കോഴിക്കോട് നിന്ന് 48 കിലോമീറ്ററേയുള്ളൂ ഗോവയ്ക്ക്! വേണമെങ്കിൽ നമുക്കിപ്പോൾ പോയി വരാം!...ഗോവ കാണാൻ ആഗ്രഹം പറഞ്ഞപ്പോൾ സുഹൃത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. അദ്ഭുതം കണ്ണുകളിൽ തിരി കത്തി നിന്നപ്പോൾ അയാളൊന്ന് ചിരിച്ചു. നീ കണ്ടാലേ വിശ്വസിക്കൂ അല്ലേ. എന്നാൽ പോയേക്കാം. കൊയിലാണ്ടിയും മൂരാട് പാലവും പിന്നിട്ട് പയ്യോളി ടൗണിലെത്തി. അവിടെ കണ്ട ഒരാളോടാണ് ഗോവയിലേക്കുള്ള വഴി ചോദിച്ചത്. ‘കുറച്ച് മുന്നോട്ടു പോയാൽ റെയിൽവേയുടെ രണ്ടാം ഗേറ്റ്. അതു കടന്നാൽ ഇടുങ്ങിയൊരു റോഡിലേക്കാണ് ചെന്നെത്തുന്നത്. യാത്ര തുടർന്നാൽ കടൽ തീരത്തോടു ചേർന്ന റോഡിലേക്ക് കടക്കാം.’ ഗൂഗിൽ മാപ്പിനെ വെല്ലുന്ന വഴികാട്ടലിന് അദ്ദേഹത്തോടു നന്ദി പറഞ്ഞു.
കടലിന് സമാന്തരമായ നീണ്ട് കിടക്കുന്ന തെങ്ങിൻ തോപ്പ്. അതിനിടയിലൂടെയുള്ള മനോഹരമായ റോഡിലൂടെയായിരുന്നു പിന്നീട് യാത്ര. റോഡിനൊരു വശത്ത് കണ്ടൽക്കാടുകൾ നിറഞ്ഞ കൊളാവിപ്പാലം പുഴ കാണാം. പാർക്കിങ് ഏരിയയിലാണ് റോഡ് അവസാനിക്കുന്നത്. 20 രൂപ നൽകി കാർ പാർക്ക് ചെയ്തു. സ്വകാര്യ വ്യക്തികളുടേതാണ് പാർക്കിംഗ് സ്ഥലം.
കുറ്റിക്കാടിനുള്ളിലൂടെ മുൻപേ പോയവർ വെട്ടിത്തെളിച്ച വഴിയേ നടന്നു. നടത്തം തുടരുമ്പോൾ അങ്ങ് ദൂരെ നിന്ന് തിരമാലകളുടെ ഇരമ്പം പതിയെ കാതുകളിലേക്ക് എത്താൻ തുടങ്ങി. കുറച്ചു ദൂരം പിന്നിട്ടതും വഴിയുടെ സ്വഭാവം മാറി. കണ്ടൽ കാടുകൾക്കിയിലൂടെയാണ് പിന്നീടു നടന്നത്. ആ ഇടവഴിയിലൂടെ നടന്ന് കയറിച്ചെന്നത് പഞ്ചാര മണൽ വിരിച്ച മനോഹരമായൊരു ബീച്ചിലേക്ക്...! “ദേ, ഇതാണ് നമ്മൾ തേടിയത്, ‘മിനി ഗോവ’ എന്ന രഹസ്യ ബീച്ച്. പാവപ്പെട്ടവന്റെ ഗോവ എന്നും വേണമെങ്കിൽ വിളിക്കാം. സുഹൃത്ത് കുസൃതിച്ചിരിയോടെ പറഞ്ഞു.
ഗോവ യുവാക്കളുടെ ഇഷ്ട വിനോദ കേന്ദ്രമാണ്. ഒരിക്കൽ പോയാൽ വീണ്ടും പോകാൻ തോന്നുന്ന ഇടം, അവിടത്തെ പ്രകൃതി ഭംഗിയും തീരവുമെല്ലാമാണ് ഇതിന് കാരണം. അതിന്റെ ഒരു മിനിയേച്ചർ പതിപ്പാണ് മിനി ഗോവ എന്ന് സഞ്ചാരികൾ വിളിക്കുന്ന കോട്ടപ്പുറം ബീച്ച്.
