ADVERTISEMENT

മഞ്ഞിന്റെ പുതപ്പണിഞ്ഞ മലഞ്ചെരുവുകൾക്കിടയിൽ, ദേവദാരു മരങ്ങളുടെ പച്ചപ്പ്. ഉത്തരാഖണ്ഡിലെ യാത്രയുടെ രണ്ടാം ദിനമാണ് ഓലി കാണാൻ ഇറങ്ങുന്നത്. സ്കീയിങ് കേന്ദ്രങ്ങളുടെ പേരിൽ ലോക ശ്രദ്ധ നേടിയ സ്ഥലമാണ് ഓലി. പുൽമേട് എന്നർഥം വരുന്ന ബുഗ്യാൽ എന്നൊരു പേരു കൂടി ഓലിയ്ക്കുണ്ട്. ആപ്പിൽത്തോട്ടങ്ങളും ദേവദാരു നിറഞ്ഞ വനങ്ങളുമാണ് ഓലി മലനിരയെ കൂടുതൽ സുന്ദരിയാക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2800 മീറ്റർ ഉയരത്തിലാണ് ഓലി സ്ഥിതി ചെയ്യുന്നത്. അതായത് ഹൈന്ദവവിശ്വാസികളുടെ തീർഥാടന കേന്ദ്രമായ ബദരിനാഥിലേക്കുള്ള വഴിയേ.

auli

ഏഷ്യയിലെ തന്നെ ഏറ്റവും ദൈർഘ്യമുള്ള കേബിൾ കാർ യാത്രയാണ് ഓലിയിലുള്ളത്. ജോഷിമഠിൽ നിന്ന് ഓലിഗൊണ്ടോള വരെ ഉദ്ദേശം നാല് കിലോമീറ്റർ ദൂരത്തിലാണ് കേബിൾകാർ യാത്ര...കേട്ടതിനേക്കാൾ കൂടുതലാണ് ഓലിയിലെ കാഴ്ചകൾ. ഒരിക്കലെങ്കിലും കാണണം എന്നുറപ്പിക്കാൻ മറ്റെന്ത് വേണം. പല തവണ ചിത്രങ്ങളിലൂടെ കണ്ട ഓലിയുടെ മനോഹാരിതയിലേക്കാണ് ഈ യാത്ര...

ADVERTISEMENT

ഓലിയിലെ പച്ചപ്പിലേക്ക് ഒരു കാർ യാത്ര

auli3

രുദ്രപ്രയാഗിലെ ഷാൻഗ്രില ഹോട്ടലിന്റെ പോർട്ടിക്കോയിൽ ലഗേജുമായി കാത്തിരിപ്പ് തുടങ്ങിയിട്ട് അരമണിക്കൂറായി. തലേന്നുരാത്രിയിൽ സംസാരിച്ചപ്പോൾ ഡ്രൈവർ മോനുഖാനോട് രാവിലെ ഒൻപത് മണിക്ക് പുറപ്പെട്ടാൽ മതിയെന്നു പറഞ്ഞിരുന്നു. അതുകൊണ്ട് അയാളെ കുറ്റം പറയാൻ പറ്റില്ല. ഹിമാലയത്തിൽ ഒരൽപം നേരത്തെ വെയിൽ പരക്കുന്നതിനാൽ പ്രതീക്ഷിച്ചതിലും വേഗം ഉണർന്നു. അതാണിങ്ങനെ സംഭവിച്ചത്. ചെരിവിനപ്പുറം അളകനന്ദ, കെട്ടുപൊട്ടിച്ച് പായുന്ന മൃഗത്തെ പോലെ അലറിവിളിച്ച്, കുതറിത്തെറിച്ച് താഴേക്ക് ഒഴുകുന്ന ശബ്ദം കേൾക്കാം. സമയം 9 മണി. ഇളം നീല യൂണിഫോം ധരിച്ച് മോനുഖാൻ കൃത്യസമയത്ത് എത്തി. അധികം വൈകാതെ വണ്ടി പുറപ്പെട്ടു. ഓലി എന്ന സ്വപ്നത്തിലേക്ക്... പാതയ്ക്ക് സമാന്തരമായി തന്നെയാണ് അളകാനന്ദയുടെ ഒഴുക്ക്.

