ADVERTISEMENT

മഞ്ഞും മഴയും മാറിമാറി പ്രണയിക്കുന്ന കാടകം. ഇലച്ചാർത്തുകളെ ഉമ്മ വച്ച് ഊർന്നിറങ്ങുന്ന വെള്ളിവെയിൽ തെളിച്ചിട്ട വഴി. ജീപ്പിനു മാത്രം പോകാവുന്ന വഴിയേ ഏഴ് കിലോമീറ്ററോളം സാഹസിക യാത്ര. കാട്ടാറും തോട്ടങ്ങളും കയറ്റങ്ങളും ഇറക്കങ്ങളും പിന്നിട്ട് മുന്നോട്ട് പോയാൽ സ്വർഗകവാടം തുറക്കപ്പെടുകയായി, 900 കണ്ടി.

ചൂണ്ടലിൽ നിന്നും മേപ്പാടിയിലെ തേയില തോട്ടങ്ങൾക്കു നടുവിലൂടെ ചേമ്പ്രകുന്നിന്റെ വിദൂരഭംഗി ആസ്വദിച്ച് മുന്നോട്ട് പോയാൽ ചെന്നെത്തുന്നത് 'കള്ളാടി മഖാം'. ഇവിടെ നിന്ന് വലത്തോട്ടു തിരിഞ്ഞാൽ 'തൊള്ളായിരമായി'. 900 ഏക്കർ എന്നാണ് 900 കണ്ടി എന്നതിന് അർഥം. ഒരു വശത്ത് കാട്, മറുവശത്ത് ഏലവും കാപ്പിയും വിളയുന്ന തോട്ടങ്ങൾ ഇതിനിടയിലൂടെ നീണ്ടുകിടക്കുന്ന റോഡ്. പോകും വഴി ഉള്ളം തണുപ്പിക്കാൻ കാട്ടാറുകൾ...തൊള്ളായിരം കണ്ടിയിലെ എണ്ണിപറയാനൊക്കാത്ത കാഴ്ചകൾ കണ്ടും ആസ്വദിച്ചും തന്നെ അറിയണം.


4612 അടി ഉയരെ, സ്വർഗത്തിനരികെ

പ്രകൃതിയുടെ അദ്ഭുതങ്ങൾ പൂർണമായും ഒളിപ്പിച്ചുവച്ചിരിക്കുന്ന കാട്. കല്ലുനിറഞ്ഞ വീതി കുറഞ്ഞ വഴിയിലൂടെ ആ കാടിന്റെ ഉള്ളറയിലേക്ക് ജീപ്പ് കുതിച്ചു. തൊള്ളായിരം എന്നപേര് ആദ്യം കേട്ടപ്പോഴെ കൗതുകം തോന്നിയതാണ്. എന്താണ് അക്കങ്ങൾ വെച്ച് ഇങ്ങനെയൊരു പേര്. ചരിത്രത്താളുകൾ അന്വേഷിച്ചു പോയപ്പോഴാണ് പേരിന് പിന്നിലെ കഥ അറിയുന്നത്. നിലമ്പൂർ കോവിലകത്തിന്റെ കൈയ്യിൽ നിന്നും ഹാരിസൺ മലയാളം പ്രൈവറ്റ് ലിമിറ്റഡ് ആണ് വർഷങ്ങൾക്ക് മുൻപ് ആദ്യമായി തൊള്ളായിരം ഏക്കർ സ്ഥലം കൃഷി ആവശ്യങ്ങൾക്കായി വാങ്ങുന്നത്. അതിനുശേഷം 1971 ൽ കാഞ്ഞിരപ്പള്ളിക്കാരനായ പാറേൽ പാപ്പൻ ഈ പറയുന്ന തൊള്ളായിരം ഏക്കർ ഒമ്പതിനായിരം രൂപയ്ക്കു വാങ്ങി. അങ്ങനെയാണ് സാഹസിക പ്രേമികളുടെ ഇഷ്ട ഇടമായ ഈ കാടിന് തൊള്ളായിരം എന്ന പേര് വന്നത്. ഇന്നത്തെ 900 ഏക്കറിൽ 300 ഏക്കർ മാത്രമാണ് സ്വകാര്യ ഭൂമിയായി നിലനിൽക്കുന്നുള്ളു. ബാക്കി ഇപ്പോഴും കാടിന്റെ വന്യതയിൽ മയങ്ങി കിടക്കുകയാണ്. ഇരുട്ടുന്തോറും തണുപ്പ് കാടിനെ പുതക്കുന്നതുപോലെ തോന്നി. ദൂരെ കാണുന്ന വെള്ളരിമല സന്ധ്യയുടെ വെളിച്ചത്തിൽ മഷി തണ്ടിൽ മുക്കിയതുപോലെ നീലനിറത്തിൽ ഉല്ലസിച്ചു നിൽക്കുന്നു. ചേമ്പ്രയുടെ നിഴലിൽ ഇരുന്ന് വെള്ളരിമലയ്ക്കപ്പുറം സൂര്യൻ മറയുന്നതും നോക്കിയിരുന്ന് നേരം പോയതറിഞ്ഞില്ല.


