‘നിർത്താതെ കോടമഞ്ഞിറങ്ങുന്ന മലയായിരിക്കണം. ആശിക്കുമ്പോൾ മനസ്സുകുളിർപ്പിക്കാൻ മഴപെയ്യുന്ന ഇടം. കണ്ണ് ചെന്നെത്തുന്നിടത്തെല്ലാം പച്ചപ്പ് വേണം. കാട്ടിലൂടെ കിലോമീറ്ററുകൾ താണ്ടിയ സാഹസിക യാത്രയായിരിക്കണം. എന്നാൽ സുരക്ഷിതവുമാവണം...നിബന്ധനകൾക്ക് നീളം കൂടും മുമ്പേ സുഹൃത്ത് പിടിയിട്ടു. ആവശ്യത്തിന് വെള്ളവും ഭക്ഷണവും കരുതിയൊരു ബാഗ് പായ്ക്ക് ചെയ്തോ, പരമാവധി കനം കുറച്ചെടുക്കാൻ ശ്രദ്ധിക്കണം. എവിടേയ്ക്കാണെന്ന ചോദ്യത്തിനു മുന്നിൽ നിറഞ്ഞ പുഞ്ചിരിയായിരുന്നു ആദ്യത്തെ മറുപടി. മലപ്പുറം ജില്ലയിൽ നിലമ്പൂർ ഭാഗത്തായൊരു കുന്നുണ്ട്. അധികമാരും അറിയാതെ പ്രകൃതിയൊളിപ്പിച്ചു വച്ച കാഴ്ചയുടെ നിധിപ്പെട്ടി. അവിടം വരെ ഒന്നു പോയി നോക്കാം. കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ! എന്ന ജഗതിചേട്ടന്റെ ഡയലോഗും മനസ്സിലിട്ട് കേട്ടറിവിന്റെ വഴിയേ ‘ചെക്കുന്നിന്റെ സൗന്ദര്യം’ തേടി യാത്ര തിരിച്ചു.
ചെക്കുന്ന് അഥവാ ഒട്ടകത്തിന്റെ മുതുക്
കോഴിക്കോട് നിന്ന് അരീക്കോട്– ഒതായി റൂട്ടിലേക്ക് തിരിഞ്ഞതും കർക്കിടകം മുഖം കറുപ്പിക്കാൻ ഒരുങ്ങി. തൂങ്ങി നിൽക്കുന്ന കാർമേഘങ്ങളോട് അൽപ്പനേരം കാത്തിരിക്കാൻ അപേക്ഷിച്ച് ചൂളാട്ടിപ്പാറ കവലയിൽ വണ്ടി നിർത്തി. ‘ഏറനാടൻ മലമടക്കുകളെ തഴുകിയൊഴുകുന്ന ചാലിയാറാണ് ഈ നാടിനെ സുന്ദരിയാക്കുന്നത്. മലബാർ മാന്വലിൽ സുവർണനദിയെന്നാണ് ചാലിയാറിന്റെ വിശേഷണം. അതിനു കാരണം പുഴയില്‍ സ്വർണത്തിന്റെ അംശമുണ്ടെന്ന വിശ്വാസമാണ്. അക്കൂട്ടത്തിൽ ചെക്കുന്നിനെ കുറിച്ചും വില്യം ലോഗൻ പറഞ്ഞിട്ടുണ്ട്, ദ് ക്യാമൽ ഹബ് അഥവാ ഒട്ടകത്തിന്റെ മുഴ എന്ന്. എടവണ്ണ, ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന മലയാണ് ചെക്കുന്ന്. മൂടൽ മഞ്ഞും മഴയും പച്ചപ്പും ആദിവാസി ഊരും ചേർന്ന മനോഹരമായ മലമ്പ്രദേശം. ’ ചെക്കുന്നിലേക്ക് വഴികാട്ടിയായി കൂടെ വരുന്ന ജാഫർ ചാലോളി വാക്കുകൾ കൊണ്ട് വർണിച്ച് ട്രെക്കിങ്ങിന് ആവേശം പകർന്നു. ചൂളാട്ടിപ്പാറ കവലയിൽ നിന്ന് വേഴക്കോട് ബദൽ സ്കൂളിന് മുന്നിലേക്കുള്ള റബർമരങ്ങൾ അതിരിടുന്ന വഴിയേ വണ്ടി മുന്നോട്ട്. മലമുകളില്‍ താമസിക്കുന്ന മയിലാടി ആദിവാസി കോളനിയിലെ കുട്ടികൾക്ക് വേണ്ടി സർക്കാർ നിർമിച്ചു നൽകിയതാണ് ബദൽ സ്കൂൾ. ഇവിടെ വരെയേ വണ്ടി വരൂ. അതായത് ചെക്കുന്ന് ട്രക്കിങ്ങ് ബദൽ സ്കൂളിനു മുന്നിൽ നിന്നാരംഭിക്കുന്നു. മുന്നിൽ നടന്നുപോയവർ വെട്ടിയെടുത്ത കാട്ടുവഴി തെളിഞ്ഞ് കാണുമെന്നതിനാൽ വഴി തെറ്റുമെന്ന ആശങ്കയുണ്ടായില്ല. മഴതണുപ്പിൽ കാട് വിറയ്ക്കുന്ന പോലെ. തട്ടുതട്ടായി കിടക്കുന്ന കാട്ടുവഴിയേ നടന്നു. കുറച്ചുദൂരം കഴിഞ്ഞതും വേഴക്കോട് വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടുതുടങ്ങി. ഒരു ഭാഗം പൂർണമായി പരന്നുകിടക്കുന്ന പാറയ്ക്ക് സമീപം മഴയോട് കലഹിച്ച് കുത്തിയൊഴുകുകയാണ് വെള്ളച്ചാട്ടം.
കഥകളുടെ കുന്ന്, സാഹസികതയുടെയും
മലയിറങ്ങുന്ന കാറ്റ് പാടി നടക്കുന്ന ചെക്കുന്നിന്റെ െഎതിഹ്യകഥകൾ കെട്ടഴിഞ്ഞ് വീണു. പുരാതന ഗോത്രസമൂഹം ആരാധന നടത്തിയിരുന്നൊരു ക്ഷേത്രവും അതിനടുത്തായി നിധിശേഖരവും ഉണ്ടെന്നാണ് ഇന്നാട്ടുകാരുടെ വിശ്വാസം. ദേവതപ്പാറ എന്ന് വിളിക്കുന്ന അവിടേയ്ക്ക് പോകാൻ കഴിയില്ലെന്ന് ജാഫർ നേരത്തെ സൂചിപ്പിച്ചിരുന്നു. ‘ബ്രിട്ടീഷുകാരുടെ കാലത്ത് ഒരു ഷേഖ് ചെക്കുന്ന് മലയിൽ ഒളിച്ചെന്നും അങ്ങനെ ഷേഖ് കുന്ന് പിൽക്കാലത്ത് ചെക്കുന്നായി മാറി എന്നുമാണ് പേരിനു പിന്നിലെ കഥ. വർത്തമാനങ്ങൾക്കിടയിൽ കയറ്റം തുടങ്ങിയത് അറിഞ്ഞില്ല.
