Thursday 24 June 2021 03:23 PM IST

ഇത്തിരി നേരം സ്വൈരമായി സൊറ പറഞ്ഞിരിക്കാന്‍ പോകാം വിലങ്ങന്‍ കുന്നിലേക്ക്

Baiju Govind

Sub Editor Manorama Traveller

1 - vilangan

തൃശൂരിന്റെ തണ്ണീർ പടർപ്പാണ് കോൾപാടം. ഗുരുവായൂർ റൂട്ടിൽ റോഡിന്റെ ഇരുവശത്തും കോൾപാടം കാണാം. ചെളിയും ചേറുമല്ലാതെ കുഴമ്പു പരുവത്തിൽ കുഴഞ്ഞ പാടങ്ങളിൽ വർഷം മുഴുവൻ ‘തീറ്റപ്പുല്ല്’ വളർന്നു നിൽക്കും. കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന കോൾപ്പാടത്തിന്റെ ‘ഏരിയൽ ആംഗിൾ ഫോട്ടൊ’ എടുക്കാൻ പറ്റിയ സ്ഥലം വിലങ്ങൻ കുന്നാണ്.

അടാട്ട് പഞ്ചായത്തിന്റെ മൂലയിലുള്ള വിലങ്ങൻ കുന്നിന്റെ തന്ത്രപ്രാധാന്യമുള്ള കിടപ്പ് ആദ്യം മനസ്സിലാക്കിയത് ബ്രിട്ടിഷുകാരാണ്. തീരദേശം വഴി തൃശൂരിലേക്കു വരാൻ സാധ്യതയുള്ള ശത്രുക്കളെ നിരീക്ഷിക്കാൻ ബ്രിട്ടിഷ് പട്ടാളം വിലങ്ങന്റെ മുകളിൽ വാച്ച് ടവർ സ്ഥാപിച്ചു. ബ്രിട്ടിഷ് സേനയിലേക്ക് റിക്രൂട്മെന്റ് നടത്താനും പട്ടാളക്കാർക്കു പരിശീലനം നൽകാനുമൊക്കെ വിലങ്ങൻകുന്നിന്റെ മേൽത്തട്ട് അവർ ഉപയോഗപ്പെടുത്തിയെന്നു കേട്ടുകേൾവി.

തൃശൂർ – ഗുരുവായൂർ, കുന്നംകുളം, കോഴിക്കോട് നാഷനൽ ഹൈവേയുടെ അരികിലുള്ള വിലങ്ങൻ കുന്ന് പദ്മരാജന്റെ ‘തൂവാനത്തുമ്പികൾ’ക്കു ലൊക്കേഷനായി. തൃശൂരിൽ ജനിച്ചു വളർന്ന ‘ന്യൂജനറേഷന്റെ’ സായാഹ്ന ചർച്ചാ വേദിയായി മാറിയതാണ് വിലങ്ങൻകുന്നിന്റെ പിൽക്കാല ചരിത്രം. ഇതര ജില്ലക്കാർ വിലങ്ങൻകുന്ന് അന്വേഷിച്ചപ്പോൾ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് അവിടം സന്ദർശന യോഗ്യമാക്കി.

3 - vilangan

ദേശീയ പാതയിൽ നിന്നു കുന്നിലേക്കുള്ള വഴിയിൽ ഗോപുരം നിർമിക്കലായിരുന്നു ആദ്യ നടപടി. കുന്നിന്റെ മുകൾ പരപ്പിൽ കുട്ടികളുടെ പാർക്ക് നിർമിച്ചു. തൃശൂർ നഗരം ആസ്വദിക്കാനും കോൾപ്പാടത്തിന്റെ ടോപ്പ് ആംഗിൾ ഫോട്ടോ എടുക്കാനും പറ്റുന്ന വ്യൂ പോയിന്റ് ക്രമീകരിച്ചു. കാടിനു നടുവിലൂടെ വളഞ്ഞു പുളഞ്ഞ് മുകളിലേക്കു നീളുന്ന റോഡ് ടാർ ചെയ്തതോടെ വിലങ്ങൻകുന്നിന്റെ തലവര മാറി.

