ADVERTISEMENT

കോട്ടയത്ത്‌ പതിവു ജോലിത്തിരക്കുമായി മുന്നോട്ടു പോകുമ്പോഴാണ് പ്രണയകുലം ആശ്രമത്തിലെ ശൂന്യം സ്വാമി വിളിച്ചത്‌. മാർഗദർശനങ്ങളിൽ ഗുരുതുല്യനാണ് കർണാടകയിൽ വസിക്കുന്ന സ്വാമി. ഗുണ്ടൽപേട്ടിൽ എത്തണമെന്നാണ് സ്വാമി പറഞ്ഞത്. ‘‘ഒരു സിനിമയിൽ അഭിനയിക്കുന്നുണ്ട്. താങ്കൾ സിനിമ ഇഷ്ടമുള്ളയാളാണല്ലോ. ഈ അവസരത്തിൽ കൂടെയുണ്ടാകണം’’ സ്വാമി അവിടേക്കു ക്ഷണിച്ചതിന്റെ കാര്യം വ്യക്തമാക്കി. ജീവിതത്തിൽ അവസരങ്ങൾ വരുമ്പോൾ ചാടി പിടിക്കണം – മനസ്സ് ഓർമിപ്പിച്ചു. കോഴിക്കോട് ചെന്നാൽ വയനാട് വഴി ബന്ദിപ്പൂർ കടന്നു ഗുണ്ടൽപേട്ടിലെത്താം. കോഴിക്കോട്ടേക്ക് 11.00ന് ട്രെയിനുണ്ട്. യാത്രക്കാരുടെ തിരക്കുണ്ടായിരുന്നെങ്കിലും ജനറൽ കംപാർട്മെന്റിൽ തൂങ്ങിപ്പിടിച്ചു നിന്ന് രാവിലെ 6ന് കോഴിക്കോടെത്തി. പിന്നീടുള്ള നീക്കങ്ങൾ വളരെ പെട്ടെന്നായിരുന്നു. കോഴിക്കോട് – ബത്തേരി. വയനാടിന്റെ ഹൃദയഭൂമിയായ സുൽത്താൻബത്തേരിയിൽ നിന്നു ഗുണ്ടൽപേട്ട്.

5kabbahalli

പൂക്കളുടെ നാട്ടിൽ ബസ്സിറങ്ങിയപ്പോൾ സമയം വൈകിട്ട് 4.00. അന്തരീക്ഷം റൊമാന്റിക് ആക്കിക്കൊണ്ട് മഴ പെയ്തു, ശുഭസൂചന. വിശപ്പു മാറ്റിയ ശേഷം സ്വാമിയെ കാണാമെന്നു തീരുമാനിച്ചു. ഹോട്ടലിൽ കയറിയപ്പോൾ കന്നഡ ഭാഷയുടെ പ്രളയം. മുൻപൊരിക്കൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനു സമീപത്തു നിന്നു കുടജാദ്രിയിലേക്കു ജീപ്പിൽ പോയപ്പോൾ മനപ്പാഠമാക്കിയ നാലഞ്ച് കന്നഡ വാക്കുകൾ ഹൃദയത്തിലുണ്ട്. കുടജാദ്രിയിലേക്കു ജീപ്പ് ഓടിക്കുന്ന സന്തോഷ് പകർന്നു നൽകിയ വാക്കുകൾ ഓർത്തെടുത്ത് പ്രയോഗിച്ചു. സമയോചിതമായി അത് പ്രയോജനപ്പെട്ടു. ഭക്ഷണം കഴിച്ച് പണം കൊടുത്തപ്പോഴേക്കും സ്വാമിയുടെ മകൻ കാറുമായി എത്തി. മെയിൻ റോഡിൽ നിന്നു തിരിഞ്ഞു ഗ്രാമത്തിലെ റോഡിലേക്ക് വാഹനം നീങ്ങി. വഴിയുടെ ഇരുവശത്തും കണ്ണെത്താദൂരം കൃഷിയിടങ്ങൾ. വളഞ്ഞു പുളഞ്ഞ് വഴികൾ. കനാലുകൾ. വെള്ളക്കെട്ടുകൾ. പ്രകൃതിയുടെ ഈ വിരുന്നിലേക്ക് പൊടി പറത്തിയും വെള്ളം തെറിപ്പിച്ചും പ്രൈവറ്റ് ബസ് കടന്നു പോയി. വഴിയോരത്തേക്ക് കാർ ഒതുക്കിയിരുന്നില്ലെങ്കിൽ ഡോർ പൊളിഞ്ഞു പോകുമായിരുന്നു. അത്രയും വേഗത്തിലാണ് അവിടുത്തെ ഡ്രൈവർമാർ ബസ് ഓടിക്കുന്നത്.

