ADVERTISEMENT

 

മധുരൈയിലെ മധുരമൂറും കാഴ്ചകൾ നിർത്താെത വിവരിക്കുന്ന തമിഴ് നൻപനാണ് ദൈവങ്ങളെ സൃഷ്ടിക്കുന്ന വിളചേരി കരകൗശല ഗ്രാമത്തെ പരിചയപ്പെടുത്തുന്നത്. തമിഴ്നാട്ടിലും ആന്ധ്രയിലും കേരളത്തിലെ തമിഴ് ബ്രാഹ്മണർക്കിടയിലും നവരാത്രികാലത്ത് വീടുകളിൽ ഒരുക്കുന്ന ബൊമ്മക്കൊലുവിലെ ദേവീദേവ രൂപങ്ങൾ പിറവികൊള്ളുന്നത് വിളചേരിയിലെ കളിമണ്ണിലാണ്.

 

വിവിധ നിറച്ചാർത്തിൽ തിളങ്ങി നിൽക്കുന്ന ദേവീദേവ രൂപങ്ങൾക്കു മുന്നിൽ വിളക്കു തെളിയും മുൻപ് ആ ദൈവങ്ങള്‍ പിറവികൊള്ളുന്ന വീടകങ്ങളിലെ ഇരുട്ടിലേക്ക് പതിയെ നടക്കാം. നവരാത്രിക്കാലം, ഭക്തിയുടെയും സമർപ്പണത്തിന്റെയും ഒൻപത് ദിനരാത്രങ്ങൾ വർണാഭമായിരിക്കാൻ രാപ്പകലില്ലാതെ മണ്ണിൽ ദൈവങ്ങൾക്ക് ജീവൻ നൽകുന്ന വിളചേരി മധുരനഗരത്തിൽ നിന്ന് ഉദ്ദേശം പത്ത് കിലോമീറ്റർ അകലെയാണ്. പരമ്പരാഗത കളിമൺ ശിൽപികളുടെ ഗ്രാമമാണ് വിളചേരി. ഇവിടുത്തെ വീടുകളെല്ലാം പ്രതിമകളാൽ നിറഞ്ഞിരിക്കും. വർഷത്തിൽ നാലോ അതിലധികമോ സീസണുകളിലേക്ക് വേണ്ടിയാണ് പ്രതിമ നിർമാണം. അതിൽ പ്രധാന സീസൺ നവരാത്രി കാലമാണ്. വിനായകചതുർഥി, ശ്രീകൃഷ്ണ ജയന്തി, ക്രിസ്മസ്, േക്ഷത്ര ഉത്സവങ്ങൾ തുടങ്ങി ഒന്നു കഴിയുമ്പോൾ ഒന്നെന്ന മട്ടിൽ ആവശ്യക്കാരെ തേടി വിളചേരിയിൽ നിന്ന് ‘ദൈവങ്ങൾ വാഹനം കയറി പോകുന്ന കാഴ്ച’.

 

 

vilachery01
ADVERTISEMENT

 

 

 

മണ്ണിൽ പിറക്കുന്ന കരവിരുത്

ADVERTISEMENT

 

മധുരയിൽ നിന്ന് തിരുമംഗലം റോഡ് വഴി ഉദ്ദേശം പത്ത് കിലോമീറ്റർ അകലെയാണ് വിളചേരി കരകൗശലഗ്രാമം. കുടിൽ വ്യവസായമായാണ് ഇവിടെ പ്രതിമകൾ നിർമിക്കുന്നത്. വിളചേരി സ്വദേശി ദക്ഷിണാമൂർത്തിയാണ് ഗ്രാമത്തെ പരിചയപ്പെടുത്താൻ ഞങ്ങളോടൊപ്പം വന്നത്. തനത് തമിഴ് സംസ്കാരം പിൻതുടരുന്ന, ആധുനികതയുടെ നിഴൽ വീഴാത്ത അഗ്രഹാര സമാനമായ ഇടം. ഒന്ന് ഒന്നിനോട് ചേർന്നെന്ന മട്ടിൽ നിലകൊള്ളുന്ന കെട്ടിടങ്ങൾ. നിറപകിട്ടില്ലാത്ത ഇവിടുത്തെ ജീവിതങ്ങളാണ് നിറച്ചാർത്തിൽ നമ്മെ നോക്കി ചിരിക്കുന്ന ദൈവങ്ങളെ ഒരുക്കുന്നത്. വഴിയോട് ചേർന്ന് താർപായ വലിച്ചുകെട്ടിയ തന്റെ പണിശാലയിൽ കൂറ്റൻ കളിമൺ പ്രതിമ ഉണ്ടാക്കുന്ന വിജയ്കുമാറിനെയാണ് ആദ്യം പരിചയപ്പെട്ടത്. വിനായകചതുർഥി ലക്ഷ്യമിട്ട് ഗണപതിയുടെ ആറടി പൊക്കമുള്ള പ്രതിമയാണ് വിജയ്കുമാർ നിർമിച്ചുകൊണ്ടിരിക്കുന്നത്. താർപായയ്ക്ക് താഴെ നിർമാണം പൂർത്തിയായ മറ്റു ദൈവരൂപങ്ങൾ. ഒരു അടിയ്ക്ക് 3000 രൂപ എന്ന കണക്കിലാണ് ശിൽപത്തിന്റെ നിർമാണം. വൈക്കോൽ കൊണ്ട് പ്രതിമയുടെ രൂപമുണ്ടാക്കി അതിൽ കളിമണ്ണ് പൊതിഞ്ഞെടുത്താണ് നിർമാണം. ഓരോ ഭാഗവും ഉണങ്ങാനെടുക്കുന്ന ദിനം കൂടി കണക്കാക്കിയാണ് തുടർന്നുള്ള പണികൾ നടത്തുന്നത്. മൂന്നാഴ്ചയിലധികം വേണം ആറടിപൊക്കമുള്ള ഗണപതിയെ നിർമിക്കാൻ.

