ADVERTISEMENT

മൂന്നു വർഷം മുൻപ് ലഡാക്കിലേക്ക് ഹിച്ച്ഹൈക്കിങ് എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നിന്നു പുറപ്പെട്ട ചിത്രൻ നടന്നുതീർത്തത് കർണാടകവും ഗോവയും മഹാരാഷ്ട്രയും ഗുജറാത്തും രാജസ്ഥാനും ഡൽഹിയും കാശ്മീരും ഉത്തരാഖണ്ഡും ഹിമാചൽപ്രദേശും സിക്കിമും അരുണാചൽ പ്രദേശും. ശേഷം ഹിമാലയൻ രാജ്യമായ നേപ്പാളിലൂടെയും ദീർഘദൂരം സഞ്ചരിച്ചു. ആ അനുഭവസമ്പത്തുമായി യാത്രകളിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് ചിത്രൻ കേരളത്തിൽ തിരിച്ചെത്തി. നേരിട്ടെത്തി സ്വീകരിച്ച് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.

Chithran2

ക്യാംപിങ്ങ് സാധനങ്ങളും ഭക്ഷണം പാകം ചെയ്യാനുള്ള സാമഗ്രികളും പാത്രങ്ങളും ഗ്യാസ് സിലിണ്ടറും വെള്ളവും ഒക്കെ അടങ്ങുന്ന ഭാരം വഹിച്ച് ഹിമാലയത്തിലെ ഗ്രാമങ്ങളിലൂടെ ചിത്രൻ സഞ്ചരിച്ചതുപോലെ കടന്നു പോയിട്ടുള്ളവർ അത്യപൂർവമായിരിക്കും. അക്കൂട്ടത്തിലെ ചില അവിസ്മരണീയമായ ചില ഗ്രാമങ്ങളെപ്പറ്റിയും ഗ്രാമീണ അനുഭവങ്ങളും മനോരമ ട്രാവലർ വായനക്കാർക്കായി പങ്കിടുന്നു ചിത്രൻ.

ADVERTISEMENT

സ്വർഗമായി ലുബ്രാങ്

Chithrannw

സുഹൃത്തുക്കളേ, അരുണാചൽപ്രദേശിൽ യാക്ക് ഇടയൻമാരുടെ ഗ്രാമമുണ്ട്... ലുബ്രാങ്. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒമർ സാർ പറഞ്ഞിട്ടാണ് അദ്ദേഹത്തിന്റെ അസിസ്റ്റന്റായ പേമ എന്ന 22 കാരന്റെ ഈ ഗ്രാമത്തെപ്പറ്റി അറിയുന്നത്. വെസ്റ്റ് കാമങ് ജില്ലയിലാണ് ലുബ്രാങ്. പകുതിദൂരത്തോളം ഒമർ സാർ എന്നൊകൊണ്ടുവിടുകയും ചെയ്തു. പിന്നെ നന്നേ ചെരിയ വഴികളിലൂടെ സ്വർഗം പോലുള്ള ഗ്രാമത്തിലേക്ക് നടന്നു തുടങ്ങി.

ADVERTISEMENT

ലുബ്രാങ്ങിൽ പേമയുടെ വീട്ടിലേക്കാണ് ഞാൻ പോകുന്നത്. അത്യപൂർവമായി മാത്രമേ സഞ്ചാരികൾ ഇവിടെ എത്താറുള്ളു. കടുക് പാടങ്ങൾക്ക് നടുവിൽ അവരുടെ ചെറു ഗസ്റ്റ് ഹൌസ് പോലുള്ള കെട്ടിടത്തിൽ വെറും 350 രൂപയ്ക്ക് ആണ് താമസം.ഒരു സായാഹ്നമായി ഞാൻ അവിടെത്തിയപ്പോൾ.

