Friday 05 July 2024 11:58 AM IST : By Anil Puthur

ചിലർ ഗോമൂത്രം കൈക്കുമ്പിളിലെടുത്ത് തളിക്കുന്നതു കണ്ടു; കാണിക്കയായി പണം നൽകി: ബ്രഹ്മക്ഷേത്രത്തിലെ വിശ്വാസ പാതകൾ.

1 brahma Photo: Anil Puthur

ട്രെയിൻ കുറ്റിപ്പുറം സ്‌റ്റേഷൻ കഴിഞ്ഞ് ഏതാനും കിലോമീറ്റർ പിന്നിട്ടു. തൊട്ടുത്ത സീറ്റിലെ സഹയാത്രികരിൽ ഒരാൾ വിദൂരതയിലേക്കു നോക്കി കൈകൂപ്പി. അദ്ദേഹം പതുക്കെ എന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു. അതു ബ്രഹ്മമന്ത്രമായിരുന്നു. അവിടെ എത്തിയപ്പോൾ കൈകൂപ്പി തൊഴുതതിന്റെ കാര്യം തിരക്കി.

സ്ഥലം തിരുനാവായയാണ്. പണ്ടു മാമാങ്കം നടന്നിരുന്ന ഭാരതപ്പുഴയുടെ തീരത്തുകൂടിയാണ് ട്രെയിൻ കടന്നു പോകുന്നത്. പുഴയുടെ അക്കരെ തവനൂരിൽ ബ്രഹ്മക്ഷേത്രമുണ്ട്. ‘‘ഈ വഴി കടന്നു പോകുമ്പോൾ മനസ്സർപ്പിച്ച് പ്രാർഥിക്കാറുണ്ട്’’ സഹയാത്രികൻ കാര്യം വ്യക്തമാക്കി. ഇന്ത്യയിലെ ആരാധനാലയങ്ങളിൽ ബ്രഹ്മക്ഷേത്രത്തിന് വിശ്വാസ പ്രകാരം വലിയ പ്രാധാന്യമുണ്ട്. അക്കൂട്ടത്തിൽ, കേരളത്തിലെ അറിയപ്പെടുന്ന ഒരു ക്ഷേത്രം തിരൂരിലാണ്.

തിരുവാതിര ആഘോഷിക്കുന്ന ധനുമാസത്തിലാണ് ആദ്യമായി മലപ്പുറം ജില്ലയിലെ തിരൂരിൽ എത്തിയത്. ത്രിമൂർത്തീസംഗമത്തെ തൊഴാനാണ് യാത്ര. പുഴയുടെ ഒരു കരയിൽ നാവാമുകുന്ദൻ, മറുകരയിൽ ബ്രഹ്മാവ്, ഏറെ അകലെയല്ലാതെ പരമശിവൻ – ഇതാണു ത്രിമൂർത്തീസംഗമം. ഭക്ത വിശ്വാസ പ്രകാരം വരം നൽകി അനുഗ്രഹിക്കുന്ന ദേവനാണ് ബ്രഹ്മാവ്. ബലിതർപ്പണക്കടവാണു നാവാമുകുന്ദന്റെ സന്നിധി. കൈപിടിച്ചു നടത്തുന്ന നാഥനാണ് പരമശിവൻ. ത്രിമൂർത്തീസംഗമങ്ങളിൽ ദർശനത്തിന് എത്തുന്നവരുടെ പ്രാർഥന ഇതൊക്കെത്തന്നെ.