4kabbahalli
ADVERTISEMENT

എന്തായാലും അപകടമൊന്നും സംഭവിക്കാതെ സിനിമാ ലൊക്കേഷനിൽ എത്തി. ഫ്രൈഡേ ഫിലിംസിന്റെ സിനിമയാണ്. നായിക ബോളിവുഡിലെ പ്രശസ്ത താരം അതിഥി റാവു. ചിത്രീകരണം കണ്ട് കുറച്ചു നേരം അവിടെ ഇരുന്നു. അതിനു ശേഷം ഗുണ്ടൽപേട്ടിലേക്കു തിരിച്ചു, അവിടെയാണ് താമസിക്കാനുള്ള മുറിയെടുത്തിട്ടുള്ളത്. ഇനിയുള്ള ദിവസങ്ങളിൽ ഈ മനോഹരമായ പാതയിൽ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യണമെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. പിറ്റേദിവസം സ്വാമിയുടെ മകൻ അകലെ ഒരിടത്തേക്കു പോയി. സ്വാമിയോടൊപ്പം തനിച്ചിരിക്കാൻ അവസരം കിട്ടി. പ്രപഞ്ചത്തിൽ സത്യാന്വേഷണം നടത്തുന്നവരുമായുള്ള സഹവാസം പ്രകൃതിയിലേക്കുള്ള മടക്കത്തിന് പ്രേരണയാകും. അതു തന്നെയാണു പിന്നീടു സംഭവിച്ചത്. രാവിലെ ഷൂട്ടിങ് നടക്കുന്ന സ്ഥലത്തേക്ക് പോയി. സ്റ്റാർട്, ക്യാമറ, ആക്‌ഷൻ തുടർച്ചയായി കണ്ട് വിരസത തോന്നിയപ്പോൾ അവിടെ നിന്നിറങ്ങി കുറച്ചു ദൂരം നടന്നു. സിനിമാ ചിത്രീകരണം നടക്കുന്നതിനടുത്തുള്ള വീട്ടിൽ കയറി. അവിടെയുണ്ടായിരുന്ന ഏഴു വയസ്സുകാരിയുമായി പെട്ടെന്ന് സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞു. ആ കുഞ്ഞിന്റെ വാക്കുകളെ, അവളുടെ വർ‌ത്തമാനത്തെ ഗൂഗിൾ ട്രാൻ‌സ്‌ലേറ്ററിലേക്ക് മൊഴിമാറ്റം ചെയ്ത് കന്ന‍ഡ പഠിക്കാൻ ശ്രമിച്ചു. അക്ഷരാർഥത്തിൽ ഏഴു വയസ്സുകാരി ഗുരുവായി മാറി. ഗ്രാമങ്ങളിൽ മനുഷ്യഹൃദയങ്ങൾ തമ്മിൽ വേലിക്കെട്ടുകളില്ല. നിസ്വാർഥമായ പരിചയപ്പെടലുകൾ നല്ല സൗഹൃദങ്ങളിലേക്കു വഴി തെളിക്കും. ഷൂട്ടിങ് കാണാനായി ഗുണ്ടൽപേട്ടിലെത്തിയ ഒരാളുടെ അനുഭവങ്ങളിലൂടെയാണ് ഇതു പറയുന്നത്. അവിടെ തണുത്ത കാലാവസ്ഥയായിരുന്നു. എവിടെന്നോ പനി പാറിയെത്തി. ആശുപത്രിയിൽ പോയപ്പോഴും അപരിചിതരുടെ സ്നേഹസാമീപ്യമുണ്ടായി. കന്നഡ മാത്രം അറിയുന്ന നഴ്സും ഡോക്ടറും അയൽ സംസ്ഥാനത്തുള്ളയാൾക്കു മുന്നിൽ ആതിഥ്യ മര്യാദ കാണിച്ചു.

