ADVERTISEMENT

മൗണ്ട് കിളിമഞ്ജാരോ, മൗണ്ട് എവറസ്റ്റ്, ഡെനാലി, എൽബ്രുസ്, മൗണ്ട് വിൻസൻ, അകൻകാഗ്വ, മൗണ്ട് കോസിയാസ്കോ... ഏഴ് പർവതങ്ങൾ ഭൂമിയുടെ ഏഴ് ഭാഗത്താണെന്ന് മാത്രമല്ല ഏഴ് വൻകരകളിലെയും വലിയ കൊടുമുടികൾ കൂടിയാണ്. ഇവ ഏഴിന്റെയും മുകളിലെത്തിയവർ ഏകദേശം 500 പേർ മാത്രമേയുള്ളു.അക്കൂട്ടത്തിൽ ഒരു മലയാളിയുണ്ട്, പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശി ഷെയ്ഖ് ഹസൻ ഖാൻ. സെവൻ സമ്മിറ്റ്സ് എന്ന നേട്ടത്തിനു ശേഷം അടുത്ത സഞ്ചാരങ്ങളിലേക്ക് കടക്കും മുൻപ് ഷെയ്ഖ് ഹസൻ പർവതാരോഹണ വിശേഷങ്ങൾ പങ്കിടുന്നു.

ഡാർജിലിങ് തിരിവ്

ഡാർജിലിങ് ട്രിപ്പാണ് പർവതങ്ങളിലേക്ക് എന്റെ വഴിതിരിച്ചതെന്ന് പറയാം. അതിനു നിമിത്തമായതാകട്ടെ സംസ്ഥാന സർക്കാർ ഉദ്യോഗത്തിലിരിക്കെ ഡെൽഹി കേരളാ ഹൗസിൽ ഡെപ്യൂട്ടേഷൻ കിട്ടിയതും. അവധി കിട്ടിയാൽ അപ്പോൾ എവിടേക്കെങ്കിലും പോകും. ആ സഞ്ചാരങ്ങളിലൊന്നിൽ പശ്ചിമ ബംഗാളിലെ ഡാർജിലിങ് സൂ സന്ദർശിക്കുമ്പോഴാണ് ഹിമാലയൻ മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് കാണുന്നത്. അന്വേഷിച്ചപ്പോൾ 1954 ൽ ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ ആരംഭിച്ച, പർവതാരോഹണ പരിശീലന സ്ഥാപനമാണെന്ന് അറിഞ്ഞു. മാത്രമല്ല, ആദ്യമായി എവറസ്റ്റ് കയറിയ ടെൻസിങ് ഷെർപ ഈ സ്ഥാപനത്തിന്റെ തുടക്കകാല ഫീൽഡ് ഇൻസ്ട്രക്ടറും ആയിരുന്നു എന്നറിഞ്ഞു. എച്ച് എം ഐയിൽ മൗണ്ടിങ് വാൾ ഉണ്ട്. മുപ്പത് രൂപ കൊടുത്താൽ അവിടെ നമുക്ക് മല കയറുന്നതുപോലെ മുകളിലേക്ക് പിടിച്ച് കയറാം. അതു രസകരമായി തോന്നി.

മലകയറ്റം പഠിക്കാൻ പക്ഷേ, അപ്പോൾ ആ സ്ഥാപനത്തിൽ സീറ്റ് ഒഴിവില്ല. പിന്നെ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ വന്നു. അവിടത്തെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിൽ ബേസിക് കോഴ്സിന് ചേർന്നു. ഏറ്റവും അടിസ്ഥാന കാര്യങ്ങളായ റോക്ക് റാഫ്റ്റിങ്ങും ഐസ് റാഫ്റ്റിങ്ങും സ്നോ റാഫ്റ്റിങ്ങും പരിചയപ്പെട്ടു. പരിശീലനത്തിന്റെ ഭാഗമായി ഹിമാലയത്തിന്റെ മഞ്ഞുമൂടിയ പ്രദേശങ്ങളിലും ഗ്ലേഷിയറുകളിലുമൊക്കെ പോയതോടെയാണ് പർവതാരോഹണത്തിന്റെ ത്രിൽ മനസ്സിലാകുന്നത്. വിസ്മയിപ്പിക്കുന്ന ഏഴ് ഇന്ത്യയിൽ ഒട്ടേറെ കൊടുമുടികൾ കയറിയിട്ടുണ്ട്.