ഐതിഹ്യങ്ങളാൽ സമ്പന്നമാണ് ഭാരതപ്പുഴയുടെ തീരം. ലോകത്തിന്റെ വിവിധ ദിക്കുകളിൽ നിന്നുള്ളവർ ഇവിടെയെത്തി പരേതർക്കു വേണ്ടി ബലിതർപ്പണം നടത്താറുണ്ട്. ബ്രഹ്മക്ഷേത്രത്തിലും അവർ എത്തുന്നു. നാലു മുഖങ്ങളുള്ള ഏകബ്രഹ്മക്ഷേത്രമാണു തവനൂരിനൂരിലേത്. കൊട്ടാരക്കരക്കു സമീപം തേവലപ്പുറം എന്ന സ്ഥലത്ത് ത്രിമൂർത്തിക്ഷേത്രമുണ്ട്. ഉപദേവതയായി തിരുവനന്തപുരത്തെ തിരുവല്ലത്തും, വയനാട്ടിലെ തിരുനെല്ലിയിലുമാണു മറ്റു ബ്രഹ്മ ക്ഷേത്രങ്ങൾ.

ഇതര സംസ്ഥാനങ്ങളിലെ ബ്രഹ്മക്ഷേത്രങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോൾ പ്രശസ്തമായ ആറു ക്ഷേത്രങ്ങളെക്കുറിച്ച് അറിഞ്ഞു.

തമിഴ്നാട്ടിലെ കുംഭകോണം ബ്രഹ്മക്ഷേത്രം, തിരുപ്പത്തൂരിലെ ബ്രഹ്മപുത്രീശ്വരക്ഷേത്രം, പനാജിയിലെ ബ്രഹ്മകർമലീമന്ദിർ, കുളുതാഴ്‌വയിലെ ആദിബ്രഹ്മക്ഷേത്രം,രാജസ്ഥാൻ ബാർമറിലെ അസോത്രബ്രഹ്മക്ഷേത്രം, രാജസ്ഥാനിലെ പുഷ്കറിലുള്ള ബ്രഹ്മക്ഷേത്രം. ഏറ്റവും പ്രശസ്തവും പഴക്കംചെന്നതുമായ ക്ഷേത്രമാണു പുഷ്കറിലേത്. മൂന്നു മുഖങ്ങളുള്ള വിഗ്രഹമാണ് ഇവിടുത്തെ പ്രത്യേകത. അവിടേക്കു യാത്ര പുറപ്പെട്ടു.

കാറ്റുവീശുന്ന കിളിവാതിൽ കൊട്ടാരം

ഞായറാഴ്ച വൈകിട്ട് ഏഴിനു പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ നാലു മണിയോടെ അജ്മേറിൽ എത്തുന്ന ട്രെയിനുണ്ട്. ഗോവ–വഡോദര വഴി നീളുന്ന യാത്രയ്ക്ക് മൂന്നു ദിവസം വേണം. രാജധാനി, നേത്രാവതി എക്സ്പ്രസ് ട്രെയിനുകളിൽ ഏതെങ്കിലുമൊന്നിൽ ഡൽഹിയിൽ പോയി അവിടെ നിന്നു അജ്മേറിലേക്കു തിരിക്കാമെന്നു കരുതിയപ്പോഴും പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിട്ടു.

സമയലാഭത്തിനായി ഒടുവിൽ യാത്ര വിമാനത്തിലാക്കി. ജയ്പുരിലേക്കു കേരളത്തിൽ നിന്നു നേരിട്ടു വിമാന സർവീസ് ഇല്ല. കൊച്ചിയിൽ നിന്നുംതിരുവനന്തപുരത്തു നിന്നും ഹൈദരാബാദ് വഴി കണക്‌ഷൻ ഫ്ളൈറ്റ് ഉണ്ട്. ഹൈദരാബാദിൽ നിന്ന് ജയ്പൂരിലേക്കു പോകാൻ രണ്ടു മണിക്കൂർ വിമാനത്താവളത്തിൽ കാത്തിരിക്കണം. എന്തായാലും, തിരുവനന്തപുരത്തു നിന്ന് പുലർച്ചെ അഞ്ചിനു വിമാനം പറന്നുയർന്നു. ഹൈദരാബാദിൽ ഇറങ്ങി അവിടെ നിന്നുള്ള വിമാനം കയറി ജയ്പൂരിൽ എത്തിയപ്പോൾ സമയം ഉച്ചയ്ക്ക് 12.00.