 

 

ADVERTISEMENT

 

െഎശ്വര്യത്തിന്റെ ബൊമ്മക്കൊലു

 

‘നവരാത്രിക്കാലത്തെ ബൊമ്മക്കൊലു പൂജയിലൂടെ ഐശ്വര്യവും വിദ്യാവിജയ വുമുണ്ടാകുമെന്നാണ് വിശ്വാസം. ബൊമ്മ എന്നാൽ പാവയെന്നും കൊലു എന്നാൽ പടികൾ എന്നുമാണ് അർഥം. 1,3,5,7 എന്നിങ്ങനെ ഒറ്റസംഖ്യ കണക്കാക്കിയാണ് പടികൾ ഒരുക്കുന്നത്. ഈ പടികളിൽ സരസ്വതീദേവി, ദശാവതാരങ്ങൾ, ശ്രീരാമ പട്ടാഭിഷേകം, കൃഷ്ണനും രാധയും തുടങ്ങി ദേവീദേവ രൂപങ്ങൾ നിരത്തുന്നു. ആദ്യമൂന്ന് ദിവസം ദുർഗാദേവി തുടർന്നുള്ള മൂന്ന് ദിനം ലക്ഷ്മീദേവി, ബാക്കി മൂന്ന് ദിനം സരസ്വതീ ദേവി എന്നിങ്ങനെയാണ് പൂജ.

 

ബൊമ്മക്കൊലു ഒരുക്കുന്നതിലൂടെ വീട്ടിൽ ദേവീസാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. തമിഴ് ബ്രാഹ്മണർക്കിടയിലാണ് ഈ ചടങ്ങെങ്കിലും ഇപ്പോൾ മിക്ക വിഭാഗക്കാരും വീട്ടിൽ കൊലു ഒരുക്കുന്നു. നവരാത്രിക്കാലത്ത് തെരുവു നിറയെ വർണാഭമായി ഒരുക്കിയ ദൈവരൂപങ്ങൾ കാണാം. ഭംഗിയായി ഒരുക്കുന്ന കൊലുകാണാൻ വീട്ടിലേക്ക് ക്ഷണിക്കുന്ന പതിവും ഉണ്ട്,’ ദക്ഷിണാമൂർത്തി ബൊമ്മക്കൊലുവിനെ കുറിച്ചൊരു ഏകദേശധാരണ നൽകി.

vilachery08

 

വീടുകൾക്കിടയിലൂടെ മുന്നോട്ട് നീങ്ങുന്ന ഇടുങ്ങിയ വഴികളിലൂടെ ഞങ്ങൾ നടന്നു. ചിലകുടുംബങ്ങൾ വീടിനോട് ചേർന്ന് പ്രതിമകളുടെ വിൽപന ശാലയും ഒരുക്കിയിട്ടുണ്ട്. 30 രൂപമുതലാണ് കളിമൺ രൂപങ്ങളുടെ വില ആരംഭിക്കുന്നത്. വിനായകചതുർഥി അടുക്കാറായതിനാൽ എങ്ങും പലവർണങ്ങളിൽ സുന്ദരമാക്കിയിരിക്കുന്ന ഗണപതി രൂപമാണ്.

 

 

 

കാലത്തിനൊപ്പം മാറ്റം

 

