കല്ലിൽ കൊത്തിയ വിസ്മയമാണ് ഹംപി. തുംഗഭദ്ര നദിയുടെ തെക്കെ കരയിൽ സ്ഥിതി ചെയുന്ന വിജയനഗര സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ ഹംപിക്കു ചരിത്ര പ്രസിദ്ധി നൽകിയപ്പോൾ, മറുകരയിൽ സ്ഥിതി ചെയുന്ന ആനെഗുണ്ഡി ഗ്രാമം ഐതിഹ്യ പ്രശസ്തിയാണ് ഈ പ്രദേശത്തിനു നൽകിയത്. രാമായണത്തിലെ കിഷ്കിന്ധ കാണ്ഡത്തിൽ പറയുന്ന പല സുപ്രധാന സംഭവങ്ങളും അരങ്ങേറിയത് ആനെഗുണ്ഡി/ഹംപി പ്രദേശങ്ങളിൽ ആണെന്നാണു വിശ്വാസം.
കൊറോണയുടെ ആദ്യ ഇടവേളയിൽ സംസ്ഥാന അതിർത്തികൾ യാത്രികർക്കായി തുറന്ന സെപ്റ്റംബർ മാസത്തിലാണ് ഒറ്റയ്ക്കു വണ്ടി ഓടിച്ചു ഹംപിയിൽ പോയത്. കോറോണയുടെ ഭീതി ഉള്ളതു കൊണ്ടാണു തിരക്കുള്ള ഹംപിയിൽ താമസിക്കാതെ, 27 കിലോമീറ്റർ ദൂരെയുള്ള സനാപ്പുർ താമസത്തിനു തിരഞ്ഞെടുത്തത്. ‘പകുതി’ മലയാളിയായ സന്ദീപ് ആയിരുന്നു ആനെഗുണ്ഡി ഗ്രാമത്തിൽ താമസം ഒരുക്കിയത്.
സന്ദീപിന്റെ മലയാളിയായ അമ്മയെ കാണാൻ അവരുടെ വീട്ടിൽ പോയി. അവിടെ വച്ചു സന്ദീപിന്റെ അച്ഛൻ ഗോയൽ അങ്കിളാണ് ഹംപിയുടെ ഐതിഹ്യ പ്രാധാന്യത്തെ പറ്റി എനിക്കു പറഞ്ഞു തന്നത്.
വാനര സാമ്രാജ്യം
ആനെഗുണ്ഡിയും അടുത്തുള്ള ഗ്രാമങ്ങളും പണ്ടത്തെ വാനര സാമ്രാജ്യമായ കിഷ്കിന്ധയുടെ ഭാഗമായിരുന്നത്രെ! ആനെഗുണ്ഡിയിലേക്കു വരുന്ന വഴിയിൽ നിറയെ കല്ല് അടുക്കി വച്ച പോലെ ഒരുപാടു സ്ഥലങ്ങളിൽ കണ്ടിരുന്നു. രാമസേതു ഉണ്ടാക്കി മിച്ചം വന്ന കല്ലുകളാണത്രെ അത്! ശബരിയും ബാലിയും സുഗ്രീവനും ഹനുമാനും എല്ലാം ത്രേതായുഗത്തിൽ ഈ പ്രദേശത്തായിരുന്നു ജീവിച്ചിരുന്നത് എന്നാണ് വിശ്വാസം. ബാലി സുഗ്രീവ യുദ്ധം, ബാലിവധം, തുടങ്ങി ഒരുപാട് സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച ഭൂമികയാണിതെന്ന അറിവ് കൗതുകമായി. രാമായണവുമായി ബന്ധപ്പെട്ട് കാണേണ്ട സ്ഥലങ്ങളെക്കുറിച്ച് അങ്കിൾ വിശദമായി പറഞ്ഞു.
