‘ഡാ നീ പോയി വരുമ്പോൾ കുറച്ച് മാസ്സ് കൊണ്ടുവരണേ....’ ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചപ്പോൾ കിട്ടിയ ഓർഡർ. ഇത് നമ്മളു പറയുന്ന മാസോ, മരണമാസോ അല്ല. ലക്ഷദ്വീപുകാരെ അറിയുന്നവർക്ക് ഈ മാസിനെ അറിയാം. നല്ല ഫ്രഷ് ചൂര പുഴുങ്ങി, പുകച്ച്, ഉണക്കി എടുക്കുന്നതാണ് മാസ്. ഒറ്റനോട്ടത്തിൽ മരക്കഷ്ണം പോലെ ഇരിക്കുമെങ്കിലും സംഭവം സൂപ്പറാണ്. മീൻ കൂട്ടി ചോറുണ്ട് ശീലിച്ചവർക്ക്, മീൻ കിട്ടാതെ വന്നാൽ മാസ്സ് ഉപകരിക്കും. രണ്ടോ മൂന്നോ വർഷം കേടുകൂടാതെയിരിക്കും എന്നതാണ് മാസിന്റെ പ്രത്യേകത. സാധാരണ രീതിയിൽ മീൻകറി വയ്ക്കാനും, ചമ്മന്തി അരയ്ക്കാനും, അല്ലെങ്കിൽ ദീപുകാരുടെ രീതിയിൽ കായം വയ്ക്കാനായാലും മാസ്സ് അടിപൊളിയാണ്.

മറ്റ് ഉണക്ക മത്സ്യങ്ങളെപ്പോലെ വെറുതെ വെയിലത്തിട്ട് ഉണക്കിയെടുത്തല്ല മാസ് തയ്യാറാക്കുന്നത്. ചൂര മത്സ്യം ശേഖരിച്ചു കഴുകി വൃത്തിയാക്കും. തുടർന്നു നാലു മണിക്കൂര്‍ ഉപ്പുവെളളത്തിലിട്ടു വേവിക്കും. പിന്നീടു പുകയിട്ട് ഉണക്കും. നന്നായി ഉണങ്ങിയ ശേഷം മാത്രമേ വിപണിയിലേക്ക് എത്തിക്കുകയുള്ളൂ.
ലക്ഷദ്വീപിൽ ഉണ്ടാക്കുന്ന മാസ്സ് ചില്ലറക്കാരനല്ല, ജപ്പാനിൽ വരെ ഇവന് ആവശ്യക്കാരുണ്ട്. ലക്ഷദ്വീപിലെ അറുപത് ശതമാനം ജനങ്ങളും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. ഏകദേശം ഒരു ലക്ഷം ടൺ ചൂര ഇവിടുന്ന് ഉല്പാദിപ്പിക്കാൻ പറ്റുമെന്നാണ് സിഎംഎഫ്ആർഐ (CMFRI)യുടെ കണക്ക്. ലക്ഷദ്വീപിലെ കടലുകൾ മാലിന്യമുക്തമായതുകൊണ്ടുതന്നെ ഇവിടെ പിടിക്കുന്ന മത്സ്യങ്ങളും മാലിന്യമുക്തമാണ്.
കടലിൽ നിന്ന് ആവശ്യക്കാരിലേക്ക് എത്തുന്നതിനു കാലതാമാസമില്ലാത്തതുകൊണ്ട് മീനിൽ രാസവസ്തുക്കളുടെ പ്രയോഗവും ഇവിടെയില്ല.