1 brahma Photo: Anil Puthur

എയർപോർട്ടിൽനിന്ന് പന്ത്രണ്ടു കിലോമീറ്റർ അകലെയാണു ജയ്പൂർ സിറ്റി. ടാക്സി വിളിക്കാമെന്നു കരുതിയപ്പോൾ വാടക വലിയ ചെലവായി തോന്നി. എയർപോർട്ടിനു സമീപത്ത് 250 രൂപ വാടകയിൽ മുറി കിട്ടി. വൈകിട്ട് ജയ്പുർ നഗരം കാണാമെന്നു തീരുമാനിച്ചു. പിറ്റേന്നു രാവിലെ അജ്മേർ.

ഇലക്ടിക് ഓട്ടോയിൽ കയറി ഹവാമഹലിലേക്കു പോയി. 1799 ൽ മഹാരാജ സവായി പ്രതാപ്സിങ് തന്റെ പത്നിക്കും പരിവാരങ്ങൾക്കും നഗരക്കാഴ്ച ആസ്വദിക്കാൻ നിർമിച്ചതാണ് ഹവാമഹൽ എന്നു പേരുള്ള കൊട്ടാരം. ഫൗണ്ടേഷൻ ഇല്ലാത്ത കെട്ടിടമാണത്രേ ഇത്. ലോകത്ത് ഇതുപോലെ മറ്റൊരു നിർമിതി ഇല്ലെന്നും പറയപ്പെടുന്നു. ഈ കെട്ടിടത്തിൽ 953 കിളിവാതിലുകളുണ്ട്. കാറ്റിന്റെ പ്രവാഹം കൊട്ടാരത്തിലേക്കു പ്രവേശിക്കുന്ന ഈ കിളിവാതിലുകൾ മനോഹരമാണ്. ‘ഹവാ മഹൽ’ എന്ന പേരിനു കാരണം കാറ്റിന്റെ ഈ പ്രവാഹമായിരിക്കാം. കുറേ നേരം ആ കെട്ടിടത്തിന്റെ ഭംഗി ആസ്വദിച്ച ശേഷം റൂമിലേക്കു തിരിച്ചു പിറ്റേന്നു രാവിലെ പുഷ്കറിലേക്കു നീങ്ങി.

ജയ്പുർ ലസ്സിയിൽ മനം കുളിർത്തു

‘‘ജയ്പൂരിൽ നിന്നു 130 കിലോമീറ്റർ അകലെയാണ് അജ്മേർ. പുഷ്കറിലെ ക്ഷേത്രത്തിലെത്താൻ അവിടെ നിന്നു പതിനാറു കിലോമീറ്റർ സഞ്ചരിക്കണം’’ ഹോട്ടലിലെ ജോലിക്കാർ പറഞ്ഞു. മരുഭൂമിയുടെ സമീപ പ്രദേശമായതിനാൽ കനത്ത ചൂടാണ് അജ്മേറിൽ. വൈകിട്ട് നാലിനു ശേഷം അവിടേക്കു പോകുന്നതാണ് ഉചിതമെന്ന് അവർ നിർദേശിച്ചു.