കിഷ്കിന്ധ കാണ്ഡം
പിറ്റേ ദിവസം രാവിലെ കിഷ്കിന്ധയെ അറിയാൻ പുറപ്പെട്ടു. ആദ്യം ചെന്നത് പമ്പാസരോവറിൽ ആയിരുന്നു. രാമായണത്തിലെ കിഷ്കിന്ധ കാണ്ഡം ആരംഭിക്കുന്നതു പമ്പാസരോവറിൽ നിന്നാണ്. സീതയെ അന്വേഷിച്ചു രാമലക്ഷ്മണൻമാർ താമരകൾ നിറഞ്ഞ പൊയ്കയായ പമ്പാസരോവറിൽ എത്തി. അവിടെ വച്ചു ശ്രീരാമൻ തന്റെ പരമഭക്തയായ ശബരിയെ കണ്ടു മുട്ടി. വർഷങ്ങളായി ശബരി തടാകത്തിന്റെ കരയിൽ ചെറിയ ഒരു ഗുഹയിൽ, രാമനെ കാത്തിരിക്കുകയായിരുന്നു. രാമനെ കണ്ട ശബരി കാട്ടു പഴങ്ങൾ രുചിച്ചു, മധുരമുള്ളവയാണെന്നു ഉറപ്പു വരുത്തി രാമനു നീട്ടി. ലക്ഷ്മണൻ അതു കണ്ടു അമ്പരന്നു. അപ്പോൾ രാമൻ പുഞ്ചിരിച്ചു കൊണ്ടു ലക്ഷ്മണനോടു പറഞ്ഞു, ‘ഭക്തിയോടെ എനിക്ക് എന്തു തന്നാലും ഞാൻ അതു സ്വീകരിക്കും’. അതിനു ശേഷം അദ്ദേഹം ശബരിയെ അനുഗ്രഹിക്കുകയും ശബരിക്കു മോക്ഷം ലഭിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.
പമ്പാസരോവറിൽ എത്തിയപ്പോൾ, നാലു വശവും കെട്ടിയടച്ച വലിയ കുളമാണു കണ്ടത്. കുളത്തിനു ഒരു വശത്തു ക്ഷേത്രം, ബാക്കി മൂന്നു വശങ്ങളിലും മരങ്ങൾ തിങ്ങി നിൽക്കുന്നു. കുളം വൃത്തിയാക്കിയതു കൊണ്ടു താമരകൾ ഇല്ലായിരുന്നു. അമ്പലത്തിലേക്കു കയറി. ലക്ഷ്മി പ്രതിഷ്ഠയും ശിവപ്രതിഷ്ഠയുമുള്ള അപൂർവ ക്ഷേത്രമാണത് എന്നു പൂജാരി പറഞ്ഞു.
ക്ഷേത്രത്തിനോടു ചേർന്നുള്ള പടിക്കെട്ടു കയറി മുകളിൽ ചെന്നപ്പോൾ ശബരിയുടെ ഗുഹ കാണാൻ സാധിച്ചു. വലിയ പാറക്കെട്ടുകളുടെ അടിയിൽ ചെറിയ ഒരു ഗുഹ. ഒരു വശത്തു തലചായ്ക്കാൻ ചെറിയ തിണ്ണയും, പൂജ ചെയ്യാൻ ഹോമകുണ്ഡവും. അവിടെ തന്നെ ശ്രീരാമന്റെ കാൽപാടിന്റെ സങ്കൽപ്പത്തിൽ കല്ലിൽ രണ്ടു കാൽപാടുകളുമുണ്ടായിരുന്നു. തുടർന്നു ഋഷ്യമൂകാചലത്തിലേക്കു നീങ്ങി.
