ADVERTISEMENT

തട്ടമിട്ട മൊഞ്ചത്തിമാരും, ദം പൊട്ടിക്കുമ്പോൾ പരക്കുന്ന ബിരിയാണി വാസനയും, അദ്ഭുതങ്ങള്‍ മാന്ത്രികചെപ്പിലൊളിപ്പിച്ച സർക്കസും, കേക്കിന്റെ മധുരവും ക്രിക്കറ്റിന്റെ ആവേശവും പലഹാരങ്ങളുടെ പറുദീസയുമാണ് തലശേരി. ഒന്നോ രണ്ടോ ദിനം ചുറ്റിക്കറങ്ങിയാലും തീരാത്തത്ര കാഴ്ചകളുടെയും കഴിച്ചാലും കഴിച്ചാലും മടുക്കാത്ത രുചിവൈവിധ്യങ്ങളുടെയും സ്വർഗത്തിലേക്കാണ് ഈ യാത്ര. എവിെട നിന്ന് തുടങ്ങണം! എന്ന സംശയത്തിന് മുന്നിൽ തലശേരിയിൽ വന്നാൽ വിശന്നിരിക്കാൻ പാടില്ലെന്ന വാദവുമായി ഫൊട്ടോഗ്രഫർ ഭക്ഷണശാലകളുടെ നീണ്ട ലിസ്റ്റ് നിരത്തി. പാലിശേരിയിലെ നാഷനൽ റസ്റ്ററന്റിൽ നിന്ന് നെയ്പത്തലും മട്ടൻ തലക്കറിയും കഴിച്ച് തലശേരി യാത്ര ‘ബർക്കത്തോടെ’ ആരംഭിച്ചു. രുചിക്കിസ്സകൾ മാത്രമല്ല ചരിത്രകാഴ്ചകളുടെ, പ്രകൃതി സൗന്ദര്യത്തിന്റെ പേരാണ് തലശേരി. ഏറെ പ്രിയപ്പെട്ട ആരുടെയോ കല്യാണവീട്ടിൽ ചെന്ന പ്രതീതിയോടെ ആ നാടിന്റെ മനോഹാരിതയിലേക്കിറങ്ങി.

thalasseryimages2

തലയെടുപ്പോടെ തലശേരി കോട്ട

ADVERTISEMENT

അറബിക്കടലിന്റെ കിസ്സകൾ കേട്ട് ചരിത്രത്തിലേക്ക്, ഓർമകളിലേക്ക് ഊളിയിട്ട് തലയെടുപ്പോടെ നിലകൊള്ളുകയാണ് തലശേരി കോട്ട. ഈസ്റ്റ് ഇന്ത്യ കമ്പനി മലബാറിലെ തങ്ങളുടെ ശക്തി പ്രബലമാക്കുന്നതിന്റെ ഭാഗമായി 1708 ലാണ് ഈ കോട്ട പണിതതെന്ന് കരുതപ്പെടുന്നു. വെയിലിന് കാഠിന്യം കൂടി വരുന്നു. കോട്ടയുടെ കവാടത്തിനു താഴെയുള്ള കടയിൽ നിന്ന് ഇളനീരു കുടിച്ച് ഉള്ള് തണുപ്പിച്ച ശേഷം കോട്ടയുടെ കാഴ്ചകളിലേക്കിറങ്ങി. പ്രവേശനകവാടത്തിലെ കുത്തനെയുള്ള പടികൾ കയറി അകത്തുകടന്നു. ദീർഘ ചതുരാകൃതിയിലാണ് കോട്ടയുടെ നിർമാണം. സഞ്ചാരികളും ചരിത്രപഠിതാക്കളും സ്വൈര്യസല്ലാപത്തിനെത്തുന്നവരുമാണ് കോട്ടയ്ക്കുള്ളിൽ ഏറെയും. മുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന പീരങ്കിയാണ് ആദ്യ ആകർഷണം.