മണ്ണും പലകയും ചേർത്താണ് വീട് നിർമിച്ചിരിക്കുന്നത്. രാത്രി മസാല തീരെ ഇല്ലാത്ത ഭക്ഷണം കഴിച്ച് ഉറങ്ങി. അടുത്ത ദിവസം ഉരുളക്കിഴങ്ങും മുള്ളങ്കിയും വളർത്തുന്ന പാടത്തേക്ക് ഇറങ്ങി. ബ്രോക്പ എന്നാണ് യാക്കിനെ വളർത്തുന്നവരെ വിളിക്കുന്നത്. ഇവർ ചൂടുകൂടുന്തോറും യാക്കുകളുമായി മുകളിൽ കൂടുതൽ തണുത്ത പ്രദേശങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കും.

ADVERTISEMENT

തണുപ്പിനെപ്പറ്റി പേമ പറഞ്ഞത് കേട്ടപ്പോൾ അൽപം ആശങ്ക തോന്നാതിരുന്നില്ല സുഹൃത്തുക്കളേ. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് അരയ്ക്കൊപ്പമൊക്കെ മഞ്ഞുവീണിരുന്നു അത്രേ. ഇപ്പോൾ അത് മുട്ടോളം മാത്രമായി കുറഞ്ഞു.

പകൽ ഗ്രാമങ്ങളിലൂടെ നടക്കുമ്പോൾ വീടുകളിലൊന്നും ആളുകളില്ല... എല്ലാവരും കൃഷിയിടങ്ങളിലേക്ക് പോയിരിക്കുന്നു. അവിടെ കണ്ടവർ ആരും തന്നെ ഞാൻ ആരാണെന്നോ എന്തിന് ഇങ്ങനെ നടക്കുന്നു എന്നോ ഒന്നും അന്വേഷിച്ചില്ല. ആകെ എവിടെ നിന്ന് വരുന്നു എന്ന് മാത്രം ചോദിച്ചു. ആ മനുഷ്യരുടെയൊന്നും മനസ്സിൽ ഒരുവിധത്തിലുള്ള കള്ളവുമില്ല. ഈ വീടുകളിലെ സാധനങ്ങളൊന്നും ഒരാൾ പോലും എടുത്തോണ്ട് പോകില്ല.

തവാങ് പാതയിലെ സേലാ പാസിനു സമീപമാണ് ലുബ്രാങ് ഗ്രാമം. ഇവിടെ നിന്ന് 150 കിലോമീറ്റർ സഞ്ചരിച്ചാൽ ചൈന, ഭൂട്ടാൻ അതിർത്തികളിലേക്ക് എത്താം. ഗോത്ര ഭാഷയായ മോൺപ ഭാഷയാണ് ഇവിടെ സംസാരിക്കുന്നത്. സന്ധ്യയായപ്പോളേക്ക് മഴ വീണു. തണുപ്പ് അതികഠിനമായി. വെളുപ്പിന് അഞ്ചരയ്ക്ക് ഉദയകിരണങ്ങൾ നിലന്തൊടുമ്പോൾ മുറിയിൽ നിന്ന് നോക്കിയാൽ കാണുന്ന സേലാ കൊടുമുടി പുതുമഞ്ഞ് പുതഞ്ഞ് കഴിഞ്ഞിരുന്നു.

Chithrannws2

ഇരുപതോളം വീടുകളുണ്ട് ലുബ്രാങ്ങിൽ. അതിലെ പുരുഷൻമാർ ഏറെയും യാക്കുകളുമായി പോകുന്ന ബ്രോക്പകളാണ്. തങ്ങൾക്കാവശ്യമായ പച്ചക്കറികൾ ഇവിടെ തന്നെ കൃഷി ചെയ്ത് എടുക്കും. യാക്കിന്റെ പാൽ ഉപയോഗിച്ച് ചീസ് നിർമിക്കും, അത് പുറത്ത് മാർക്കറ്റിൽ കൊണ്ടു വിൽക്കും.