ADVERTISEMENT

പലപ്പോഴും നദിയ്ക്കപ്പുറം പർവതത്തിന്റെ ചെരിവിലായി, ചില ഗ്രാമങ്ങൾ കാണാം. ഓരോ ഗ്രാമവും ഓരോ കാഴ്ചയാണ്. തിരക്കുപിടിച്ച ജീവിതത്തിന്റെ അസ്വസ്ഥതകളെ പുഴയിലേക്കെറിഞ്ഞ് അതിലൊരു ഗ്രാമത്തിൽ താമസിക്കുന്നതിനേ കുറിച്ച് വെറുതെ ആലോചിച്ചു. വെയിലിന് തീപിടിക്കും മുമ്പ് വണ്ടി ജോഷിമഠിലേക്കുള്ള കുന്നുകയറി. ജനത്തിരക്ക് നന്നേ കുറവ്. ഓലിയിലേക്കാണ് യാത്ര. ബദരീനാഥിലേക്കുള്ള യാത്രയിൽ ഒരിക്കലും നഷ്ടപ്പെടുത്താൻ കഴിയാത്ത ഒന്ന്. നന്ദാദേവി ദേശീയ ഉദ്യാനത്തിലെ മനോഹരമായ ഹിൽേസ്റ്റഷനാണ് ഓലി. ജോഷിമഠിൽ നിന്നും പതിനഞ്ച് കിലോമീറ്റർ അകലെ.

aulinew2

ഇന്ത്യയുടെ സ്കീയിങ് ക്യാപ്പിറ്റൽ എന്നറിയപ്പെടുന്ന മനോഹരമായ മഞ്ഞുകാല വിനോദകേന്ദ്രമാണിത്. വിന്ററിൽ ഈ മലഞ്ചെരിവ് മുഴുവൻ മഞ്ഞിൽ പുതഞ്ഞുകിടക്കും. പിന്നെ സഞ്ചാരികളുടെ കുത്തൊഴുക്കാണ്. സ്കീയിങ്, സ്കേറ്റിങ്, സ്ലെഡ്ജിങ്, മറ്റു മോട്ടോർ വാഹനവിനോദങ്ങൾ...തുടങ്ങി സഞ്ചാരികളുടെ ആഹ്ലാദത്തിന്റെ തലം ഹിമാലയം പോലെ ഉയരുന്ന മഞ്ഞുകാലം. കുന്നുകളുടെ ഈ ചെരിവ് തന്നെയാണ് സ്കീയിങ് അഭ്യാസികൾ ഇവിടെ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.

ADVERTISEMENT

കുന്നിൻ മുകളിലെ കൃത്രിമ തടാകം.

aulineww2

മഞ്ഞുകാലത്ത് ഓലിയ്ക്ക് മറ്റൊരു മുഖമാണ്. ചുറ്റും കാണുന്ന കാടിനെ വിഴുങ്ങി മഞ്ഞുമലകൾ നയിക്കുന്ന ധവളവിപ്ലവമാണ് ഓരോ മഞ്ഞുകാലവും എന്നൊക്കെ പറയാം. കോണിഫെറസ് മരങ്ങളിൽ മഞ്ഞുപെയ്തുനിറയുന്നതും മനോഹരമായ ഒരു കാഴ്ചതന്നെ.

aulineww3

പിരമിഡുകൾ പോലെ ഉയർന്നുനിൽക്കുന്ന കുന്നുകൾ മഞ്ഞിൽപൊതിഞ്ഞ് ചുറ്റും കൂട്ടംകൂടി നിൽക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമിത തടാകമാണ് മറ്റൊരാകർഷണം. ഓലി സഞ്ചാരികൾക്കായി ഒരുക്കിവെച്ചിരിക്കുന്ന അടയാളങ്ങളിലൊന്നാണത്. ഗർവാൾ റൈഫിൾസിന്റെ സൗത്ത് ബറ്റാലിയനെ ഗർവാൾ സ്കൗട്സ് എന്നാണറിയപ്പെടുക. ഗർവാൾ സ്കൗട്സിന്റെ അതിവിശാലമായ ക്യാമ്പ് ജോഷിമഠിന് മുകളിൽ മലഞ്ചെരിവിലായി സ്ഥിതിചെയ്യുന്നു. വിശാലമായ മിലിട്ടറി ക്യാമ്പിനുള്ളിലെ ടാർവഴിയിലൂടെയാണ് വണ്ടിപോയ്ക്കൊണ്ടിരുന്നത്.