thalassery2

പുല്ലുനിറഞ്ഞ നീണ്ട ലോണുകളും കടലിന്റെ ഇരമ്പം കേട്ടിരിക്കാൻ പാകത്തിലുള്ള ഇരിപ്പിടങ്ങളും. ഇതാണ് ആദ്യകാഴ്ചയിലെ ചിത്രം. ചരിത്രാന്വേഷിയായ സാലിമാഷ് കോട്ടയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. ടെലിച്ചെറി എന്നായിരുന്നു ഇംഗ്ലിഷുകാർ തലശേരിയെ വിളിച്ചിരുന്നത്. ഫ്രഞ്ചുകാരാണത്രേ തലശേരിയിൽ ആദ്യമായി ഒരു മൺകോട്ട പണിതത്. കുരുമുളക് വ്യാപാരവുമായി ബന്ധപ്പെട്ട് ഇംഗ്ലിഷുകാരുെട വരവോടെ ഫ്രഞ്ചുകാർ അരങ്ങൊഴിഞ്ഞു. തിരുവിതാംകൂറിലെ അഞ്ചുതെങ്ങും മലബാറിലെ തലശേരിയുമായിരുന്നു അവരുടെ പ്രധാനവാണിജ്യ കേന്ദ്രങ്ങൾ. വ്യാപാരികളായി എത്തിയവർ ഒരു നാടിന്റെ അധീനതയിലാക്കിയ ചരിത്രത്തിനും പിന്നീട് ഓരോ കാലഘട്ടത്തിലുമുള്ള തലശേരിയുടെ വളർച്ചയ്ക്കും മൂകസാക്ഷിയാണ് ഈ കോട്ട. പത്തുമീറ്ററിലധികമുള്ള കോട്ടമതിലാണ് ഇവിടെയുള്ളത്. മുകളിലായി ഒരു വിളക്കുമരം കാണാം. പൂർണമായും ചെങ്കല്ലിൽ തീർത്ത കോട്ടയുടെ പലഭാഗത്തും പീരങ്കികളും തോക്കുകളും സ്ഥാപിക്കുന്നതിനുള്ള കൊത്തളങ്ങള്‍ കാണാം. കടലിലേക്ക് ചെന്നെത്തുന്ന തരത്തിൽ രണ്ടു തുരങ്കങ്ങൾ കോട്ടയ്ക്കുള്ളിലുണ്ട്. നിലവിൽ അവ അടച്ചിട്ടിരിക്കുകയാണ്. ഇടനാഴികളും മണ്ഡപങ്ങളും നിറഞ്ഞ ഈ കോട്ടയുടെ നിർമാണത്തിലെ സാങ്കേതികത ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നുള്ളതാണ് മറ്റൊരു അദ്ഭുതം.

thalassery22
ADVERTISEMENT

മഹാനും ധർമ്മിഷ്ടനുമായ ഇംഗ്ലിഷുകാരൻ

thalasseryimages3

കോട്ടയ്ക്ക് മുകളിൽ കടൽക്കാഴ്ചകൾ കണ്ട് നിൽക്കുമ്പോഴാണ് താഴെ വിവിധ രൂപങ്ങളിലുള്ള കല്ലറകൾ ശ്രദ്ധിച്ചത്. കോട്ടയ്ക്ക് താഴെ സ്ഥിതി ചെയ്യുന്ന സെയ്ന്റ് ജോൺസ് ആൻഗ്ലിക്കൻ ചർച്ച് ലക്ഷ്യമാക്കി നടന്നു. പ്രകൃതി പോലും മൗനിയായിരിക്കുന്ന അന്തരീക്ഷം. രേഖകൾ പ്രകാരം ഈ പള്ളിയ്ക്ക് 152 വർഷം പഴക്കമുണ്ട്. തലശേരി തുറമുഖത്തെ മാസ്റ്റർ അറ്റെൻഡന്റ് ആയിരുന്ന സർ എഡ്വേർഡ് ബ്രണ്ണൻ നൽകിയ ഒരു എൻഡോവ്മെന്റ് ഉപയോഗിച്ച് 1869 ലാണ് ഈ പള്ളിയുടെ നിർമ്മാണം തുടങ്ങുന്നതത്രേ. ഒരു കപ്പൽചേതത്തിൽപ്പെട്ടാണ് സർ എഡ്വേർഡ് ബ്രണ്ണൻ തലശേരിയിലെത്തുന്നത്. പിന്നീട് തലശേരിയുടെ പല വികസനപ്രവർത്തനങ്ങൾക്കും പങ്കാളിയായ അദ്ദേഹം മരിക്കും മുൻപ് തന്റെ സമ്പാദ്യം മുഴുവൻ സാമൂഹ്യക്ഷേമപ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തെന്ന് കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ കല്ലറ ഈ പള്ളിയോടു ചേർന്നുള്ള സെമിത്തേരിയിൽ കാണാം. അതിൽ മഹാനും ധർമ്മിഷ്ടനുമായ ഇംഗ്ലിഷുകാരൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗോഥിക് റിവൈവലിന്റെയും ആൻഗ്ലിക്കൻ വാസ്തുവിദ്യയുടെയും മകുടോദാഹരണമായ പള്ളി 2009 ൽ പുതുക്കിപണിതു.