shaikhhasankhan3
കിളിമഞ്ചാരോ കൊടുമുടിയും പർവതാരോഹകരുടെ ടെന്റുകളും

വിദേശത്തെ ആദ്യ പർവതാരോഹണം 2021ൽ മൗണ്ട് കിളിമഞ്ചാരോ ആയിരുന്നു, ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവതം. തൊട്ടടുത്ത വർഷം ഏഷ്യയിലെ മാത്രമല്ല ലോകത്തെ തന്നെ വലിയ കൊടുമുടിയായ എവറസ്റ്റിന്റെ മുകളിലെത്തി. 2023 ജൂണിൽ വടക്കേ അമേരിക്കയിലെ ഉയരമേറിയ പർവതം ഡെനാലി, ആ വർഷം സെപ്റ്റംബറിൽ സെവൻ സമ്മിറ്റിലെ യൂറോപ്യൻ അംഗമായ റഷ്യയിലെ എൽബ്രുസ്, ഡിസംബറിൽ അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ എന്നീ പര്‍വതാരോഹണങ്ങൾ പൂർത്തിയാക്കി. 2024 ജനുവരിയിലാണ് തെക്കേ അമേരിക്കയിൽ അർജന്റിയിലെ അകൻകാഗ്വയുടെ മുകളിലെത്തിയത്. പിന്നെയുള്ളത് ഓസ്ട്രേലിയയിലെ ഹൈയസ്റ്റ് പീക്കായ മൗണ്ട് കോസിയാസ്കോ ആണ്, അവിടത്തെ വേനൽക്കാലത്താണ് അതിന്റെ ക്ലൈംബിങ് സീസൺ. അതുകൊണ്ട് 2024 നവംബർ വരെ കാത്തിരുന്നു സെവൻ സമ്മിറ്റ് എന്ന അപൂർവ നേട്ടത്തിലേക്ക് ചുവടു വയ്ക്കാൻ.

സെവൻ സമ്മിറ്റ്സിൽ ഏറ്റവും വെല്ലുവിളി എവറസ്റ്റ് തന്നെയായിരുന്നു. 50 ദിവസത്തെ എക്സ്പഡിഷനിൽ ആദ്യപരിശീലന ദിവസങ്ങളിൽ തന്നെ ന്യുമോണിയയും ശ്വാസകോശത്തിൽ നീർക്കെട്ടും പിടിച്ച എന്നെ എക്സപഡിഷൻ സംഘം തിരിച്ച് വിട്ടു. ആരോഗ്യം വീണ്ടെടുക്കാൻ താഴെ നാംചെ ബസാർ എന്ന ഗ്രാമത്തിൽ താമസിക്കുമ്പോഴാണ് ഞങ്ങളുടെ സംഘം സമ്മിറ്റ് ക്ലൈംബ് തുടങ്ങാൻ തയാറെടുക്കുന്ന വിവരം അറിഞ്ഞത്. ഉടനെ ഞാൻ അവിടുന്ന് ബെയ്സ് ക്യാംപിലേക്ക് ഓടി. 2022 ൽ സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ ലോകത്ത് ഏറ്റവും വലിയ ദേശീയ പതാക എവറസ്റ്റ് കൊടുമുടിയിൽ ഉയർത്തുക എന്ന ലക്ഷ്യം നേടണമെങ്കിൽ ആ വർഷം തന്നെ സമ്മിറ്റ് ചെയ്തേ പറ്റു. ആ ലക്ഷ്യം കൈവരിക്കാനുള്ള വാശികൊണ്ട് മാത്രമാണ് സംഘം എന്നെക്കൂട്ടാൻ അനുവദിക്കുന്നത്.

എവറസ്റ്റ് പ്രചോദനം

നാൽപത് ലക്ഷം രൂപ വരുന്ന മിനിമം ബജറ്റിൽ, ഏറ്റവും അത്യാവശ്യ സൗകര്യങ്ങൾ മാത്രമുള്ള പായ്ക്കേജിലാണ് ഏഷ്യൻ ട്രെക്ക് എന്ന സംഘത്തോടൊപ്പം ചേർന്നത്. മൂന്നാമത്തെ ക്യാംപ് മുതൽ തന്നെ ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. എന്റെ ഷെർപ സിലിണ്ടറിന്റെ വാൽവ് കുറച്ച് കൂടുതൽ തുറന്നു വച്ചിരുന്നു. ഓക്സിജൻ സുലഭമായി കിട്ടിക്കൊണ്ടിരുന്നതിനാൽ ഒരുതരം ഹാലൂസിനേറ്റഡ് അവസ്ഥയിലെന്നപോലെ ഞാൻ കയറിക്കൊണ്ടിരുന്നു.

