സൗന്ദര്യവും ഗാംഭീര്യവും പ്രദർശിപ്പിച്ച് ഇന്ദ്രിയങ്ങളെ കീഴടക്കാനുള്ള ആകർഷണീയത ചില സ്ഥലങ്ങൾക്കുണ്ട്. ആതൻസിലെ മെറ്റിയോറ സന്ദർശിച്ചപ്പോഴുണ്ടായ തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് ഇതു കുറിക്കുന്നത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്നാണ് ഗ്രീസിന്റെ തലസ്ഥാനമായ ആതൻസിലേക്ക് വിമാനം കയറിയത്.
‘ടൈം മെഷീൻ’ പോലെ ആതൻസിലേക്കുള്ള വിമാനം പറന്നുയർന്നു. ജാലകത്തിലൂടെ പുറത്തേക്കു നോക്കിയപ്പോൾ മേഘക്കെട്ടുകൾ അരികിലൂടെ കടന്നു പോയി. വിസ്മയം തോന്നാൻ ഇതുപോലെ കാരണങ്ങൾ ഏറെയുണ്ട്. അതു തന്നെയാണ് ഈ യാത്രയുടെ ആകാംക്ഷ വർധിപ്പിക്കുന്നത്.
ആതൻസിലെത്തിയ ദിവസം ഉച്ച കഴിഞ്ഞ് അക്രോപോളിസ് മ്യൂസിയത്തിലേക്കു നീങ്ങി. ആയിരം വർഷത്തിലധികം പഴക്കമുള്ള ചരിത്ര ശേഷിപ്പുകളാണ് അവിടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. പാർഥനോണിന്റെ നിഴൽച്ചിത്രങ്ങളിൽ പുരാതന ഗ്രീക്കുകാരുടെ കരകൗശല മേന്മയും നിർമാണ ചാതുരിയും തിരിച്ചറിയാം.
അദ്ഭുദങ്ങൾ നേരിൽ കണ്ടതിന്റെ ആഹ്ലാദവുമായി അന്നത്തെ പകൽ ഭൂമിയോടു വിട പറഞ്ഞു. രണ്ടാം ദിവസം രാവിലെയാണു മെറ്റിയേറയിലേക്കു പുറപ്പെട്ടത്. ഗ്രീസിന്റെ ചരിത്ര നിധിയാണു മെറ്റിയേറ. അതൻസിൽ നിന്ന് അഞ്ച് മണിക്കൂർ റോഡ് യാത്ര.
ഒലിവ് വനം താണ്ടിയാൽ ശിലാവനം
ഗ്രീസിലെ റോഡുകൾ വൃത്തിയുള്ളതും കൃത്യമായി പരിപാലിക്കപ്പെടുന്നവയുമാണ്. ആധുനിക വാഹനങ്ങളുടെ സുഖകരമായ യാത്രയ്ക്ക് അനുകൂലമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. മിനുസമുള്ള പ്രതലങ്ങളും വീതിയുള്ള പാതയിൽ സുഖകരവും കാര്യക്ഷമവുമായ ഡ്രൈവിങ്ങിന് വഴിയൊരുക്കുന്നു. യാത്രികർക്കു തിരിച്ചറിയാൻ കഴിയുംവിധം വളവും തിരിവും വേഗപരിധിയും സ്ഥലപ്പേരും അടയാളപ്പെടുത്തിയിട്ടുണ്ട്. അവിടുത്തെ സൈനേജുകളും ട്രാഫിക് സിഗ്നലും ഇന്ത്യയിൽ നിന്നുള്ളവർക്കു പുതുമയും ആശ്വാസവും പകരുന്നു. വ്യക്തമായി ദിശ ലഭിക്കുമ്പോഴും സുരക്ഷിതമായി നാവിഗേഷൻ കിട്ടുമ്പോഴും ഡ്രൈവർ ആസ്വദിക്കുന്ന ആശ്വാസം ചെറുതല്ല.