ADVERTISEMENT

തലശേരി എന്ന മൂന്ന് C

ചിക്കൻ ബിരിയാണിയുടെ ദം പൊട്ടിക്കും മുൻപേ ഏതെങ്കിലും നല്ല റസ്റ്ററന്റിൽ എത്താനുള്ള ആവേശത്തിൽ പള്ളിയിൽ നിന്ന് ഇറങ്ങി. പോകുന്ന വഴി ഒരു സംശയം!

തലശേരിയിലെവിടെയാ C ! തലശേരിക്കാരൻ കൂട്ടുകാരനാണ് ആ ചോദ്യത്തിനുള്ള മറുപടി നൽകിയത്. ക്രിക്കറ്റ്, കേക്ക്, സർക്കസ് ഇവ മൂന്നും ചേർത്തെഴുതാവുന്ന പേരാണ് തലശേരി. ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് മത്സരങ്ങൾ തുടങ്ങുന്നത് തലശേരിയിലാണ്. ബ്രിട്ടീഷുകാരനായ ആർതർ വെല്ലസ്ലിയാണ് കേരളത്തിൽ ക്രിക്കറ്റിന് തുടക്കമിടുന്നത്. തെലിച്ചേരി ക്രിക്കറ്റ് ക്ലബ് എന്ന ടീമായിരുന്നു കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്.

thalassery33

മലയാളികൾ ആദ്യമായി കേക്കിന്റെ സ്വാദ് അറിയുന്നതും തലശേരിയിൽ നിന്നാണ്. അക്കാലം വരെ വിദേശികളുടെ സ്വകാര്യ അഹങ്കാരമായിരുന്ന കേക്ക്, ബിസ്ക്കറ്റ് പോലുള്ള ബേക്കിങ് പലഹാരങ്ങൾ മമ്പള്ളി ബാപ്പുവാണ് 1880 ൽ കേരളത്തിനു പരിചയപ്പെടുത്തുന്നത്.

സർക്കസ് എന്ന അദ്ഭുതം മലയാളികൾക്ക് മുന്നിലെത്തിച്ചതും കീലേരി കുഞ്ഞിക്കണ്ണൻ എന്ന തലശേരിക്കാരനായ സർക്കസുകാരനാണ്. ഇദ്ദേഹത്തിന്റെ സർക്കസ് കണ്ട് അഡോൾഫ് ഹിറ്റ്ലർ അദ്ഭുതപ്പെട്ടു പോയെന്നും അനുമോദിച്ചെന്നും പറയപ്പെടുന്നുണ്ട്. തലശേരിപ്പെരുമകൾ കൗതുകത്തോടെ കേട്ടുകൊണ്ടിരിക്കെ മൂക്കുതുളച്ചുകയറുന്നു ബിരിയാണി വാസന...പെട്ടെന്ന് ശ്രദ്ധ അങ്ങോട്ടുതിരിഞ്ഞു. വയറിനെ ഹാപ്പിയാക്കിയിട്ട് ബാക്കി വിശേഷങ്ങളിലേക്ക് കടക്കാം.

കടല്‍ പ്രണയിക്കും നാട്

thalasseryimages

േസ്റ്റഡിയം ജുമാ മസ്ജിദും തൊട്ടടുത്തുള്ള ഓവർബറീസ് ഫോളി പാർക്കും ലക്ഷ്യം വച്ച് വാഹനം നീങ്ങി. 100 വർഷത്തിലധികം പഴക്കമുള്ള മുസ്‌ലിം പള്ളിയാണ് േസ്റ്റഡിയം ജുമാ മസ്ജിദ്. കേരളത്തിൽ ആദ്യമായി ഈദ് ഗാഹ് അഥവാ പെരുന്നാൾ നമസ്കാരം നടക്കുന്നത് ഇവിടെയാണ്. ഈ പള്ളിയ്ക്ക് തൊട്ടടുത്താണ് ഡിടിപിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓവർബറീസ് ഫോളി പാർക്ക്. അറബിക്കടലിന്റെ തീരത്തെ മനോഹരമായ ഈ പ്രദേശത്തിൽ ആകൃഷ്ടനായി, 1870 കളിൽ തലശേരിയില്‍ സേവനമനുഷ്ഠിച്ച ബ്രിട്ടിഷ് ന്യായാധിപൻ ഇ എൻ ഓവർബറിയാണ് ഇവിടെ ഒരു പാർക്ക് നിർമിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ സ്വപ്നപദ്ധതി പൂർണമായി നടപ്പാക്കാനായില്ല. അപൂർണമായ നിർമിതി എന്ന പേരിൽ പിന്നീട് ഇത് അറിയപ്പെട്ടു.