aauli2

നന്ദാദേവീ നാഷണൽ പാർക്കിന്റെ ഭാഗമായ ഗോർസൺ റിസർവ് ഫോറസ്റ്റിലൂടെയുള്ള സുന്ദരമായ യാത്ര. അപൂർവയിനം ഹിമാലയൻ വന്യജീവികളെ കണ്ടുവരുന്ന വനമേഖലയാണിത്. മഞ്ഞുപുലികൾ, കസ്തൂരിമാൻ, കഴുതപ്പുലി, കാട്ടുപൂച്ച, ചെന്നായ, കുറുക്കൻ, കരടി... അങ്ങനെ പട്ടിക നീളുന്നു. അടിക്കാട് തുരന്ന് കടന്നുപോകുന്ന പാത സുന്ദരമായ കാഴ്ചകളെ സമ്മാനിക്കുന്നു. ചുറ്റിലും കോണിഫെറസ് മരങ്ങൾ, ഓക്ക്, ദേവദാരു,പൈൻ, ബുറാഷ്... ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ നന്ദാദേവി കൊടുമുടി ഓലിയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ദുഷ്കരമായ കൊടുമുടി എന്ന വിശേഷണം കൂടിയുണ്ട് നന്ദാദേവി കൊടുമുടിയ്ക്ക്.

കേബിൾ കാറിൽ, ഒരിക്കൽ കൂടി ഓലി

aauli

വൃക്ഷത്തലപ്പുകൾക്ക് മീതെ ഇലകളെ തൊട്ട് ഏഷ്യയിലെ ഏറ്റവും വലിയ കേബിൾക്കാർ കുന്നുകയറിവരുന്നു. മഞ്ഞൊഴിഞ്ഞ മാസമായതിനാൽ ഓലിയിൽ നിറയെ പച്ചപ്പാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലം പലനിറങ്ങളിൽ ചെടികൾ പൂത്ത് താഴ്‌വരയിൽ വസന്തം നിറയ്ക്കുന്നു. ഏറെ അകലെയല്ലാത്ത വാലി ഓഫ് ഫ്ലവേഴ്സിൽ കാണുന്ന പലയിനം ചെടികൾ ഈ മലഞ്ചെരിവിൽ പൂത്തുനിൽക്കുന്നുണ്ട്.

ഒരു കിലോമീറ്റർ ദൂരത്തിൽ കുന്നിൻ മുകളിലേക്ക് പ്രൈവറ്റ് കമ്പനി നടത്തുന്ന ചെയർ ലിഫ്റ്റ് ഇവിടെ ലഭ്യമാണ്. അടച്ചുപൂട്ടലുകളില്ലാതെ ആകാശത്തിന്റെ തുറന്ന കാഴ്ചയാണത് സഞ്ചാരികൾക്ക് നൽകുന്നത്. മലഞ്ചെരിവിലൂടെ തുമ്പികളെപ്പോലെ പറന്നുനടക്കാം. ജോഷിമഠിലേക്ക് തിരിച്ചെത്തി. കേബിൾകാർ േസ്റ്റഷന് മുന്നിൽ മോനുഖാൻ വണ്ടിയൊതുക്കി. ഓലിയിലേക്ക് ഒരിക്കൽക്കൂടി യാത്ര ചെയ്യുന്നു. കേബിൾകാറിലാണ് ഈ യാത്ര. കേദാർനാഥിൽ ഹെലിക്കോപ്റ്റർ സർവീസ് നടത്തുന്ന GWVN തന്നെയാണ് ഇവിടെകേബിൾകാർ സർവീസും നടത്തുന്നത്. ഒരു കാറിൽ പതിനഞ്ചിലധികം യാത്രക്കാർക്ക് ഒരേ സമയം യാത്രചെയ്യാം.

aulinew3

ബസിനുള്ളിൽ എന്നപോലെ പുറം കാഴ്ചകൾ കണ്ട്,യാത്രചെയ്യാനുള്ള സൗകര്യമാണതിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നാല് കിലോമീറ്റർ ദൂരം, മലനിരയിൽ ഉറപ്പിച്ചിരിക്കുന്ന10 തൂണുകൾക്കിടയിൽ ഉറപ്പിച്ച കേബിളിലൂടെ 15 മിനുട്ട് ദൈർഘ്യമുള്ള യാത്ര.