ബുദ്ധമത വിശ്വാസികളായ ഗ്രാമീണർക്കായി ഗ്രാമത്തിൽ അവരുടെ ദേവാലയമായ ഗോംപയുമുണ്ട്. ഏതാനും ദിവസങ്ങൾ ലുബ്രാങ്ങിലെ കാഴ്ചകളും ജീവിതവും ആസ്വദിച്ച് പേമയുടെ ഗസ്റ്റ് ഹൌസിൽ തങ്ങിയതിനു ശേഷം അവിടെ നിന്ന് അൽപം മാറി ബ്രോക്സർതങ് ഗ്രാമത്തിലേക്ക് നീങ്ങി. യാക്ക് ചീസ് തയാറാക്കുന്ന മറ്റൊരു ഗ്രാമമാണ് ഇത്. നല്ല കട്ടിയുള്ള ചീസാണ് യാക്ക് സുർപി. കിലോയ്ക്ക് 700 രൂപ വരെയുണ്ട് ഇതിന് വില.

നടന്ന് മുൻപോട്ട് പോകവേ മറ്റൊരു വലിയ ഗ്രാമം കണ്ടു. കല്ലുകൾ അടുക്കി വച്ച്, ചെളിമണ്ണ് കുഴച്ച് തേച്ച് നിർമിച്ച വീടുകൾ. എന്നാൽ അവിടെ ആരും തന്നെ ഇപ്പോൾ ജീവിക്കുന്നില്ല. അവർ യാക്കുമായി ദിരാങ് എന്ന സ്ഥലത്തേക്ക് പോയിരിക്കുന്നു എന്നാണ് അറിഞ്ഞത്.

Chithran

പരവതാനിപോലെ പച്ചപ്പുല്ല് വിരിച്ച ഗ്രാമങ്ങളും യാക്കും പശുവും തുള്ളിക്കളിച്ച് നടക്കുന്ന വഴികളും ശാന്തിയുടെയും ആഹ്ലാദത്തിന്റെയും വിളനിലമാണ്. ഏറ്റവും ലളിതമായ രീതിയിൽ, സഹകരണത്തോടെ ജീവിക്കുന്ന ഗ്രാമവാസികൾ... പ്രകൃതിദത്തമായ സൌന്ദര്യം, സ്വർഗം എന്നൊക്കെ പറയുന്നത് ഈ പർവതഗ്രാമങ്ങൾ തന്നെയാണ്. ടൂറിസം ഗ്രാമമല്ലാത്തതിനാൽ തന്നെ ഇവിടേക്ക് വരാൻ പെർമിഷൻ ആവശ്യമാണ്. മൂന്നു ദിവസം ആ സ്വർഗത്തിൽ കഴിയാൻ സാധിച്ചു എന്നത് എന്റെ ജീവിതത്തിലെ വലിയൊരു കാര്യമാണെന്നു തന്നെ കരുതട്ടെ.

ഗ്ലേഷിയർ നിഴലിൽ നങ്യാൽ

Chithrannws3

സുഹൃത്തുക്കളെ, കഴിഞ്ഞ കുറേ മാസങ്ങൾക്കിടയിൽ ഞാൻ കണ്ട ഗ്രാമങ്ങളിൽ ഓരോന്നും എനിക്ക് പ്രിയപ്പെട്ടതു തന്നെ. എന്നാൽ അതിൽ അൽപം കൂടുതൽ പ്രിയപ്പെട്ട ഒന്നിനെപ്പറ്റി പറയാം. ആകാശത്തിന്റെ വെളുപ്പ് പടർന്നിറങ്ങിയതുപോലെ തൂവെള്ള മഞ്ഞ് കിരീടമായി അണിഞ്ഞ കൊടുമുടി. താഴെ പലനിറത്തിലുള്ള ചെറുപൂക്കൾ വിടർന്നു നിൽക്കുന്ന പുൽമേട്. അതിനപ്പുറത്താണ് മഞ്ഞിന്റെ കുളിർമയും പൂക്കളുടെ ശോഭയും ഒരുമിച്ച് ചേർന്ന ഒരുകൂട്ടം മനുഷ്യർ താമസിക്കുന്ന ഗ്രാമം. മാലാഖമാരുടെ ഗ്രാമം എന്നേ ഞാൻ ഇതിനെപ്പറ്റി പറയൂ.