thalassery32

തലശേരി വരെ വന്നിട്ട് ബീച്ചിലൂടെ ഒന്ന് ഡ്രൈവ് ചെയ്തില്ലെങ്കിൽ അതൊരു നഷ്ടമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിങ് ബീച്ചിലൂടെയുള്ള യാത്ര രസകരമാണ്. നാലുകീലോമീറ്ററോളം നീണ്ടുകിടക്കുന്ന തീരമാണ് ഇവിടുത്തേത്. കടലിലേക്ക് നീളുന്ന ഫ്ലോട്ടിങ് ബ്രിജാണ് മറ്റൊരു ആകർഷണം. 120 രൂപയാണ് ഫ്ലോട്ടിങ് ബ്രിജിലെ പ്രവേശനനിരക്ക്.

thalassery23

കടപ്പുറത്ത് നിന്ന് ഉദ്ദേശം 200 മീറ്റർ തെക്കുമാറി അകലെ കടലിൽ കാണുന്ന തുരുത്താണ് ധർമ്മടം തുരുത്ത്. വേലിയിറക്ക സമയത്ത് ദ്വീപിലേക്ക് നടന്നുപോകാം.

അണ്ടല്ലൂർ കാവിലെ തെയ്യം കൂടാം

thalassery3

തലശേരിയിൽ തെയ്യത്തിന് പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് അണ്ടല്ലൂർ കാവ്. ഈ കാവിലെ ഉത്സവം അണ്ടല്ലൂർ ഗ്രാമത്തിന്റേതു കൂടിയാണ്. എല്ലാ വർഷവും കുംഭം 1 ന് (ഫെബ്രുവരി 14) തുടങ്ങി ഏഴുദിനം രാമായണകഥയെ ആസ്പദമാക്കിയുള്ള കളിയാട്ടമാണ് ഇവിടെ നടക്കുന്നത്.രാമനും ലക്ഷ്മണനും ഹനുമാനും യഥാക്രമം ദൈവത്താർ, അങ്കക്കാരൻ, ബപ്പുരൻ എന്നീ വേഷങ്ങളിൽ കെട്ടിയാടുന്നു. മൂവരും ഒരുമിച്ചാണ് കോലം കെട്ടിയാടുന്നത്. പെരുവണ്ണാൻ, മുന്നൂറ്റാൻ എന്നീ വിഭാഗക്കാരാണ് ഇവിടെ കോലം കെട്ടുന്നത്. മേലെ കാവ്, താഴെ കാവ് എന്നിങ്ങനെ രണ്ട് ഭാഗമാണ് ഈ ക്ഷേത്രം. തെയ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂക്ഷിക്കുന്ന ഒരു മ്യൂസിയം ക്ഷേത്രത്തോടനുബന്ധിച്ച് നിലകൊള്ളുന്നുണ്ട്.

ഈ ചരിത്രനഗരത്തിൽ നിന്ന് മടങ്ങുകയാണ്. ‘ദ് കൊണ്ടോയ്ക്കോളീ, പൊറത്ത് നിന്ന് തിന്നണ്ടാ’ എന്നും പറഞ്ഞ് ട്രെയിനിൽ നിന്ന് കഴിക്കാൻ ദം ബിരിയാണി പൊതിഞ്ഞുതന്ന് സുഹൃത്തിന്റെ ഉമ്മ യാത്രയാക്കി. പുത്യണ്ണിനേം കൊണ്ട് പുയാപ്ല പോയ കല്യാണവീട് പോലെ ഒരു ദുഃഖം അവരുടെ മുഖത്ത് നിഴലിച്ചു. തലശേരിക്കാർ ഇങ്ങനെയാണ്, വിരുന്നുകാരെ പോലും സ്നേഹം കൊണ്ട് കീഴ്പ്പെടുത്തികളയും.

ADVERTISEMENT