മൂന്നു മുഖങ്ങൾ ഉള്ള ബ്രഹ്മാവാണ് അവിടുത്തെ മുഖ്യപ്രതിഷ്ഠ. ബ്രഹ്മാവിന് ശാപമേറ്റുവെന്നും അതിനാലാണ് ബ്രഹ്മക്ഷേത്രം അഭിവൃദ്ധി പ്രാപിക്കാത്തതെന്നും ഐതിഹ്യങ്ങളെ ആധാരമാക്കി വിശ്വസിക്കപ്പെടുന്നു. പുഷ്കറിനെ ലോകപ്രശസ്തമാക്കിയത് എല്ലാ വർഷവും അവിടെ നടക്കാറുള്ള മേളയാണ്. ‘കാർത്തിക് പൂർണിമ’ ദിനങ്ങളിലാണ് ഉത്സവം. നവംബർ അവസാന ദിനങ്ങളിലാണ് ഈ ആഘോഷം കടന്നു വരാറുള്ളത്. രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഒട്ടകങ്ങളുമായി ഈ മേളയ്ക്ക് എത്തുന്നു. എട്ടു ദിവസത്തെ മേളയിൽ രണ്ടു ലക്ഷം ആളുകൾ പങ്കെടുക്കാറുണ്ട്. ഒട്ടകങ്ങളുടെ സംഗമമാണ് പുഷ്കർ മേളയുടെ ഹൈലൈറ്റ്.

ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിക്കൊണ്ട് നാലു മണിയോടെ ബാഗുമെടുത്ത് റൂമിൽ നിന്നിറങ്ങി. വെയിലിന്റെ ചൂടിൽ ശരീരം ചുട്ടുപൊള്ളി. ഉടൽ തണുപ്പിക്കാനായി ജയ്പുർ എംഐ റോഡിലുള്ള ലസ്സിവാലയിൽ കയറി. എഴുപതു വർഷത്തിലേറെ പാരമ്പര്യമുള്ളതാണ് ഈ ശീതളപാനീയ ശാല. രാവിലെ മുതൽ കടയിൽ തിരക്കാണ്ട്. സ്ഥാപനത്തിന്റെ മുൻപിൽ കാറുകളെ നിരയുമുണ്ട്. അവിടെ നിന്നൊരു ഫുൾ ലസ്സി വാങ്ങി. അമൂൽ ഇന്ത്യ, കർണാടക ഡയറി, പഞ്ചാബി ലസ്സി എന്നിവയേക്കാൾ രുചിയുള്ളതാണ് ജയ്പൂരിലെ ലസ്സി.

തൈരിന്റെ കുളിരുമായി കടയിൽ നിന്നിറങ്ങി ഒരു ഇലക്ട്രിക് സൈക്കിൾ റിക്ഷയിൽ കയറി ജയ്പുർ ബസ് സ്റ്റാൻഡിലെത്തി. പത്തു പേർക്കു കയറാവുന്ന വാഹനമാണ് ഇവിടുത്തെ റിക്ഷ. പത്തു രൂപ വാടക, സുഖയാത്ര.

ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ മനസ്സു മടുത്തു. മുറുക്കിതുപ്പിയതിന്റെ കറ പടർന്ന ചുമരും തറയും. വൃത്തിഹീനമായ പരിസരം, യാചകരുടെ നിര, അന്വേഷണങ്ങൾക്ക് ഒഴുക്കൻ മട്ടിൽ മറുപടി പറയുന്ന ജോലിക്കാർ, ലക്ഷ്യമില്ലാത്തവരെ പോലെ നടക്കുന്ന പൊലീസുകാർ. സ്വകാര്യ വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ കയറി ആളെ എടുക്കുന്നു. അജ്മേറിലേക്കുള്ള ബസ്സിലെ സീറ്റുകളെല്ലാം ബുക്ക്ഡ് ആണെന്ന് ബസ് സ്റ്റാൻഡിലെ ജോലിക്കാരൻ പറഞ്ഞു. 130 കിലോമീറ്റർ യാത്ര ചെയ്യേണ്ടതുണ്ട്. ലോക്കൽ ബസ്സിൽ കയറി അത്രയും ദൂരം സഞ്ചരിക്കുക സാധ്യമല്ല. അൽപനേരം കാത്തിരുന്നപ്പോൾ ഒരു സൂപ്പർ ഡീലക്സ് ബസ് വന്നു. അതിൽ കയറിയപ്പോൾ വാഗൺ ട്രാജഡി ഓർത്തു പോയി. പുറത്ത് കനത്ത വെയിൽ. ബസ്സിനുള്ളിൽ അസഹ്യമായ ചൂട്. കീറിപ്പറിഞ്ഞ സീറ്റ്, പൊട്ടിപ്പൊളിഞ്ഞ ജനാല. തിരക്കിനിടയിൽ ഒരു സീറ്റ് ഒപ്പിച്ചെടുത്തു.

