ADVERTISEMENT

ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ സഞ്ചരിച്ചാൽ എന്തു സംഭവിക്കും? ടിടിഇ വന്നു പിഴയിടുമെന്നല്ലേ മനസ്സിലുള്ള ഉത്തരം. എന്നാൽ ഈ ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ സഞ്ചരിക്കാം. പഞ്ചാബിലെ നംഗലിൽ നിന്നു ഹിമാചൽ പ്രദേശിലെ ഭക്രയിലേക്കുള്ള പൈതൃകട്രെയിനിൽ യാത്ര ചെയ്ത അനുഭവം ‘മനോരമ ട്രാവലറിനോടു’ പങ്കിടുകയാണു മലയാളികളായ മനുരാജ് പി.യും നവീൻചന്ദ്രനും ...

പൈതൃകത്തിന്റെ ട്രാക്കിലൂടെ...

ADVERTISEMENT

ടിക്കറ്റ് എടുക്കാതെ സൗജന്യമായി സഞ്ചരിക്കാവുന്ന ഒരു ട്രെയിൻ പഞ്ചാബിലുണ്ടെന്നു കേട്ടിരുന്നു. നംഗൽഡാം റെയിൽവേ സ്‌റ്റേഷനിൽ നിന്നാണു ട്രെയിൻ കയറേണ്ടതെന്നാണു ഞങ്ങൾ കരുതിയത്. അവിടെ എത്തിയശേഷമാണു ട്രെയിനിന്റെ തുടക്കം അവിടെ നിന്നല്ലെന്നു തിരിച്ചറിഞ്ഞത്. അങ്ങനെ ഞങ്ങൾ ഇടയ്ക്കുള്ള ലേബർഹട്ട് എന്ന സ്‌റ്റേഷനിലെത്തി.

BhakranangalTrain

തേടിനടന്ന ട്രെയിൻ അതാ മുന്നിൽ. വേറിട്ട ലുക്ക് ഉള്ള ട്രെയിനിന്റെ സീറ്റും ഡോറും എല്ലാം മരംകൊണ്ടാണ്. സഞ്ചാരികൾ തീരെ ഇല്ല. പഞ്ചാബിലെ നംഗലിൽ നിന്നു ഹിമാചൽ പ്രദേശിലെ ഭക്രയിലേക്ക് ആണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ഇന്ത്യൻ റെയിൽവേയുടെ കീഴിലല്ല, ഭക്ര ബീംസ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ ട്രെയിനും ട്രാക്കും.

ADVERTISEMENT

ഭക്ര നംഗൽ അണക്കെട്ടിന്റെ നിർമാണ കാലത്ത് തുടങ്ങിയതാണ് ഈ ട്രെയിനിലെ സൗജന്യയാത്ര. കാലങ്ങൾ കടന്നു പോയിട്ടും ഇപ്പോഴും അതേ നിലയിൽ പൈതൃക ട്രെയിൻ ആയി നിലനിർത്തുകയാണ്. കാടും സത്‌ലജ് നദിയും ചെറുപട്ടണങ്ങളും താണ്ടിയുള്ള യാത്ര അതിമനോഹരമാണ്. 13 കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ സഞ്ചരിക്കുക. ധാരാളം വിനോദസഞ്ചാരികൾ പൈതൃക ട്രെയിനിൽ സഞ്ചരിക്കാനായി എത്താറുണ്ട്.

ഒളിണ്ട എന്ന സ്റ്റേഷൻ വരെയേ സാധാരണക്കാർക്കു സഞ്ചരിക്കാനാകൂ. തുടർ‍ന്ന് ഡാമിന്റെ പ്രദേശത്തേക്ക് ഉദ്യോഗസ്ഥർക്കും പ്രത്യേക അനുമതി വാങ്ങിയവർക്കും മാത്രമേ പോകാൻ പറ്റു. അരമണിക്കൂറിനു ശേഷം തിരികെ വരുന്ന ട്രെയിനിൽ ‍ഞങ്ങൾ നംഗലിലേക്ക് മടങ്ങി.

ADVERTISEMENT
ADVERTISEMENT