ബൈബിൾ പഴയ നിയമത്തിലെ പേരുകൾ ഓർമപ്പെടുത്തുന്ന സ്ഥലപ്പേരുകൾ ഈ പാതയിൽ ഏറെയുണ്ട്. ഒലിവ് മരങ്ങൾ വളർന്നു നിൽക്കുന്ന തോട്ടങ്ങളാണ് മറ്റൊരു കാഴ്ച. രാജ്യത്തിന്റെ കാർഷിക സംസ്കാരത്തിന്റെ പൈതൃകം വഴിയോരക്കാഴ്ചയിൽ തെളിഞ്ഞു നിൽക്കുന്നു. ഒലിവ് കൃഷിയിൽ സമ്പന്നമായ പാരമ്പര്യം ഈ രാജ്യം കാത്തുസൂക്ഷിക്കുന്നു.
ഒലിവ് മരങ്ങൾ തിങ്ങി വളരുന്ന തോപ്പുകൾ അവിടെയുണ്ട്. മെഡിറ്ററേനിയൻ കാലാവസ്ഥയിൽ തഴച്ചുവളരുന്നു വൃക്ഷമാണ് ഒലിവ്. ഇവിടെ തയാറാക്കുന്ന ഒലിവ് എണ്ണ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ആതൻസിൽ നിന്നുള്ള ഒലിവ് എണ്ണയുടെ പോഷക ഗുണം യൂറോപ്പിലെ അടുക്കളകളിൽ പ്രധാന രുചിക്കൂട്ടാണ്.
കണ്ണിനു കുളിരു നൽകിയ ദൃശ്യങ്ങളിലൂടെ അഞ്ചു മണിക്കൂർ സഞ്ചാരത്തിനൊടുവിൽ ഒരു താഴ്‌വരയിൽ എത്തി. ഉയർന്നുനിൽക്കുന്ന ശിലാപാളികളുടെ വനം അകലെ കാണാം. ഫാന്റസി നോവലുകളിലെ സ്വപ്നലോകം പോലെ മനോഹരമായിരുന്നു അത്. ആതൻസിൽ നിന്നു 350 കിലോമീറ്റർ വടക്കു സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിന്റെ പേരാണ് കാലബക്ക. ലോക പ്രശസ്തമായ മെറ്റിയേറ ആശ്രമം ഈ പട്ടണത്തിലാണ്.
കയറിൽ തൂങ്ങി ആശ്രമത്തിലേക്ക്
‘‘പാറക്കെട്ടിനു മുകളിൽ അപകടകരമെന്നു തോന്നുംവിധം കാണപ്പെടുന്ന നിർമിതികളാണ് മെറ്റിയേറയിലെ ആശ്രമങ്ങൾ’’ വഴികാട്ടിയായി എത്തിയ യുവാവ് മലയുടെ മുകളിലേക്ക് ചൂണ്ടിക്കാട്ടി. നെഞ്ചിടിപ്പ് വർധിപ്പിക്കുന്ന വിവരണമായിരുന്നു അത്. മലഞ്ചെരിവിൽ അങ്ങനെയൊരു ധ്യാനസ്ഥലം കണ്ടെത്തിയ സന്യാസിമാരുടെ മനോബലം പ്രശംസയർഹിക്കുന്നു. പതിനാലാം നൂറ്റാണ്ടിലാണത്രേ മെറ്റിയേറ മൊണാസ്ട്രി സ്ഥാപിക്കപ്പെട്ടത്.
സന്യാസ ജീവിതം തിരഞ്ഞെടുത്തവർ ഏകാഗ്രതയ്ക്കുള്ള പീഠമായി കണ്ടെത്തിയ മലഞ്ചെരിവ് വിജനമായ പാറയുടെ അരികിലാണ്. ആക്രമണങ്ങളിൽ നിന്ന് അകലം പാലിക്കാനും ധ്യാനത്തിനും ഇവിടം സഹായമായി.