കോൾപാടം

ദേശീയപാതയിൽ നിന്നു വിലങ്ങൻകുന്നിന്റെ നെറുകയിലേക്ക് രണ്ടര കിലോമീറ്റർ. ഒന്നര കിലോമീറ്റർ കടന്നാൽ ഫോറസ്റ്റ് ചെക്പോസ്റ്റ്. വാഹനത്തിന്റെ നമ്പർ കുറിച്ചു നൽകിയ ശേഷം മുന്നോട്ട്. കാടിന്റെ ‘ഫീൽ’ ഉണ്ടാക്കുന്ന മരക്കൂട്ടത്തിനു നടുവിലൂടെ യാത്ര ചെയ്ത് ചെന്നെത്തുന്നത് ടിക്കറ്റ് കൗണ്ടറിനു മുന്നിൽ.

അശോകവനത്തിൽ നിന്നാണ് വിലങ്ങനിലെ കാഴ്ചകൾ ആരംഭിക്കുന്നത്. വിലങ്ങൻ ട്രക്കേഴ്സ് ക്ലബ്ബ്, അശോകവനം സമിതി, ഔഷധി എന്നിവ ടൂറിസം വകുപ്പുമായി സഹകരിച്ച് നട്ടു വളർത്തിയ ഔഷധ വൃക്ഷത്തോട്ടമാണ് അശോകവനം. ആയുർവേദ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ച്, സമകാലീനരായ പ്രശസ്ത വ്യക്തികളുടെ പേരെഴുതിയ ബോർഡ് തൂക്കിയപ്പോൾ മരങ്ങളുടെ തോട്ടം സ്മൃതിവനമായി. ഫാ. ജോസഫ് വടക്കൻ, സിനിമാ സംവിധായകൻ പി.എൻ മേനോൻ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ പേരെഴുതിയ ബോർഡ് മരങ്ങളിൽ കെട്ടിയിട്ടുണ്ട്. കടന്നു പോയ തലമുറയുടെ ഓർമത്തണൽ വിലങ്ങനിലെ സന്ദർശകർക്ക് പുതിയ അനുഭവമാകുന്നു.

അമ്യൂസ്മെന്റ് പാർക്കിന്റെ ആഡംബരങ്ങളല്ല വിലങ്ങൻ കുന്നിന്റെ സവിശേഷത. പ്രകൃതിയുമായി ചേർന്നുള്ള നടത്തമാണ് ആകർഷണം. കുന്നിന്റെ ഉപരിതലം മുഴുവൻ ആസ്വദിക്കാൻ ടൈൽ പതിച്ച നടപ്പാതയുണ്ട്. കൈവരി കെട്ടി അലങ്കരിച്ച നടപ്പാതയുടെ തെക്കുഭാഗത്താണ് കോൾപാടങ്ങളുടെ താഴ്‌വര. ഈണത്തിൽ വർത്തമാനം പറയുന്ന തൃശൂരുകാർ കോൾപാടങ്ങൾക്ക് ചാർത്തിയ പേരുകൾ രസകരമാണ്. നാലുമുറി, ഒൻപതുമുറി, ആര്യമ്പാടം, പുത്തൻകോൾ, ചാത്തൻകോൾ, കരിക്കക്കോൾ, പണ്ടാരക്കോൾ, കർത്താണി, മുതുവറത്താഴം, പായിപ്പടവ്, ചീരുകണ്ടത്ത് കടവ്, ചൂരക്കോട്ടുകരപ്പാടം. ‘‘പണ്ടൊക്കെ ല്ലാറ്റിലും നെല്ല്ണ്ട്. ഇപ്പോ കംപ്ലീറ്റ് പോയി. നോക്കാൻ ആര്ക്കും നേരല്യ ഷ്ടാ’ അപ്പനപ്പൂപ്പന്മാരായി കൈമാറിക്കിട്ടിയ ഏക്കർ കണക്കിന് ഭൂമിയുടെ ഇപ്പോഴത്തെ ഉടമ പറമ്പൻ ജോസഫ് രണ്ടു സെന്റൻസിൽ രണ്ടു നൂറ്റാണ്ടിലുണ്ടായ മാറ്റം വിശദീകരിച്ചു. നെൽപ്പാടങ്ങളുടെ സമൃദ്ധിയാണ് അടാട്ട് ഗ്രാമത്തിന്റെ സൗന്ദര്യം. പടിഞ്ഞാറു നിന്ന് കടൽവെള്ളം കയറാതെ പാടശേഖരത്തെ സംരക്ഷിക്കുന്നത് ഏനാമാക്കൽചിറയാണ്.