shaikhhasankhan2
ഷെയ്ഖ് ഹസൻ എവറസ്റ്റ് കൊടുമുടിയിൽ (ഇടതു വശത്തെ ചിത്രം )

സമ്മിറ്റിന് 20 മീറ്റർ താഴെ വച്ച് ഓക്സിജൻ സിലിണ്ടർ കാലിയായി. അതോടുകൂടി ശ്വാസകോശം കൊളാപ്സാകുന്ന അവസ്ഥയിലായി. താഴെ നിന്ന് വരുന്നവർക്കൊന്നും എന്നെ ഹെൽപ് ചെയ്യാൻ സാധിക്കുന്നില്ല. എന്റെ ഷെർപയെ കാണുന്നില്ല. ഭാഗ്യത്തിന് താഴേക്ക് ഇറങ്ങി വന്ന ഒരു ഷെർപ തന്റെ സിലണ്ടർ എനിക്ക് കണക്റ്റ് ചെയ്ത് തന്നു. വീണ്ടും മുകളിലേക്ക് കയറവേ ഹിലാരി സ്റ്റെപ്പിന് സമീപം ഉരുണ്ട് വീണ് എന്റെ ഷൂസിലെ ക്രാംപ് ഓൺ ഒടിഞ്ഞ് തെറിച്ചു പോയി. കാലങ്ങളായി അടിഞ്ഞ് കട്ടിപിടിച്ച ഐസിൽ നമ്മെ നടക്കാൻ സഹായിക്കുന്നത് ക്രാംപ് ഓൺ ആണ്. അല്ലെങ്കിൽ കാലുറപ്പിക്കാനാകാതെ തെന്നിപ്പോകും. രണ്ട് മണിക്കൂറോളം ഓരോ മിനിറ്റിലും സ്വയം പ്രചോദിപ്പിച്ച് ഏന്തിവലിഞ്ഞ് മുടന്തി ചുമച്ച് മുകളിലെത്തി. അത് നൽകിയ പ്രചോദനവും ആത്മവിശ്വാസവും ഏറെ വലുതായിരുന്നു.

സാഹസം ഡെനാലി

എവറസ്റ്റിനെക്കാളും അപകടകരമായിരുന്നു ഡെനാലി പർവതം. യഥാർഥ പർവതാരോഹകർക്ക് മാത്രമേ അത് കയറാൻ സാധിക്കൂ. അവിടെ ഷെർപകളൊന്നുമില്ല, നമ്മൾ ഒറ്റയ്ക്ക് സാധനങ്ങളെല്ലാം കൊണ്ടുപോകണം. നാൽപത് കിലോയാളം ഭാരം എടുത്താണ് 21 ദിവസം എക്സ്പഡിഷൻ നടത്തുന്നത്. സ്വയം ടെന്റ് അടിക്കണം, വലിയ ഐസ് കട്ടകൾ വെട്ടിയെടുത്ത് ടെന്റിനു ചുറ്റും വിൻഡ് ഷീൽഡ് കെട്ടണം, പാചകം ചെയ്യണം...

shaikhhasankhan6
ഡെനാലി കൊടുമുടി

പർവതാരോഹണ സമയത്ത് നാലുപേർ സംഘം ചേർന്ന് പരസ്പരം റോപ് വച്ച് കെട്ടും. എന്നിട്ട് അഞ്ച് മീറ്റർ അകലത്തിൽ വരിയായി നടന്നാണ് കയറുക. കാരണം ഐസ്പാളികൾക്ക് ഇടയിൽ അഗാധമായ ഗർത്തങ്ങളും കുഴികളും ഒട്ടേറെയുണ്ട് ആ പാതയിൽ. ആരെങ്കിലും ഒരാൾ കുഴിയിൽ വീണാൽ മറ്റുള്ളവർ ചേർന്ന് അയാളെ വലിച്ചു കയറ്റാനാകും. അറസ്റ്റ് ചെയ്യുക എന്നാണ് അതിനു പറയുന്നത്.