‘‘ബൈസന്റൈൻ സാമ്രാജ്യം ക്ഷയിക്കുകയും ഒട്ടോമൻ ഭരണം നിലനിൽക്കുകയും ചെയ്തപ്പോൾ, ആശ്രമങ്ങൾ ഓർത്തഡോക്സ് ക്രിസ്ത്യൻ സന്യാസിമാർക്കും പണ്ഡിതന്മാർക്കും സംരക്ഷണം നൽകി. അവരുടെ ജീവിത രീതികളിലേക്ക് പിൻഗാമികൾ ഏറെയുണ്ടായി. അങ്ങനെ സന്യാസ സമൂഹം വളർന്നു’’ – ഞങ്ങളുടെ വഴികാട്ടി മെറ്റിയോറയുടെ ചരിത്രം വിശദീകരിച്ചു. ഇപ്പോൾ മെറ്റിയേറെ സന്ദർശിക്കുന്നവർക്ക് ശിലാനിർമിതികളുടെ ശേഷിപ്പുകൾ കാണാം. സ്ഥാപകരുടെ കഠിന പ്രയത്നത്തിന്റെയും ഭക്തിയുടെയും സാക്ഷ്യമാണ് ഈ സ്ഥലം. ആശ്വാസവും പ്രചോദനവും തേടുന്നവരുടെ തീർത്ഥാടന കേന്ദ്രമായി ഈ സ്ഥലം അറിയപ്പെടുന്നു.
മെറ്റിയേറയിലെ സന്യാസിമാർ ‘ചിതൽ സന്യാസികൾ’ എന്നറിയപ്പെട്ടിരുന്നു. സന്യാസ പാതയിൽ അവരുടെ കഠിന നിഷ്ഠകളും ഭക്തിയുമാണ് ഇത്തരമൊരു പേരു ലഭിക്കാൻ വഴിയൊരുക്കിയത്. ലോകത്തിന്റെ അശ്രദ്ധയിൽ നിന്ന് അകലം പാലിച്ച് അവർ ധ്യാനത്തിൽ അഭയം തേടി. പാറക്കെട്ടുകളിൽ താമസം ആരംഭിച്ചു. പ്രാർത്ഥനയ്ക്കും ധ്യാനത്തിനും ജീവിതം സമർപ്പിച്ചു. വിശ്വാസത്തിന്റെയും ലാളിത്യത്തിന്റെയും ഭക്തിയുടെയും പ്രതിബദ്ധതയുടെയും സാക്ഷികളായി.
മെറ്റിയേറയിലെ സന്യാസിമാരുടെ ആശ്രമങ്ങളിൽ പ്രവേശിക്കാൻ പണ്ട് പടികളുണ്ടായിരുന്നില്ല. ആശ്രമത്തിൽ നിന്നു താഴേക്കു കെട്ടിയ വലിയ കയറിലൂടെയാണ് അവർ ആശ്രമങ്ങളിൽ പ്രവേശിച്ചിരുന്നത്. സ്ത്രീ സന്യാസിനികളും അവിടെയുണ്ടായിരുന്നു.

സ്ത്രീ – പുരുഷ സന്യാസിമാരുടെ ആറ് ആശ്രമങ്ങൾ ഇപ്പോൾ അവിടെ കാണാം. മൂന്ന് ആശ്രമങ്ങളിൽ സന്ദർശകർക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്.
കാലബക്കയിലെ മൂസാക്ക
പാറയുടെ മുകളിലെ ആശ്രമം സന്ദർശിച്ച ശേഷം സമീപത്തെ പട്ടണത്തിൽ തിരിച്ചെത്തി. കാലാബക്ക എന്നാണ് ആ പട്ടണത്തിന്റെ പേര്. ഗ്രീക്ക് വിഭവങ്ങളുടെ കൊതിയുണർത്തുന്ന പരിമളം ഒഴുകിയെത്തുന്ന കാറ്റ് കാലാബക്കയിലെ തെരുവുകളെ സുഗന്ധപൂരിതമാക്കി. ഞങ്ങൾ അവിടെയുള്ള ഒരു ഭക്ഷണ ശാലയിൽ കയറി. ഔട്ട്‌ഡോർ ടേബിളിനു ചുറ്റുമായി ഇരിപ്പുറപ്പിച്ചു. ‘മൂസാക്ക’ എന്നൊരു വിഭവമാണ് ഓർഡർ ചെയ്തത്. വഴുതനങ്ങ, ഇറച്ചി അരിഞ്ഞത്, ചുട്ടുപഴുപ്പിച്ച ക്രീമി ബെക്കാമൽ സോസ് എന്നീ ചേരുവയിൽ തയാറാക്കിയ രുചികരമായ ഗ്രീക്ക് വിഭവമാണ് മൂസാക്ക.