ആദിവാസി ഊരിലെ ആദ്യത്തെ വീട് കണ്ടു. മഴക്കാലമായതിനാൽ ജോലിയ്ക്ക് പോകാൻ കഴിയാതെ പട്ടിണി കിടക്കേണ്ടി വരുന്ന അവസ്ഥ പിന്നീട് അങ്ങോട്ട് ഓരോ വീടുകളിൽ നിന്നുമായി കേട്ടു. പുല്ലുമേഞ്ഞ വീടിനുള്ളിൽ ചോർന്നൊലിക്കുന്ന എത്രയോ സ്വപ്നങ്ങൾ... ഉയരം കൂടും തോറും യാത്ര കഠിനമായികൊണ്ടിരുന്നു. കാടിനുള്ളിലേക്ക് കടന്നതും മഴ ശക്തിയാർജിച്ചു. ചെളി നിറഞ്ഞ വഴികൾ താഴേക്ക് വീഴ്ത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു. പുല്ലിന്റെ ബലം പോലും താങ്ങായി കരുതി കയറ്റം തുടർന്നു. കരിയിലകളിൽ ചവിട്ടി പല തവണ വഴുതി വീണു. കുറേ ദൂരം കയറി തളരുമ്പോഴും ദേ, ഇനിയൽപ്പം കൂടി മുന്നോട്ട് പോയാൽ മതി എന്ന ജാഫറിന്റെ വാക്കുകൾ ആശ്വാസം പകർന്നു. പക്ഷേ, ആശ്വസിപ്പിക്കാനുള്ള ഡയലോഗ് മാത്രമായിരുന്നു അതെന്ന് പിന്നീടങ്ങോട്ട് തിരിച്ചറിഞ്ഞു. റെയ്ഞ്ച് പോയതോടെ മൊബൈൽ ഫോൺ മൗനം പാലിച്ചു. കാറ്റും മഴയും കാടുമൊരുക്കുന്ന ശബ്ദമാണ് നടപ്പിന് താളമിട്ടത്. കിതപ്പ് കൂടി കൂടി ഇനിയൊരടി മുന്നോട്ട് വയ്ക്കാനാവില്ലെന്ന ഘട്ടം വരുമ്പോഴെല്ലാം വിശ്രമിക്കാനായി പാറക്കെട്ടുകൾ നിറഞ്ഞ താവളമൊരുക്കി പ്രകൃതി അനുഗ്രഹിച്ചു. മഴ മാറി മൂടൽ മഞ്ഞ് കാടിനെ പുതപ്പിച്ചു. മൂടിയ അന്തരീക്ഷത്തിനിടയിലൂടെ തെളിഞ്ഞ വഴിയേ പിന്നെയും പിന്നെയും കയറ്റം...
കാട്ടുവള്ളിയിൽ തൂങ്ങി, പാറക്കെട്ട് കടന്ന്
വിശ്രമവേളകളിൽ ചോക്ലേറ്റും ഈന്തപ്പഴവും കഴിച്ച് ക്ഷീണമകറ്റി. പ്ലാസ്റ്റിക് വസ്തുക്കളൊന്നും കാട്ടിൽ ഉപേക്ഷിക്കരുതെന്നും ബാഗിൽ തന്നെ സൂക്ഷിക്കാനും ജാഫർ കർശനമായ മുന്നറിയിപ്പ് തന്നു. കയറി തീർക്കാനുള്ളത് 600 മീറ്റർ കുത്തനെയുള്ള സാഹസിക വഴികളാണ്. മുന്നിൽ വഴി തടസ്സമായി രണ്ട് കൂറ്റൻ പാറക്കെട്ട്. അവയ്ക്കിടയിലൂടെ പ്രയാസപ്പെട്ട് കയറിയ ജാഫർ ഒരു കാട്ടുവള്ളി പൊട്ടിച്ച് താഴേക്ക് നീട്ടി അതിൽ പിടിച്ച് കയറാൻ ആവശ്യപ്പെട്ടു. നാട്ടിലെ കയറിനേക്കാൾ ബലമാണ് കാട്ടിലെ വള്ളിയ്ക്ക് എന്ന കേട്ടുകേൾവിയുടെ ബലത്തിൽ ആ സാഹസികതയ്ക്കും മുതിർന്നു. ഇനിയെത്ര ദൂരമുണ്ട് എന്ന ഇടയ്ക്കിടെയുള്ള ചോദ്യത്തിന് പിന്നെ പിന്നെ ഉത്തരം കിട്ടാതെയായി. കയറി തീർത്ത വഴികളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ സന്തോഷിച്ചു. ചെക്കുന്നിനെ കുറിച്ച് കേട്ട മുത്തശ്ശിക്കഥകൾ യാത്രയ്ക്കിടെ പല തവണ കേട്ടു. അതിലൊന്നാണ് പറയൻ– പറയത്തിപ്പാറ. പണ്ട് കാട്ടുവഴി താണ്ടി നാട്ടിലേക്ക് യാത്ര തിരിച്ചൊരു തമ്പ്രാൻ വഴിയിൽ വച്ച് പറയനെയും പറയത്തിയെയും കണ്ടു. മൺപാത്രങ്ങൾ ഉണ്ടാക്കികൊണ്ടിരുന്ന അവർ തമ്പ്രാന്റെ വഴിമുടക്കി നിന്നതിന്റെ പേരിൽ ശാപം കിട്ടി കല്ലുകളായി മാറിയത്രേ. കഥ സത്യമെന്ന് തോന്നിക്കും വിധം രണ്ട് കല്ലുകൾ കാണാം. ചെക്കുന്നിന്റെ താഴ്‌വാരം ഒരുഭാഗത്ത് വെറ്റിലപ്പാറ, മറുഭാഗം ചാത്തല്ലൂർ പ്രദേശങ്ങളാണ്. താഴ്‌വാരത്തെ കൊല്ലംകൊല്ലി വെള്ളച്ചാട്ടമാണ് സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു കാഴ്ച.
കയറ്റത്തിന്റെ ക്ഷീണം വിട്ട് നടു നിവർന്നപ്പോൾ മുന്നിൽ പച്ചപ്പട്ടണിഞ്ഞ് സുന്ദരിയായി നിൽക്കുകയാണ് ചെക്കുന്ന്. ഒളിഞ്ഞും തെളിഞ്ഞും മാറി മാറി വരുന്ന മൂടൽമഞ്ഞ്. ഒരാളുയരത്തിൽ വളർന്നിരിക്കുന്ന പുല്ലുകൾ വകഞ്ഞ് മാറ്റി മുകളിലേക്ക് കയറാൻ നന്നേ പ്രയാസം. നനഞ്ഞ് കുതിർന്നിരിക്കുന്ന മണ്ണ് ഓരോ അടിയിലും താഴേക്ക് വലിച്ചിടുന്നു. കൂട്ടമായി നിൽക്കുന്ന പുല്ലിന്റെ വേരിൽ ചവിട്ടി, പുല്ലിനറ്റം തട്ടി കൈമുറിയുന്നത് ശ്രദ്ധിക്കാതെ ചെക്കുന്നിന്റെ സൗന്ദര്യത്തിലേക്ക് നടന്നുകയറി.
മുകളിലെ പാറക്കൂട്ടങ്ങളിൽ നിന്ന് പ്രകൃതിയെ ഉള്ളിലേക്ക് ആവാഹിച്ചു. ദൂരെ മലമടക്കുകൾക്കപ്പുറത്ത് വർത്തമാനം പറഞ്ഞിരുന്ന കാർമേഘത്തെ ധൃതിപ്പെട്ട് പോയി കൂട്ടിവന്ന കാറ്റ് ചെക്കുന്നിനെ മഴച്ചേലണിയിച്ചു.
എന്തേ, വരാനിത്രയും വൈകി എന്ന് പരിഭവം പറഞ്ഞ് ദൂരെ ചാലിയാർപ്പുഴ കിണുങ്ങിയൊഴുകി. കാടും കാവും വെള്ളച്ചാട്ടവും കൊണ്ട് പ്രകൃതിയൊളിപ്പിച്ച മനോഹരകാഴ്ചകളുടെ നിധിപ്പെട്ടി കണ്ടാസ്വദിച്ച് കാടിറങ്ങി.