കണ്ടൽ കാക്കും തീരം
ആദ്യമായി ബീച്ചിലെത്തുന്നവർക്ക് വഴി കാണിക്കുന്ന സൈൻ ബോർഡുകളൊന്നും ഇവിടെയില്ല. ആകെയുള്ളത് ആമ സംരക്ഷണത്തിന് പ്രശസ്തമായ കൊളാവിപ്പാലം ബീച്ച് എന്ന ബോർഡ് മാത്രമാണ്. കോഴിക്കോട് ബീച്ചും കാപ്പാട് ബീച്ചും അല്ലാതെ ഇങ്ങനെ സുന്ദരമായൊരിടം കോഴിക്കോട് ഉണ്ടെന്ന കാര്യം മിക്ക സഞ്ചാരികൾക്കും അറിയില്ല. അതിനാൽ തന്നെ ഇവിടം തേടി സഞ്ചാരികളെത്തിത്തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല.
ആറു വർഷം മുൻപ് കുറ്റ്യാടിപ്പുഴ അറബിക്കടലിനോട് ചേരുന്ന വടകര സാന്റ് ബാഗ് പ്രദേശത്ത് മത്സ്യ ബന്ധനത്തിനായി കെട്ടിയ പുളിമൂട്ട് (കടൽ പാലം) കാരണം അഴിമുഖത്തേക്ക് മണൽ കയറുകയും കൊളാവിപ്പാലം പുഴയുടെ അഴിമുഖം മണൽ നിറഞ്ഞ് ഇല്ലാതാവുകയും ചെയ്തു. ഏകദേശം 150 മീറ്ററോളം വീതിയിൽ ഒഴികിയിരുന്ന പുഴ അതോടെ വെറും നീർച്ചാലായി മാറി. പുഴയുടെ പ്രകൃതിദത്തമായ ഒഴുക്ക് തടസപ്പെട്ടതോടെ സമീപ പ്രദേശങ്ങളിൽ പലവിധ പ്രശ്നങ്ങൾ ഉണ്ടാവുകയും അതു പരിഹരിക്കാൻ അഴിമുഖത്തെ മണൽ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു കൊളാവിപ്പാലം തീരം സംരക്ഷണ സമിതി എന്നൊരു സംഘടനയുടെ നേതൃത്വത്തിൽ കൊളാവിപ്പാലം പുഴയുടെ തീരത്ത് വച്ച് പിടിപ്പിച്ച കണ്ടൽ കാടുകൾ ഇപ്പോൾ പടർന്ന് പന്തലിക്കുകയും പുഴയെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.
മനം കുളിർക്കുന്ന കാഴ്ചകൾ
ഇരു വശത്തും കണ്ടൽ കാടുകളാൽ സമ്പന്നമായ, കടലിനോട് അൽപം കിഴക്കോട്ട് മാറി കിടക്കുന്ന പഞ്ചാര മണൽ പരപ്പാണ് ഇവിടത്തെ പ്രധാന ആകർഷണം. അതു മാത്രമല്ല ഉണങ്ങി വീണ അക്വേഷ്യ മരങ്ങളുടെ കുറ്റികളും, കണ്ടൽ കാടുകളുടെ വള്ളി പടർപ്പുകളും, ശാന്തമായി ഒഴുകുന്ന കൊളാവിപ്പാലം പുഴയും ചേർന്ന് സുന്ദരിയാക്കുന്ന ഇടമാണ് മിനി ഗോവ. ചെറിയ കുട്ടികൾക്കും പ്രായമായവർക്കും വെള്ളത്തിലിറങ്ങാവുന്നത്ര ആഴമേ ഇവിടുത്തെ ബീച്ചിനുള്ളൂ. എങ്കിലും അപകട സാധ്യത തള്ളിക്കളയുന്നില്ല. വള്ളിപ്പടർപ്പുകൾക്കിടയിൽ ഇരിപ്പിടം ഒരുക്കി ചൂടുള്ള കടലയും കൊറിച്ച് കടൽ കാറ്റും ആസ്വദിച്ച് ഇവിടങ്ങളിൽ പ്രണയ സല്ലാപം നടത്തുന്ന നിരവധി യുവ മിഥുനങ്ങളെ ബീച്ചിന്റെ പല ഭാഗത്തായി കാണാം. അവധി ദിവസങ്ങളിൽ സഞ്ചാരികളുടെ ചെറിയ തിരക്കുണ്ട്. എങ്കിലും കോഴിക്കോട് ബീച്ചിന് അപേക്ഷിച്ച് നോക്കുമ്പോൾ അതിന്റെ പത്തിലൊന്ന് പോലും ആളിവിടെ വരാറില്ല. കുടുംബ സമേതം ഒരു പകൽ ചിലവിടാൻ പറ്റുന്നിടമാണ് മിനി ഗോവ.