3kabbahalli

ഒടുവിൽ ഒരു മലയാളി നേഴ്സിനെ പരിചയപ്പെട്ടതോടെ ആ ആശുപത്രിയിലും സൗഹൃദത്തിന്റെ ചങ്ങലക്കണ്ണികൾ സൃഷ്ടിക്കപ്പെട്ടു. ചന്ദ്രനുദിക്കുന്ന ദിക്കിൽ ഗുണ്ടൽപേട്ടിലെ ഗ്രാമവീഥികളിലൂടെയുള്ള നടത്തം സ്വപ്നതുല്യമാണ്. ഇതുപോലൊരു ഗ്രാമത്തിൽ അതിനു മുൻപ് പോയിട്ടില്ലായിരുന്നു. ഓടുമേഞ്ഞ വീടുകൾ‌. നീണ്ട വരാന്തയും പൂമുഖവുമുള്ള മനോഹരമായ പുരകൾ. ചായക്കടയും അങ്ങാടിയും വിന്റേജ് കാലഘട്ടത്തിന്റെ ദൃശ്യചാരുത പകർന്നു നൽകി. ആ സമൂഹത്തിന്റെ ആവാസ സ്ഥാനത്തിന് അഴകു പകരുന്നത് അവരുടെ അയൽപാടങ്ങളിൽ പുഞ്ചിരി വിടർത്തുന്ന പൂക്കളാണ്. ആ ഗ്രാമം നിറയെ പൂക്കളുണ്ട്. സൂര്യകാന്തിയും ഗുണ്ടുമല്ലിയും ചെണ്ടുമല്ലിയും വിടർന്നു നിന്ന് തലയാട്ടി പുഞ്ചിരിക്കുന്നു. കർണാടകയിലെ ഗുണ്ടൽപേട്ടിൽ നിന്ന് 15 കിലോമീറ്റർ അകലെയാണു കബ്ബഹള്ളി. ഇവിടുത്തെ ഗ്രാമവാസികളുടെ ജീവിതമാർഗമാണു സൂര്യകാന്തി കൃഷി. മലയാളികൾ അവിടെ പാട്ടത്തിനു സ്ഥലമെടുത്തു കൃഷി നടത്തുന്നുണ്ട്.