ഇത് ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലെ നാഗ് ലിംഗ് എന്ന ഗ്രാമത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ നടന്നാണ് നങ്യാൽ എന്ന ഈ സ്ഥലത്ത് എത്തിയിരിക്കുന്നത്. ഹിന്ദിയോ ഇംഗ്ലിഷോ ഈ ഗ്രാമത്തിൽ കാര്യമായി പ്രയോജനപ്പെടില്ല. ധാർമയും ഭോട്ടിയയുമാണ് ഇവിടുത്തെ ഗ്രാമീണരുടെ ഭാഷ. സോളാർ കണക്ഷനാണ് വൈദ്യുതിക്ക് ആശ്രയം.

Chithrannw2

ഏകദേശം അഞ്ച് മണികഴിഞ്ഞു ഞാൻ ആ ഗ്രാമത്തിലേക്ക് എത്തുമ്പോൾ. ഗ്രാമവാസികൾ മല്ലിയും റയ് എന്ന പഹാഡി പച്ചക്കറിയുമൊക്കെ കഴുകി വൃത്തിയാക്കി അത്താഴം പാകം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. പുരുഷൻമാർ വിറക് അടുക്കുന്നു. ചെമ്മരിയാടുകളും കോഴികളുമൊക്കെ വീട്ടുകാരെപ്പോലെ തന്നെ മുറ്റത്ത് ഓടി നടക്കുന്നു.

ഗ്രാമത്തിൽ സർക്കാർ സ്ഥാപിച്ചിരിക്കുന്ന ഏക വൈഫൈ കണക്ഷൻ ഉണ്ട്, ഏതാനും ചെറുപ്പക്കാർ അവിടെ ഫോണുകളുമായി ഇരിക്കുന്നുണ്ട്. തണുപ്പ് കഠിനമായിത്തുടങ്ങിയിരുന്നു അപ്പോഴേക്ക്. ഈ ഗ്രാമീണർ രാത്രി ഒൻപതോടെ ഉറങ്ങാൻ കിടക്കും, പുലർച്ചെ അഞ്ചിന് അവരുടെ അടുത്ത ദിവസം ആരംഭിക്കും. മലമുകളിൽ ഉദയം നേരത്തേ വന്ന് വിളിക്കുമല്ലോ...

നങ്യാലിലെ ഏക ഹോട്ടൽ മഹാവീർ ധാബയാണ്, ഗംഭീർ സിങ്ങിന്റേത്. ഞാൻ ചെല്ലുമ്പോൾ അദ്ദേഹം ചൌമീൻ നൂഡിൽസ് വയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇവിടെ എത്തുന്ന സഞ്ചാരികളെ ഉദ്ദേശിച്ച് ഒന്നു രണ്ട് ഹോംസ്റ്റേകളും പ്രവർത്തിക്കുന്നുണ്ട്.

അന്ന് രാത്രി ഞാൻ ഭക്ഷണം കഴിച്ചത് മാൻസി നങ്യാലിന്റെ വീട്ടിലെ അതിഥിയായിട്ടായിരുന്നു. പരിപ്പും ചോറും റൈ സബ്ജിയും റൊട്ടിയുമൊക്കെയായി അന്നത്തെ അത്താഴം സ്വാദിഷ്ടമായിരുന്നു.

