വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിൽ ഓരോ ചിത്രത്തെയും വേറിട്ടതാക്കുന്നത് അതിന്റെ പശ്ചാത്തലങ്ങളാണ്, പ്രകൃതിയും മൃഗങ്ങളും ചേർന്നൊരുക്കുന്ന ഫ്രെയിമുകളാണ്. ഓരോ മൃഗത്തെയും അതിന്റെ ആവാസവൃവസ്ഥയുടെ പശ്ചാത്തലത്തിൽ മനോഹരമായ ഫ്രെയ്മുകൾ കണ്ടെത്തി ചിത്രീകരിക്കുന്നതിലൂടെ ശ്രദ്ധേയനായ ഫൊട്ടോഗ്രഫറാണ് സുഭാഷ്നായർ. ആ ക്യാമറയിൽ കബനിയിലെ കുരങ്ങുകളും കാസിരംഗയിലെ കാണ്ടാമൃഗവും ബോർണിയോയിലെ ഒറാങ് ഉട്ടാനും മസായി മാരയിലെ ചീറ്റകളും ആംബോസില്ലിയിലെ ആനകളും വേറിട്ട കാഴ്ചകളാകുന്നത് അവയുടെ ആവാസവ്യവസ്ഥകളെക്കൂടി ഇണക്കിച്ചേർക്കുന്ന ഫ്രെയിമുകളിലൂടെയാണ്. സുഭാഷ് നായരുടെ കാനനയാത്രകളിലെ വേറിട്ട അനുഭവങ്ങളിലൊന്നാണ് ഇന്തൊനീഷ്യൻ കാടുകളിൽ ഒറാങ് ഉട്ടാനെ തേടി പോയത്.
ഒറാങ് ഉട്ടാനെത്തേടി
‘‘വനം, വന്യജീവി ഫൊട്ടോഗ്രഫിയിൽ പ്രശസ്തരായ പലരുടേയും ചിത്രങ്ങളിൽ ഒറാങ് ഉട്ടാന്റെ ഫോട്ടോ കണ്ട് ആവേശം കയറിയാണ് ബോർണിയോയിലേക്കു യാത്ര പുറപ്പെട്ടത്. ഹൈദരബാദിൽ നിന്നു ചെന്നൈ, സിംഗപുർ, മലേഷ്യ വഴി ഇന്തൊനീഷ്യയിലേക്ക്. ഭൂമിയിലെ ഏറ്റവും അപൂർവ ജീവികളില്‍ ചിലതു കാണപ്പെടുന്ന പ്രദേശമാണ് ലോകത്ത് മൂന്നാമത്തെ വലിയ ദ്വീപായ ബോർണിയോ. മലേഷ്യ, ഇന്തൊനീഷ്യ, ബ്രൂണെയ് എന്നീ മൂന്നു രാജ്യങ്ങളുടെ ഭാഗമാണ് ഇത്. കലിമന്തൻ എന്നാണ് ഇന്തൊനീഷ്യൻ പ്രദേശം അറിയപ്പെടുന്നത്. ജക്കാർത്തയിൽ നിന്ന് ചെറു വിമാനത്തിൽ കലിമന്തനിലെ പങ്ക്‌ളാൻ ബണിലെത്തി. പങ്ക്‌ളാൻ ബണിൽ നിന്നു വാഹനത്തിലും പിന്നീട് നദിയിലൂടെ ഹൗസ്ബോട്ടിലും സഞ്ചരിച്ചാണ് ടാഞ്ചങ്പുടിങ് നാഷനൽ പാർക്കിലെത്തുന്നത്.
