെയ്തു. മാമ്പഴം മോഷ്ടിച്ച കുറ്റത്തിന് സന്യാസിയുടെ തല വെട്ടാൻ രാജാവ് വിധിച്ചെങ്കിലും അപ്പോൾ അവിടെത്തിയ കറുകവേൽ അയ്യനാർ ആ സാധുവിനെ രക്ഷിച്ചു. എന്നാൽ ചെയ്യാത്ത കുറ്റത്തിന് അപമാനം ഏൽക്കേണ്ടി വന്ന സന്യാസി ആ രാജാവ് ഭരിക്കുന്ന ഭൂമി മുഴുവൻ മരുഭൂമിയാകട്ടെ എന്നു ശപിച്ചുവെന്നാണ് കഥ.

ഇന്ത്യൻ കാഴ്ചകളിലെ സ്ഥിര അനുഭവമാണ് ഇത്തരം ഐതിഹ്യ കഥകൾ. ഏത് അദ്ഭുതകാഴ്ചയുടെ പിന്നിലും ഒരു മിത്ത് ഒളിഞ്ഞു കിടപ്പുണ്ടാകും. ചിലർ അതിനെ ചരിത്രമായി വിശ്വസിക്കുകയും ചെയ്യും. ചായക്കടക്കരനോട് വിടപറഞ്ഞ് ഇറങ്ങി. .

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India