കേബിൾകാറിലിരുന്നാൽ ഓലി ഇങ്ങനെ കാണാം...

aulineww3

ഒരു ഡസനോളമുള്ള ഗുജറാത്തി സംഘത്തോടൊപ്പം യാത്ര തുടങ്ങി. ജോഷിമഠിന്റെ മനോഹരമായ ദൃശ്യം താഴെ, മലഞ്ചെരിവുകളെല്ലാം പച്ചക്കുപ്പായം ധരിച്ച പോലെ... കാറ്റുചുറ്റി നടക്കുന്ന താഴ്‌വാരങ്ങൾ. പർവതങ്ങൾക്ക് മുകളിലൂടെ പറന്നുനടക്കും പോലെയാണ് കേബിൾകാർ യാത്ര. തട്ടുതട്ടായി അടുക്കിനിർത്തിയിരിക്കുന്ന പട്ടണത്തിന് മുകളിൽ പഞ്ഞിക്കെട്ടുകൾ പോലെ വെളുത്ത മേഘക്കൂട്ടങ്ങൾ പറന്നുനടക്കുന്നു.

aulinew

താഴെ,വീടുകൾ,കൃഷിയിടങ്ങൾ,സഞ്ചാരികൾക്കായി നിർമിച്ചിരിക്കുന്ന കോട്ടേജുകൾ, അതിന്റെ മുറ്റത്തെ ആപ്പിൾമരങ്ങൾ...തുടങ്ങിയവയെല്ലാം കാണാം. ഒന്നൊന്നായി പിന്നിടുന്നു. കാടിനുള്ളിലൂടെ വളഞ്ഞുപുളഞ്ഞ് കടന്നുപോകുന്ന പാത കേബിൾകാറിലിരുന്ന് കാണാൻ നല്ല രസം. കാടുകടന്ന ശേഷം കേബിൾ കാർ,ഒരു വലിയ പുൽമേടിന് മുകളിലൂടെ നീങ്ങിത്തുടങ്ങി. കുന്നിൻ മുകളിൽ േസ്റ്റഷൻ കാണുന്നുണ്ട്. േസ്റ്റഷനിലിറങ്ങി. നാല് കിലോമീറ്റർ താഴെയുള്ള ജോഷിമഠിലെ കാലാവസ്ഥയായിരുന്നില്ല അവിടെ. തണുപ്പ് ഉടലിനെ ചുറ്റിപ്പിടിക്കുന്നു. നിന്ന നിൽപ്പിൽ പെട്ടെന്ന് കോടമഞ്ഞ് ചുറ്റും മൂടി.

തൊട്ടടുത്ത് നിന്ന മനുഷ്യരെ പോലും മായാജാലം പോലെ നിമിഷ നേരത്തേക്ക് മായ്ച്ചുകളഞ്ഞു. പുറത്തെ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയാതെ േസ്റ്റഷനുള്ളിലേക്ക് കയറി. ചൂടുള്ള ചായയും, എരിവുള്ള പക്കോടയും കഴിച്ചു. മഞ്ഞുകാറ്റ് ശമിച്ചപ്പോൾ പുറത്തേക്കിറങ്ങി. താഴ്‌വരയുടെ ചിത്രങ്ങൾ പകർത്തി.കേബിൾ കാറിന്റെ േസ്റ്റഷന് മുകളിൽ പുൽമേടുകൾക്കപ്പുറം വീണ്ടും കാടു തുടങ്ങുന്നു. മലഞ്ചെരിവിൽ കുതിരക്കാർ സഞ്ചാരികളോട് കുതിരസവാരിക്കായി വിലപേശുന്നുണ്ട്. കാടിനുള്ളിൽ ട്രെക്കിങ്ങിനുള്ള സൗകര്യവും ലഭ്യമാണിവിടെ. സെപ്റ്റംബറിൽ ഓലി ഇങ്ങനെയെങ്കിൽ ഡിസംബറിലെ മഞ്ഞുകാലം എങ്ങനെയായിരിക്കും...! ഒരു നിമിഷം ചിന്തിച്ചു പോയി.

aulineww

താഴേക്കുള്ള യാത്ര തുടങ്ങി. താഴ്‌വരയെ ചുറ്റുന്ന മഞ്ഞുകാറ്റിന് മുകളിൽ തങ്ങിനിൽക്കുന്നൊരു മേൽക്കൂടു പോലെ ഓലി, പിന്നോട്ടു പിന്നോട്ട് മാഞ്ഞു.

ADVERTISEMENT