ഗ്രീക്ക് ഗ്രാമമായ കലാബക്കയിലെ റസ്റ്ററന്റിൽ ഇരുന്ന് ആ നാടിന്റെ തനതു വിഭവമായ മൂസാക്കയുടെ രുചി ആസ്വദിച്ചപ്പോൾ പഴയ കാലത്ത് അവിടെ ജീവിച്ചിരുന്ന സന്യാസികളുടെ ഭക്ഷണത്തെക്കുറിച്ച് ആലോചിച്ചു. ത്യാഗനിർഭരമായ അവരുടെ ജീവിതത്തിന്റെ ഏകാന്തപാതകളെ പ്രണമിച്ചു.
ഭക്ഷണം കഴിച്ചതിനു ശേഷം മടക്കയാത്രയ്ക്ക് ഒരുക്കമാരംഭിച്ചു. സ്വദേശത്തേക്കു തിരിക്കാനായി തിരക്കുകൂട്ടുന്ന ജനക്കൂട്ടത്തിനിടെയിലൂടെ വാഹനത്തിലേക്കു നടക്കുമ്പോഴും മനസ്സിനെ ആ പാറക്കെട്ടുകളുടെ മുകളിൽ നിന്ന് അടർത്തിയെടുക്കാൻ സാധിച്ചില്ല. സന്യാസ ജീവിതത്തിന്റെ പാതയിൽ പൂർവികർ കോറിയിട്ട അടയാളങ്ങളിൽ ചിലത് ഹൃദയത്തിൽ സ്ഥാനംപിടിച്ചിരിക്കുന്നു. അതിനെക്കുറിച്ചു തന്നെ വീണ്ടും വീണ്ടും ആലോചിക്കാനൊരുമ്പെട്ട മനസ്സ് ആത്മീയദാഹിയായി. തുറന്നു പറയട്ടെ, ഇത് മെറ്റിയേറ സന്ദർശനത്തിൽ നിന്നു ലഭിച്ച അനുഗ്രഹമായി കരുതാനാണ് ഇഷ്ടം.

ആതൻസിൽ നിന്നുള്ള വിമാനം രാത്രി 11.00നാണു പുറപ്പെടുന്നത്. എയർപോർട്ടിലേക്കു പോകാനുള്ള ബസ്സ് വന്നു. ഇരുൾപടർന്ന റോഡിലൂടെ ഒലിവ് മരങ്ങളെ തഴുകിയെത്തിയ കാറ്റ് വാഹനത്തിനുള്ളിൽ കുളിരു പടർത്തി. ബസിന്റെ താളാത്മകമായ ചലനവുമായപ്പോൾ ഉറക്കം വരുന്ന പോലെ തോന്നി. നേരം പുലരുന്നു, സൂര്യനുദിക്കുന്നു, പുതിയൊരു അധ്യായം വ്യാഖ്യാനിക്കാനുള്ള അകംപൊരുൾ പ്രകാശ ഗോളമായി അതാ പാഞ്ഞു വരുന്നു. പൊടുന്നനെ ആരോ ഒരാൾ തോളത്തു തട്ടി. ഞെട്ടിയുണർന്നു നോക്കിയപ്പോൾ ബസ്സിലെ സഹയാത്രികൻ. ‘‘സ്ഥലമെത്തി’’ അയാൾ പറഞ്ഞു.
അതെ, സ്ഥലമെത്തിയിരിക്കുന്നു – മനസ്സ് മന്ത്രിച്ചു.