79 ഡിഗ്രി നോർത്തിൽ ആണ് ഡെനാലി പർവതനിര. ഞങ്ങൾ അവിടത്തെ വേനലിലാണ് ചെല്ലുന്നത്. അപ്പോൾ രാത്രി എന്നൊന്ന് ഇല്ല. സൂര്യൻ അസ്തമിക്കില്ല, അതുകൊണ്ട് ഉറക്കം വരാതെയും നാം ബുദ്ധിമുട്ടും.

ഞങ്ങൾ സമ്മിറ്റ് ചെയ്ത് തിരിച്ചിറങ്ങവേ അന്തരീക്ഷ താപം മൈനസ് 51 ഡിഗ്രി സെൽഷ്യസിൽ എത്തി, കൂടെ സഞ്ചരിച്ച അമേരിക്കക്കാരൻ ഫ്രോസ്റ്റ് ബൈറ്റ് ബാധിതനായി. തിരിച്ചു വരുന്ന വഴിയിൽ രണ്ട് തവണ ഞാൻ അഗാധമായ ഗർത്തങ്ങളിലേക്ക് വീണുപോയിരുന്നു.

shaikhhasankhan7
ഡെനാലി ട്രെക്കിങ് പാതയിലെ ക്യാംപ്

വീണ്ടും പോകാൻ ആഗ്രഹിക്കുന്ന കൊടുമുടിയാണ് ഡെനാലി. രണ്ടാമത്തെ എക്സ്പഡിഷൻ സാഹസികതയുടെ പരകോടി എന്നു തന്നെ പറയാവുന്ന വിധമായിരുന്നു. പർവതം ഇറങ്ങി തിരിച്ചുവരാനാകില്ല എന്ന് ഉറപ്പിച്ച ദിവസങ്ങൾ. എന്നാൽ ഒരു സാറ്റലൈറ്റ് ഫോൺ സന്ദേശത്തിനൊപ്പം അധികൃതർ ജാഗ്രതയോടെ പ്രവർത്തിക്കുകയും നോർത്ത് അമേരിക്കൻ ഒഫിഷ്യലുകൾ സഹായത്തിനെത്തുകയും ചെയ്തതോടെ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. എങ്കിലും സെവൻ സമ്മിറ്റ്സിൽ ഡെനാലിക്ക് എന്റെ മനസ്സിൽ വേറിട്ട സ്ഥാനമുണ്ട്.

മുണ്ടുടുത്ത് കൊടുമുടിയിൽ

അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൻ ആയിരുന്നു മറ്റൊരു ക്ലേശകരമായ ക്ലൈംബ്. 18 ദിവസത്തെ എക്സപഡിഷന് ചിലെയിൽ നിന്ന് വിമാനം ചാർട്ട് ചെയ്ത് വേണം ബെയ്സ്ക്യാംപിൽ എത്താൻ. അവിടെ എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടായാൽ ചികിത്സപോലും കിട്ടാൻ സാധ്യതയില്ല. ഐസ് പാളികളിൽക്കൂടി സാധനങ്ങൾ സ്ലെഡ്ജ് ചെയ്താണ് കൊണ്ടുപോയത്. അവിടെ സമ്മിറ്റ് ചെയ്ത്

shaikhhasankhan4
എൽബ്രുസ് ന്‌ മുകളിൽ (ഇടതു വശത്തു). വലതു ഓസ്ട്രേലിയയിലെ കോസിയാസ്കോ പർവതത്തിൽ

ഫോട്ടോ പകർത്താൻ 30 സെക്കൻഡ് ഗ്ലൗസ് ഊരി മാറ്റിയപ്പോൾ എന്റെ വിരലുകളിൽ ഫ്രോസ്റ്റ് ബൈറ്റ് ബാധിച്ചു. കഠിനമായ തണുപ്പിൽ കോശങ്ങൾ നശിക്കുന്നതാണ് ഫ്രോസ്റ്റ് ബൈറ്റ് എന്ന രോഗം.

ഓസ്ട്രേലിയയിലെ കോസിയാസ്കോ പർവത്തിന്റെ സമ്മിറ്റിലേക്ക് മലയാളികളുടെ പരമ്പരാഗത വേഷമായ മുണ്ട് ഉടുത്താണ് മലകയറിയത്. ഏതെങ്കിലുമൊരു കൊടുമുടിയുടെ മുകളിൽ നമ്മുടെ നാടൻ വേഷത്തിൽ കയറണമെന്ന ആഗ്രഹത്തിൽ നിന്നാണ് അങ്ങനെയൊരു ആശയത്തിലെത്തിയത്. സെവൻ സമ്മിറ്റ്സ് നേട്ടം കൈവരിക്കുന്ന ആദ്യമലയാളി എന്ന ചരിത്രനേട്ടമൊന്നും കണക്കാക്കിയല്ല മലകൾ കയറിയത്. ഇതുവരെ ഏഴായിരത്തിലധികം ആളുകൾ ഏവറസ്റ്റ് കൊടുമുടിയിൽ വിജയകരമായി എത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാൽ അതിന്റെ പത്തിലൊന്ന് ആളുകൾ മാത്രമേ സെവൻ സമ്മിറ്റ് നേട്ടം കൈവരിച്ചിട്ടുള്ളു.