2 - vilangan

അശോകവനം

അടാട്ട് ഗ്രാമത്തിലെ മഴയും വെയിലും സായാഹ്നവും ഒട്ടേറെ സിനിമകൾക്കു പശ്ചാത്തലമായി. അടാട്ട് എന്ന പേരുണ്ടായതു പോലും വേരോട്ടമുള്ള ഐതിഹ്യത്തിലാണ്. ഗുരുവായൂരപ്പന് നിവേദിക്കാനായി കുറൂർമനയിലെ അമ്മയുണ്ടാക്കിയ പായസം സഹായക്കാരനായി വന്ന കുട്ടി കട്ടു തിന്നു. വില്വമംഗലം സ്വാമി എത്തുന്നതിനു മുൻപേ നിവേദ്യം കഴിച്ച കുട്ടിയെ കുറൂരമ്മ കലത്തിനടിയിൽ അടച്ചു. ഗുരുവായൂരിലെ ശ്രീകൃഷ്ണനാണ് കുട്ടിയായി എത്തിയതെന്നു കഥ. കൃഷ്ണനെ അടച്ചിട്ട സ്ഥലമാണത്രെ അടാട്ട്.

അടാട്ട് ഗ്രാമത്തിന്റെ ഉയർന്നപ്രദേശമാണ് വിലങ്ങൻ. വിലങ്ങൻ എന്ന വാക്കിനു മലയാളത്തിലും തമിഴിലും ‘കുന്ന്’ എന്നാണ് അർഥം. തൃശൂരുകാർ ഉപയോഗിക്കുന്ന മലയാളത്തിന്റെ കാവ്യാത്മകതയിൽ വിലങ്ങന്റെ കൂടെ കുന്ന് കൂടിച്ചേർന്നത് സ്വാഭാവികം.

4 - vilangan

കുട്ടികളുടെ പാർക്ക്, ഔഷധവൃക്ഷത്തോട്ടം, ആംഫി തിയെറ്റർ, വാച്ച് ടവർ, വാലി വ്യൂ പോയിന്റ്, സെൽഫി കോർണർ, വോക് വേ, റെസ്റ്റ് ടവർ എന്നിവയാണ് വിലങ്ങൻ ‘വിലങ്ങൻ കുന്ന് ഇക്കോ ടൂറിസം കേന്ദ്രത്തിലുള്ളത്. ചിൽഡ്രൻസ് പാർക്കിന്റെ സമീപത്തുള്ള കെട്ടിടത്തിനു മുകളിൽ നിന്നാൽ തൃശൂർ നഗരത്തിന്റെ ആകാശവീക്ഷണം ലഭിക്കും. നടപ്പാതയിൽ പത്തുമീറ്റർ ഇടവിട്ട് വിശ്രമത്തിന് ടവറുണ്ട്. ‘സെൽഫി മുക്ക് ’ ബോർഡ് സ്ഥാപിച്ചിട്ടുള്ള കുന്നിൻ ചെരിവിൽ ബാരിക്കേഡ് കെട്ടിയിട്ടുണ്ട്. കോൾപാടത്തിന്റെ മനോഹാരിതയും സൂര്യാസ്തമയും ആസ്വദിക്കാനുള്ള സ്ഥലമാണിത്. പാർക്ക് ബെഞ്ചുകൾ നിരത്തിയ ഗ്രൗണ്ടും വോക് വേയും ശിൽപ്പവുമാണ് നാലേക്കർ സ്ഥലത്ത് മറ്റു കാഴ്ച.

വാരാന്ത്യത്തിന്റെ പകൽ പ്രണയ പൂക്കാലത്തിനും, സായാഹ്നം കുട്ടി സമേതം കുടുംബങ്ങളുടെ നേരം പോക്കിനും വിലങ്ങൻകുന്ന് വേദിയാകുന്നു. ഒരു ദിവസത്തിന്റെ പകുതി അല്ലെങ്കിൽ ഒരു യാത്രയുടെ ഇടവേള തൃശൂരിൽ ഒത്തു വന്നാൽ വണ്ടി വിലങ്ങനിലേക്കു തിരിക്കുക, ഒരു കുന്നോളം കാഴ്ചകൾ കാത്തിരിക്കുന്നു.