2kabbahalli
ADVERTISEMENT

കബ്ബഹള്ളി എന്ന ഗ്രാമത്തിന്റെ മനോഹാരിത ക്യാമറയിൽ പകർത്തിയ സിനിമയാണ് ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ. ‘ലാൽ ജോസിന്റെ ഭൂപടങ്ങൾ’ എന്ന പുസ്തകത്തിൽ അതിനെക്കുറിച്ച് ലാൽജോസ് വിശദീകരിക്കുന്നത് ഇങ്ങനെ: ‘‘വൈകിട്ട് അ‍ഞ്ചിനു ഗുണ്ടൽപ്പേട്ടിലെത്തി. റോഡിന്റെ ഇരുവശത്തും സൂര്യകാന്തിപ്പൂക്കൾ വിടർന്ന പാടം. കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോൾ ഒരു മല. പത്തുമൂവായിരം പശുക്കൾ പൊടി പറത്തിക്കൊണ്ടു മലയിറങ്ങി വന്നു. ചുവന്ന ഗോളരൂപിയായ സൂര്യൻ അവയുടെ നിഴലിലൂടെ ഉരുണ്ടു നീങ്ങി. കുറേ ദിവസങ്ങളായി അനുഭവിക്കുന്ന പിരിമുറുക്കം അവസാനിച്ചു. ഞാൻ റോഡിലിറങ്ങി മുട്ടുകുത്തി കുരിശു വരച്ചു. മുന്നോട്ടുള്ള കാഴ്ച അതിസുന്ദരമായിരുന്നു. തെളിഞ്ഞ നീലാകാശം. ഒഴുകി നീങ്ങുന്ന മേഘക്കടൽ. മനോഹരമായ കുന്നുകൾ. ആ നാട്ടിൽ പുഴയില്ല. തടാകങ്ങൾ കണ്ടു. അതു മഴവെള്ളം ശേഖരിച്ചു നാട്ടുകാരുണ്ടാക്കിയ തടയണകളായിരുന്നു. ഈ ജലാശയങ്ങളിൽ നിന്നാണ് പാടത്തു വെള്ളമെത്തിക്കുന്നത്. ഇതാണ് എന്റെ കഥയിലെ ഗ്രാമം... ശരത്തിനെ കെട്ടിപ്പിടിച്ച് ഞാൻ സന്തോഷം പങ്കിട്ടു. അന്നു രാത്രി തന്നെ സിനിമറ്റൊഗ്രഫർ എസ്. കുമാറിനെ വിളിച്ചു. മൂവായിരം പശുക്കളുള്ള സ്ഥലം കണ്ടെത്തിയ കാര്യം അറിയിച്ചു. ‘‘മൂവായിരത്തിൽ എന്തെങ്കിലും കുറയുമോ?’’ കുമാർജിയുടെ കമന്റ്. അമ്പതെണ്ണം കുറയ്ക്കാം, അതിൽ താഴ്ത്താൻ പറ്റില്ല. ആഹ്ലാദം മറച്ചു വയ്ക്കാതെ ഞാൻ ചിരിച്ചു.’’ പിറ്റേന്നു രാവിലെ ശരത്തിനൊപ്പം ഗ്രാമം കാണാനിറങ്ങി. കെട്ടിടത്തിനു മുകളിലിരുന്ന് ഒരു മയിൽ പീലി വിടർത്തുന്നതു കണ്ടാണ് യാത്ര തുടങ്ങിയത്. അവിടുത്തെ ഒട്ടുമിക്ക വീടുകളും ഓടു മേഞ്ഞതാണ്. വൃത്താകൃതിയിലാണ് വീടുകളുടെ നിർമാണം. പശുക്കൾ നിരയായി മേയാൻ പോകുന്നതും പറ്റം ചേർന്നു മടങ്ങിയെത്തുന്നതും കണ്ടു. ’’ ഗുണ്ടൽപേട്ടിനു സമീപത്തുള്ള ഗ്രാമം തന്റെ സിനിമയ്ക്കു പശ്ചാത്തലമായി മാറിയ കഥയെ ഇങ്ങനെയാണ് സംവിധായകൻ ലാൽജോസ് വിവരിച്ചിട്ടുള്ളത്. പൂക്കളും പൂമാനവും പൂപ്പാടങ്ങളിലൂടെ യാത്രയ്ക്കിടെ ഷഫീക്കിനെ പരിചയപ്പെട്ടു. കോഴിക്കോട് സ്വദേശിയാണ്. കബ്ബഹള്ളിയിൽ കൃഷി നടത്തുകയാണു ഷഫീക്ക്. ഇരുനൂറ് ഏക്കർ സ്ഥലം സ്വന്തമായുള്ള കന്നഡക്കാരനെ അദ്ദേഹം പരിചയപ്പെടുത്തി. ‘മുതലാളി’യുടെ കൃഷിസ്ഥലത്ത് പൂക്കളും ഫലങ്ങളും ധാരാളം വിളഞ്ഞു നിൽക്കുന്നത് നേരിൽ കണ്ടു. പ്രകൃതി വാരിക്കോരി അനുഗ്രഹിച്ച സ്ഥലമാണ് ആ ഗ്രാമം. വൈകിട്ട് നാലു മണിയാകുമ്പോഴേക്കും ആകാശത്തു വെളിച്ചം മങ്ങും. അപ്പോൾ മുതൽ തണുപ്പാണ്. ആറാകുമ്പോഴേക്കും അർധ രാത്രിയായെന്നു തോന്നും വിധം ഇരുട്ടു പരക്കും. കബ്ബഹള്ളിയിലെ ഗ്രാമങ്ങളിലൂടെ രാത്രിയാത്ര രസകരമായ അനുഭവമാണ്.

തണുത്ത കാറ്റും അരണ്ട വെളിച്ചത്തിൽ പൂപ്പാടങ്ങളും സ്വപ്നതുല്യമായ ദൃശമായി അവതരിക്കുന്നു. മനസ്സിനെ മോഹിപ്പിച്ച ഭൂമിയിൽ ഒരു തുണ്ട് സ്വന്തമാക്കാൻ ആഗ്രഹമുണ്ടായപ്പോൾ വില അന്വേഷിച്ചു. ‘ഏക്കറിന് അഞ്ചു ലക്ഷം രൂപ’. ആവേശത്തോടെ പണവുമായി അങ്ങോട്ടു കുതിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ് – കൃഷി ആവശ്യങ്ങൾക്കു മാത്രമേ സ്ഥലം ലഭിക്കൂ. മറ്റു നിർമാണ പ്രവർത്തികൾക്ക് അനുമതിയില്ല.

ADVERTISEMENT
ADVERTISEMENT