ബാലി കേറാമല
ഋഷിമുഖ് പർവതമാണ് ‘ബാലി കേറാമല’. ഒരിക്കൽ വാനര രാജാവായ ബാലിയെ, കാട്ടുപോത്തിന്റെ രൂപത്തിൽ വന്ന ദുന്ദുഭി എന്ന അസുരൻ വെല്ലുവിളിച്ചു. ബാലിയും ദുന്ദുഭിയും തമ്മിൽ ഉഗ്രമായി യുദ്ധം ചെയ്തു. ബാലി ദുന്ദുഭിയെ വധിച്ചു, ജഡം വലിച്ചെറിഞ്ഞു. അത് ചെന്നു വീണത് മാതംഗ മുനിയുടെ യജ്ഞശാലക്കു സമീപത്തായിരുന്നു. മുനിയുടെ ദേഹത്തു രക്തം തെറിച്ചു വീണു. കോപിഷ്ഠനായ മുനി ബാലിയെ ശപിച്ചു. ബാലിയോ, ബാലിയുടെ കിങ്കരന്മാരോ ഋഷിമുഖ് പർവതത്തിനു സമീപത്തു ചെന്നാൽ അവർ മരിച്ചു വീഴും എന്നായിരുന്നു ശാപം. അതു കൊണ്ടാണ് ഋഷിമുഖ പർവതം 'ബാലികേറാമല' ആയതത്രെ. ഇവിടെയായിരുന്നു സുഗ്രീവൻ, ബാലിയിൽ നിന്നും രക്ഷപ്പെടാൻ താമസിച്ചത്.
സംശയിച്ചാണു ഋഷിമുഖ് പർവതത്തിലേക്കു പോയത്. കാരണം തുംഗഭദ്ര നദിയുടെ ആഴം കുറഞ്ഞ ഭാഗത്തു കൂടി നദിക്കു കുറുകെ കടന്നു വേണം അവിടെ എത്താൻ. മുൻ ദിവസങ്ങളിൽ നല്ല മഴയായതു കൊണ്ട്, നദിയിൽ ഒഴുക്കുണ്ടെങ്കിൽ യാത്ര മുടങ്ങും. എന്തായാലും പോകാം എന്നു വിചാരിച്ചാണു ഞങ്ങൾ പുറപ്പെട്ടത്. ഹിപ്പി ഐലൻഡിൽ പോകുന്ന വഴിയാണു പോകേണ്ടത്.
ഋഷിമുഖ് പർവതത്തിലേക്കു പോകേണ്ട കടവിൽ എത്തിയപ്പോൾ സമാധാനമായി. വെള്ളത്തിന് ഒഴുക്ക് അധികമില്ല. കുറുകെ ഇട്ടിരുന്ന കൽത്തൂണുകളുടെ മുകളിൽക്കൂടി നടന്നു മറുകര എത്തി. അവിടെ കുറ്റിക്കാടിനു നടുവിലൂടെയുള്ള ചെറിയ പാതയിലൂടെ മലമുകളിലേക്കു നടന്നു. പോകുന്ന വഴി സന്ദീപ് ഇറ്റാലിയൻ ബാബയുടെ ആശ്രമം കാണിച്ചു തന്നു. 30 വർഷങ്ങൾക്കു മുൻപ് ഹംപിയിൽ വന്നു ഒരു ഗുഹയിൽ താമസമാക്കിയ ഇറ്റാലിയൻ സ്വദേശി സിസാറേ ആണ് ഇറ്റാലിയൻ ബാബയായി അറിയപ്പെടുന്നത്. മൂന്നു കൊല്ലം മുൻപു ബാബ സമാധിയായി. നടന്നു നടന്നു മലമുകളിൽ എത്തി. അവിടെ ഒരു രാമക്ഷേത്രം ഉണ്ടായിരുന്നു. കാലുകൾക്കു ബലക്കുറവുള്ള ക്ഷേത്ര പൂജാരി ഊന്നുവടിയിൽ താങ്ങി ഞങ്ങളെ ഒരു ഗുഹയിലേക്ക് നയിച്ചു. ഗുഹയിൽ ഒരു രാമ പ്രതിഷ്ഠ. അവിടിരുന്നു അദ്ദേഹം കിഷ്കിന്ധ കാണ്ഡത്തിലെ കഥകൾ വിവരിച്ചു. സുഗ്രീവൻ താമസിച്ചിരുന്ന ഗുഹയും അദ്ദേഹം കാണിച്ചു തന്നു. അവിടെ നിന്ന് നോക്കിയാൽ തുംഗഭദ്ര നദിയുടെ മറുകരയിലെ വിഥല ക്ഷേത്രവും, പുരന്ദര ദാസ മണ്ഡപവും കാണാമായിരുന്നു.