ഇപ്പോൾ ബോർണിയോ, സുമാത്ര കാടുകളിൽ മാത്രം കാണുന്ന കുരങ്ങു വർഗത്തിൽപ്പെട്ട ജീവികളാണ് ഒറാങ് ഉട്ടാനുകൾ. ജനിതകപരമായി മനുഷ്യനോട് ഏറെ സാമ്യമുള്ള മൃഗം. ഇന്തോനീഷ്യയിൽ കാടുകൾ പാം ഓയിൽ വ്യവസായത്തിനു വേണ്ടി കയ്യേറി എണ്ണപ്പന നട്ടുവളർത്തിയപ്പോൾ കിടപ്പാടവും ഭക്ഷണം ലഭിച്ചിരുന്ന ഫലവൃക്ഷങ്ങളും അവയ്ക്കു നഷ്ടമായി. അവശേഷിക്കുന്ന ഒറാങ് ഉട്ടാനുകളെ സംരക്ഷിക്കാനുള്ള തീവ്രയ്തനം നടക്കുന്നു. തുടരുന്ന കാടുകയ്യേറ്റവും ഉറങ്ഉട്ടാനുകവെ കണ്ടാൽ ജീവനോടുകൂടി പിടികൂടാൻ ശ്രമിക്കുന്ന ജന്തുക്കടത്തുകാരെയും നാട്ടിലിറങ്ങി കൃഷിക്കും മറ്റും നാശനഷ്ടങ്ങളുണ്ടാക്കിയാൽ കൊന്നുകളയുന്നവരും അവയ്ക്കു നിത്യ ഭീഷണിയാണ്.
ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നവയേയും വേട്ടക്കാരുടെ കയ്യിൽ നിന്നു രക്ഷിക്കുന്നവയേയും ആദ്യം സംരക്ഷണകേന്ദ്രത്തിൽ പാർപ്പിക്കുകയാണ് പതിവ്. ബോർണിയോിലെത്തുന്ന സഞ്ചാരികൾ ഒറാങ് ഉട്ടാനുകളെ കാണുന്നത് അത്തരം കേന്ദ്രങ്ങളിലാണ്. അതും കാടിന്റെ ഭാഗം തന്നെ, കാട്ടിൽ കഴിയുന്നതുപോലെ മരങ്ങളിലാണ് ഒറാങ്ങുകൾ ജീവിക്കുന്നതും. എങ്കിലും ഭക്ഷണ ലഭ്യത ഉറപ്പു വരുത്താൻ പതിവായി തീറ്റ കൊടുക്കുന്നതിനു സംവിധാനങ്ങളുണ്ട്. ആ സമയത്താണ് സഞ്ചാരികളെത്തുന്നത്. ഞാനം ആദ്യം പോയത് ഒരു സംരക്ഷണ കേന്ദ്രത്തിലേക്കായിരുന്നു. അവിടെ നിന്നു പകർത്തിയ ചിത്രങ്ങൾക്കു പക്ഷേ, ഒറാങ് ഉട്ടാനുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ പശ്ചാത്തലമായി എനിക്ക് അനുഭവപ്പെട്ടില്ല. കാട്ടിനുള്ളിൽ പോയി ഫോട്ടോ എടുക്കാനുള്ള സാധ്യത തേടി. ഒരു വഴിയുണ്ട് അൽപം സാഹസമാണ് അതെന്ന് ഗൈഡ് പറഞ്ഞു. കടലിലൂടെ സഞ്ചരിച്ച് ബോർണിയോ ദ്വീപിന്റെ മറ്റൊരു വശത്ത് ചെന്ന് കാട്ടിലേക്കു ട്രെക്ക് ചെയ്യണം. അതിനാവശ്യമായ അനുമതികളെല്ലാം സംഘടിപ്പിക്കാമെന്ന് ഗൈഡ് ഏറ്റു.
കടൽ കടന്ന് കാട്ടിൽ
വേലിയേറ്റ, വേലിയിറക്കങ്ങളനുസരിച്ച് കടലിന്റെ അവസ്ഥയൊക്കെ നോക്കി പുലർച്ചെ 5 ന് പുറപ്പെട്ടു. മൂന്നോ നാലോ പേർക്കു മാത്രം കയറാവുന്ന ചെറിയ സ്പീഡ് ബോട്ടിലാണ് കടൽ യാത്ര. ലക്ഷങ്ങൾ വിലപിടിപ്പുള്ള ക്യാമറയും ലെൻസും അടുക്കിപ്പിടിച്ച് ഇരുന്നു, ഉപ്പുവെള്ളം ഒരു തുള്ളി മതി അവയ്ക്ക് എന്തെങ്കിലും കേടുപറ്റാൻ. ഒന്നര മണിക്കൂർ സഞ്ചരിച്ചശേഷമാണ് കര കണ്ടത്. കടലുമായി തൊട്ടു കിടക്കുന്ന ഒരു നദിയിലൂടെയാണ് ദ്വീപിനുള്ളിലേക്ക് സഞ്ചരിച്ചത്. പുലു റിവർ എന്ന് അവർ വിളിക്കുമെങ്കിലും അൽപം വലിയ തോടിന്റെ വീതിയേയുള്ളു, അധികം ആഴവുമില്ല. ഇരു കരകളിലും കൈതയ്ക്കു സമാനമായ ചെടി കാടുപോലെ വളർന്നു നിൽക്കുന്നു. പല സ്ഥലത്തും ഗൈഡും കൂടെയുള്ള ആളും ചേർന്ന് കാടു വെട്ടിത്തെളിച്ചിട്ടാണ് ബോട്ടു മുന്നോട്ടു നീങ്ങിയത്. കുറേ ദൂരം ചെന്നപ്പോൾ നദിയിൽ മുതലകളെ കണ്ടു.
ബോട്ട് യാത്രയ്ക്കിടയിൽ നദിക്കരയിൽ മൂന്നു നാല് ഒറാങ് ഉട്ടാനുകളെ കണ്ടു. ഉയരമേറിയ വൃക്ഷങ്ങളുടെ മുകളിൽ കഴിയുന്ന അവയെ നിലത്തു കാണാന്‍ പറ്റുന്നത് അപൂർവമാണത്രേ. സ്ഥിരമായി ഒരിടത്തും കൂടുകെട്ടി താമസിക്കുന്നവയല്ല ഒറാങ് ഉട്ടാനുകൾ. ദിവസവും സ്ഥലം മാറിക്കൊണ്ടിരിക്കും. കാട്ടിൽ ട്രെക്ക് ചെയ്ത് അവയെ കണ്ടെത്തുന്നതിനു തടസ്സമാകുന്നതും ആ സ്വഭാവമാണ്.
നദിയിൽ തെളിഞ്ഞ വെള്ളമാണ്, 5 അടിയോളമേ താഴ്ചയുള്ളു. ബോട്ടിൽ നിന്നു വെള്ളത്തിലേക്ക് ഇറങ്ങുന്നതിനു പ്രശ്നമുണ്ടോ എന്ന് ഞാൻ ഗൈഡിനോട് അന്വേഷിച്ചു. ‘പ്രശ്നമില്ല, മുതലയെ കണ്ടതാണല്ലോ? ഞങ്ങൾ രണ്ടുപേരും രണ്ടു വശത്തു നിൽക്കാം. സുഭാഷ് ഇറങ്ങ്...’ എന്ന് അവർ പ്രോത്സാഹിപ്പിച്ചു. അങ്ങനെ നദിയിൽ ഇറങ്ങി. ബോട്ടിലും വെള്ളത്തിലുമായി ഒന്നര മണിക്കൂർ അവിടെ ചെലവിട്ട് കുറേയേറെ ചിത്രങ്ങൾ പകർത്തി.
വലിയൊരു ആൺ ഒറാങ് ഉട്ടാനും രണ്ടു കുട്ടികളും ഒരു പെണ്‍ ഒറാങ് ഉട്ടാനും അടങ്ങുന്നതായിരുന്നു ആ കുരങ്ങിൻ കൂട്ടം. അവയുടെ കുറേ നല്ല ഫ്രെയിമുകൾ കിട്ടി. കാട്ടിൽ കഴിയുന്നവയിലും പണ്ടെന്നെങ്കിലും നാട്ടിലോ റെസ്ക്യു സെന്ററുകളിലോ എത്തിയിരുന്നവ ഉണ്ടാകാമെന്നും ബോട്ടിന്റെ ശബ്ദം കേട്ടപ്പോൾ അവ മനുഷ്യരുടെ കയ്യിൽ നിന്നു കിട്ടിയ തീറ്റയുടെ ഓർമയിൽ താഴെ ഇറങ്ങിയതാകാം എന്നും ഗൈഡ് സൂചിപ്പിച്ചു. വെയിൽ പരന്നതോടെ തുടങ്ങിയ ചൂട് അപ്പോഴേക്ക് അസഹ്യമായി. ദ്വീപിൽ ഫൊറസ്റ്റ് ജീവനക്കാർക്ക് ഒരു കെട്ടിടമുണ്ട്. ഏറ്റവും അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള അവിടെ കിടക്കാനുള്ള സൗകര്യം കിട്ടി.