വിളചേരിയിലെ പ്രതിമനിർമാണ കുടിൽ വ്യവസായത്തിന് നേതൃത്വം നൽകുന്നത് അങ്കാളി ഈശ്വരിയമ്മയാണ്. സൂര്യനുണരും മുൻപേ ഉണർന്ന് വീടകം വൃത്തിയാക്കി, പാചകം ചെയ്ത്, കുളിച്ച് മുറ്റത്ത് കോലമിട്ട്, കുഞ്ഞുങ്ങളെ സ്കൂളുകളിലേക്ക് അയയ്ക്കാൻ റെഡിയാക്കിയ ശേഷമാണ് ഗ്രാമത്തിലെ സ്ത്രീകൾ പ്രതിമനിർമാണത്തിനായി ഇറങ്ങുന്നത്. രാവിലെ ഒൻപതിന് തുടങ്ങുന്ന ജോലി വൈകിട്ടു വരെ നീളും. ‘പരമ്പരാഗതമായി മൺപാത്രങ്ങൾ നിർമിക്കുന്ന കുശവ(കുലാല) വിഭാഗക്കാരാണ് ഞങ്ങൾ. ചട്ടിയും കലവും നിർമിച്ച് വീടുവീടാന്തരം വിറ്റായിരുന്നു ഉപജീവനം നടത്തിയിരുന്നത്. കാലം മാറി, ഗ്യാസും കുക്കറും അലൂമിനിയ പാത്രങ്ങളും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ മൺപാത്രങ്ങൾക്ക് ആവശ്യക്കാരില്ലാതെയായി. ഞങ്ങളുടെ കുടുംബങ്ങൾ പട്ടിണിയിലായി. വേറെ ജോലിയൊന്നും ചെയ്യാനറിയില്ല. ആർക്കും വിദ്യാഭ്യാസമില്ല. ഞങ്ങളുടെ പൂർവികർ ക്ഷേത്രങ്ങളിലേക്ക് ശിൽപങ്ങൾ ചെയ്ത് കൊടുക്കാറുണ്ടായിരുന്നു. ആളുകൾ വന്ന് ആ ശിൽപങ്ങളെ തൊഴുത് പ്രാർഥിക്കും. എങ്കിൽ പിന്നെ ദൈവരൂപങ്ങൾ ഉണ്ടാക്കി വ്യാപാരം ചെയ്താലോ എന്ന് ആലോചിച്ചു. അങ്ങനെ ക്ഷേത്ര ഉത്സവക്കാലത്ത് കുതിരകളും മറ്റ് ദേവീദേവ രൂപങ്ങളും നിർമിച്ച് വിൽക്കാൻ തുടങ്ങി. വരുന്നവരുടെ ആവശ്യാനുസരം പ്രതിമകൾക്ക് വലുപ്പം തീരുമാനിച്ചു.

കേരളത്തിൽ നിന്ന് ക്രിസ്മസ് കാലത്ത് പുൽകുടിലിൽ വയ്ക്കാനുള്ള പ്രതിമകളുടെ ഓർഡർ കിട്ടിതുടങ്ങിയപ്പോൾ അതും ചെയ്തു. 18 തരം പ്രതിമകളുടെ ഒറ്റ സെറ്റായാണ് ക്രിസ്മസ് രൂപങ്ങൾ വിൽക്കുന്നത്. കളിമണ്ണ് വെള്ളത്തിലിട്ട് കുതിർത്ത് ചവിട്ടി കുഴച്ച് അച്ചിലിട്ട് രൂപമൊരുക്ക് ചൂളയിൽ ചുട്ടെടുത്ത് പെയിന്റ് അടിച്ചാണ് ഓരോ പ്രതിമയും രൂപം കൊള്ളുന്നത്. കാലം മാറിയപ്പോൾ കളിമണ്ണിന്റെ ലഭ്യത കുറഞ്ഞു. നിർമാണത്തിന് പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിക്കാൻ തുടങ്ങി. കളിമണ്ണിനെ അപേക്ഷിച്ച് രൂപങ്ങൾ പരിപൂർണതയിൽ സുന്ദരമാക്കിയെടുക്കാം, പെട്ടെന്ന് പൊട്ടിപോകില്ല, കയറ്റുമതിക്കും പറ്റും എന്നായപ്പോൾ എല്ലാവരും തന്നെ പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ചുള്ള നിർമാണത്തിലേക്ക് മാറി. ഇപ്പോൾ നല്ല രീതിയിൽ വ്യവസായം നടക്കുന്നു. ഞങ്ങളുടെ ജീവിതത്തിനും നിറങ്ങളുടെ ചേലൊരുങ്ങുന്നു’ അങ്കാളിയമ്മ പറഞ്ഞു.

vilachery03

 

വീടകങ്ങളിലെ ഇരുട്ടിൽ നിന്ന് നിറത്താർത്തിന്റെ തെളിച്ചത്തിൽ ഈശ്വരന്മാർ ചിരിക്കുന്നു. കൃഷ്ണന്റെ പ്രണയഭാവവും സീതയുടെ കാത്തിരിപ്പും വീണ്ടെടുക്കലിന്റെ യുദ്ധങ്ങളും വിദ്യയുടെ തേജസ്സും നിറയുന്ന മുഖങ്ങളിൽ അവർ നിറം ചാർത്തികൊണ്ടേയിരുന്നു. അങ്ങ് ദൂരെ ബ്രാഹ്മണ അഗ്രഹാരങ്ങളിൽ െഎശ്വര്യം നിറയ്ക്കാൻ, ബൊമ്മക്കൊലുവൊരുക്കാൻ....

 

vilachery02
ADVERTISEMENT