ബാലിയുടെ ഉപാസനമൂർത്തി
അവിടെ നിന്നു പോയത് ബാലി ഉപാസിച്ചിരുന്ന ദുർഗാ ക്ഷേത്രം കാണാനായിരുന്നു. സനപ്പുർ ആനെഗുണ്ഡി റോഡിന്റെ അരികിൽ വലിയ വെള്ള കമാനം. അതിലെയാണു ദുർഗ ബേട്ട എന്ന കുന്നിലേക്കു പോകേണ്ടത്. ഇരുവശങ്ങളിലും മനോഹരമായ നെൽപ്പാടങ്ങളും പാറക്കൂട്ടങ്ങളും. വണ്ടി പാർക്ക് ചെയ്തു, പടികൾ കയറി വേണം ദുർഗാ ക്ഷേത്രത്തിൽ എത്താൻ. ഒരുപാടു ഭക്തർ സന്ദർശിക്കുന്ന ക്ഷേത്രമായിരുന്നു അത്. ഭക്തർ തങ്ങളുടെ ആഗ്രഹ സിദ്ധിക്കായി ക്ഷേത്രത്തിനു മുന്നിലെ വൃക്ഷത്തിൽ പല നിറത്തിലെ തുണിക്കെട്ടുകളിൽ തേങ്ങ തൂക്കിയിട്ടിരിക്കുന്നു. വശത്തു കൂടിയുള്ള വഴിയേ വീണ്ടും കുന്നു കയറി. വലിയ ഉരുളൻ കല്ലുകളുടെ പുറത്തു കൂടി സാഹസികമായി സഞ്ചരിച്ചു ‘ബാലി കില’യുടെ അടുത്തെത്തി. കോട്ടയുടെ ഒരു ഭാഗം ഇപ്പോഴും അവിടെയുണ്ട്. ബാലി കിഷ്കിന്ധ ഭരിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു എന്നാണ് വിശ്വാസം. വീണ്ടും മുന്നോട്ടു പോയാൽ, ബാലി പണികഴിപ്പിച്ച കിണർ കാണാം. കൂടാതെ വിജയനഗര സാമ്രാജ്യം ഭരിച്ച ചില രാജാക്കന്മാരുടെ സമാധിയും അവിടെ കാണാം.
വഴി ചെന്നെത്തുന്നത് ഒരു ഗുഹയിലാണ്. ഈ ഗുഹയിലാണ് ബാലിയും മായാവി എന്ന അസുരനും യുദ്ധം ചെയ്തതത്രേ. ദുന്ദുഭിയുടെ സഹോദരനായിരുന്നു മായാവി. ദുന്ദുഭിയെ വധിച്ച ദേഷ്യത്തിൽ, മായാവി ബാലിയെ യുദ്ധം ചെയ്യാൻ വെല്ലുവിളിച്ചു. മാസങ്ങളോളം യുദ്ധം നീണ്ടു. അവസാനം മായാവി ഈ ഗുഹയിലായിരുന്നു ഓടിക്കയറിയത്. ബാലി മായാവിയുടെ പിന്നാലെ പോകാൻ ഒരുങ്ങുമ്പോൾ സുഗ്രീവനോട് കാവൽ നിൽക്കാൻ നിർദേശിച്ചു. ഗുഹയിൽ നിന്നു രക്തം ഒഴുകുന്നതു കണ്ടപ്പോൾ ബാലി വധിക്കപ്പെട്ടു എന്നു ധരിച്ച സുഗ്രീവൻ, മായാവി രക്ഷപ്പെടാതിരിക്കാൻ ഗുഹാമുഖം വലിയ പാറ കൊണ്ടടച്ചു. തിരികെ കിഷ്കിന്ധ എത്തിയ സുഗ്രീവൻ മന്ത്രിമാരുടെ നിർബന്ധത്തിനു വഴങ്ങി രാജാവായി. മായാവിയെ വധിച്ചു ബാലി തിരികെയെത്തിയപ്പോൾ ഗുഹ അടച്ചിരിക്കുന്നതു കണ്ടു. കല്ലു മാറ്റി പുറത്തു വന്നപ്പോഴാണു സുഗ്രീവൻ രാജാവായത് അറിഞ്ഞത്. അനുജൻ തന്നേ ചതിച്ചു എന്ന ധാരണയിൽ സുഗ്രീവനെ വധിക്കാൻ ബാലി കൊട്ടാരത്തിലെത്തി. ഭയന്ന സുഗ്രീവൻ, ഹനുമാനും ഒത്തു ഋഷിമുഖ് പർവതത്തിൽ അഭയം പ്രാപിക്കുകയായിരുന്നു.