മാസ് വെറുമൊരു ഉണക്കമീനല്ല

ഇനി മാസ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആഴക്കടലിൽ പോയി പോൾ ആൻഡ് ലൈൻ എന്ന് പറയുന്ന രീതിയിലാണ് സാധാരണ ദ്വീപിൽ ചൂര മീൻ പിടിക്കുന്നത്. അതായത് ചൂര കാണപ്പെടുന്ന ഭാഗത്ത് മത്തി പോലെയുള്ള ചെറുമത്സ്യങ്ങൾ നിക്ഷേപിക്കുകയും,ചൂര കൂട്ടമായി വരുമ്പോൾ, ചെറിയ കൊള്ളുതുള്ള തോട്ടികൊണ്ട് മീനുകളെ ബോട്ടിലോട്ട് വലിച്ചിടുന്ന രീതിക്കാണ് പോൾ ആൻഡ് ലൈൻ മെത്തേഡ് എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ ദ്വീപിലെ ചൂരകൾക്ക് ഹിസ്റ്റമിൻ അംശം വളരെ കുറവാണ്. ഇന്ത്യയിൽ ഇത്തരത്തിലുള്ള രീതിയിൽ ചൂര പിടിക്കുന്നത് ലക്ഷദ്വീപിൽ മാത്രമേയുള്ളൂ.
അതിരാവിലെ പുറപ്പെട്ട് ഉച്ചയോടു തിരിച്ചെത്തുന്നതാണ് മത്സ്യബന്ധന രീതി. പിടിച്ചു കൊണ്ടു വരുന്ന ചൂര മീനിന്റെ തല വേർതിരിച്ച്, തൊലി കളഞ്ഞ് കടൽ വെള്ളത്തിലിട്ടു പുഴുങ്ങിയെടുക്കും. പിന്നീട് രണ്ടുമണിക്കൂറോളം പുകച്ച് അതിനുശേഷം വെയിലത്തിട്ട് നന്നായി ഉണക്കും. സാധാരണ മൂന്നോ നാലോ വെയിൽ കിട്ടിയാൽ തന്നെ മാസ് റെഡിയാകും. മാസ്സ് പുഴുങ്ങാൻ ഉപയോഗിച്ച് വെള്ളം കുറുക്കി മിഹ കുറവ (മീനിന്റെ രക്തം കുറുക്കി എടുക്കുന്നത് ) ഉൽപ്പന്നങ്ങളും നിർമിക്കാറുണ്ട്. മിഹ കുറുവ കറികൾക്കു മീൻരുചി കിട്ടാനായി ഉപയോഗിക്കുന്നു.
മാസ് അല്ലാതെ പിടിക്കുന്ന ചൂര സംസ്കരിക്കാനും ക്യാൻ ചെയ്യാനുള്ള സൗകര്യവും മിനിക്കോയ് ദ്വീപിൽ ഉണ്ട്. അഗത്തിയിലുള്ള എയർപോർട്ട് വഴി ചൂരയുടെ വാണിജ്യം രാജ്യാന്തരതലത്തിൽ വികസിപ്പിക്കാനും പദ്ധതികളുണ്ട്. ഇപ്പോൾ തയ്യാറാക്കുന്ന മാസുകൾ കോഴിക്കോട്, മംഗലാപുരം പോർട്ട് വഴിയാണ് മറ്റിടങ്ങളിലേക്ക് എത്തുന്നത്. ഒരു കിലോ മാസിന് മംഗലാപുരം മാർക്കറ്റിൽ ഏകദേശം 350 രൂപ വില വരുന്നുണ്ട്.
മാസ് വിഭവങ്ങൾ
ഇനി മാസ് കൊണ്ട് പാകപ്പെടുത്താവുന്ന വിഭവങ്ങൾ എന്തൊക്കെ നോക്കാം. പലഹാര കടികളിൽ പ്രധാനി മാസ് അപ്പമാണ്. ഉണക്കിപ്പൊടിച്ച് മാസ് ഉപയോഗിച്ചുണ്ടാക്കുന്ന അട പോലെയുള്ള ഒരു പലഹാരമാണിത്. ലക്ഷദ്വീപിലെ മിക്ക വീടുകളിലും വൈകുന്നേരപലഹാരമായി ഉണ്ടാവുക ചെറു കഷണം മാസും തേങ്ങ കഷ്ണവുമായിരിക്കും. മാസ്സ് വച്ച് ഉണ്ടാക്കുന്ന അച്ചാറും അതുപോലെതന്നെ ഇട്ടു വെന്തതിനും (മസാല ചോർ) ഒരു പ്രത്യേക രുചിയാണ്. എല്ലാം കൊണ്ടും മാസ് ഒരു മരണമാസ് ഐറ്റമാണ്...