ഏഴ് കഴിഞ്ഞു, ഇനി 195

മലയാളികളെപ്പോലെ സമുദ്രനിരപ്പിനോട് അടുത്തുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ പർവതാരോഹണത്തിന് ഇറങ്ങുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി ഉയരങ്ങളോട് പൊരുത്തപ്പെടുക എന്നതാണ്. മഞ്ഞും തണുപ്പുമാണ് മറ്റൊരു കടമ്പ. പർവതാരോഹണത്തിന് തുനിയുന്നവർ ബേസിക് കോഴ്സ് എങ്കിലും ചെയ്തിട്ട് പുറപ്പെടുക എന്നതാണ് എന്റെ അഭിപ്രായം. അടിസ്ഥാന കാര്യങ്ങളും ഉപകരണങ്ങളും പരിചയപ്പെടുത്തുന്നതാണ് ബേസിക് കോഴ്സ്. പിന്നെ അഡ്വാൻസ്ഡ് കോഴ്സും സെർച്ച് ആൻഡ് റെസ്ക്യൂ കോഴ്സും ഉണ്ട്. ഇത് മൂന്നും വിജയകരമായി പൂർത്തിയാക്കിയിട്ടാണ് ഞാൻ പർവത വഴിയിലൂടെ മുന്നേറുന്നത്. ഓരോ എക്സ്പഡിഷനിലും വിദേശികൾ എത്തുമ്പോൾ അവർ നടത്തുന്ന തയാറെടുപ്പുകൾ നമ്മെ അദ്ഭുതപ്പെടുത്തും. പരിശീലനം നേടുന്നതിലൂടെ വിഷമകരമായ സാഹചര്യങ്ങൾ പരിഭ്രാന്തിയില്ലാതെ നേരിടാൻ മാനസികകരുത്ത് കിട്ടും എന്നതാണ് പ്രത്യേകത.

shaikhhasankhan8
എവറസ്റ്റ് ബെയ്സ് ക്യാംപിൽ

നേപ്പാളിലെ എവറസ്റ്റ്  ബെയ്സ്ക്യാംപിലേക്കുള്ള ട്രെക്കിങ് ആണ് ഷെയ്ഖ് ഹസൻ ഖാന്റെ ഹോബി എന്നു പറയാം. എന്തെങ്കിലും ഒരു ലക്ഷ്യമുണ്ടെങ്കിലേ ദിവസവും ഉണർന്നെഴുന്നേൽക്കുമ്പോൾ ഉൻമേഷമുണ്ടാകൂ എന്ന പക്ഷക്കാരനാണ് ഷെയ്ഖ് ഹസൻ. ഡാർജിലിങ്ങിലെ ഇൻസ്റ്റിറ്റ്യൂട്ട് കണ്ടപ്പോൾ മൗണ്ടനീയറിങ് കോഴ്സ് പഠിക്കുക എന്ന ലക്ഷ്യം വച്ചു. അത് നേടിയപ്പോൾ എവറസ്റ്റ് ഉന്നമാക്കി, പിന്നെ സെവൻ സമ്മിറ്റ്സ്. 195 ലോകരാജ്യങ്ങളിലെയും ഉയരമേറിയ ഇടങ്ങളിലെത്തുക എന്നതാണ് സ്വയം നിശ്ചയിച്ച അടുത്തലക്ഷ്യം. അതേ, ഷെയ്ഖ് ഹസന്റെ മുൻപിൽ കൊടുമുടികൾ അവസാനിക്കുന്നില്ല. ഒരു നേട്ടത്തിന്റെ കൊടുമുടിയിൽ നിന്ന് മറ്റൊരു നേട്ടത്തിന്റെ മുകളിലേക്കുള്ള ക്ലൈംബ് ആണ് ഓരോ പർവതാരോഹണവും...

ADVERTISEMENT