അവിടന്ന് ആനെഗുണ്ഡി ഗ്രാമത്തിലെ ചിന്താമണി ക്ഷേത്രത്തിലേക്ക് പോയി. ഈ ക്ഷേത്ര പരിസരത്തു നിന്നാണത്രേ ശ്രീരാമൻ ബാലിയെ വധിച്ച രാമബാണം തൊടുത്തത്. തുംഗഭദ്ര നദിക്കരയിലെ ക്ഷേത്രം പൂട്ടി കിടക്കുകയായിരുന്നു. ഇത് ഒരു അപൂർവ ശിവ ക്ഷേത്രമാണ്. ഇവിടത്തെ ശിവലിംഗത്തിനു മുകളിൽ സുദർശന ചക്രം കൊത്തി വച്ചിട്ടുണ്ട്. ക്ഷേത്രത്തിനരികിലൂടെയുള്ള വഴിയിൽ കൂടി സന്ദീപ് ഒരു പാറയുടെ അടുത്തു കൊണ്ടു പോയി. ആ പാറപ്പുറത്തു രണ്ടു കാൽപ്പാടുകൾ കൊത്തി വച്ചിട്ടുണ്ട്. അവിടെ നിന്നാണത്രേ ശ്രീരാമൻ ബാലിയുടെ നേരെ അമ്പെയ്തത്. അതിന്റെ സമീപത്ത് ഒരു ഗുഹ കാണാം. ഈ ഗുഹയിൽ ധ്യാനിച്ച ശേഷമാണത്രേ രാമൻ ബാലിയെ വധിക്കാൻ ഇറങ്ങിയത്. നേരം വൈകിയതോടെ അന്നത്തെ യാത്ര അവസാനിപ്പിച്ചു താമസസ്ഥലത്തേയ്ക്കു മടങ്ങി.
ഹനുമാന്റെ ജന്മസ്ഥലം
പിറ്റേന്ന് ആഞ്ജനേയ ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. രാവിലെ ആറുമണിക്ക് ക്ഷേത്രം സ്ഥിതി ചെയ്യുന്ന അഞ്ജനാദ്രി ബേട്ടയിൽ എത്തി. വലിയ കമാനം കടന്ന് ഉള്ളിലേക്ക് ചെന്നാൽ മുകളിലേക്ക് പടികൾ ആരംഭിക്കും. 575 പടികൾ എന്ന് ബോർഡ്. ഹനുമാൻ ജന്മസ്ഥലം എന്നും അവിടെ എഴുതി വച്ചിട്ടുണ്ട്. ഈ മലമുകളിൽ ആയിരുന്നത്രേ ഹനുമാന്റെ അമ്മ അഞ്ജന ദേവിയുടെ ആശ്രമം. അവിടെയായിരുന്നു ഹനുമാൻ ജനിച്ചതും വളർന്നതുമെന്നാണ് ഭക്തരുടെ വിശ്വാസം.