ഗോമാതാവിന്റെ കാൽ തൊട്ടു വന്ദനം

രാത്രി ഒൻപതോടെ അജ്മേറിൽ എത്തി. അപ്പോഴും ചൂടിനു ശമനമുണ്ടായില്ല. ഹോട്ടലിൽ നേരത്തേ തന്നെ മുറി ബുക്ക് ചെയ്തിരുന്നു. തിരക്കുള്ള നഗരമാണ് അജ്മേർ.

പിറ്റേന്നു പുലർച്ചെ അജ്മേറിലേക്കു പുറപ്പെട്ടു. വഴികാട്ടിയായി സുരേന്ദ്രനുണ്ട്. കയർഫെഡ്ഷോറും മാനേജരാണു സുരേന്ദ്രൻ. മുപ്പതു വർഷമായി അജ്മേറിലുണ്ട്. നഗരത്തിലെ എല്ലാ സ്ഥലങ്ങളും സുരേന്ദ്രന് അറിയാം. ആദ്യം ഏകബ്രഹ്മക്ഷേത്രം സ്ഥിതി ചെയ്യുന്ന പുഷ്കറിലേക്കാണു പോയത്. ഓട്ടോറിക്ഷയിലായിരുന്നു യാത്ര.

നഗരംപിന്നിട്ടു. മലഞ്ചരിവിലൂടെ മലയെ ചുറ്റി വാഹനം നീങ്ങി. മരുഭൂമിയുമായി സാമ്യമുള്ളതാണു പ്രകൃതി. റോഡിൽ തിരക്കു കുറവായിരുന്നു. ഇടയ്ക്കിടെ ചെറിയ കടകൾ. കോളയും പെപ്സിയും കുപ്പിവെള്ളവുമാണ് വിൽപന വസ്തുക്കൾ. പിന്നെയും കുറച്ചു ദൂരം താണ്ടി ഒരു പട്ടണവും കടന്നപ്പോൾ പുഷ്കർ എത്തി.

ഹിന്ദു, സിഖ് വിശ്വാസികളുടെ ആരാധനാ കേന്ദ്രമാണു പുഷ്കറിലെ ബ്രഹ്മക്ഷേത്രം. ചുവന്ന ഗോളാകൃതിയിലാണു ക്ഷേത്രത്തിന്റെ നിർമാണം. പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമിച്ചതെന്നു കരുതപ്പെടുന്നു. വിശ്വാസികളിലേറെയും സസ്യാഹാരം ശീലിച്ചവരാണ്. ക്ഷേത്ര പരിസരത്ത് ഇറച്ചിയും മുട്ടയും നിരോധിച്ചിരിക്കുകയാണത്രേ.

ഞങ്ങളുടെ വാഹനം ഇടുങ്ങിയ വഴിയിൽ പ്രവേശിച്ചു അല്പംദൂരം മുന്നോട്ടു നീങ്ങി പാർക്കിങ് കേന്ദ്രത്തിൽ പ്രവേശിച്ചു. അവിടെ നിന്നു ക്ഷേത്രവീഥിയിലേക്കു നടന്നു. പൂജാദ്രവ്യങ്ങൾ വിൽക്കുന്ന കടകളുടെ നിര. പൂക്കളും വസ്ത്രങ്ങളും വിൽപ്പനയ്ക്കുണ്ട്. ഇതിലേതെങ്കിലും വാങ്ങിയാൽ ആ കടയിൽ ചെരുപ്പ് സൂക്ഷിക്കാം. ക്ഷേത്രത്തിലേക്കു പോകുന്നവർക്കു ചുറ്റും കച്ചവടക്കാരുണ്ട്. പൂജാ സാധനങ്ങൾക്ക് ‘ഓഫർ വില’യുമായി അവർ ആളുകളുടെ പുറകേ നടക്കുകയാണ്.