ഉണങ്ങി ചാഞ്ഞ അക്വേഷ്യ മരങ്ങളും, കണ്ടൽ കാടുകൾ ഒരുക്കിയ പ്രകൃതി ദത്തമായ കോട്ടകളും കോട്ട വാതിലുകളും പശ്ചാത്തലമാക്കി ഫോട്ടോ എടുക്കുകയാണ് മിക്കവരും. നീരൊഴുക്ക് തീരെക്കുറവാണ് എന്നതിനാൽ പുഴ കടന്ന് അപ്പുറം കടന്ന് വിശാലമായ മണൽ പരപ്പിൽ വിശ്രമിക്കാം. പുഴയുടെ ഒരു വശം മുഴുവനായി പ്രകൃതി ദത്ത മതിൽ പോലെ നിൽക്കുന്ന കണ്ടൽക്കാടുകളുടെ പച്ചപ്പാണ്.
കടൽ തീരത്തിലൂടെ...
പഞ്ചാരമണൽത്തീരം കടന്ന് കടലിന്റെ കാഴ്ചകൾ ആസ്വദിക്കാനിറങ്ങി. അങ്ങു ദൂരെ പുളിമൂടും, വടകര സാന്റ് ബാഗും കാണാം. പുളിമൂട്ടിനും കുറ്റ്യാടിപ്പുഴക്കും ഇടയിലായി നിലകൊള്ളുന്ന ദ്വീപ് പോലുള്ള പ്രദേശമാണ് വടകര സാന്റ് ബാഗ് എന്നറിയപ്പെടുന്നത്. ഈ പ്രദേശം ടൂറിസം വകുപ്പ് ഏറ്റെടുക്കുകയും ബോട്ട് യാത്ര ഉൾപ്പെടെയുള്ള വിനോദ സഞ്ചാര പദ്ധതികൾ നടപ്പാക്കുന്നുമുണ്ട്. 50 മീറ്ററോളം കടലിന് ഉള്ളിലേക്ക് ഇറങ്ങി നടക്കുകയാണ് ചിലർ. അപകട മുന്നറിയിപ്പ് ബോർഡോ, സുരക്ഷാ ഉദ്യഗസ്ഥരോ ഇവിടെയില്ലാത്തതും അഴിമുഖത്ത് നിന്ന് കയറുന്ന മണൽ ഏത് നിമിഷവും കടലിലേക്ക് ഇറങ്ങാം എന്നതും അപകട സാധ്യത വർധിപ്പിക്കുന്നു.
12 വർഷങ്ങൾക്ക് മുൻപ് പൂനയിൽ നിന്നും ചരക്കുമായി വന്ന ഒരു ബാർജ്ജ് ഈ തീരത്ത് മുങ്ങുകയും ഇപ്പോഴും അവിടത്തന്നെ കടലിനടിയിൽ മുങ്ങി കിടക്കുന്നുമുണ്ട്. വർഷങ്ങൾക്ക് ശേഷം ഒരു കമ്പനി സ്ക്രാപ്പ് ആയി ആ ബാർജ്ജ് എടുക്കുകയും കടലിൽ നിന്ന് തന്നെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ച് കഷ്ണങ്ങളാക്കി പുറത്തേക്ക് എത്തിക്കാൻ ശ്രമിച്ചിരുന്നു. ചെറിയൊരു ഭാഗം മാത്രമേ അവർക്ക് ഇതുവരെ കരയ്ക്ക് എത്തിക്കാൻ സാധിച്ചിട്ടുള്ളു. അത് മുറിച്ച് മാറ്റുന്നതിനായി കൊണ്ടു വന്ന വലിയൊരു ഇരുമ്പ് യന്ത്രം എല്ലാവരിലും കൗതുകം ജനിപ്പിച്ച് കൊണ്ട് ഇപ്പോഴും ഈ തീരത്തുണ്ട്.
അസ്തമയം ആസ്വദിച്ച ശേഷം മിനി ഗോവയോട് യാത്ര പറഞ്ഞു മടങ്ങി. ‘ഗോവ കാണാൻ കൊതിച്ച് നടക്കുന്ന യുവാക്കൾക്ക് താൽകാലിക ആശ്വാസം തൽകുന്നതാണ് അപ്പോൾ മിനി ഗോവ’ സുഹൃത്തിന്റെ ആ ചോദ്യത്തിന് മനസ്സു നിറഞ്ഞ ചിരിയായിരുന്നു മറുപടി.