അടുത്ത ദിവസം രാവിലെ തന്നെ ഗ്രാമീണർ പശുക്കളെയും ആടുകളെയും മേയ്ക്കുന്ന പുൽമേട്ടിലേക്ക്, ബുഗ്യാലിലലേക്ക് നടന്നു കയറി. രാജുസിങ്ങിനെയും കുശാൽസിങ്ങിനെയും കണ്ടത് അവിടെ വച്ചാണ്. 200 ആടുകളെ മേയ്ച്ച് ആറുമാസത്തോളം ഹിമാലയ പുൽമേടുകളിൽ ജീവിക്കുന്നവരാണ് ഇവർ. കൂട്ടിന് ഭോട്ടിയ നായകളുമുണ്ട്. കരടിയുടെ ശല്യമുള്ള ഹിമാലയൻ താഴ്വരയിൽ ഈ പട്ടികൾ മാത്രമാണ് ഇവരുടെ സംരക്ഷണം. ഈ ഗ്രാമവാസികൾ തണുപ്പുകാലമെത്തുമ്പോൾ താഴെ ജില്ലാ കേന്ദ്രമായ ധാർച്ചുലയിലേക്ക് പോകും. പിന്നെ ആറ് മാസം അവിടെയാണ് ഇവരുടെ ജീവിതം.

രാജും ഭയ്യയും കുശാൽ സിങ്ങും ഇട്ടുകൊടുത്ത ഉപ്പ് തിന്നാനായി ചെമ്മരിയാടുകൾ ഓടുന്നതിനിടയിൽക്കൂടി ഞാനും നടന്നു നീങ്ങി.

ഭാങ്ങ് ചട്നി വിളമ്പിയ ഗ്രാമം

Chithran3

മലനിരകൾക്കിടയിൽ ചെറു ഗ്രാമം അതായിരുന്നു വെസ്റ്റേൺ നേപ്പാളിലെ അപി ഹിമാൽ ഗ്രാമത്തിലേക്കുള്ള വഴിയിലെ കണ്ടേശ്വർ എന്ന ഗ്രാമം. കല്ലുകൊണ്ട് പടുത്തുയർത്തി സ്ലേറ്റ് കല്ലുകൾ പാകിയ വീടുകൾക്കിടയിലൂടെയാണ് നടവഴികൾ കയറി മുകളിലേക്ക് പോകുന്നത്. 2000-3000 രൂപ വിലയുള്ള കോഴിയും രണ്ട് മുട്ടയുടെ ഓംലെറ്റിന് നൂറ് രൂപയുമൊക്കെയാണ് ഇവിടെ വില!

ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കാൻ സൌകര്യമുള്ള സ്കൂൾ ഈ ഗ്രാമത്തിലുണ്ട്. അവിടെ ലഭിച്ച ചായയിൽ തേയിലയ്ക്ക് പകരം മറ്റൊരു മരത്തിന്റെ പൊടിയാണ് ചേർക്കുന്നത്. അതീവ ആരോഗ്യദായകമാണ് അത്, എത്ര തണുപ്പിലും ശരീരം പെട്ടന്നു ചൂടുപിടിക്കുന്നു ആ ചായ ഒരു ഗ്ലാസ് കുടിക്കുന്നതോടെ.

കണ്ടേശ്വറിൽ നിന്ന് ഇറങ്ങി നടന്ന് ജുസ്കി ഗ്രാമത്തിലെത്തി. വഴിയിലെ ഗ്രാമവാസികളെല്ലാം പ്രണാം പറഞ്ഞു, ചിലർ വീട്ടിലേക്ക് ക്ഷണിച്ചു. ഒരു കുടുംബത്തിൽ ഭക്ഷണം വിളമ്പി, നമ്മുടെ പാൽപായസം പോലെ ഖീർ ആയിരുന്നു വയർ നിറയെ തന്നത്. ചോളപ്പാടങ്ങൾക്കിടയിലൂടെയായിരുന്നു നടപ്പ്.