പടികളുടെ ഇരുവശത്തും കമ്പി വേലി കെട്ടിയിട്ടുണ്ട്. മുകളിൽ ഷീറ്റും ഉണ്ട്. ആ ഭാഗത്തു കരടിയുടെ ശല്യം ഉള്ളതു കൊണ്ടാണ് ഇങ്ങനെ അടച്ചു മൂടിയതെന്നു സന്ദീപ് പറഞ്ഞു. കേട്ടപ്പോൾ ഭയം തോന്നി. നേരം വെളുക്കുന്നതേയുണ്ടായിരുന്നുള്ളു. ഹനുമാൻ സ്വാമിയെ ധ്യാനിച്ച് പടികൾ കയറി. ചില സ്ഥലങ്ങളിൽ വലിയ പാറക്കെട്ടുകളുടെ ഇടയിലൂടെ നൂഴ്ന്നു വേണമായിരുന്നു പോകാൻ. അര മണിക്കൂർ കൊണ്ടു മുകളിൽ എത്തിയപ്പോൾ സ്വീകരിച്ചതു വാനരപ്പട. മനുഷ്യരെ ഒരു പേടിയുമില്ലാതെ അവരവിടെ വിഹരിച്ചു. അപ്പോഴും സൂര്യൻ ഉദിച്ചിട്ടില്ലായിരുന്നു. ദൂരെ തുംഗഭദ്ര നദി ഒഴുകുന്നതു നേർത്ത വെളിച്ചത്തിലും തെളിഞ്ഞു കാണാമായിരുന്നു.
ക്ഷേത്രത്തിൽ പ്രവേശിച്ചു. ഹനുമാന്റെ പ്രതിഷ്ഠ കൂടാതെ അഞ്ജന ദേവിയുടെ ഒരു പ്രതിഷ്ഠ കൂടി അവിടെ കണ്ടു. ഏറ്റവും വിസ്മയിപ്പിച്ചതു ചില്ലുകൂട്ടിൽ വെള്ളത്തിൽ പൊങ്ങിക്കിടന്ന പാറയായിരുന്നു. ഇതു രാമസേതു നിർമിക്കാൻ ഉപയോഗിച്ച കല്ലാണെന്ന് അവിടെ എഴുതി വച്ചിരുന്നു. ക്ഷേത്രത്തിനു പുറത്തിറങ്ങി സൂര്യോദയത്തിനു കാത്തു നിന്നു. വെളിച്ചം പരക്കുന്നതിനൊപ്പം ചുറ്റുമുള്ള മനോഹര ദൃശ്യങ്ങൾ തെളിഞ്ഞു. നോക്കെത്താദൂരത്തോളം പച്ചപ്പരവതാനി വിരിച്ച പോലെ നെൽവയലുകൾ. കിഷ്കിന്ധ എന്ന പേര് അന്വർഥമാക്കുന്ന രീതിയിൽ അവിടവിടെ പാറക്കൂട്ടങ്ങൾ കണ്ടു. റോഡിൽ മൂട്ടയെ പോലെ ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങൾ. ഞങ്ങൾ കുറേ നേരം ഭംഗി ആസ്വദിച്ചു, തുംഗഭദ്രയെ തഴുകി വരുന്ന തണുത്ത കാറ്റും ആസ്വദിച്ചു നിന്നു.