ഷേക്ക് ഹാൻഡ് വിത്ത് ഒറാങ്
അടുത്ത ദിവസം പ്രഭാതത്തിൽ കാട്ടിലേക്ക് ട്രെക്ക് ചെയ്തു. മരത്തിനു മുകളിൽ ഇരിക്കുന്ന ഒറാങ്ങുകളുടെ ചിത്രമായിരുന്നു ലക്ഷ്യം. വനപാലകർക്കു സഞ്ചരിക്കാൻ വെട്ടിത്തെളിച്ച വഴിത്താരയിലൂടെയാണ് നടപ്പ്. അന്നു കുറച്ചേറെ നടന്ന ശേഷമാണ് ഒറാങ് ഉട്ടാനെ കാണാൻ പറ്റിയത്. അവിടെ ഇരുന്നും കിടന്നും പല ആങ്ഗിളുകളിൽ ഒട്ടേറെ ചിത്രങ്ങൾ പകർത്തി. എന്നാൽ ഫൊട്ടോഗ്രഫിയിൽ മുഴുകി ഇരിക്കുന്നതിനിടയിൽ അത് മരത്തിലൂടെ താഴേക്ക് ഇറങ്ങി വന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. താഴത്തെ മരക്കൊമ്പിലെത്തിയ ഒറാങ് പെട്ടന്നാണ് നിലത്തേക്ക് ചാടി എന്റെ സമീപത്തേക്കു വന്നത്. ഞാൻ ഭയന്നുപോയി. ദേഹോപദ്രവത്തേക്കാൾ ക്യാമറയ്ക്കും ലെൻസിനും നാശനഷ്ടം വരുത്തുമോ എന്ന ആശങ്കയായിരുന്നു. ‘അനങ്ങാതെ അവിടെത്തന്നെ നിൽക്കൂ, പേടിക്കേണ്ട’ എന്ന് അൽപം മാറി നിന്നിരുന്ന ഗൈഡ് പറഞ്ഞു. ജീവിതത്തിലെ ഏറ്റവും അപൂർവ നിമിഷങ്ങളിൽ ചിലതായിരുന്നു അത്. ഒറാങ് ഉട്ടാൻ അടുത്തു വന്ന് എന്റെ കയ്യിൽ മുറുകെ പിടിച്ചു. എന്നെ ആപാദചൂഡം നിരീക്ഷിച്ചു. ശാന്തനായി നിന്നാൽ മതിയെന്ന് ഗൈഡ് ആവർത്തിക്കുന്നുണ്ടായിരുന്നു. ഏതാനും നിമിഷങ്ങൾക്കു ശേഷം ഒറാങ് ഉട്ടാൻ എന്റെയടുത്ത് ഇരുന്നു, ഇവൻ പേടിക്കേണ്ട ആളല്ലെന്ന് അതിനു തോന്നിക്കാണും. അത് ഉപദ്രവകാരിയല്ലെന്ന തോന്നൽ എനിക്കുമുണ്ടായി. ഞാനും സാധാരണ നിലയിലായി. ’’
ഒരു ദശാബ്ദത്തിലധികമായി വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിലുള്ള സുഭാഷ് നായർ ഇന്ത്യയിലെ ഏറെക്കുറെ എല്ലാ കാടുകളിലും യാത്ര ചെയ്തിട്ടുണ്ട്. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിൽ രാജ്യാന്തര രംഗത്ത് ബഹുമതികൾ നേടിയിട്ടുള്ള സുഭാഷ് നായരുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കും ഒട്ടേറെ ആരാധകരുണ്ട്.