അഞ്ചര മണിക്കൂർ നടന്ന് കുശാൽ ഗ്രാമത്തിൽ എത്തിയപ്പോൾ അവിടെയും ആഹാരത്തിന് ക്ഷണിച്ചു. താഴെ നിന്ന് ഗ്രാമപ്രഥാൻ വിളിച്ച് അറിയിച്ചിരുന്നു അത്രേ...

ഇവിടൊന്നും ഭക്ഷണത്തിനുള്ള ഒരു സാധനവും കടയിൽ നിന്ന് മേടിക്കാറില്ല. പറമ്പിൽ വിളയുന്നവ മാത്രം മതി ഗ്രാമീണരുടെ വിശപ്പടക്കാൻ. വലിയ കക്കിരിക്ക മുറിച്ചതും ചോറും ഭാങ്ങിന്റെ (കഞ്ചാവിന്റെ) കുരുകൊണ്ടുള്ള ചട്ണിയും ദാലും സബ്ജിയുമൊക്കെ വിളമ്പിയ തളിക എന്റെ മുൻപിലെത്തി. ഭാങ്ങിന്റെ കുരുവിന് ലഹരി അശേഷമില്ല, ഏറെ രുചികരമായിരുന്നു ഭാങ് ചട്ണി. ഏറെ രുചികരമായ ഊണും കഴിച്ച് ഹിമാലയ സഞ്ചാരത്തിന്റെ ലഹരിയിൽ ഉൻമത്തനായി ഞാൻ നടപ്പ് തുടർന്നു, അപി ഹിമാലയത്തിലേക്ക്....

പോഖ്റയിൽ നിന്ന് വാഹനത്തിലാണ് ഗണ്ഡ്രൂക് എന്ന നേപ്പാളി ഗ്രാമത്തിലേക്ക് ഞാനെത്തിയത്. അന്നപൂർണ ബെയ്സ് ക്യാംപ് വഴിയിലാണ് ഈ ഗ്രാമം. പുലർച്ചെ ഏഴ് മണിക്ക് നോക്കുമ്പോൾ അന്നപൂർണ ഹിമാലയവും മാച്രു പുഛ്റു കൊടുമുടിയുമൊക്കെ ഇളവെയിലിന്റെ സ്വർണശോഭയിൽ തിളങ്ങുന്നു. ഈ ഹിമാലയ നിരകളിലേക്ക് ട്രെക്കിങ്ങിനും മറ്റുമായി എത്തിയ വിനോദസഞ്ചാരികളുടെ തിരക്കുണ്ട് ഈ ഗ്രാമത്തിൽ.

ഗണ്ഡകി പ്രവിശ്യയിലെ കാഫ്കി ജില്ലയിലാണ് പോഖ്റയിൽ നിന്ന് 45 കിലോമീറ്റർ മാറിയുള്ള ഗാണ്ഡ്രുക്. ടൂറിസ്റ്റ് ലൊക്കേഷൻ ആയതുകൊണ്ട് ഇവിടെ പണത്തിന് പ്രാധാന്യം ഏറെയുണ്ട്. ടിക്ടോക് വിഡിയോ ഷൂട്ടിങ്ങുമായി ഉല്ലസിക്കുന്ന നാട്ടുകാരും ഏറെയുണ്ട്. അവർ പലരും പരമ്പരാഗത വേഷമാണ് അണിഞ്ഞിട്ടുള്ളത്.

വർണപതാകകൾ പാറിക്കളിക്കുന്ന, കരിങ്കൽ വീടുകളുള്ള, ഇളംകാറ്റ് തഴുകിപോകുന്ന, തണുപ്പുള്ള മനോഹരമായ ഗ്രാമം... ഇവിടെ വീടുകൾക്കിടയിൽ മതിലുകളില്ല, സ്നേഹംകൊണ്ടാകും ഇവർ അതിർവരമ്പുകൾ കെട്ടുന്നത്.

ADVERTISEMENT