തിരികെ ഹംപിയിലേക്ക്
അവിടന്നിറങ്ങി ഹംപിയിലേക്കു പുറപ്പെട്ടു. അവിടെ രാമായണ കഥയുമായി ബന്ധപ്പെട്ട ഹംപിയിലെ സ്ഥലങ്ങൾ കാണിക്കാൻ ശിവയെയാണു സന്ദീപ് ഏർപ്പെടുത്തിയത്. ഈ സ്ഥലങ്ങൾ കമ്പഭൂപ പാതയിലായിരുന്നു. ഹരിഹര രണ്ടാമൻ രാജാവിന്റെ മകനായ കമ്പഭൂപനായിരുന്നു 1383 AD യിൽ തുംഗഭദ്ര നദിക്കു സമാന്തരമായി ഈ നടപ്പാത പണിതത്. വിരൂപാക്ഷ ക്ഷേത്രം മുതൽ വിഥല ക്ഷേത്രം വരെ എത്താനുള്ള എളുപ്പ മാർഗമാണിത്. ഇന്നും റോഡ് മാർഗം സഞ്ചരിക്കുകയാണെങ്കിൽ ഈ ക്ഷേത്രങ്ങൾ തമ്മിൽ പത്തു കിലോമീറ്റർ ദൂരം ഉണ്ട്. എന്നാൽ ഈ നടപ്പാതയിലൂടെ പോകുകയാണെങ്കിൽ രണ്ടു കിലോമീറ്റർ ദൂരമേ ഉള്ളൂ. കോദണ്ഡരാമ ക്ഷേത്രവും യന്ത്രോദ്ധാരക ക്ഷേത്രവും സുഗ്രീവന്റെ ഗുഹയുമെല്ലാം ഈ പാതയിലാണ്.
ആദ്യം എത്തിയത് യന്ത്രോദ്ധാരക ക്ഷേത്രത്തിൽ ആയിരുന്നു. സുദർശനചക്രത്തിനു നടുവിൽ യോഗമുദ്രയിൽ ഇരിക്കുന്ന ഹനുമാനാണു പ്രധാന പ്രതിഷ്ഠ. 500 വർഷങ്ങൾക്കു മുൻപ് രാജഗുരുവായ വ്യാസരാജാനാണ് ഇവിടെ ഇതു പ്രതിഷ്ഠിച്ചതെന്നും, പിന്നീടു കൃഷ്ണദേവരായർ ഇതിനെ വിപുലീകരിച്ചെന്നുമാണു ചരിത്രം. പക്ഷേ ഇവിടെ പ്രചരിക്കുന്ന കഥകളിൽ പ്രധാനമായ ഒന്ന് വാനരന്മാർ നദിയുടെ മറുപുറത്തു നിൽക്കുന്ന ഋഷിമുഖ് പർവതത്തിൽ തപസ്സു ചെയ്തിരുന്ന സന്യാസിമാരെ ശല്യപ്പെടുത്തിയതിനു ശിക്ഷയായി അവരുടെ നേതാവായ ഹനുമാനെ സുദർശനചക്രത്തിൽ തളച്ചു എന്നാണ്. ഇങ്ങനെ ചെയ്തതോടെ വാനരന്മാർ ശല്യമുണ്ടാക്കിയില്ല എന്നു പറയപ്പെടുന്നു. ഇന്നും നിത്യ പൂജയുള്ള ഒരു അമ്പലമാണിത്.
ഹംപിയിലെ രാമായണം
അവിടുന്ന് ഇറങ്ങി നടന്നാൽ നേരെ എ ത്തുന്നത് കോദണ്ഡരാമ ക്ഷേത്രത്തിലാണ്. തുംഗഭദ്ര നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് കോദണ്ഡരാമ ക്ഷേത്രം. ഇവിടെ വച്ചാണ് ശ്രീരാമൻ സുഗ്രീവനെ കിരീടധാരണം ചെയ്തതെന്നു കരുതപ്പെടുന്നു. സുഗ്രീവന്റെ നേതൃത്വത്തിൽ അവിടെയുള്ള കല്ലിൽ കൊത്തിയെടുത്തതാണ് ഇപ്പോൾ അമ്പലത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന രാമ, ലക്ഷ്മണ, സീത വിഗ്രഹങ്ങൾ. രാമ വിഗ്രഹത്തിന്റെ സമീപം ഒരു വാനരന്റെ വിഗ്രഹമുണ്ട്. ഇതു സുഗ്രീവനാണെന്നും ഹനുമാനാണെന്നും അഭിപ്രായവ്യത്യാസം നിലനിൽക്കുന്നു.