ബ്രഹ്മക്ഷേത്രം ചെറിയ കെട്ടിടമാണ്. ക്ഷേത്രമുറ്റത്തേക്ക് അൻപതോളം പടികളുണ്ട്. കവാടത്തിനരികെ വലിയ മണി കെട്ടിത്തൂക്കിയിട്ടുണ്ട്. ദർശനം കഴിഞ്ഞു വരുന്നവർ മണിമുഴക്കാനായി കാത്തു നിൽക്കുന്നതു കണ്ടു.

ഞങ്ങൾ അവിടെ എത്തിയ സമയത്ത് അവിടത്തുകാരനായ വിഐപി ദർശനത്തിന് എത്തിയിരുന്നു. ക്ഷേത്രത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും ഫോട്ടോ എടുക്കരുതെന്നും പൂജാരിമാർ നിർദേശം നൽകി. പക്ഷേ അത് ആരും മൈൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല.

2 brahma

ക്ഷേത്രത്തിനു ചുറ്റും നടന്നു. അതിനു ശേഷം പുഷ്കർ തടാകത്തിന്റെ തീരത്തു പോയി. ഗോവിന്ദ് സ്നാന ഘട്ട് എന്നാണ് അവിടം അറിയപ്പെടുന്നത്. ഗുരു ഗോവിന്ദ് സിങ്ങിന്റെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. വഴിയരികിൽ നിംബു- പുതിന- സോഡ കച്ചവടം പൊടിപൊടിക്കുന്നു. ചൂടകറ്റാൻ നിംബു സോഡ മികച്ചതാണ്. വഴിയിൽ പശുക്കളുണ്ട്. അവയെ കുങ്കുമവും ചന്ദനവും അണിയിച്ചിട്ടുണ്ട്. ഭക്തരിൽ കുറേ പേർ ഗോമാതാവിനെ വണങ്ങി. ചിലർ ഗോമൂത്രം കൈക്കുമ്പിളിലെടുത്ത് തളിക്കുന്നതു കണ്ടു. പശുവിനെ പരിപാലിക്കുന്നവർക്ക് അവർ കാണിക്കയായി പണം നൽകി. ഗോവിന്ദ് ഘട്ടിൽ മുങ്ങിക്കുളിച്ചാൽ മോക്ഷം ലഭിക്കുമെന്നാണു വിശ്വാസം. ഇവിടെയെത്തുന്നവർക്കായി തടാകത്തിന്റെ തീരത്ത് കർപ്പൂരം കത്തിച്ച് ആരതിയും പൂജയും നടത്തുന്നുണ്ട്.

ഗുരുദ്വാരയുടെ സമീപത്ത് പശുക്കളെ അലങ്കരിച്ചു നിർത്തിയിരുന്നു. ഗോമാതാവിന്റെ അനുഗ്രഹം വാങ്ങണമെന്ന് ഒരാൾ അനൗൺസ് ചെയ്യുന്നു. ആളുകളിൽ ചിലർ പശുവിന്റെ കാൽ തൊട്ടു വന്ദിച്ച ശേഷം പശു പരിപാലികനു കാണിക്കയായി പണം നൽകി. കേരളത്തിൽ നിന്നു വ്യത്യസ്തമാണ് അവിടുത്തെ വിശ്വാസത്തിന്റെ പാതകൾ.

ഒറ്റയ്ക്കും കൂട്ടത്തോടെയും സന്ദർശിക്കാവുന്ന സ്ഥലമാണു പുഷ്കർ. സ്ത്രീകളും കുട്ടികളും സന്ദർശകരും അവിടെ സുരക്ഷിതരാണ്. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ധാരാളം സന്ദർശകർ എത്താറുള്ളത്.