കാട്ടിലെ സൂര്യോദയവും ട്രെക്കിങ്ങും

കടലിലെ സൂര്യോദയം ഒരു കാഴ്ച തന്നെയാണ്. പക്ഷേ കാട്ടിലെ സൂര്യോദയം എങ്ങനെയുണ്ടാകും എന്നു കണ്ടിട്ടുണ്ടോ? അതിന് പച്ചനിറത്തിന്റെ ഗന്ധമുണ്ട്. പച്ച നിറത്തിന് എന്ത് ഗന്ധമാണെന്നായിരിക്കും. അതിന് ഇലകളുടെ ഗന്ധമായിരിക്കും. മണ്ണിന്റെ ഗന്ധമായിരിക്കും. ചെരുപ്പുകൾ ഊരി കാലുകൾ മണ്ണിൽ തൊടുമ്പോഴുള്ള നനവിന്റെ ഗന്ധമായിരിക്കും. ഇലകൾക്കിടയിലൂടെ ഊർന്നിറങ്ങിവരുന്ന സൂര്യരശ്മികൾ ആ തണുപ്പിൽ ദേഹത്തു തട്ടുമ്പോഴുള്ള ഇളം ചൂടോടു ചേർന്ന മനോഹരമായ സൂര്യോദയം കാടിന്റെ വാത്സല്യവും പ്രകൃതിയുടെ സ്‌നേഹവും ചേർന്നുള്ള പ്രഭാതം. സൂര്യൻ അങ്ങനെ നിന്നുപോയിരുന്നെങ്കിൽ എന്നാഗ്രഹിച്ചപ്പോഴേക്കും ട്രെക്കിങ്ങിനു സമയമായി. കാപ്പി തോട്ടങ്ങൾക്കും ഇടയിലുള്ള വലിയ ഭീമാകാരൻ മരങ്ങൾക്കുമിടയിലൂടെ മെല്ലെ നടന്നു തുടങ്ങി. വെട്ടിയൊരുക്കിയതുപോലെ ഒരു മൺപാത. മനുഷ്യൻ നടക്കുന്ന വഴിയെ പുല്ലുപോലും മുളക്കില്ല എന്ന് പറയുന്നത് എത്ര ശരിയാണ്!

900kandi018

കാടിനു മാത്രമറിയാവുന്ന സംഗീതവും കേട്ട് ആ നിഗൂഢതയിലൂടെ ഇറങ്ങി നടന്നു. ഇറക്കമായതിനാൽ ട്രെക്കിങ്ങിന്റെ ആദ്യപകുതി എളുപ്പമായി. പക്ഷേ ഓരോ ഇറക്കവും വലിയൊരു കയറ്റത്തിന്റെ മുന്നോടിയാണല്ലോ! കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടിയ പാറകൾക്കിടയിലൂടെ തീർത്തും സാഹസികമായൊരു െട്രക്കിങ്ങ്. നെഞ്ചിടിപ്പ് ചെവിയിൽ കേൾക്കാൻ തുടങ്ങിയിരുന്നെങ്കിലും, ഓരോ പാറകളും കയറി ഒടുവിൽ മുകളിൽ നിന്നും താഴോട്ടു നോക്കിയപ്പോൾ കിട്ടിയ സന്തോഷം ഒരു ലഹരി പോലെയാണ് തോന്നിയത്.


കാടിനുള്ളിലെ ജലനിധി തേടി

മുന്നിൽ പോകുന്നവർ കാട്ടുചെടികളെ വകഞ്ഞുമാറ്റി വഴിവെട്ടിതെളിച്ചു. തലേദിവസം ആനപോയെ വഴിയാണെന്ന് മുന്നിൽ നടന്നവർ പറയുന്നത് കേട്ടു. മുകളിൽ ആകാശവും ചുറ്റിനും കാടും. ഈ കാട് വഴി വെട്ടിതെളിച്ച് എന്താണ് ഇത്രമാത്രം കാണാനുള്ളത് എന്ന് മനസ്സിൽ ചിന്തിച്ചു. കാലിൽ എന്തോ തണുപ്പ് കയറുന്നതായി തോന്നി നോക്കിയപ്പോൾ ഉദ്ദേശിച്ചതുതന്നെ. ഒരു അട്ട ആഞ്ഞുവലിഞ്ഞ് കയറുന്നുണ്ട്. ചോര കുടിച്ചു തുടങ്ങിയിട്ടില്ല. മെല്ലെ അതിനെ വലിച്ചൂരികളഞ്ഞു. നടത്തം തുടർന്നു. കയറ്റം കൂടി വരുന്നതുപോലെ തോന്നി. ദൂരെ എവിടെയോ ഒഴുകുന്ന ഒരു പുഴയുടെ ശബ്ദം കേട്ടുതുടങ്ങി. നടന്നെത്തിയത് ഭൂമിയിലുള്ള സ്വർഗ്ഗത്തിലാണോയെന്ന് തോന്നിപോയി. ആദ്യകാഴ്ച വിശ്വസിക്കാൻ കുറച്ചുസമയമെടുത്തു.

പാറകൾക്കിടയിലൂടെ കാടിനുമുകളിലെവിടുന്നോ ഒഴുകിവരുന്ന അരുവി. അത് ചെന്നു പതിക്കുന്നത് ഒരു വെള്ളച്ചാട്ടമായിട്ടാണ്. കൈയ്യിലിരിക്കുന്ന ക്യാമറ നിലത്തുവച്ച് കുറേനേരം അവിടെയിരുന്നു. ഇളം തണുപ്പുള്ള വെയിലിനോടും, ഒഴുകുന്ന പുഴയോടും, ചൂടുകായുന്ന പാറകളോടും വിട പറഞ്ഞ് കാടിറങ്ങി. ഇരുട്ടുന്തോറും തണുപ്പ് കാടിനെ പുതയ്ക്കുന്നതുപോലെ...

900kandi020
ADVERTISEMENT