ഈ പാത അവസാനിക്കുമ്പോൾ സുഗ്രീവന്റെ ഗുഹ കാണാം. രാവണൻ സീതയെ അപഹരിച്ചു പുഷ്പക വിമാനത്തിൽ പോകുമ്പോൾ, സീത തന്റെ ആഭരണങ്ങൾ താഴേക്കിട്ടു. കളഞ്ഞു കിട്ടിയ സീതയുടെ ആഭരണങ്ങൾ സുഗ്രീവൻ ഈ ഗുഹയിലായിരുന്നു പോലും സൂക്ഷിച്ചിരുന്നത്. വലിയ പാറക്കൂട്ടങ്ങൾക്കിടയിൽ ഒരു ചെറിയ ഗുഹയായിരുന്നു അത്. അവിടെ വശത്തുള്ള ഒരു പാറയിൽ ചില അടയാളങ്ങൾ കാണാം. ഇതിനെ 'സിതേയ സെരാഗു' എന്നാണ് അവിടെയുള്ളവർ വിളിക്കുന്നത്. സീതാദേവി ധരിച്ച വസ്ത്രം ഇഴഞ്ഞുണ്ടായ അടയാളമാണെന്നു കരുതപ്പെടുന്നു. അവിടെ അടുത്തു തന്നെയുള്ള ചെറിയ കുളത്തിനെ സീത സരോവർ എന്നു വിളിക്കുന്നു. ഗുഹയുടെ മുന്നിലെ കല്ലിൽ രാമലക്ഷ്മണന്മാരുടെ കാൽപാദങ്ങൾ കൊത്തി വെച്ചിട്ടുണ്ട്.
കമ്പഭൂപ പാതയിലെ രാമായണക്കാഴ്ചകൾ കണ്ടു ഞങ്ങൾ നേരെ പോയത് കമലാപുര അടുത്തുള്ള മാല്യവന്ത രഘുനാഥ ക്ഷേത്രം കാണാനായിരുന്നു. ഈ ക്ഷേത്രത്തിൽ ആയിരുന്നു രാമലക്ഷ്മണന്മാർ ചാതുർമാസ വ്രതം അനുഷ്ഠിച്ചത്. മഴക്കാലം കഴിയുന്നതു വരെ അവർ അവിടെ ശിവ ഭഗവാനെ പൂജിച്ചു കഴിഞ്ഞത്രേ. അതിനുശേഷമാണ് ലങ്കയിലേക്കു പുറപ്പെട്ടത്. ലക്ഷ്മണൻ അമ്പെയ്തു പാറയിൽ ഉണ്ടാക്കിയ വിള്ളൽ ഇന്നും അവിടെ കാണാം. ഈ ക്ഷേത്ര ദർശനം കൂടി ആയപ്പോൾ രാമായണവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളെല്ലാം കണ്ടു കഴിഞ്ഞിരുന്നു. രണ്ടു ദിവസം ഒരു സ്വപ്ന ലോകത്തു കഴിഞ്ഞ പോലെയാണ് അനുഭവപ്പെട്ടത്. യുക്തിപൂർവം ചിന്തിച്ചാൽ ഇതെല്ലാം കെട്ടുകഥയാണെന്നു തോന്നാം. ഒ രു യാത്രികയെ പോലെ, കേൾക്കുന്ന ക ഥകളെക്കുറിച്ച് അധികം ചിന്തിക്കാതെ, ആളുകളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാതെ സഞ്ചരിച്ചതു കൊണ്ടു ത്രേതായുഗത്തിലെ കിഷ്കിന്ധയിൽ രണ്ടു ദിവസം ചെലവഴിച്ച അനുഭവമായിരുന്നു ഉണ്ടായത്..